ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
പി.വി.അന്‍വര്‍ എംഎല്‍ഏ അഥവാ ഇതുവരെയും മൂല്യം നിര്‍ണ്ണയിക്കാത്ത രത്‌നം.
പി.വി.അന്‍വറിനെ എംഎല്‍ഏ എന്നു വിളിക്കുന്നതിലും എനിക്കിഷ്ടം മെയ്‌ലാളീ എന്നു വിളിക്കാനാണ്.പത്തിരുപത്തഞ്ചു കൊല്ലം നിയമസഭയിലും അതിനുമുമ്പ് പാര്‍ലമെന്റെിലും റിപ്പോര്‍ട്ടിംഗ് വേലക്കാരനായതു കൊണ്ട് മൊയ്‌ലാളിയും ജനപ്രതിനിധികളും തമ്മിലുള്ള വ്യത്യാസം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.അക്കാര്യം സഭകളിലെ സെക്യൂരിറ്റിക്കാരാണ് ആദ്യം തിരിച്ചറിയുക.അതില്‍ അവര്‍ക്കു മാത്രം പ്രവര്‍ത്തിക്കുന്ന ആറാം ഇന്ദ്രീയമുണ്ട്.ആ ഇന്ദ്രീയം ഉണര്‍ന്നാല്‍ അവര്‍ക്കു മുതലാളിയേയും ജനപ്രതിനിധിയേയും വ്യക്തവും വ്യതിരക്തവുമായി വ്യവഛേദിക്കാനാവും.അവര്‍ കൃത്യമായി മുതലാളിയെ കണ്ടാല്‍ വാലാട്ടും.ജനപ്രതിനിധിയെ കണ്ടാല്‍ മുരളും.പത്രക്കാരനെ കണ്ടാല്‍ കുരയ്ക്കും.അതുകൊണ്ടും പിന്‍വാങ്ങുന്നില്ലന്നു കണ്ടാല്‍ കടിക്കും.
ഒരു ദിവസം കടുത്ത മഴയത്തു ഞാന്‍ നിയമസഭയില്‍ എത്തുന്നു.ഞാനൊരു ബിപിഎല്‍ ജീവനക്കാരനായതു കൊണ്ട് എനിക്കു സ്വന്തമായി കാറില്ല.എന്നാല്‍ ഓട്ടോക്കാരനോടു കൂലിയെക്കുറിച്ചു പിശകുകയുമില്ല.ഓട്ടോ സഭാ വളപ്പിനകത്തു കയറ്റാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.എന്നാല്‍ അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒന്ന് എന്നെ അകത്തു കയറ്റാന്‍ അനുവദിക്കണമെന്നു വാച്ച് ആന്‍ഡ് വാര്‍ഡുകാരോട് ഞാന്‍ അപേക്ഷിച്ചു.എന്റെ നിയമസഭാ പാസും കാണിച്ചു.ഭാഗ്യവശാല്‍ ആ ചെറുപ്പക്കാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ മഴ കൊള്ളാതെ നില്‍ക്കാന്‍ എന്നെ അനുവദിച്ചു.അതു തന്നെ ഭാഗ്യമെന്നു ഞാന്‍ കരുതി.ഞാന്‍ പാതി നനഞ്ഞും നനയാതെയും നില്‍ക്കുമ്പോള്‍ എംഎല്‍ഏ മാരുടേതല്ലാത്ത ഒരുപാടു വാഹനങ്ങള്‍ യതേഷ്ടം അകത്തേക്കു പോകുന്നുണ്ടായിരുന്നു.പലരും കളങ്കിതര്‍.വാച് ആന്‍ഡ് വാര്‍ഡുകാരോടു ചോദിച്ചപ്പോള്‍ 'അവരെല്ലാം വലിയ മുതലാളിമാര്‍'.