ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
തട്ടിപ്പുകാരേ, കേരളത്തിലേക്കു സ്വാഗതം;ഞങ്ങെളെയൊന്നു തട്ടിക്കൂ…! പ്ലീസ്…
തട്ടിപ്പില്‍ ചെന്നു തലവെച്ചു കൊടുക്കുക,പണവും മാനവും കപ്പല്‍ കയറിയ ശേഷം നെഞ്ചത്തടിച്ചു നിലവിളിച്ചു നാടുനീളെ തെണ്ടുക.ഇക്കാര്യത്തില്‍ മലയാളികള്‍ക്കുള്ള വൈഭവം മറുനാട്ടുകാര്‍ക്കില്ല.1563-ല്‍ തട്ടിപ്പു കണ്ടുപിടിച്ച ശാസ്ത്രജ്ഞനായ ഫ്രോഡറിക്കോ ഫോര്‍ജറിവ്‌സ്‌കി എന്ന ശാസ്ത്രജ്ഞന്‍ അത് ആദ്യമായി വിജയകരമായി പരീക്ഷിച്ചത് കേരളത്തിലാണ്.അന്നു മുതല്‍ അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടും തട്ടിപ്പുകാരുടെ വിളയാട്ടം അനവരതം,അഭംഗുരം,അയത്‌നലളിതം തുടരുകയാണ്.
തട്ടിപ്പില്‍ ആദ്യമായി യന്ത്രവല്‍ക്കരണം നടത്തിയത്-വ്യവസായവല്‍ക്കരണത്തിനു തുടക്കം കുറിച്ചതും കേരളത്തില്‍ തന്നെ.നശീകരണ യന്ത്രം,ധനാകര്‍ഷണ യന്ത്രം,ഭൈരവ യന്ത്രം,കാലഭൈരവ യന്ത്രം,ധനാകര്‍ഷണ യന്ത്രം,കുടുക്കുമസാല യന്ത്രം….ഏതു തരത്തിലുള്ള യന്ത്രങ്ങളും നിര്‍മ്മിക്കുന്ന ചെറുകിട,ഇടത്തരം,വന്‍കിട യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്രയുണ്ടെന്നു വ്യവസായ വകുപ്പിനു പോലും അറിയില്ല.ലിംഗോദ്ധാരണ യന്ത്രം,സ്ത്‌നവര്‍ധിനി യന്ത്രം എന്നിവ ഓര്‍ഡര്‍ അനുസരിച്ചേ ലഭ്യമാകൂ.യന്ത്രങ്ങള്‍ക്കിടയിലും സ്ത്രീലിംഗവും പുല്ലിംഗവുമുണ്ടോ എന്നു സംശയിക്കുന്നവര്‍ ലിംഗസമത്വത്തെക്കുറിച്ച് അടിസ്ഥാനപരമായി അറിവില്ലാത്തവരാണ്.
കേരളീയ സമൂഹം ഏതാണ്ട് പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു.എവിടെ നോക്കിയാലും യന്ത്രമനുഷ്യര്‍.എന്നുവെച്ചാല്‍ കൈയ്യിലും കാലിലും കഴുത്തിലും അരയിലും എല്ലാം യന്ത്രങ്ങളും കെട്ടി നടക്കുന്നവര്‍.യന്ത്രങ്ങളെക്കൂടാതെ ആട്,മാഞ്ചിയം,തേക്ക്,ടോട്ടല്‍ ഫോര്‍ യൂ എന്നീ ഐറ്റങ്ങള്‍ വേറൊരു വിധം.ആട്് തേക്ക് മാഞ്ചിയംകാര്‍ ആടിനെ വളര്‍ത്തിയതു കൊണ്ടാണ് തേക്കും മാഞ്ചിയവും പനപോലെ വളരാത്തതും നിക്ഷേപകര്‍ക്ക് പണം പോയതും.സംരഭകര്‍ പന പോലെ വളര്‍ന്നതു വേറെ കാര്യം.ടോട്ടല്‍ ഫോര്‍ യൂ തുടങ്ങിയത് ആ പേരിലാണെങ്കിലും പണം കുമിഞ്ഞുകൂടിയപ്പോള്‍ ഉടമ കമ്പനിയുടെ പേര് ടോട്ടല്‍ ഫോര്‍ മീ എന്നാക്കി മാറ്റിയിരുന്നു.ഇക്കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാട്ടുകാരെ അറിയിച്ചില്ലന്നൊരു വീഴ്ചയേ അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളു.