പെട്രോളിലും ഡീസലിലും നായരുണ്ട്.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കൊല്ലത്തു പോയപ്പോള്‍ അദ്ദേഹം പെട്രോള്‍ അടിക്കാന്‍ കാര്‍ പമ്പില്‍ കയറ്റി.പമ്പിന്റെ പേര് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. നയാരാ..( NAYARA.) ഹേ ; പെട്രോളിലും ഡീസലിലും നായരുണ്ടോ എന്നു ജാത്യാഭിമാനിയായ എന്റെ സന്തോഷം.സാമ്പാര്‍പൊടിയിലും പുട്ടുപൊടിയിലും അച്ചാറിലുമെല്ലാം ഞാന്‍ ജാതി കണ്ടിട്ടുണ്ട്.എന്നാല്‍ ആദ്യമായാണ് വാഹന ഇന്ധനത്തിലും ജാതിയുണ്ടന്ന് തിരിച്ചറിഞ്ഞത്.ക്രിസ്ത്യാനിയായ സുഹൃത്ത് നായരുടെ പമ്പില്‍ തന്നെ ഇന്ധനമടിക്കാന്‍ കാര്‍ കയറ്റിയതില്‍ സന്തോഷം തോന്നി.എന്തൊരു ഹൃദയവിശാലത..?
കൂടുതല്‍ അന്വേഷിച്ചപ്പോഴാണു സംഗതി കിരിയത്തു നായരും ഇല്ലത്തു നായരുമല്ലന്നു മനസ്സിലായത്്.എന്നാലും ഇംഗ്ലീഷില്‍ NAYARA എന്നെഴുതിയാല്‍ മലയാളി ‘നായരാ’ എന്നല്ലേ വായിക്കൂ. അന്വേഷണം തുടര്‍ന്നു.അപ്പോഴാ കമ്പനി നടത്തുന്നത് മേനോനും നായരുമൊന്നുമല്ലന്നു വ്യക്തമായത്.കമ്പനിയില്‍ റഷ്യക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെല്ലാം പങ്കാളിത്തമുണ്ട്.ഗുജറാത്തിലെ വാദി നഗറിലാണു റിഫൈനറി.ഇന്ത്യന്‍ ഉടമകള്‍ ഗുജറാത്തികളാണോ എന്നറിയില്ല.എന്നാല്‍ ഗുജറാത്തിയുടെ ബിസ്സിനസ്സ് കൗശലം പേരിനു പിന്നീടു തോന്നി..പണ്ടു ഗജറാത്തില്‍ പോയപ്പോള്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ടയര്‍ പഞ്ചര്‍ ഒട്ടിക്കുന്ന ഒട്ടേറെ കടകള്‍ കണ്ടു.ബോര്‍ഡ് വായിച്ചപ്പോള്‍ എല്ലാം നായന്‍മാര്‍ വഹ.. രാമന്‍നായരും ഗോപലന്‍നായരുമെല്ലാം തകൃതിയായി പഞ്ചറൊട്ടിക്കുന്നുണ്ട്.കൂട്ടത്തില്‍ ചില ജോര്‍ജ്ജു നായരും കുര്യന്‍ നായരും പണി ചെയ്യുന്നുണ്ട്.ഒരു യതാര്‍ത്ഥ നായരെ കണ്ടപ്പോഴാണു കാര്യത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്്.ഗുജറാത്തില്‍ പഞ്ചര്‍ ഒട്ടിക്കല്‍ തുടങ്ങിയത്് കേരളത്തില്‍ നിന്നുമുള്ള നായന്‍മാരാണത്രേ.. കച്ചവടം പൊടിപൊടിക്കുന്നതു കണ്ടപ്പോള്‍ ചില ജോര്‍ജ്ജുമാരും ജോസഫുമാരും കുര്യന്‍മാരുമെത്തി.