യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള.
കൊല്ലം:ശക്തികുളങ്ങര: തീരക്കടലില്‍ നിരോധിത വല ഉപയോഗിച്ചു മല്‍സ്യബന്ധനം നടത്തുവാന്‍ തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും കൊല്ലം ശക്തികുളങ്ങര തീരത്ത് എത്തിയ കൂറ്റന്‍ കപ്പല്‍ വള്ളത്തെ ഫിഷറീസ് ഡിപാര്‍ട്ടുമെന്റെ് പിടിച്ചെടുത്തു.തീരത്തു നിന്നും അന്‍പതു നോട്ടിക്കല്‍ മൈല്‍ ദുരത്തു പോലും വലവിരിച്ചു കൂട്ടത്തോടെ മല്‍സ്യത്തെ വലയിലാക്കുവാന്‍ കെല്പുള്ള റിംഗ് സീനാണ് പിടിച്ചെടുത്ത വള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നത്.തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും എത്തി ശക്തികുളങ്ങരയിലെ സ്വകാര്യ ജെട്ടിയില്‍ കേരളത്തിലെ വള്ളങ്ങള്‍ക്കായുള്ള കളര്‍കോഡ് നല്‍കുമ്പോഴായിരുന്നു പിടിയിലായത്. പ്രാദേശിക പരമ്പരാഗതമല്‍സ്യത്തൊഴിലാളികള്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റെിനെ വിവരം അറിയിക്കുകയായിരുന്നു.
കേരളത്തിലെ കപ്പല്‍ വള്ളങ്ങളില്‍ നിന്നും വ്യത്യസ്തമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന വള്ളം.ഉള്‍ക്കടലില്‍ പോലും വലവിരിക്കുവാന്‍ കെല്പുള്ള വലിയ റിംഗ് സീനുകളും സന്നാഹങ്ങളുമുള്ള ഈ വള്ളം ദിവസങ്ങളോളം ഉള്‍ക്കടലില്‍ ക്യാമ്പു ചെയ്തു കൊണ്ടു മല്‍സ്യബന്ധനം നടത്തുന്നതാണ് രീതി.തീരത്തു നിന്നും ക്യാരി വള്ളങ്ങള്‍ കടലിലേക്ക് എത്തി ഇവര്‍ കോരിയെടുക്കുന്ന മല്‍സ്യങ്ങള്‍ സംഭരിച്ചു ഹാര്‍ബറില്‍ കൊണ്ടുവന്നു വിറ്റഴിച്ചു കൊണ്ടിരിക്കും.രാപകല്‍ നിര്‍ത്തില്ലാതെ നടക്കുന്ന ഈ മല്‍സ്യബന്ധനം സാധാരണ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്ക് ഒന്നും കിട്ടാത്ത അവസ്ഥ ഉണ്ടാക്കും.മറ്റൊന്ന് ഇവര്‍ക്കും എന്തെങ്കിലും കിട്ടിയാല്‍ തന്നെ അതിനു വേണ്ടത്ര വിലയും ലഭിക്കില്ലന്നു ഈ രംഗത്തുള്ളവര്‍ പറയുന്നു.നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഹാര്‍ബറുകളില്‍ നിന്നും ഇവിടുത്തെ സീസണ്‍ ലക്ഷ്യമാക്കിയാണ് ഇത്തരം വള്ളങ്ങള്‍ കേരളത്തിന്റെ തീരക്കടലില്‍ എത്തുന്നത്. കേരള തീരത്തു മല്‍സ്യബന്ധനം നടത്തുവാനുള്ള പെര്‍മിറ്റിന്റെ ആനുകൂല്യം മുതലാക്കിക്കൊണ്ടാണ് ഇവരുടെ മല്‍സ്യബന്ധനം.പ്രാദേശിക തരകന്‍മാര്‍ വഴി ഇവിടെ താല്‍കാലികമായ പെര്‍മിറ്റുകള്‍ നേടിയെടുക്കുന്ന ഇത്തരം വള്ളങ്ങള്‍ കേരള തീരത്തു മല്‍സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്കു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കളര്‍ കോഡും ചെയ്തു കഴിഞ്ഞാല്‍ ഇവരുടെ പ്രവര്‍ത്തനം സുഗമമായി. ഇവരുടെ മല്‍സ്യവിപണനത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി വന്‍തുക ഇടാക്കുന്ന കമ്മീഷന്‍ ഏജന്റെുമാരുംഉണ്ട്.
ശക്തികുളങ്ങര,നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിനു പരമ്പരാഗത വള്ളങ്ങളും,അതുപോലെ തന്നെ ട്രോളിംഗ് ബോട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.ഒരു വറുതിക്കാലം കഴിഞ്ഞ് തീരം പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന സീസണ്‍ കാലത്തേക്കു പ്രവേശിക്കുമ്പോഴാണ് തീരക്കടലിലും ഉള്‍ക്കടലിലും പോച്ചിംഗിനായി കേരളത്തിനു പുറത്തുള്ള കപ്പല്‍ വള്ളങ്ങള്‍ എത്തുന്നത്.പതിവില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും,യന്ത്രവല്‍കൃത മേഖലയിലുള്ളവരും ഇത്തരം കടന്നു കയറ്റങ്ങളെ ഒന്നിച്ചു നിന്ന് എതിര്‍ക്കുന്നുവെന്ന പ്രത്യേകതയും ഇപ്പോഴുണ്ട്.ഹാര്‍ബറുകളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നും ബോട്ടുകളിലും മറ്റും സംഭരിച്ചു കൊണ്ടുവന്നു നീണ്ടകര,ശക്തികുളങ്ങര ഹാര്‍ബറുകളില്‍ വിറ്റഴിക്കുന്ന പ്രവണതയും വര്‍ദ്ധിച്ചുവരുന്നതായി മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.തങ്ങള്‍ പിടിച്ചു കൊണ്ടു വരുന്ന മല്‍സ്യങ്ങള്‍ക്ക് യഥാര്‍ത്ഥ വില കിട്ടുന്നല്ലന്നു മാത്രമല്ല വെറുതെ കൊടുക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നത്.ലക്ഷങ്ങള്‍ മുതല്‍മുടക്കി പ്രവര്‍ത്തിപ്പിക്കുന്ന ട്രോളിംഗ് മല്‍സ്യബന്ധനം വന്‍ പ്രതിസന്ധിയെ നേരിടുന്ന ഘട്ടമാണന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.ഇത്തരം കടന്നു കയറ്റങ്ങള്‍ക്കും,അനധികൃത വിപണനത്തിനും തടയിടേണ്ടത് വ്യവസയത്തിന്റെ നിലനില്‍പിനാവിശ്യമാണന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.