കടലും തീരവും പുതിയകാലത്തിനായി സജ്ജമാവുന്നു…
യേശുദാസ് വില്യം.
നോട്ടിക്കല്‍ ടൈംസ് കേരള.
അറബിക്കടലില്‍ രുപം കൊണ്ട ചക്രവാകച്ചുഴി അപായസൂചനയുടെ അപ്രതീക്ഷിത മുന്നറിയിപ്പായെങ്കിലും കേരളത്തിലെ വലിയമുക്കുവന്‍മാര്‍ കടലിലെ നീരൊഴുക്ക് നോക്കി അവരുടെ യാനങ്ങള്‍ കടലിലിറക്കി.പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറത്ത് ഇരുന്നൂറ് നോട്ടിക്കല്‍ മൈലിനുള്ളിലെ ആഴക്കടലിലേക്ക് കേരളത്തിന്റെ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വലയെറിഞ്ഞപ്പോള്‍ വി.ഡി സതീശനും,കുഴല്‍നാടനും,ചിത്തരജ്ഞനും, കെ.ബാബു.ടിജെ വിനോദ്.ടൈസന്‍മാസ്റ്റര്‍ തുടങ്ങിയവരെല്ലാം കടലിലേക്ക് അവരുടെ തോണികളിറക്കി.ഇന്നലെ തുലാവര്‍ഷം പുറത്ത് തിമിര്‍ത്തു പെയ്യുമ്പോള്‍ നിയമസാഭാമന്ദിരത്തിലെ നടുത്തളത്തില്‍ കേരളത്തിന്റെ കടലും തീരവും ജീവിതവും അലയടിച്ചു.
മല്‍സ്യമേഖലയെ സംബന്ധിച്ച നിര്‍ണ്ണായകമായ നാലു ബില്ലുകള്‍ ചര്‍ച്ചക്കായി ഫിഷറീസ് മന്ത്രി സജിചെറിയാന്‍ അവതരിപ്പിച്ചു.ബ്ലൂ ഇക്കോണമിയെ സംബന്ധിച്ചുള്ള നിയമം നംവംബറില്‍ കേന്ദ്രം പ്രാബല്യത്തില്‍ കൊണ്ടുവരുമ്പോള്‍ കേരളത്തിന്റെ ആവിശ്യങ്ങളും ആവലാതികളും കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നതു സംബന്ധിച്ച ആശങ്ക നീറി നില്‍ക്കുമ്പോഴാണ് നമ്മളുടെ ബില്ലുകളും ചര്‍ച്ചക്കും,ഭേദഗതിക്കുമായി സഭക്ക് മുമ്പില്‍ എത്തിയത്.പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ഇച്ഛാശക്തിയോടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ബില്ലുകള്‍ പക്ഷേ മല്‍സ്യമേഖലയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണന്ന് അംഗങ്ങളുടെ ചര്‍ച്ച വെളിപ്പെടുത്തി.മല്‍സ്യത്തൊഴിലാളിയുടെ കുട്ടി മല്‍സ്യത്തൊഴിലാളിയാവാന്‍ മോഹിപ്പിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും,മേഖലയെ പരിഷ്‌കരിക്കയും ചെയ്യണം.മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. തീരക്കടലില്‍ മല്‍സ്യമില്ല.ആന്ധ്രയില്‍ നിന്നുമാണ് മല്‍സ്യം വരുന്നത് മല്‍സ്യശോഷണം മുന്‍കുട്ടി കണ്ടു പ്രവര്‍ത്തിച്ചതിന്റെ ഫലമാണത്.വലിയ പിഴ ഈടാക്കുന്ന നിയമം കൊണ്ടുവരുമ്പോള്‍ നമ്മുടെ മല്‍സ്യബന്ധന ഹാര്‍ബറുകളുടെ നിലവാരവും പ്രവര്‍ത്തനവും മെച്ചപ്പെടണം.
