യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള
തീരനിയമങ്ങള്‍ക്കുള്ളില്‍ വീടു പണിയാന്‍ ഭരണ പ്രതിപക്ഷം ഒന്നിച്ചു.
കേരളത്തിന്റെ ഒരു ഭാഗത്ത് വനാതിര്‍ത്തിയുടെ കാര്‍ക്കശ്യ നിയമങ്ങള്‍,മധ്യ ഭാഗത്ത് നീര്‍ത്തടങ്ങളും പുഴകളും പടിഞ്ഞാറ് അറുന്നൂറു കിലോമീറ്ററോളം തീരദേശം.ഇവിടെ കേന്ദ്രം നടപ്പിലാക്കിയിരിക്കുന്ന തീരദേശ പരിപാലന നിയമത്തിന്റെ കെട്ടുപാടില്‍ നിന്നും തീരത്തെ പാവങ്ങളെ മോചിപ്പിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിന്നു കിണഞ്ഞു പരിശ്രമിക്കുന്നെങ്കിലും ഇതുവരെ അറബിക്കടലിന്റെ വേലിയേറ്റവും വേലിയിറക്ക പരിധിയും നിര്‍ണ്ണയിക്കാന്‍ ആയിട്ടില്ല.പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വീടുകള്‍ക്ക് പോലും ഈ നിയമം മൂലം അനുമതിയില്ലാതെ കിടക്കുന്നുവെന്നാണ് ഈ വിഷയം അടിയന്തിര പ്രമേയത്തിലൂടെ സഭയില്‍ ഉന്നയിച്ച കെ.ബാബു വിനു പറയാനുള്ളത്.
സംഭവം അത്യന്തം ഗൗരവമുള്ളതു തന്നെയാണ്. 1991 ലാണ് കേന്ദ്ര സര്‍ക്കാര്‍ തീരദേശമേഖല നിയന്ത്രണ വിജ്ഞാപനം പുറപ്പെടുവിച്ചത്.സംസ്ഥാനങ്ങളുടെ പരാതികളും നിയമത്തിലെ ന്യുനതകളും പരിഹരിച്ചു കൊണ്ട് 2011 ല്‍ വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ചു.തുടര്‍ന്ന് ഡോ.ശൈലേഷ് നായിക് കമ്മറ്റി കേരളത്തിലെത്തി നിയമത്തിലെ പ്രായോഗിക വിഷയങ്ങള്‍ പഠിച്ച്. വേണ്ട മാറ്റങ്ങള്‍ വരുത്തി 2019 തില്‍ വീണ്ടും വിജ്ഞാപനം ചെയ്തു.ഇതില്‍ കേരളത്തിലെ ജനസാന്ദ്രതയെ അടിസ്ഥാനപ്പെടുത്തി വേലിയേറ്റ മേഖലയില്‍ നിന്നും നേരത്തെ ഉള്ളതില്‍ നിന്നു ഇളവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പക്ഷേ ഇതു നടപ്പിലാവണമെങ്കില്‍സംസ്ഥാന സര്‍ക്കാര്‍ തിരപരിപാലന പദ്ധതി പുതുക്കി കേന്ദ്രത്തിനു സമര്‍പ്പിക്കണം.വിജ്ഞാപനം വന്നു മൂന്നു കൊല്ലമായിട്ടും പദ്ധതിയുടെ പൂര്‍ണ്ണ രൂപം ഉണ്ടാക്കുന്നതിനും കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞില്ലന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം.
കേന്ദ്രത്തിലും കേരളത്തിലും ഭരണമുണ്ടായിരുന്നപ്പോള്‍ എളുപ്പത്തില്‍ സാധിക്കാമായിരുന്നവര്‍ക്ക്് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് ജാള്യത മറക്കുവാനാണന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള പ്രായോഗികമായ പരിമിതിയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എന്നാല്‍ തീരമേഖലയിലുള്ളവരുടെ പ്രശ്‌നമായതിനാല്‍ ഒന്നിച്ചു നിന്ന് മുന്നോട്ടു പോകേണ്ട വിഷയമാണന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ കോവിഡ് മഹാമാരി ഏറ്റവും അപകടം വിതച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗരേഖ കേന്ദ്രത്തിനു സമര്‍പ്പിച്ച കാര്യം വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ തീരദേശ ജില്ലകള്‍ക്കു പുറമെ കായല്‍ പ്രദേശങ്ങള്‍ തുരുത്തുകള്‍ എന്നിവിടങ്ങളിലുള്ള നിര്‍മ്മിതികള്‍ക്കാണ് തടസ്സം നേരിടുന്നത്.ജനസാന്ദ്രതയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ തീരങ്ങളില്‍ വേലിയേറ്റ സ്ഥലത്തു നിന്നും അന്‍പതു മീറ്റര്‍ ദൂരപരിധിയില്‍ നിര്‍മ്മിതികള്‍ക്ക് അനുമതി ലഭിക്കും.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗ്ഗരേഖ സമര്‍പ്പിക്കാത്തിടത്തോളം 2011 വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മാത്രമേ അനുമതി ലഭിക്കു.ഇതുമൂലം നിയമവിധേയമല്ലാത്ത ആയിരക്കണക്കിനു കെട്ടിടങ്ങള്‍ കേരളത്തിലുണ്ട്.പുതിയ മാര്‍ഗ്ഗരേഖ സമര്‍പ്പിച്ചാല്‍ ഇതിനെല്ലാം ശാപമോക്ഷം ലഭിക്കും..പക്ഷേ എപ്പോള്‍ എന്ന ചോദ്യം പിന്നെയും അവസേഷിക്കുന്നു.