സോമവിചാരം.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
ഇതേ തലക്കെട്ടില്‍ പി.എസ്് അഥവാ പാറപ്പുറത്ത് സഞ്ജയന്‍ അഥവാ എം.ആര്‍.നായര്‍ അഥവാ മാണിക്കോത്ത് രാമുണ്ണിനായര്‍ എന്ന മഹാവിദ്വാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.ആ തലക്കെട്ടു കടമെടുത്തതിന്റെ പേരില്‍ എന്നെ കള്ളനായി ചിത്രീകരിക്കരുത്.’ വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കല്ലേ-‘ഞാന്‍ വെറുമൊരു കാല്‍ക്കള്ളന്‍.മൂന്നരപ്പതിറ്റാണ്ടു മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടും അരക്കള്ളനായിപ്പോലും ഗ്രാജ്വേറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല.പിന്നെയല്ലേ മുഴുക്കള്ളന്‍.. കുഞ്ചന്‍നമ്പ്യാരില്‍ നിന്ന് ചില്ലറ മോഷണം നടത്തിക്കാണും.അതിനു കോപ്പിറൈറ്റ് ലംഘനം ഉണ്ടെന്നു തോന്നുന്നില്ല.ഉണ്ടെങ്കില്‍ തന്നെ കലക്കത്തു തറവാട്ടിലെ പിന്‍മുറക്കാര്‍ എനിക്ക് ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ.സഞ്ജയന്റെ സ്ഥലനാമ ഗവേഷണം തുടങ്ങുന്നതു സ്വന്തം അംശവും ദേശവുമായ ചങ്ങലംപരണ്ടയില്‍ നിന്നാണ്.അതു വിടര്‍ന്നു പൂത്തു പന്തലിക്കുന്നതു മേലോട്ടുതാഴത്തും ചൊക്ലിയിലും എത്തുമ്പോഴാണ്.ചൊക്ലിയുടെ പദനിഷ്പത്തി അന്വേഷിച്ചു പോയ അദ്ദേഹത്തിന് ദിക്കും ദിശയും തെറ്റി. അദ്ദേഹത്തിനു നേര്‍വഴി കാട്ടിക്കൊടുത്തതു മാവിലാക്കാവു ഭഗവതിയാണ്.അതിന്റെ ഉപകാരസ്മരണയാണ് ‘ഞാനൊരു മാവിലായിക്കാരനാണ്’ എന്ന സഞ്ജയന്‍ ശൈലീപ്രയോഗം.
എന്നിട്ടും ചൊക്ലിയുടെ ജാതകം തിരിഞ്ഞില്ല. ‘താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയില്‍ ഉരുണ്ടും/ ഉറക്കം വരാതെ മാനത്തു’ നോക്കിയപ്പോഴാണു സഞ്ജയന്റെ മേശപ്പുറത്തിരുന്ന ചടാസ് ടൈംപീസിന്റെ സെക്കന്റെ് സൂചി ശബ്ദിക്കുന്നത് അദ്ദേഹം കേട്ടത്.അതിന്റെ സംഗീതവും ഭാവവും സംഗതിയുമെല്ലാം വായിച്ചെടുത്തത്.അപ്പോള്‍ ചൊക്ലിയുടെ ഉല്‍പത്തിയും നിഷ്പത്തിയും ഗോളം തിരിഞ്ഞു.ആ സംഗീതം പൊഴിക്കുന്നത് ‘ ചൊക്ലി,ചൊക്ലി,ചൊക്ലി എന്നായിരുന്നത്രേ.അതോടെ ഗവേഷണം പൂര്‍ത്തിയായി.
ഞാനും എന്റേതായ ചില സ്ഥലനാമഗവേഷണം നടത്തുന്നുണ്ട്..അതിനു കാരണം ഞാന്‍ തിരുവനന്തപുരത്തു സ്ഥലം വാങ്ങിയതാണ്.ഞാന്‍ വാങ്ങിയെന്നു പറഞ്ഞാല്‍ സത്യമാവില്ല സുഹൃത്തുക്കളായ രാധാകൃഷ്ണനും വേണുവും കൂടി വാങ്ങിത്തന്നതാണ്.വീടുവെച്ചു നല്‍കിയതും അവര്‍ തന്നെ.ആ സ്ഥലത്തിന്റെ പേര്‍ വേടന്‍വിള എന്നായിരുന്നു.എന്റെ ആഗ്രഹം എന്റെ ബൈലൈന്‍ ‘സോമനാഥ് വേടന്‍ ‘ എന്നു പരിഷ്‌കരിക്കണമെന്നായിരുന്നു.പിന്നില്‍ ഒരു ജാതിവാല്‍ ചേര്‍ക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടു നടപ്പ്.എഴുത്തച്ഛനും നായരും മേനോനും തച്ചനും പെരുന്തച്ചനുമെല്ലാം കാശിനു പതിനാറ്.അതിനിടയില്‍ ഒരു സോമനാഥ് വേടന്‍ വന്നാല്‍ വായനക്കാര്‍ ഓര്‍ത്തിരിക്കും.