തീരം നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ ചര്‍ച്ചയില്‍ വന്നു.സുരക്ഷാ മുന്നറിയിപ്പ് സൃഷ്ടിക്കുന്ന തൊഴില്‍ നഷ്ടത്തിന് ചെറിയൊരു തുക സഹായധനം മന്ത്രി പ്രഖ്യാപിച്ചെങ്കില്‍ അത് എത്രയും പെട്ടന്നു നടപ്പിലാക്കണമെന്ന് വടകര എംഎല്‍ഏ കെ.കെ.രമ പറഞ്ഞു.മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധനവിലയോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡ് ടാക്‌സ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ അവഗണനയുടെയും നിരുത്തരവാദപരമായ സര്‍ക്കാര്‍ സമീപനത്തിന്റെയും മികച്ച ഉദാഹരണമാണ്. പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.ഇതിനു പരിഹാരമായി സര്‍ക്കാര്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പമ്പുകള്‍ തുടങ്ങി ഈ കുരുക്കില്‍ നിന്നും ട്രോളിംഗ് ബോട്ടുകളെ രക്ഷിക്കണം. രാജ്യത്തിന്റെ രക്ഷക പരിവേഷമുള്ള മല്‍സ്യത്തൊഴിലാളികള്‍ ബില്ലു നടപ്പിലായാല്‍ ഉദ്ദ്യോഗസ്ഥ വൃന്ദത്തിന്റെ മുന്‍പില്‍ കുറ്റവാളികളാണ്.മല്‍സ്യബന്ധനത്തിലെ പിഴവുകള്‍ക്ക് ഒന്നും രണ്ടും വര്‍ഷം തടവ് ശിക്ഷയാണ് ബില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. തോക്കിന്റെ ഭാഷ മല്‍സ്യത്തൊഴിലാളികളോട് പാടില്ലന്നും,ലോകത്ത് ആദ്യമായി കോവിഡിനെതിരെ പൂന്തുറ തീരത്ത് റൂട്ട് മാര്‍ച്ച് നടത്തിയതും തോക്കിന്റെ ഭാഷയാണന്ന് വിഷ്ണുനാഥ് പറഞ്ഞു.
പുനര്‍ഗഹം പദ്ധതിയുടെ തുകയില്‍ മാറ്റം വരുത്തുക,ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ തലത്തില്‍ അടക്കുവാന്‍ ആലോചിക്കണം, ഇന്ധന സബ്‌സിഡി നല്‍കുക,കടലില്‍ കാണാതാവുന്നവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുക,(.നിലവില്‍ ഏഴു കൊല്ലമാണ്.)ട്രോളിംഗ് നിരോധനം നിലവിലുള്ള ജൂണ്‍ മാസം മാറ്റി സമയക്രമം പുനക്രമീകരിക്കണം,മില്‍മാ മോഡല്‍ വളര്‍ത്തു മല്‍സ്യങ്ങള്‍ സംഭരിക്കുന്ന സംവിധാനം.തുടങ്ങി മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം കഴിഞ്ഞ് സാക്ഷ്യപത്രം നല്‍കുന്നതു പോലുള്ള കടലും ഹാര്‍ബറും ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഉദ്ദ്യോഗസ്ഥര്‍ തയ്യാറാക്കിയ നിയമങ്ങള്‍ മാറ്റണമെന്നും അംഗങ്ങള്‍ ആവിശ്യപ്പെട്ടു.
കേരളത്തിലെ മല്‍സ്യബന്ധനമേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ബില്ല് മല്‍സ്യതേതൊഴിലാളികള്‍ക്ക് ഫലപ്രദമായ തൊഴിലിനും ജീവിതത്തിനും വഴിയൊരുക്കുന്നതാവണമെന്ന കാര്യത്തില്‍ അംഗങ്ങള്‍ക്ക് എല്ലാം ഒറ്റ മനസ്സായിരുന്നു.