ആട് തേക്ക് മാഞ്ചിയത്തിന്റെ കാര്യത്തില്‍ ഇവയുടെ വളര്‍ച്ചാ നിരക്ക് കണക്കു കൂട്ടുന്നതിലാണ് തെറ്റു പറ്റിയത്്.ആടുകള്‍ കൂട്ടത്തോടെ തിന്നു മദിച്ച് ആര്‍ത്തു വളര്‍ന്നു.പെണ്ണാടുകള്‍ പെറ്റു പെരുകി.മുട്ടന്‍മാര്‍ മല്ലന്‍മാരായി.വളര്‍ച്ചാ നിരക്കു കുറഞ്ഞ തേക്കിന്റെയും മാഞ്ചിയത്തിന്റെയും കാര്യം കഷ്ടത്തിലായി.തണ്ടിന്‍മേല്‍ ഇല ശേഷിപ്പിക്കാതെ എല്ലാം ആടുകള്‍ തിന്നു മുടിച്ചു.കമ്പനികള്‍ നട്ട തേക്കെല്ലാം ഇതിനകം വളര്‍ന്നു മുറ്റിയിരുന്നെങ്കില്‍ ഇപ്പോള്‍ തേക്കുതടി വിറകു വിലക്കു വിപണിയില്‍ കിട്ടുമായിരുന്നു.കാശു പോയെങ്കിലും അന്നും മലയാളി സംരഭകരെ പഴി പറഞ്ഞില്ല. ”സംരംഭകര്‍ക്ക് ” എല്ലാ സൗകര്യവും സന്നാഹവും ഒരുക്കാന്‍ മലയാളി സദാ സന്നദ്ധനാണ്.
വെള്ളിമൂങ്ങാ കൃഷിയായിരുന്നു അടുത്ത ഇനം.ലക്ഷങ്ങളാണ് ഓരോന്നിനും വില.ഇരുതല മൂരി ഫാമുകള്‍ രഹസ്യമായി പലരും തുടങ്ങി.അതിനും വില ലക്ഷങ്ങള്‍ തന്നെ രണ്ടിനെയും വീട്ടില്‍ സൂക്ഷിച്ചാല്‍… ഭാഗ്യം ടാക്‌സി പിടിച്ചോ-കപ്പല്‍ കയറിയോ വീട്ടില്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും അവിശ്വാസമില്ല.നാഗമാണിക്യം,ഇറീഡിയം,ലോഹത്തുണ്ട്,റൈസ് പുള്ളിംഗ് പെട്രോമാക്‌സ്,നീലക്കൊടുവേലി വേര് തുടങ്ങി ഏതു തട്ടിപ്പിനും തല വെച്ചു കൊടുക്കാന്‍ നമ്മള്‍ മടിക്കാറില്ല.തലപ്പാടിക്കോ,വാളയാറിനോ,അമരവിളയ്‌ക്കോ അപ്പുറത്തു കൂടി പോവുന്ന തട്ടിപ്പുകളെ തോട്ടി കൊണ്ടു വലിച്ച്് അതിര്‍ത്തി കടത്തി ആദരിച്ച് ആനയിക്കുന്നവരാണ് നാം.
ഏറ്റവും ഒടുവില്‍ ഇതാ ഓരു പുരാവസ്തു തട്ടിപ്പ്. മോശയുടെ അംശവടി,യൂദാസിന്റെ വെള്ളിക്കാശ്,ഗാഗുല്‍ത്തായിലെ കുരിശിന്റെ കഷ്ണം,നോഹയുടെ പേടകം,അക്ബറിന്റെ കൊട്ടാരത്തിലെ കോഴിയിട്ട മുട്ട.ജഹാംഗീര്‍ ഉപയോഗിച്ചിരുന്ന ലോട്ട എല്ലാം കൂടി മോണ്‍സന്റെ കൊച്ചി കലൂരിലെ വീട്ടില്‍ അടിഞ്ഞു കൂടിയത് അത്ഭുതം തന്നെ.കേട്ടവരും കേള്‍ക്കാത്തവരുമെല്ലാം കോടികളുമായി മോണ്‍സനെ തേടിയെത്തി.രത്‌നക്കയറ്റുമതിയില്‍ നിന്നു കിട്ടാനുള്ള 2,62,600 കോടികളുടെ കഥ മോണ്‍സണ്‍ പറഞ്ഞതു കേട്ടവര്‍ തൊണ്ട തൊടാതെ വിഴുങ്ങി.അതു വിഴുങ്ങുകയും വിശ്വസിക്കുകയും ചെയ്തവര്‍ ഭാഗ്യവാന്‍മാര്‍.എന്തെന്നാല്‍ അവരെ കാത്തിരിക്കുന്നത് മോണ്‍സനു കിട്ടാനുള്ള 2,62,600 കോടി രൂപയാണ്.പ്രതിസന്ധി മറികടക്കാന്‍ ഇതിന്റെ ഒരു പങ്ക് സര്‍ക്കാരിനു വായ്പ എടുക്കാവുന്നതാണ്.