അവരെ തടഞ്ഞാല്‍ ഞങ്ങള്‍ക്കു പണികിട്ടും എന്നായിരുന്നു മറുപടി.ഏതായാലും മഴയല്‍പ്പം തോര്‍ന്നപ്പോള്‍ ചെറുപ്പക്കാര്‍ എനിക്കു പ്രവേശനാനുമതി നല്‍കി.ചാറ്റല്‍ മഴയില്‍ പാതി നനഞ്ഞു ഞാന്‍ സഭാമന്ദിരത്തിന്റെ അകത്തേക്കു കടക്കുവാനുള്ള വാതില്‍ക്കല്‍ എത്തി.സ്വാഭാവികമായും എന്നെക്കണ്ടു പരിചയമുള്ള വാച് ആന്‍ഡ് വാര്‍ഡുകാര്‍ എന്താണുകാര്യമെന്നന്വേഷിച്ചു.ഞാന്‍ കാര്യം പറഞ്ഞു അവരുടെ മറുപടി എനിക്കിഷ്ടമായി.'സാര്‍ കൂടിയൊരു കാര്‍ വാങ്ങു.ആരും തടയില്ല ''എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം.കൂടിയ കാറുകളുടെ പേരും അവര്‍ പറഞ്ഞു തന്നു.കാറിനെക്കുറിച്ചോ മറ്റു വാഹനങ്ങളെക്കുറിച്ചോ ആദ്യക്ഷരമറിയാത്ത ഞാന്‍ അവരോടു സുല്ലിട്ടു.
പി.വി.അന്‍വര്‍ അടിസ്ഥാനപരമായി ഒരു മൊയ്‌ലാളിയാണ്.മൊയ്‌ലാളിയാവുന്നത് ഒരു പാപമോ ശാപമോ അല്ല.വേദനിക്കുന്നൊരു കോടീശ്വരന്‍ എന്നു പറഞ്ഞത് അന്‍വര്‍ സായ്‌വിന് ചേരും.അദ്ദേഹം നിയമസഭയില്‍ വരുമ്പോള്‍ കൂര്‍ക്കം വലിക്കുന്നത് പ്രസ് ഗ്യാലറിയില്‍ കേള്‍ക്കാം..കോട്ടുവായിടുന്നത് സെക്രട്ടറിയേറ്റ് ഭിത്തികളെ പ്രകമ്പനം കൊള്ളിക്കും.സെക്രട്ടറിയേറ്റ് ഒരുപാട് പഴക്കമുള്ള പൈതൃക മന്ദിരമാണ്.അതുകൊണ്ട് അന്‍വര്‍ മൊയ്‌ലാളി കഴിവതും നിയമസഭയില്‍ ഹാജരാകരുതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പാണ് നിര്‍ദ്ദേശിച്ചത്.ഇതിനെതിരെ അന്‍വര്‍ സായ്‌വ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഇന്ത്യയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അന്‍വര്‍ മൊയ്‌ലാളിക്കു നിയമനിര്‍മ്മാണം വലിയ ഹരമാണ്.റൂള്‍സ് ഓഫ് ബിസിനസ് കമ്പോടു കമ്പു വായിച്ചു ഹൃദിസ്ഥമാക്കിയ മറ്റധികം സാമാജികര്‍ ഉണ്ടാവില്ല. എന്നു വച്ചു മൊയ്‌ലാളിയുടെ പ്രവര്‍ത്തനം നിയമസഭാ വളപ്പിന്റെ നാലതിരില്‍ ഒതുങ്ങി നില്‍ക്കുമെന്നു കരുതിയാല്‍ തെറ്റി- എവിടെ വികസന സാധ്യതയുണ്ടോ,അവിടെ അന്‍വര്‍ സായ്‌വ് ഉണ്ടായിരിക്കും.എവിടെ ലൈഫ്‌ബോയ് ഉണ്ടോ, അവിടെ ആരോഗ്യമുണ്ടെന്ന പരസ്യ വാചകം പോലെ.