യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം.ഇന്ന് തലസ്ഥാനനഗരം അത്യപൂര്‍വ്വമായ സമരങ്ങള്‍ക്ക് വേദിയായി.കഴിഞ്ഞ ഇരുപതു ദിവസമായി മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് വീറും വാശിയും ഏറ്റിക്കൊണ്ടാണ് ഇന്നു നഗരമുണര്‍ന്നത്.വൈദീകര്‍ നേതൃത്വം കൊടുക്കുന്ന സമരത്തെ അഭിസംബോധനചെയ്യുവാനും ആവേശം പകരുവാനുമായി പാവങ്ങളുടെ ബിഷപ്പ് എന്നറിയപ്പെടുന്ന സുസപാക്യം പിതാവ് വലിയമുക്കുവനെപ്പോലെ സമരമുഖത്ത് എത്തിയതോടെ സമരക്കാരുടെ ആവേശം അണപൊട്ടി.മല്‍സ്യത്തൊഴിലാളികളുടെ ആവിശ്യങ്ങള്‍ ഒന്നില്ലാതെ എല്ലാം അംഗീകരിക്കണമെന്ന് സുസപാക്യം പിതാവ് ആവിശ്യപ്പെട്ടു. തുറമുഖ നിര്‍മ്മാണത്തിനു മുമ്പേ സര്‍ക്കാര്‍ നല്‍കിയവാഗ്ദാനങ്ങള്‍ പാലിക്കണമെന്നും,മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും,തീരസംരക്ഷണത്തിനുമനുവദിച്ച പാക്കേജ് നടപ്പിലാക്കണം.സുസപാക്യം പിതാവ് പറഞ്ഞു.വിശ്രമ ജീവിതം നയിക്കുന്ന സുസപാക്യം പിതാവ് പ്രായത്തിന്റെ അവശതകള്‍ മറന്ന് വെള്ളയമ്പലം മുതല്‍ സമരക്കാര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് സെക്രട്ടറിയേറ്റുവരെ മുന്നില്‍ നിന്നു നയിച്ചു.അതിരൂപതയുടെ പുതിയമെത്രോപ്പോലീത്ത തോമസ് ജെ നെറ്റോ പിതാവും,സഹായമെത്രാന്‍ ക്രസ്തുദാസും അദ്ദേഹത്തിന്റെ ഇരുവശത്തുമായി നീങ്ങി.
തിരുവനന്തപുരത്തെ തീരമേഖലകളായ പൂന്തുറ,വലിയതുറ,അഞ്ചുതെങ്ങ്,വിഴിഞ്ഞം തുടങ്ങി പ്രമുഖമായ തീരങ്ങളില്‍ നിന്നും വള്ളങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റു വളയുവാനായി കിഴക്കേട്ട് ആര്‍ത്തലച്ചു നീങ്ങി.തീരമേഖലകളിലെ ഇടവകവികാരിമാരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെ പോലീസ് വഴിയില്‍ തടഞ്ഞു.പേട്ടയിലും,പൂന്തുറയിലും,ഈഞ്ചക്കലിലും വള്ളവുമായെത്തിയ സമരക്കാരെ തടഞ്ഞത് കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങുമെന്നു തോന്നിച്ചു.ഫാദര്‍.സാബാസിന്റെ നേതൃത്വത്തില്‍ വലിയതുറ ഭാഗത്തു നിന്നുമെത്തിയ സമരക്കാരെ പേട്ടയില്‍ തടഞ്ഞു.എന്നാല്‍ അതിനെ അതിജീവിച്ചു മുന്നോട്ടു നീങ്ങിയ സമരത്തെ പോലീസ് വാഹനം റോഡിനു കുറുകെയിട്ടു പോലീസ് ജനറല്‍ ആശുപത്രിക്കുമുമ്പില്‍ തടഞ്ഞു.ഇരമ്പിയെത്തിയ മല്‍സ്യത്തൊഴിലാളികള്‍ വാഹനത്തില്‍ വച്ചിരുന്ന വള്ളങ്ങള്‍ കൈത്താങ്ങിലെടുത്തു മുന്നോട്ടു കുതിച്ചപ്പോള്‍ പോലീസ് പ്രതിരോധം പിന്‍മാറി.കരഘോഷത്തോടെ മല്‍സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റു നടയിലെത്തി.
മണ്ണെണ്ണ വില തമിഴ്‌നാട് മാതൃകയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക,തീരശോഷണം പഠിച്ചു പരിഹരിക്കുക,വര്‍ഷങ്ങളായി വലിയതുറ എഫ്‌സിഐ ഗോഡൗണില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുക, വിഴിഞ്ഞം മുതല്‍ വര്‍ക്കലവെരെയുള്ള കടലാക്രമണം പഠിച്ച് പരിഹാരം കാണണമെന്ന് സമരം നയിക്കുന്ന അതിരുപതാ വികാരി ജനറല്‍ യൂജിന്‍ പെരേര ആവിശ്യപ്പെട്ടു. ആവിശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രൂപതയിലെ ജനങ്ങളും,വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ത്തിവെച്ച് അദ്ധ്യപകരും,വിദ്യാര്‍ത്ഥികളും സെക്രട്ടറിയേറ്റു പടിക്കല്‍ സമരം ചെയ്യുമെന്നും സമരത്തെ അഭിവാദ്യം ചെയ്ത വെദീക നേതൃത്വം മുന്നറിയിപ്പു നല്‍കി.