ഒരു പേരിലെന്തു കാര്യമെന്നു നിങ്ങള്‍ക്കു സ്വാഭാവികമായും സംശയം തോന്നാം.എന്നാല്‍ പത്രക്കാര്‍ക്ക്് അക്കാര്യത്തില്‍ നല്ല ബോധ്യമുണ്ട്.എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഒരു എ.സി.പിള്ളയുണ്ട്.എ.സി പിള്ള യെന്നതിന്റെ പൂര്‍ണ്ണരൂപം അരുണാചലം ചൊക്കലിംഗം പിള്ള എന്നായിരിക്കുമെന്ന് മറ്റൊരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു.എന്നാലത് അയ്യാപിള്ള ചുടലമാടന്‍ പിള്ളയെന്നാണന്ന് പിന്നീടറിഞ്ഞു.ആ പേരിലാണ് അദ്ദേഹത്തിന്റെ ബൈലൈന്‍ വന്നിരുന്നതെങ്കില്‍ അതു വായനക്കാരുടെ ചുണ്ടുകളില്‍ എക്കാലവും തത്തിക്കളിക്കുമായിരുന്നു.ഇപ്പോള്‍ എ.സി പിള്ള യെന്നു പറഞ്ഞാല്‍ വായനക്കാര്‍ ചോദിക്കും ഏതു പിള്ള..? എന്തു പിള്ള എന്ന്.
ഏതായാലും ഞാന്‍ വീടു വച്ചപ്പോഴേയ്ക്കും ആ സ്ഥലത്തിന്റെ പേരു പ്രകാശ് നഗര്‍ എന്നായി.ഫുള്‍ടൈം റിയല്‍ എസ്റ്റേറ്റ് ഏജന്റൊയും പാര്‍ട് ടൈം സര്‍ക്കാര്‍ എന്‍ജിനീയറുമായ ഒരാളാണ് അതിന്റെ കാരണക്കാരന്‍.മാന്യന്‍മാര്‍ താമസിക്കുന്ന സ്ഥലത്തിന് വേടന്‍വിള എന്നു പേരിടാമോ ? സംശയം ജാത്യാലുള്ളതായതുകൊണ്ടു തൂത്താലും തുടച്ചാലും പോകില്ല.അദ്ദേഹം സ്ഥലത്തിന്റെ പേര് പ്രകാശ് നഗര്‍ എന്നാക്കി.ഒറ്റയടിക്കു രണ്ടു പക്ഷി.ഞങ്ങള്‍ കുറച്ചു പേരുടെ മാനം കാത്തു. സ്വന്തം മകന്‍ പ്രകാശിന് ചരിത്രത്തില്‍ ഇടം നേടിക്കൊടുത്തു.ഏതായാലും എന്റെ സ്വപ്‌നം വീണുടഞ്ഞു.
എങ്കിലും ഞാന്‍ സ്ഥലനാമഗവേഷണം തുടര്‍ന്നു ചാണോക്കുണ്ടു വിമലഗിരയാകുന്നതും തവളക്കുഴി താബോര്‍മലയാകുന്നതും ഊളന്‍കുഴി പള്ളിമുക്കാവുന്നതും ഞാന്‍ കണ്ടിട്ടുണ്ട് .പട്ടിമറ്റത്തെ രത്‌നഗിരിയാക്കിയതും മാന്തുകയെ മാന്തളിരാക്കിയതും കണ്ടു.മുണ്ടകപ്പാടങ്ങളുടെ മാറു പിളര്‍ന്ന ജവാഹര്‍നഗറുകള്‍ ഉയര്‍ന്നുവന്നതിനു സാക്ഷ്യം വഹിച്ചു.തിരുവനന്തപുരത്തെ മരിച്ചീനിവിള മറ്രൊരു ജവാഹര്‍ നഗറായതും കറ്റച്ചക്കോണം കേശവദാസപുരമായതും തിരുവനന്തപുരത്തുകാരില്‍ നിന്നും കേട്ടറിഞ്ഞു.അതോടെ വേടന്‍വിള,പ്രകാശ്് നഗര്‍ ആയതിലുള്ള സങ്കടം തീര്‍ന്നു.പൂര്‍ണ്ണമായി തീര്‍ന്നുവെന്നു പറയാനാവില്ല.
എറ്റവും വലിയ തമാശയായി തോന്നിയതു കാസര്‍ഗോടുജില്ലയിലെ മൈരേ എന്ന വില്ലേജിന്റെ പേരു ഗാന്ധിനഗറെന്നും പിന്നെ ഷേണി എന്നുമാക്കിയതാണ്.മൈരേ എന്നു പറഞ്ഞാല്‍ കന്നഡയില്‍ മയില്‍.ക്ഷേണിയെന്നാല്‍ കന്നഡയില്‍ കുന്നും മലയുമായ പ്രദേശം.കൊങ്കണിയില്‍ ചാണകവരളി.അതിലും എത്രയോ മനോഹരമാണ് ഷേണി..കീഴ്‌വായപൂരിന്റെ പേരുമാറ്റാന്‍ നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങാത്തതു ഭാഗ്യം.ഇഗ്ലീഷില്‍ എഴുതുമ്പോള്‍ സ്ഥലം പരിചയമില്ലാത്തവര്‍ അതു മലയാളത്തിലാക്കിയാല്‍ എന്തെല്ലാം കോലാഹലമുണ്ടാകാം.