അദ്ദേഹം കക്കാടംപൊയിലില്‍ തീംപാര്‍ക്ക് സ്ഥാപിച്ചതതു പണ്ടു കടക്കെണിയിലായ ഗ്രാമത്തെ ഉദ്ധരിക്കാന്‍ മാത്രമുദ്ദേശിച്ചായിരുന്നു.പിന്നെ അവിടെയെവിടെയോ ഒരു അരുവി ഒഴുകുന്നതു കണ്ടു.അതു ചാലിയാറില്‍ ചെന്നു വീഴുന്നതും ആത്യന്തികമായി അറബിക്കടലിലെ ഉപ്പു വെള്ളത്തില്‍ വിലയം പ്രാപിക്കുന്നതും സായ്‌വിലെ ഹൈഡ്രോളജിസ്റ്റ് കണ്ടെത്തി.അതിനാല്‍ മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് കുറയാതിരിക്കാന്‍ ഒരു തടയണ പണിതു.അതിന്റെ പേരില്‍ കേള്‍ക്കാത്ത പഴിയില്ല.എന്നാല്‍ തടയണയുടെ സമീപത്തു താമസിക്കുന്ന പാവപ്പെട്ടവരോടു ചോദിച്ചാല്‍ സത്യാവസ്ഥ ബോധ്യമാകും.തടയണയുള്ളതുകൊണ്ട തങ്ങള്‍ വെള്ളം കുടിച്ചു പോകുന്നുവെന്നായിരിക്കും മറുപടി.വെറുതെ പറയുന്നതല്ല;മേപ്പടിയാന്‍മാരോടു നേരിട്ടു സംസാരിച്ചു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ തറപ്പിച്ചു പറയുന്നത്.
വികസനത്തിന്റെ വെള്ളിവെളിച്ചം എവിടെയാണു പതിക്കേണ്ടതെന്ന കാര്യം അന്‍വര്‍ സായ്‌വിനെ ആരും പഠിപ്പിക്കേണ്ടതില്ല.അക്കാര്യത്തില്‍ ആഫ്രിക്കയും,അന്റൊര്‍ട്ടിക്കയും ആഡ്യന്‍പാറയും ഒരുപോലെ.അന്‍വര്‍ മൊയ്‌ലാളിക്ക് നിയമസഭയില്‍ വരാന്‍ കഴിയുന്നില്ല.അതുകൊണ്ടു നിലമ്പൂരുകാര്‍ക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല.അവര്‍ക്കു സമായാസമയം സൗജന്യറേഷന്‍ കിട്ടുന്നുണ്ട്,വീട്ടു കരവും വസ്തുകരവും അടയ്ക്കാന്‍ പറ്റുന്നുണ്ട്.ഇതിലപ്പുറമൊന്നും എംഎല്‍ഏ ചെയ്യേണ്ടതില്ല.സ്ഥലം എംഎല്‍ഏ യായ അന്‍വര്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനുവേണ്ടിയാണ് ആഫ്രിക്കയില്‍ പെയി അദ്ധ്വാനിക്കുന്നത്.അതു കോംഗോയിലാണോ ഘാനയിലാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.അന്‍വര്‍ സായ്‌വിനെ നിയമസഭയില്‍ കാണാത്തതു കൊണ്ട് നിലമ്പൂരിലെ ഒരു വോട്ടര്‍ക്കും പരാതിയില്ല.പറവൂരുകാരനായ വിഡി സതീശനാണെങ്കില്‍ പരാതിയോടു പരാതി മാത്രം.പറവൂരിന്റെ 'ഠാവട്ടം' മാത്രം കണ്ടു ശീലിച്ചതിന്റെയാണു പ്രശ്‌നം.
