HomeSPECIAL STORIESസോമവിചാരം.

സോമവിചാരം.

കുട്ടനാട്ടിലെ നീര്‍ക്കാക്കകളെ നോക്കുന്ന ചെളിപ്പുറത്തെ കൊറ്റിയായി യു.പ്രതിഭ.

                          ഇ.സോമനാഥ്
                          നോട്ടിക്കല്‍ ടൈംസ് കേരള.

                                രാഷ്ട്രീയക്കാര്‍ പക്ഷിനിരീക്ഷകരാവരുതെന്ന് ഭരണഘടനയില്‍ ഒരിടത്തും എഴുതിവെച്ചിട്ടില്ല.രാഷ്ട്രീയക്കാര്‍ക്ക് കവികളാകാം,കഥാകൃത്തുക്കളാകാം,സിനിമയിലും നാടകത്തിലും അഭിനയിക്കാം.പാലോട ്‌രവിയെപ്പോലുള്ള സാഹിത്യസവ്യസാചികള്‍ക്ക്ു ഖണ്ഡകാവ്യം മുതല്‍ മഹാകാവ്യം വരെ എഴുതാം.ചമ്പുവിലും ബാലസാഹിത്യത്തിലും കൈവയ്ക്കാം.(വായനക്കാര്‍ കൈവയ്ക്കുന്നതുവരെ).വെള്ളരി നാടകവും തനതുനാടകവും ആരും തെറ്റു പറയില്ല.പക്ഷേ രാഷ്ട്രീയക്കാര്‍ പക്ഷിനിരീക്ഷകരായാല്‍..? ഛായ്്  ലഝജ്ജാവഹം ; എന്നാണു ചിലര്‍ പറയുന്നത്.നിയമസഭയില്‍ ഉള്‍നാടന്‍ മല്‍സ്യ മേഖലയിലെ ബില്‍ ചര്‍ച്ചയില്‍ യു.പ്രതിഭ തന്റെ പക്ഷി നിരീക്ഷണ പാടവം പുറത്തെടുത്തപ്പോള്‍ ഉണ്ടായ കോലാഹലം ചില്ലറയല്ല.അവര്‍ ലക്ഷണമൊത്ത പക്ഷി നിരീക്ഷകയാണന്ന് നിയമസഭാപ്രസംഗം തെളിയിച്ചു.കാശിനു 16 കിട്ടുന്ന വെറും പക്ഷി നിരീക്ഷകയല്ല ഓര്‍നിത്തോളജിസ്റ്റ് എന്ന് ഇഗ്ലീഷില്‍ വിവക്ഷിക്കുന്ന പക്ഷി ശാസ്ത്രജ്ഞ.പക്ഷിശാസ്ത്രം എന്നുപറഞ്ഞാല്‍ പക്ഷിയെക്കൊണ്ടു ശീട്ടെടുപ്പിക്കുന്ന പണിയാണന്നു തെറ്റിദ്ധരിക്കരുത്.സാലിം അലിയെയും നീലകണ്ഠനെയുംപോലുള്ളവരെപ്പോലെ ഒര്‍നിത്തോളജി കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞ.

                                  കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിഭ പുറത്തുവിട്ടത് വര്‍ഷങ്ങളായി താന്‍ നടത്തിയ ഗവേഷണത്തിന്റെ കണ്ടെത്തലുകളാണ്.കുട്ടനാട്ടില്‍ മല്‍സ്യസമ്പത്തിനു ശോഷണം വരുത്തുന്ന മുഖ്യപ്രതിയേയും അവര്‍ കണ്ടെത്തി-നീര്‍ക്കാക്ക.ഈ ദുഷ്ടന്‍ വരാലുകളെയും മുഷികളെയും നിര്‍ദാക്ഷിണ്യം പിടിച്ചു തിന്നുന്നു.കാരിയേയും,കൂരിയേയും,പരലിനെയും കണ്ണില്‍ച്ചോരയില്ലാതെ വെട്ടിവിഴുങ്ങുന്നു.പള്ളത്തിയും മഞ്ഞളേട്ടയും കുറുമ്പാടിനെയും കൂസലില്ലാതെ കൊത്തിപ്പറിക്കുന്നു.കുട്ടനാട്ടിലെ കുട്ടികളും കുട്ടികളല്ലാത്ത സാം കുട്ടിയും മത്തായിക്കുഞ്ഞും മുഹമ്മദ് കുട്ടിയും മാധവന്‍കുട്ടിയും പൊടിക്കുഞ്ഞും ആസ്വദിച്ചു കഴിക്കേണ്ട ശ്രേഷ്ഠ മല്‍സ്യങ്ങളെയാണ് നീര്‍ക്കാക്ക താന്തോന്നി താനാതീനയാക്കുന്നത്.വരാലിന്റെയും മുഷിയുടെയും രുചി മനസ്സില്‍ തികട്ടിയപ്പോഴേക്കും ഗവേഷകപ്രതിഭയുടെ നാവില്‍ കപ്പലോട്ടാന്‍ വെള്ളം നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം കൂടി കുടിച്ചിട്ടാണ് പ്രസംഗം തുടര്‍ന്നത്.