സ്വന്തം പേരില്‍ ബോര്‍ഡ് വെച്ച് കടതുടങ്ങി. പക്ഷേ ഒരു ഗുജറാത്തിയും തിരിഞ്ഞു നോക്കുന്നില്ല. അല്ലറ ഗവേഷണവും ചില്ലറ ചാരപ്രവര്‍ത്തിയും നടത്തിയതോടെ കാര്യവും കാരണവും കണ്ടെത്തി.ആദ്യം വന്ന നായന്‍മാര്‍ യതാര്‍ത്ഥ ഒട്ടിപ്പുകാരാണന്നും പിന്നീടു വന്ന ക്രിസ്ത്യാനികള്‍ പറ്റിപ്പ്,വെട്ടിപ്പ്,തട്ടിപ്പുകാരാണന്നും ഗുജറാത്തി സംശയിച്ചു.കേരളത്തിലെ നായന്‍മാരുടെ കുലത്തൊഴില്‍ ടയര്‍ പഞ്ചര്‍ ഒട്ടിക്കലാണന്നും അവര്‍ ആത്മാര്‍ത്ഥമായി വിസ്വസിച്ചു.നേരം ഇരുട്ടി വെളുക്കും മുമ്പ് ജോര്‍ജ്ജ്,ജോര്‍ജ്ജ് നായരും കുര്യന്‍,കുര്യന്‍നായരുമായി.ബോര്‍ഡുകളില്‍ നാലക്ഷരം കൂടി എഴുതിച്ചേര്‍ക്കേണ്ടി വന്നെന്നു മാത്രം.അതോടെ ബിസിനസ്സ്ഉത്തരോത്തരം പുഷ്ടിപ്പെട്ടു.
പഞ്ചര്‍ ഒട്ടിക്കലില്‍ നായര്‍ വിദ്ഗ്ധനാണെങ്കില്‍ പെട്രോളിലും ഡീസലിലും അവര്‍ക്കു മോശക്കാരനാകാന്‍ പറ്റുമോ എന്നായി ഗുജറാത്തിയുടെ ചിന്ത.അതില്‍നിന്നായിരിക്കാം നയാരാ.. (NAYARA) എന്ന പെട്രോള്‍ കമ്പനിയുടെ പേരിന്റെ ഉത്ഭവം.തങ്ങളെ പറ്റിച്ച മലയാളിക്കു ഗുജറാത്തിയുടെ മധുരപ്രതികാരം. നയാരാ.. എന്ന പേരിന്റെ അര്‍ത്ഥം പ്രകാശം പരത്തുന്നവള്‍ എന്നല്ലാമാണന്നു ഗൂഗിള്‍ പറയുന്നു..എനിക്കു ഗൂഗിളിനെക്കാള്‍ വിശ്വാസം നാട്ടറിവുകളാണ്.അതുകൊണ്ടു മേലിലും പെട്രോള്‍ പമ്പിന്റെ പേര്‍ ‘നായരാ’ എന്നേ ഞാന്‍ വായിക്കൂ.സമസ്ത കേരള നായന്‍മാര്‍ക്കും നന്‍മ വരട്ടെ.
വേലിയേറ്റം..
കൊല്ലത്ത് രാമന്‍കുളങ്ങരയില്‍ പുതുതായി തുടങ്ങിയ എസ്സാറിന്റെ പെട്രോള്‍ ബങ്കില്‍ കയറിയപ്പോഴാണ് നയാരാ (NAYARA) എന്ന റീ ബ്രാന്‍ഡ് ചെയ്ത പേര് കണ്ടത്.കൊല്ലത്തു മാത്രം എസ്സാര്‍ കമ്പനിയുടെ പതിനേഴിലധികം പമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നുു.അവടെയെല്ലാം പുതുവര്‍ഷത്തോടെ നയാരാ പ്രത്യക്ഷമാകും. പേര് നയാരാ ആയാലും, നയന്‍താരയായാലും പെട്രോളിനും ഡീസലിനും ചില്ലറ വിലക്കുറവുള്ളതു കൊണ്ടു ഈ പമ്പുകളില്‍ വണ്ടികളുടെ തള്ളിക്കയറ്റമുണ്ട്.