സായ്‌വ് വിശ്വപൗരനാണ്.രാവിലെ നാസ്ത കഴിക്കുന്നതു ഘാനയില്‍,ഉച്ചഭക്ഷണം കോംഗോയില്‍,ഡിന്നര്‍ പഴയ ഉഗാണ്ടയില്‍.ഇതൊന്നും സതീശനു ചിന്തിക്കാന്‍ പോലും പറ്റില്ല.അന്‍വര്‍ സായ്‌വ് കുറെക്കാലമായി നാട്ടിലോ നിയമസഭയിലോ വരുന്നില്ലന്നതു ശരി.എന്നുവെച്ചാല്‍ അദ്ദേഹം പുരാവസ്തുക്കള്‍ ശേഖരിച്ചു മോണ്‍സണ്‍ മോനു കൈമാറാന്‍ വേണ്ടി അത്യധ്വാനം ചെയ്യുകയാണന്നു തെറ്റിദ്ധരിക്കരുത്.അദ്ദേഹം ചെയ്യുന്നതു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കാണാമറയത്തു നില്‍ക്കുന്ന സ്വര്‍ണ്ണവും രത്‌നങ്ങളും കുഴിച്ചെടുക്കുവാനുള്ള ഭഗീരഥ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സായ്‌വ്.അദ്ദേഹം ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പോയി താമസിക്കുന്നു.സിംഹങ്ങളെയും പുലികളെയും നേരിട്ടു കാണുന്നു,കഞ്ഞിയും ചുട്ടമീനും കഴിക്കുന്നു.ഇതിലെന്തിലാണു സതീശനു പരാതി.വല്ല അവിശ്വാസ പ്രമേയമോ മറ്റോ സഭയില്‍ വന്നാല്‍ സായ്‌വ് ചാര്‍ട്ടേഡ് ഫ്്‌ളൈറ്റില്‍ നിയമസഭാസമുച്ചയത്തില്‍ ലാന്‍ഡ് ചെയ്യും.എന്നാല്‍ ഇപ്പോഴത്തെ സഭയിലെ അംഗസംഖ്യ വച്ചു നോക്കിയാല്‍ അതിന്റെആവിശ്യം വരുമെന്നു തോന്നുന്നില്ല.
അദ്ദേഹം ആഫ്രിക്കയില്‍ ഖനനം നടത്തുന്നതില്‍ നിലമ്പൂരുകാര്‍ക്ക് പരാതിയുണ്ടാവാന്‍ സാധ്യതയില്ല.കാരണം അവിടുത്തുകാര്‍ പണ്ടേ സ്വര്‍ണ്ണ വേട്ടക്കാരാണ്.ചാലിയാറിലും അതിന്റെ കൈവഴികളിലും അരിച്ചരിച്ച് സ്വര്‍ണ്ണത്തരികള്‍ കണ്ടെത്തിയവര്‍.സ്വര്‍ണ്ണമല്ല രത്‌നമാണ് ഭാവിയുടെ ഖനിജമെന്നു സായ്‌വ് കണ്ടെത്തിയത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടി.അഥവാ ക്രന്തദര്‍ശിത്വം.ഇതിനിടയില്‍ ചോദ്യോത്തരം,ഉപക്ഷേപം,ശ്രദ്ധക്ഷണിക്കല്‍,അടിയന്തിരപ്രമേയം,ചര്‍ച്ച,നിയമനിര്‍മ്മാണം തുടങ്ങിയ മൈനര്‍സെറ്റ് കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാനുള്ള സമയം സായ്‌വിനില്ല.അദ്ദേഹം ഖനനം ചെയ്തു കൊണ്ടേയിരിക്കുകയാണ്.അദ്ദേഹത്തെ നിയമസഭയില്‍ കാണാന്‍ പറ്റുന്നില്ലന്നതാണു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പരാതി.മുതലാളിമാരുമായി വലിയ പഴക്കമില്ലാത്തതാണതിനു കാരണം.