പറ്റു പറ്റിയ കൂട്ടത്തില്‍ നമ്മുടെ സെമി കേഡര്‍ സുധാകരനുമുണ്ടത്രേ.. അദ്ദേഹത്തിനു പറ്റിയോ അദ്ദേഹം വല്ലതും പറ്റിയോ എന്ന കാര്യത്തില്‍ ഈ ഘട്ടത്തില്‍ വ്യക്തതയില്ല- പിന്നെ കോസ്മറ്റോളജിസ്റ്റിന്റെ കായകല്പക ചികില്‍സ കഴിഞ്ഞതോടെ സുധാകര്‍ജി നവയൗവ്വനം വന്നു നാള്‍തോറും വളരാന്‍ തുടങ്ങിയെന്നതു സത്യം.കോണ്‍ഗ്രസിലെ സടകൊഴിഞ്ഞ സിംഹങ്ങള്‍ ഒന്നൊന്നായി അടിയറവു പറയുന്നത്് വെറുതെയല്ല.
‘ഉദ്ദ്യോഗം വലിച്ചറിയു.. ഇക്കാലത്ത് ഉദ്ദ്യോഗം കൊണ്ട് ആരും ഒന്നും നേടിയിട്ടില്ല ‘ എന്നൊരു പരസ്യം പണ്ടു കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ കാണാമായിരുന്നു.സൂറത്തിലെ ഏതോ തുണിമില്ലിന്റെ പരസ്യമാണ്.സംഗതി സത്യമല്ലേ..? ജോലി ചെയ്തു കൂലി വാങ്ങി ആരും കാശുകാരനായിട്ടില്ല.എല്ലു മുറിയെ പണി ചെയ്തവര്‍ക്കൊന്നും പല്ലു മുറിയെ പോയിട്ട് പല്ലില്‍ പറ്റാന്‍ മാത്രംഎന്തെങ്കിലും തിന്നാനുള്ള വഹ സമ്പാദിക്കാന്‍ കഴിഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.ഏതായാലും മില്ലുകാരുടെ പരസ്യം കണ്ട് ഉദ്ദ്യോഗം വലിച്ചെറിഞ്ഞ് തുണി വില്‍പനക്കിറങ്ങി ശതകോടികള്‍ സമ്പാദിച്ചവര്‍ എത്രയെന്ന് കൃത്യമായ കണക്കില്ല.
എങ്ങിനെ മികച്ച തട്ടിപ്പുകാരന്‍ ആകാമെന്നതിന് ചില ബാലപാഠങ്ങളുണ്ട്.ഡല്‍ഹിയിലെ ദരിയഗഞ്ചില്‍ നിന്ന് ഇതിനെക്കുറിച്ച് ആധികാരികമായൊരു കൈപ്പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.ആകര്‍ഷകമായൊരു മുദ്രാവാക്യം കണ്ടെത്തുകയാണ് ആദ്യപടി.’പന്നി വളര്‍ത്തി പണം വാരാം’,’കോഴി വളര്‍ത്തി കോടികള്‍ കൊയ്യാം’,’കറി നാരകം നട്ടു കാശുകാരനാകാം’ തുടങ്ങിയവയെ മാതൃകയാക്കാം.അടുത്ത ഘട്ടം ഏതാനം ഐഏഎസ് കാരും,ഐപിഎസ്സ് കരും,രാഷ്ട്രീയക്കാരും,സിനിമക്കാരുമൊത്തുള്ള ചിത്രങ്ങള്‍ സംഘടിപ്പിക്കലാണ്.അതുവെച്ചുവേണം ഇരയെ വലയിലാക്കാന്‍ എന്നെ വലയിലാക്കൂ എന്നു പറഞ്ഞ് ആയിരക്കണക്കിന് ഇരകള്‍ കൂട്ടത്തോടെ വലയില്‍ വന്നു പെടുമെന്നത്് മൂന്നു തരം.ഇതു സംബന്ധിച്ച് കൂടുതല്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മികച്ച റഫറന്‍സ് ഗ്രന്ഥങ്ങളും ലഭ്യമാണ്.ബെന്‍സ് കാര്‍,സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ എന്നിവ കൂടി സംഘടിപ്പിച്ചാല്‍ തട്ടിപ്പു പൊടിപൂരമാക്കാം ‘സര്‍വ്വരാജ്യ തട്ടിപ്പുകളെ കേരളത്തിലേക്കു വരിന്‍.നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ വാ വിട്ട വാക്കുകള്‍ മാത്രം കിട്ടാനുള്ളതോ കീശ നിറയെ ഞങ്ങളുടെ കാശും.’