എല്ലാവര്ക്കും മീന്‍ തിന്നണം.എന്നാല്‍ മീന്‍ പിടിക്കുന്നവരുടെയോ,വീട്ടില്‍ മീന്‍ എത്തിക്കുന്നവരുടെയോ, പോകട്ടെ.. മീനിന്റെയോ ഉളുമ്പ് മണം സഹിക്കാന്‍ പറ്റില്ല.എന്നാല്‍ മീനില്ലാതെ ഊണിറങ്ങാത്തവരാണ് പലരും.ഞാനൊരു കടലുണ്ടിക്കാരനാണ്.എന്റെ കുട്ടിക്കാലത്ത്,എന്റെ വീട്ടിലെ ഭക്ഷണ സമയം തീരുമാനിച്ചിരുന്നത് എപ്പോള്‍ കടലില്‍ പോയ തോണി വരുമെന്നതിനെ ആശ്രയിച്ചായിരുന്നു.പച്ചമീനില്ലെങ്കില്‍ ഉണക്കമീനെങ്കിലും വേണം.ഞങ്ങള്‍ക്കാര്‍ക്കും മീന്‍കൊണ്ടുവരുന്ന ..പൂയിസ്ലാന്മാരോടോ..(പുതിയ ഇസ്ലാം),കാവണ്ഡക്കാരന് മാപ്പിളയോടോ ഒരനിഷ്ടവും തോന്നിയിട്ടില്ല.ഒരു തിരുത്തല്‍ നടത്തട്ടെ,ഭക്ഷണസമയത്തില്‍ മീന്തോണിപോലെ സ്വധീനിച്ചിരുന്നത് ഓള് ഇന്ത്യ റേഡിയോ ആയിരുന്നു.രാവിലെ ആറുമണിക്ക് കര്‍ണാടക സംഗീതപാഠം,പിന്നെ ലളിതസംഗീതപാഠം,പിന്നെ മലയാളവാര്‍ത്തകള്‍.സമയക്രമങ്ങല് തെറ്റിക്കാണും.ഓര്‍മ്മകള്‍ക്ക് നാശം സംഭവിക്കുകയല്ലേ..
എന്റെ ഭാര്യയുടെ വീട്ടില്‍ വരനായി ഞാന്‍ ചെല്ലുന്നതുവരെ മീന്‍ കേറ്റില്ലായിരുന്നു.പിന്നെ എന്റെ പ്രിയം പറഞ്ഞു മീന്‍ വാങ്ങാന്‍ തുടങ്ങി.ഇപ്പോള്‍ അവര്‍ക്കും മീനില്ലാതെ ഊണിറങ്ങാത്ത അവസ്ഥയായി.എല്ലാവര്ക്കും മീന്‍ വേണം.എന്നാല്‍ മീന്‍പിടിത്തക്കാരെയും മീന്വില്പനക്കാരികളെയും സഹിക്കാന്‍ പ്രയാസം.അതുകൊണ്ട് ഫ്രഷ് ടു ഹോം,ഡെയ്ലി ഫ്രഷ് തുടങ്ങിയവര്‍ മതി.എല്ലാം കണക്കിനു തുല്യമെന്ന് പഴയ മാവേലിസ്റ്റോറിന്റെ മുദ്രാവാക്യം ഓര്‍ക്കുക.ഉളുമ്പ് നാറ്റമില്ല,വിലപേശലില്ല,എല്ലാം മാവേലിക്കാലത്തെപ്പോലെ….
എത്രയോ വര്‍ഷമായി എന്റെ വീട്ടിന്റെ മുന്നില്‍ അലൂമിനിയം പാത്രത്തില്‍ മീനുമായി വരുന്ന ഓമനയുണ്ട്.പേരില്‍ മാത്രമേ ഓമനത്തമുള്ളു.എന്നാല്‍ കൊണ്ടുവരുന്ന മീനുകള്‍ തികച്ചും ഓമനകളായിരുന്നു.കോവിഡ് കാലത്ത് ആ ഓമനത്തം നിലച്ചു.2020 തിലെ വിഷുക്കാലത്തും,ഓണക്കാലത്തും ഓമന വന്നു.തലയില്‍ അലൂമുനിയം പാത്രമില്ലാതെ.ഓമനക്കെന്തോ ഭാഗ്യക്കുറിയടിച്ചുവെന്നാണ് ഞാന്‍ കരുതിയത്.സന്തോഷത്തോടെ അവരെ സമീപിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എന്തെങ്കിലും തരണമെന്നായിരുന്നു.എന്നാലാവതു ഞാനും കൊടുത്തു.ഇത്രയും പറഞ്ഞത് ഒരു ഓമനയുടെ മാത്രം കാര്യം പറയാനല്ല. എത്രയെത്രയോ ഓമനമാരെ ഞാന്‍ എന്റെ മനസ്സില്‍ സങ്കല്പിക്കുന്നു.
ഈയിടെ പാരിപ്പള്ളി പൊലീസ് ഒരു മല്‍സ്യവില്‍പനക്കാരിയുടെ കൈവശമുള്ള മീന്‍ പിടിച്ചെടുത്തു തോട്ടിലെറിയുന്നതു കണ്ട് ആവേശഭരിതരായ ഓണ്‍ലൈന്‍ കേസരിമാരും,സൈബര്‍ സ്വദേശാഭിമാനികളും ഉണ്ടെന്നു ഞാന്‍ പറഞ്ഞു കേട്ടു.ഞാനൊരു ഡിജിറ്റല്‍ നിരക്ഷരനായതുകൊണ്ടാണ് പറഞ്ഞു കേള്‍ക്കേണ്ടി വന്നത്.ഇതു സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ എല്ലാം വ്യാജ ദൃശ്യങ്ങളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്.എനിക്ക് അഞ്ചുതെങ്ങിലെയോ,പാരിപ്പള്ളിയിലെയോ മീന്‍ വില്പനക്കാരിയെ പരിചയമില്ല.എന്നാല്‍ ക്യാപ്റ്റനും, കേരളത്തിന്റെ ദൈവവുമായ പിണറായി വിജയനെ ചില്ലറ പരിചയമുണ്ടുതാനും.അതിനര്‍ത്ഥം അദ്ദേഹം എന്നെക്കണ്ടാല്‍ തിരിച്ചറിയുമെന്നല്ല.എനിക്ക് അദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയുമെന്നാണ്.എന്നാല്‍ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചപ്പോള്‍ ആ മീന്കാരിയെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി.കേരളപോലീസിനെയും,കേരള സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ തക്ക വ്യാജ ദൃശ്യങ്ങള്‍ മെനഞ്ഞടെുക്കാന് ത്രാണിയുള്ള ആ സ്ത്രീക്ക്് പോലീസിന്റെ സൈബര്‍സെല്ലില്‍ നിയമനം കൊടുക്കുകയാണ് വേണ്ടത്.മീന്‍ വില്ക്കാന് ആളില്ലെങ്കില്‍ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുതല്‍ ഇഞ്ചാര്‍ജ് കുട്ടന് പിള്ള,കടുവ മാത്തനേഡ്, ഇടിയന് നാറാപിള്ള എന്നിവരെ അഞ്ചുറുപ്യ പൊലീസായി നിയോഗിക്കാം.
ഏതായാലും കേരളത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലന്നു പിണറായി സഖാവിന്റെ നിയമസഭയിലെ മറുപടി കേട്ടപ്പോള്‍ ബോധ്യമായി.ഉണ്ടെങ്കില്‍ തന്നെ ഡിജിറ്റല്‍ ലോകത്തിന്റെ പാലം കടക്കാന്‍ പറ്റാതെ ഇക്കരെ നില്‍ക്കുന്നത് ഞാനായിരിക്കും.ഇതിനെയാണ് വൈതരണിയെന്നു പറയുന്നത്.ഈ ലോകത്തുനിന്നും മറുലോകം പൂകാന്‍ പോകുന്നവര്‍ക്ക് സ്മൃതിനാശം വരുത്താനുള്ള കടത്ത്.ഇതിന് ഗ്രീക്ക് പുരാവൃത്തത്തില്‍ സ്റ്റെക്ഡ് നദിയെന്നും പറയും.ഹേഡ്സ് എന്നു പേരുചൊല്ലി വിളിക്കുന്ന നരകത്തിലേയ്ക്ക് പോകുന്നവര്‍ക്ക് മേധാക്ഷയം വരുത്താനുള്ള ലളിതോപാധി അഥവാ കാപ്സൂള്‍.ഏതായാലും ഞാന്‍ വൈതരണിയും,സ്റ്റെയ്കഡും കടക്കാന്‍ ഉദ്ദേശിക്കുന്നില്ല.ഞാന്‍ ഈ നദീതീരങ്ങളില്‍ തന്നെ കാണും….കാലനോ,പ്ലൂട്ടോയോ വന്നു ക്ഷണിക്കുന്നതു വരെ…. കാലന് വന്നു വിളിച്ചാലും..പോകാത്തതെന്തേ സോമാ..എന്ന് ആരെക്കൊണ്ടും പറയിപ്പിക്കാന്‍ അവസരം തരില്ല.
ഇ.സോമനാഥ്.