അന്‍വര്‍സായ്‌വിന് വേണമെങ്കില്‍ കേരള ലിവിങ്സ്റ്റണ്‍ എന്ന വിളിപ്പേരു ചാര്‍ത്തിക്കൊടുക്കാം.ലിവിങ്സ്റ്റണെ കാണാതായ ശേഷം അന്വേഷിച്ച പുറപ്പെട്ട മട്ടില്‍ ഒരു ആഫ്രിക്കന്‍ യാത്ര സതീശനു നടത്താവുന്നതാണ്.അങ്ങു കോംഗയിലോ ഘാനയിലോ ചെന്നാല്‍ ഘോരകാന്താര വിപിനത്തില്‍ ഏതെങ്കിലും നദിക്കരയില്‍ പച്ചമാംസം ചുട്ടെടുക്കാന്‍ തീ കൂട്ടുന്ന ഒരാളെ കണ്ടെത്തിയെന്നിരിക്കും.ഡോ.സ്റ്റാന്‍ലി ചോദിച്ചതു പോലെ 'ഡോ.ലിവിങ്‌സ്റ്റന്‍, ഐ പ്രേസ്യൂം'.എന്നു പര്യവേഷക പ്രമുഖനായ സതീശന് ഒരു ചെറിയ പാഠഭേദത്തോടെ ചോദിക്കാം ' അന്‍വര്‍ സായ്‌വ് ഐ പ്രെസ്യൂം'.അങ്ങിനെ ചോദിക്കുന്നതിലാണ് ആനന്ദം,അല്ല പരമാനന്ദം.
പാവപ്പെട്ട സതീശന് അത്രയും മാനസീക ഔന്നിത്യം കൈവന്നിട്ടില്ല.സതീശന്‍ സാര്‍ അതിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കണം.അപ്പോള്‍ അദ്ദേഹത്തിന് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ചെന്ന്് ' പി വി അന്‍വര്‍,ഐ പ്രെസ്യൂം'എന്നു ചോദിക്കുവാനുള്ള ആര്‍ജ്ജവം കൈവരും.അല്ലാതെ പ്രതിപക്ഷ നേതാവെന്ന സൗകര്യം ഉപയോഗിച്ചു നിയമസഭയില്‍ കണകുണ പറഞ്ഞിട്ടു കാര്യമില്ല.ഏതായാലും അന്‍വര്‍സായ്‌വിനെ ധര്‍മ്മസങ്കടത്തില്‍ നിന്നും മോചിപ്പിക്കാന്‍ മൈനിംഗ് ആന്റെ് ജിയോളജി വകുപ്പ്് നടപടി സ്വീകരിച്ചു തുടങ്ങിയത് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.ഖനനം പോലും ഓണ്‍ലൈനായി നടത്താനുള്ള അനുമതി നല്‍കുമെന്നാണ് വകുപ്പിന്റെ തീരുമാനം.ഖനനമെന്നാല്‍ കളിമണ്ണു കുഴിക്കലോ, പാറപൊട്ടിക്കലോ മാത്രമല്ല അതിന്റെ നിര്‍വ്വചനത്തില്‍ സ്വര്‍ണ്ണവും രത്‌നങ്ങളും കുഴിച്ചെടുക്കലും വരും.
അന്‍വര്‍ സായ്‌വ് നിയമസഭയില്‍ വരാത്തതു കൊണ്ട് കേരളത്തിന് ഒരു നഷ്ടവും സംഭവിക്കാന്‍ പോകുന്നില്ല.എന്നാല്‍ അദ്ദേഹം ഘാനയിലോ ഉഗാണ്ടയിലോ കോംഗോയിലോ സ്വര്‍ണ്ണമോ രത്‌നങ്ങളോ കണ്ടെത്തിയാല്‍ കളിമാറും.കേരളത്തിന്റെ ധനസ്ഥിതി ഒന്നുക്കു പത്തു വെച്ച് അടിവെച്ചടിവെച്ചു മുന്നേറും.ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്തവരാണ് 'അന്‍വര്‍,നീ എവിടെ ' എന്നു നിയമസഭയില്‍ തൊണ്ട കീറുന്നത്.
സോമവിചാരം
RELATED ARTICLES