HomeSPECIAL STORIESസോമവിചാരം.

സോമവിചാരം.

                 ഇ.സോമനാഥ്.
                 നോട്ടിക്കല്‍ ടൈംസ് കേരള.

                                               മുതലാളിമാര്‍ക്കു മധ്യേ ഒരു കോമാളിസ്റ്റ്.


                                    ഞാനുമൊരു വര്‍ണ്ണപുഷ്പമായിരുന്നു,ഞാനുമൊരു വര്‍ണ്ണപ്പട്ടം.വണ്‍സ് അപ്പോണ്‍ എ ടൈം,ഐ വാസ് എ കോളമിസ്റ്റ്.പക്ഷേ സഹപ്രവര്‍ത്തകര്‍ തമ്മസിക്കില്ല.കോമാളിസ്റ്റ് എന്നേ അവര്‍ പറയൂ.എന്തായാലും ഞാന്‍ ഒരു കാലത്ത് മൂന്നു പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.കോളമെങ്കില്‍ കോളം,കോമാളിയെങ്കില്‍ കോമാളി.

                                    മുപ്പത്തഞ്ചു വര്‍ഷം എനിക്കു ചോറു തന്നത് ഒരേ മുതലാളിയാണ്.എനിക്ക് അദ്ദേഹത്തോടു മാത്രമേ കൂറു കാണിക്കേണ്ടിയിരുന്നുള്ളു.അതു കാണിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.പെട്ടൊന്നൊരു ദിവസം യജമാനനും,കഴുത്തിലെ തുകല്‍പട്ടയും ചങ്ങലയും നഷ്ടപ്പെടുന്ന വളര്‍ത്തു നായയുടെ അവസ്ഥ നായയ്ക്കു മാത്രമേ മനസ്സിലാകൂ.ആരെ നോക്കി കുരയ്ക്കണം,ആരെ കടിക്കണം എന്നെല്ലാം അറിയാത്ത സ്ഥിതി.ഏതായാലും സര്‍വ്വതന്ത്ര സ്വതന്ത്രനായ സ്ഥിതിക്കു കോമാളിസ്റ്റായി തുടരുക തന്നെ.പ്രത്യേകിച്ചും,കേസരി ബാലകൃഷ്ണപിള്ളയോ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയോ അല്ലെന്നും ആകാനാവില്ലെന്നും ഉത്തമബോധ്യമുള്ളതിനാല്‍.

                                  എന്തായാലും എന്റെ സ്വന്തം പത്രത്തില്‍ നിന്നു വിരമിച്ചപ്പോഴാണ് ഞാനുമൊരു കോമാളിസ്റ്റാണെന്ന് എനിക്ക് ആത്മവിശ്വാസം വന്നത്.രണ്ടു പത്രാധിപര്‍ എന്നെ സമീപിച്ചു കോമാളിസം എഴുതാന്‍ ആവിശ്യപ്പെട്ടു.ഒരാളുടെ വാഗ്ദാനം ഒരു കോളത്തിന് ഒരു കുപ്പി ചൂര അച്ചാര്‍.അപരന്റെ ഓഫര്‍ അരക്കിലോ ഉണക്കക്കൊഞ്ച്.രണ്ടും എനിക്കിഷ്ടമുള്ളത്.പത്രാധിപന്‍മാര്‍ എനിക്കു മറ്റെവിടെയും എഴുതുന്നതിനു വിലക്കേര്‍പ്പെടുത്താത്ത് എന്റെ ഭാഗ്യം.പണ്ടും ഞാനിതിലൊരു പത്രാധിപര്‍ക്കു വേണ്ടി തിരുമല ശ്രീകുമാറായി പരകായപ്രവേശം നടത്തിയിരുന്നു.

                                എല്ലാം കണക്കിനു തുല്യം.ഞാന്‍ വിരമിച്ചതിനു ശേഷവും കോമാളിസ്റ്റായി തുടര്‍ന്നു.ഊറ്റുകുഴി ഗോയങ്കയും,ആനയറ ബിര്‍ലയും എന്നെ അനവരതം പ്രോല്‍സാഹിപ്പിച്ചു.പാവം മുതലാളിമാര്‍ക്ക് അതല്ലേ ചെയ്യാന്‍ പറ്റൂ.കോമാളിസം അഞ്ചാറുമാസമായി തുടരുന്നു.ചൂര അച്ചാറു ചോദിച്ചപ്പോള്‍ ഊറ്റുകുഴി ഗോയങ്ക പറയുന്നത് അദ്ദേഹം വിഴിഞ്ഞത്തു പോയി ഒരു നെടുങ്കന്‍ ചൂരയെ പിടിച്ചങ്കിലും കരയിലേക്കു വലിച്ചു കയറ്റുമ്പോള്‍ അതു കടലിലേക്കു തന്നെ ചാടിപ്പോയി എന്നാണ്.എന്നെങ്കിലും ആ ചൂര തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ തിരുമല ശ്രീകുമാറായി കോമാളിസം തുടരുന്നു.

                               ആനയറ ബിര്‍ല അക്കാര്യത്തില്‍ സത്യസന്ധനാണ്.അദ്ദേഹത്തിന്‍ വിശദീകരണം കുറെക്കൂടി വിശ്വസനീയമാണ്.       'സോമന്‍  ട്രോളിംഗ് നിരോധനമാണ്- കരിക്കാടി പോലും കിട്ടുന്നില്ല.കിട്ടിയാലും ഞാന്‍ തരില്ല.അതെല്ലാം എന്റെ കുട്ടികള്‍ക്കും പട്ടികള്‍ക്കും വേണം.' പൂവാലനും,നാരനും മാത്രമേ കോമാളിസ്റ്റ് തിന്നൂ എന്നു കണ്ടുപിടിച്ച ആനയറ ബിര്‍ലക്കു നമോവാകം.എന്നാല്‍ ഒരു കാര്യത്തില്‍ മുതലാളിമാര്‍ ഒറ്റക്കെട്ടാണ്.ഞാന്‍ അവര്‍ക്കു വേണ്ടി മാത്രമേ എഴുതാന്‍ പാടുള്ളു.ഞാനാണെങ്കില്‍ ചൂരയെപ്പോലെയും കൊഞ്ചിനെപ്പോലെയും വഴിവക്കില്‍ വില്‍പനക്കു വച്ചൊരു കോമാളിസ്റ്റ്.ആരും അണ പൈ തരുന്നില്ല.കുറ്റം മുതലാളിമാരുടേതല്ല.കോമാളിക്ക് ഓട്ട മുക്കാലിന്റെ പോലും വിലയില്ലല്ലോ..?
Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments