യേശൂദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള.
ചെന്നൈ : മോഹന്‍ലാലിന്റെ സ്വപ്‌നമായ ചലച്ചിത്രം ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വസന്തകാല ഫെസ്റ്റിവല്‍ മൂഡില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചെന്നൈ എഗ്മോറിലെ ചരിത്ര പ്രശസ്തമായ രാജാജിഹാളിന്റെ രാജകീയമായ അങ്കണത്തിലെ കരിങ്കല്‍ പടവുകളിലായിരുന്നു ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് മോഹന്‍ലാല്‍ സംവിധായകനാവുന്ന ബറോസിന്റെ ചിത്രീകരണം നടന്നത്. ഗോവ,കേരളം തുടങ്ങിയ ലൊക്കേഷനുകളിലായി ഇന്ത്യയിലെ നൂറ്റി അന്‍പതോളം ദിവസം നീണ്ട ചിത്രീകരണത്തിന്റെ പൂര്‍ത്തികരണമായിരുന്നു ഇവിടെ നടന്നത്. അതിനു സാക്ഷ്യം വഹിക്കുവാന്‍ എത്തിയതായിരുന്നു.ചലച്ചിത്രമേഖലയിലെ വാര്‍ത്തകളുടെ കാര്യത്തില്‍ ന്യൂ മീഡിയയുടെ തള്ളിക്കയറ്റം ശക്തമായപ്പോള്‍ ചലച്ചിത്ര മാസികകളുടെയും,വീക്കിലികളുടെയും മേഖല അപ്രസക്തമായി. ഇപ്പോള്‍ ഇത്തരം കാഴ്ചകളും മുഹൂര്‍ത്തങ്ങളും നിലച്ചു പോയിരുന്നു.വിരല്‍ത്തുമ്പില്‍ വാര്‍ത്തകളുടെ വിസ്‌ഫോടനം നടക്കുമ്പോള്‍ പണ്ടത്തെ സിനിമാ വാര്‍ത്തകള്‍ക്കായുള്ള തേടലും തുടര്‍ന്നുള്ള കാത്തിരിപ്പും ഒക്കെ ഓര്‍മ്മകളായി.അതൊരു കാലം ഒരു പ്രായം.
ചരിത്രപ്രസിദ്ധമായ രാജാജി ഹാളിന്റെ മുന്നിലെ ഇരുപത്തിയൊന്നു പടികളുള്ള കല്‍പടവുകള്‍ ആഘോഷത്തിന്റെ മുഖച്ചാര്‍ത്ത് അണിഞ്ഞിരിക്കുന്നു.ഉള്ളിലെ സംഗീത നിശയുടെ ഹരം പടവുകളില്‍ തിക്കി തിരക്കുന്ന യുവതി യുവാക്കളെ കണ്ടാലറിയാം.എല്ലാം വിദേശതാരങ്ങളാണ് അഭിനയിക്കുന്നത്. ഉച്ച കഴിഞ്ഞ നേരം.താല്‍ക്കാലിക ടെന്റെിനുള്ളിലെ മോണിറ്ററിനു മുമ്പില്‍ ഇരുന്നും ഇറങ്ങി വന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാല്‍..തൊപ്പി ധരിച്ച് മോഹന്‍ലാലിനിഷ്ടപ്പെട്ട ചെങ്കല്‍ നിറത്തിലെ ഫുള്‍സ്ലീവ് ടീ ഷര്‍ട്ട് ധരിച്ച് നിന്ന മോഹന്‍ലാല്‍ വിയര്‍ത്തു കുളിച്ചിരിക്കുന്നു.സിനിമാ സെറ്റുകളില്‍ കാണാത്ത ഭാവത്തില്‍ മോഹന്‍ലാല്‍.ഇതു കാണനല്ലേ വന്നത് .ഇതു കാണണ്ടെ ചരിത്രമുഹൂര്‍ത്തം തന്നെയെന്നു മനസ്സു പറഞ്ഞു..കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ സിനിമ ചിത്രീകരണമുഹൂര്‍ത്തങ്ങളില്‍ കണ്ട മോഹന്‍ലാലിലെ നടന്റെ വൈവിധ്യമാര്‍ന്ന എത്രയെത്ര മുഖങ്ങള്‍... ദേവാസുരം,സ്ഫടികം,നരസിംഹം, ഉള്ളടക്കം.,ഭരതം.മണിച്ചിത്രത്താഴ് മനസ്സിലൂടെ മിന്നി മറഞ്ഞു..ക്യാമറക്കു മുമ്പിലെ അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാല്‍,സ്‌റ്റേജിലെ വിസ്മയ നടനങ്ങള്‍.ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.എന്നാല്‍ ആദ്യമായി സംവിധായകനായ മോഹന്‍ലാല്‍ മുന്നില്‍ നില്‍ക്കുന്നു.എല്ലാ ഉത്തരവാദിത്വവും,തലയിലേറ്റി ടീം ക്യാപറ്റനായി മോഹന്‍ലാല്‍. ചരിത്രസംരംഭത്തിന് സാക്ഷിയായി നിര്‍മ്മാതാവായി ആന്റെണി പെരുമ്പാവൂര്‍ ഒപ്പമുണ്ട്.നൂറുകോടിയിലേറെ മുതല്‍മുടക്കുള്ള ചിത്രത്തിന്റെ പ്രധാന ഘട്ടം ഇന്നു പൂര്‍ത്തിയാവുന്നു. കൊള്ളാം നല്ല കൈത്തഴക്കം വന്ന സംവിധായകന്‍ തന്നെ.എല്ലാത്തിനും കൃത്യത,ഇഷ്ടങ്ങള്‍,അങ്ങിനെ രസിച്ചു ചിരിച്ചും,സീരിയസ്സായും,ചിന്താമഗ്നനായും,പരസ്പരം ചര്‍ച്ച ചെയ്തും തന്റെ മനസ്സിലെ സിനിമയെ ഏകോപിപ്പിക്കുകയാണ്.സഹായികളായി ടി.കെ രാജീവ്കുമാര്‍, ക്യാമറ മാനായ സന്തോഷ്ശിവന്‍,ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന തുടങ്ങി മോഹന്‍ലാലിന്റെയൊപ്പം നല്ലൊരു ടീം എല്ലാ വിഭാഗങ്ങളിലും ചടുലമായി നില്‍ക്കുന്നു.റെഡി സാര്‍ എന്ന് സംവിധായകന്‍ വിളിക്കുമ്പോള്‍ ക്യാമറക്കു മുമ്പിലെത്തുന്ന മോഹന്‍ലാലില്ല. ഷൂട്ടിംഗ് തീര്‍ക്കേണ്ട സമയത്തെക്കുറിച്ചു വേവലാതിപ്പെടുന്ന സംവിധായകന്‍. ഉച്ചക്ക് ശേഷം ലഭിച്ച സമയത്തിനുള്ളില്‍ ഷോട്ടുകളെല്ലാം എടുത്ത് അഞ്ചു മണിക്കുള്ളില്‍ പായ്ക്ക് അപ് പറഞ്ഞു സംവിധായകന്‍ മോഹന്‍ലാല്‍.