ചെറിയാന്റെ പുന;പ്രവേശത്തിന് ഒരു ചൊറിയന്‍ പിന്‍കുറിപ്പ്.
സോമവിചാരം.
ചെറിയാന്റെ പുന;പ്രവേശത്തിന് ഒരു ചൊറിയന്‍ പിന്‍കുറിപ്പ്.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
ചെറിയാന്‍ ഫിലിപിനെ കോണ്‍ഗ്രസുകാരും പിന്നീട് സിപിഎം കാരും 'ചൊറിയന്‍ ഫിലിപ് ' എന്നു വിളിക്കുന്നത് നേരിട്ടു കേട്ടിട്ടുണ്ട്.എന്നാല്‍ എനിക്കങ്ങിനെ വിളിക്കാന്‍ തോന്നിയിട്ടില്ല.കാരണം ഒരിക്കലും എന്നെ അദ്ദേഹം ചൊറിഞ്ഞിട്ടില്ല.ഞാന്‍ അദ്ദേഹത്തെയും.എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ 'തറവാട്ടി' ലേക്കുള്ള മടക്കയാത്ര കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തെയൊന്നു ചൊറിയണമെന്നു തോന്നി.കുഴപ്പം അദ്ദേഹത്തിന്റേതല്ല.പൂര്‍ണ്ണമായും എന്റേതാണ്.കാരണം എന്റെ ജനിതകത്തില്‍ ചൊറിതണത്തിന്റെ ഡിഎന്‍എ എങ്ങിനെയോ കടന്നുകൂടിയിട്ടുണ്ട്്.ആര്‍എന്‍എയുടെ കാര്യം അത്ര നിശ്ചയമില്ല.ഇക്കാര്യത്തില്‍ ഖണ്ഡിതമായ അഭിപ്രായം പറയേണ്ടത്് ഡബിള്‍ ഹെലിക്ഡ് മോഡല്‍ കണ്ടുപിടിച്ച വാട്‌സനും കൂടെയാണ്. പരലോകത്തുള്ള അവരുടെ മൊബൈല്‍ നമ്പര്‍ അറിയാവുന്നവര്‍ക്ക് വേണമെങ്കില്‍ നേരിട്ടു വിളിച്ച് സംശയനിവൃത്തി വരുത്താവുന്നതാണ്.എന്തായാലും എനിക്ക് അത്തരം മഹാനുഭാവന്‍മാരുമായി ഒരു പരിചയവുമില്ല.
ചെറിയാനു കിട്ടിയ ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് നല്‍കിയതാണന്നും അത് അദ്ദേഹത്തിന്റെ മുറിയില്‍ ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്.കേട്ടുകേള്‍വിയാണ് തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കണം. 'മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍' എന്നാണ് മേപ്പടി ലാമിനേറ്റഡ് കോപ്പിയില്‍ സഖാവ് കൈയ്യൊപ്പിട്ടിട്ടു സാക്ഷ്യപ്പെടുത്തിയിരിക്കുന്നതെന്നും കിംവദന്തിയുണ്ട്.മാര്‍ക്‌സ്,ഏംഗല്‍സ്,ലെനിന്‍,മാവോ തുടങ്ങിയവരും അദ്ദേഹത്തിന് ഇത്തരം ചില സദ്‌സേവന രേഖകള്‍ നല്‍കിയിട്ടുണ്ടത്രേ..എന്നാല്‍ അല്‍പം ചരിത്രബോധവും കാലബോധവുമുള്ളതിനാല്‍ ഞാന്‍ അതൊന്നും വിശ്വസിച്ചില്ല.ഇപ്പോള്‍ അതെല്ലാം വിശ്വസിക്കേണ്ട ഗതികേടിലാണ്.
ആശയടക്കം പുണ്യമെന്ന് ബൈബിളിലും,ദുഖങ്ങളുടെ കാരണം ആശയാണ് എന്നു ബുദ്ധനും പറഞ്ഞതായി കേട്ടിട്ടുണ്ട്.കോണ്‍ഗ്രസ്സില്‍ മോഹമുക്തന്‍മാര്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഒരു മഹാത്മാഗാന്ധി ഉണ്ടായിരിക്കും.ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും വരെ പ്രധാനമന്ത്രിയവാന്‍ ആഗ്രഹിച്ചവരാണ്.ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രി എന്ന സിദ്ധാന്തം അന്നേ നടപ്പിലായതുകൊണ്ട് നെഹ്‌റുവിനാണു നറുക്ക് വീണത്.പിന്നീട് വണ്‍മാന്‍ വണ്‍ പോസ്റ്റ് ,വണ്‍ ഫാമിലി ഓള്‍ പോസ്റ്റ് എന്ന ഉത്തരാധുനീകസിദ്ധാന്തം കോണ്‍ഗ്രസ്സ് നടപ്പിലാക്കി.കോണ്‍ഗ്രസ്സില്‍ ഒരുപാടു കാലം വിറകുവെട്ടലും വെള്ളംകോരലുമായി കഴിഞ്ഞപ്പോഴാണ് ചെറിയാന് മോഹമുക്തിവന്നത്. 'സ്വപ്‌നമരീചിക വീണു കഴിഞ്ഞാല്‍/ ആശയെവിടെ ,നിരാശയെവിടെ ' എന്ന സിനിമാഗാനവും അദ്ദേഹത്തിന് ഓര്‍മ്മ വന്നു.അതോടെ ചെറിയാന്‍ ചവിട്ടു മാറ്റി.എന്നുവച്ചാല്‍,'നരനായിങ്ങെനെ ജനിച്ചുഭൂമിയില്‍', എന്ന വരികള്‍ക്ക് പാഠഭേദം വരുത്തി.'പങ്കജാക്ഷന്‍ പിണറായി' എന്നു പാടാന്‍ തുടങ്ങി.
പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു.പലതവണ മല്‍സരം എന്നാല്‍ വോട്ടര്‍മാര്‍ക്ക് അത്രക്കങ്ങ് ബോധിച്ചില്ല.അതുകൊണ്ടു നീറ്റായും ക്ലീനായും തോറ്റു.പിന്നെ കൈരളിയില്‍ അഘണ്ഡപ്രതികരണ യജ്ഞം തുടങ്ങി.എന്തായാലും പങ്കജാക്ഷന്‍ കടല്‍വര്‍ണ്ണനും വാസുദേവന്‍ ജഗന്നാഥനുമായ പിണറായി സഖാവ് അദ്ദേഹത്തെ കൈവിട്ടില്ല.കെ.ടി.ഡി.സി ചെയര്‍മാനാക്കി,നവകേരളമിഷന്‍ ചീഫ് എക്‌സിക്യൂട്ടിവാക്കി.ഇത്തവണ ഖാദിബോര്‍ഡ് ഉപാദ്ധ്യക്ഷനാക്കുവാനായിരുന്നു പരിപാടി.വിണ്ണില്‍ നക്ഷത്രങ്ങളോടൊത്തു വിഹരിച്ചിരുന്ന ചെറിയാന് മണ്ണിലിറങ്ങാന്‍ പറ്റുമോ..?ഖാദിയോട് ്‌ദ്ദേഹത്തിനു പണ്ടേ പുച്ഛമാണ്.അതിനു തെളിവ് കഴിഞ്ഞ ദിവസം ഏ.കെ.ആന്റെണിയെ കാണാന്‍ ചെന്നപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടുതന്നെ.ഉപാദ്ധ്യക്ഷസ്ഥാനം ചെറിയാന്‍ പുറങ്കാലുകൊണ്ടു തട്ടിയെറിഞ്ഞു.ഈ ഏടാകൂടം ആരുടെ തലിയിലാണോ ചെന്നു വീഴുക ?.
ഇരുപതുകൊല്ലം സി.പി.എം സഹയാത്രികനായ ശേഷമാണ് അദ്ദേഹത്തിന് പാര്‍ട്ടിയെക്കുറിച്ച് ഗോളം തിരിഞ്ഞത്.എന്നുവെച്ച് ചെറിയാന്റെ ഐക്യു ലെവലിനെ ചോദ്യം ചെയ്യുന്നില്ല.ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ലന്ന് പിണറായി സഖാവ് പറഞ്ഞത് സത്യമാണ് എന്നുമാത്രം ബോധ്യമായി.ചെറിയാന്‍ പലപ്പോഴും ന്യായീകരണ തൊഴിലാളിയായി എന്ന് അദ്ദേഹം തന്നെ പറയുന്നു.ചുമട്ടു തൊഴിലാളി ആയിരുന്നെങ്കില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും അട്ടിക്കാശും നോക്കുകൂലിയുമായി ഇരുപതു വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമായിരുന്നു.
അതുകൊണ്ട് തറവാട്ടിലേക്കു തിരിച്ചു പോകാനുള്ള തിരുമാനം എന്തുകൊണ്ടും ഉചിതമായി.അവിടെ ആന്റെണിമാമ്മനുണ്ട്,മുല്ലപ്പള്ളമാനുണ്ട്,സുധാകര്‍മാനുണ്ട്,ഇളമാനായ വേണുഗോപാലുണ്ട്.ഗ്രൂപ്പുകള്‍ പ്രസ്‌ക്ലബ് മുറ്റത്തും തറവാട്ടുമുറ്റത്തും തിരുവാതിര കളിച്ചുമാണ് ചെറിയാനെ വരവേറ്റത്.അതു കണ്ടപ്പോള്‍ ഉണ്ടായത് ഇണ്ടലായിരുന്നില്ല ബഹുത് ഖുശിയായിരുന്നു.എന്നാലും തറവാടിന്റെ അവസ്ഥ ഒന്നു നോക്കി അടിയാധാരം കൂടി പരിശോധിച്ച ശേഷം പോരായിരുന്നോ ഈ തിരിച്ചുചാട്ടം എന്നൊരു സംശയം.നാലുകെട്ട്,നൂലുകെട്ട്,താലികെട്ട്,കേസുകെട്ട് എന്നിങ്ങെനെ ചതുര്‍ദോഷങ്ങല്‍ കൊണ്ട് തറവാട് മുച്ചൂടും മുടിഞ്ഞിരിക്കയാണ്.എപ്പോഴാണ് ജപ്തി നോട്ടീസുമായി ആമീനും അധികാരിയും കോല്‍ക്കാരനും വരുന്നതെന്ന് ഒരു തിട്ടവുമില്ല.
സിപിഎം ല്‍ പോയപ്പോള്‍ എല്ലേ ഒടിഞ്ഞിട്ടുള്ളു.തറവാട്ടില്‍ തിരിച്ചുവരുമ്പോള്‍ നട്ടെല്ലൊടിയാതെ സൂക്ഷിക്കണം.ഏതായാലും തല്‍ക്കാലത്തേക്ക് ഇടശ്ശേരിയെ മനസ്സില്‍ സ്്മരിച്ച് 'അധികാരം കൊയ്യണമാദ്യം നാം /അതിനുമേലാവട്ടെ പൊന്നാര്യന്‍ ' എന്നു പാടിക്കൊണ്ടിരിക്കാം.എന്‍.എന്‍ കക്കാടിന്റെ വരികൂടി ഒര്‍ത്താല്‍ കൊള്ളാം ; അപ്പോള്‍ ആരെന്തുമെന്തെന്നുമാര്‍ക്കറിയാം..?
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.