                              കുറ്റപത്രം വല്ലാതെ നീണ്ടുപോയി എന്നാല്‍ വിധിപ്രസ്താവം ഉടന്‍വന്നു.നീര്‍ക്കാക്കകളെ നിയന്ത്രിക്കണം അതു വന്ധ്യംകരണം നടത്തിയാണോ വെടിവെച്ചാണോ എന്നു ഗവേഷക വ്യക്തമാക്കിയിട്ടില്ല.ആദ്യഘട്ടത്തില്‍ നീര്‍ക്കാക്കകളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു അവിശ്യപ്പെട്ടിട്ടുമില്ല.നീര്‍ക്കാക്ക ശല്യത്തിന് ലളിതമായൊരു പരിഹാരമുണ്ട് കായല്‍ നിലങ്ങളില്‍ ' മീന്‍ പിടിക്കരുത് ' എന്നൊരു ബോര്‍ഡ് ഇഗ്ലീഷ്,ഹിന്ദി,മലയാളം,തമിഴ്,കന്നഡ റഷ്യന്‍ ഭാഷകളില്‍ എഴുതിവെച്ചാല്‍ മതി.ദേശാടനക്കാരായ വല്ല നീര്‍ക്കാക്കകളും വന്നുപെട്ടാല്‍ ഭാഷ അറിയാതെ വല്ല നിയമലംഘനവും നടത്തരുതെല്ലോ.?.മണ്ണിന്റെ മക്കളായ ആലപ്പുഴകാക്കകള്‍ക്ക് ആ പ്രശ്‌നം സംഭവിക്കില്ല.കാരണം പ്രതിഭച്ചേച്ചി ജില്ലാ പഞ്ചായത്തു പ്രസിഡന്റൊയിരിക്കെ പക്ഷി സാക്ഷരതാ യജ്ഞം നടത്തുകയും ആലപ്പുഴയെ ഇന്ത്യയിലെ ആദ്യത്തെ പക്ഷി സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചതുമാണ്.

                                കാട്ടുപന്നികളെ വെടിവെച്ചാല്‍ ഒന്നോ രണ്ടോ തുലാം ഇറച്ചിയെങ്കിലും കിട്ടും.പാവം നീര്‍ക്കാക്കയെ വെടിവെച്ചാലോ..?അരക്കഴഞ്ച് ഇറച്ചിപോലും കിട്ടില്ല.കഴിഞ്ഞ കഥയില്‍ ഒരു എംഎല്‍ഏ കാട്ടുപന്നിയിറച്ചിയുടെ സ്വാദിനെക്കുറിച്ചു വാചാലനായിരുന്നു.എന്നാല്‍ പ്രതിഭ അതൊന്നും ചെയ്തില്ല അതു തന്നെ ഭാഗ്യം.രാഷ്ട്രീയക്കാരില്‍ ആദ്യമായല്ല പക്ഷിനിരീക്ഷകര്‍ ഉണ്ടാവുന്നത്.കോണ്‍ഗ്രസ്സ് സ്ഥാപകനായ അലന്‍ ഒക്ടോവിയന്‍ ഹ്യും ബ്രട്ടീഷ് ഇന്ത്യയിലെ പ്രമുഖ പക്ഷി നിരീക്ഷകന്‍ ആയിരുന്നു. ' സ്്്കാറ്റേഡ് ഫെദേഴ്‌സ് ' അഥവാ ചിതറിയ തൂവലുകള്‍ എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ എഴുതിയിരുന്നു.പ്രതിഭ ചുരുങ്ങിയത്  'നീര്‍ക്കാക്കേ, നീര്‍ക്കാക്കേ,കൂടെവിടെ ' എന്നശീലില്‍ ഒരു കുട്ടിക്കവിതയെങ്കിലും എഴുതണം.ഗവേഷണശ്രീ,ഗവേഷണഭൂഷന്‍,ഗവേഷണവിഭൂഷന്‍,ഗവേഷണ രത്‌ന ബഹുമതികളില്‍ ഏതെങ്കിലും തടയാതിരിക്കില്ല.

ഇ.സോമനാഥ്
നോട്ടിക്കല്‍ ടൈംസ് കേരള.

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments