സോമവിചാരം.
കോണ്‍ഗ്രസിലെ അതിഭയങ്കര സംഭവങ്ങള്‍....!
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
കോണ്‍ഗ്രസില്‍ എന്തൊക്കെയോ അതിഭയങ്കര സംഭവങ്ങള്‍ നടക്കുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍- ഇതിനു മുമ്പ് ഏഴെട്ടു ദശാബ്ദംമുമ്പ് നെയ്യറ്റിന്‍കരയില്‍ പോലീസ് വെടിവെയ്പ് നടന്നപ്പോള്‍ ..നെയ്യാറ്റിന്‍കരയിലെ അതിഭയങ്കര സംഭവങ്ങള്‍.. മലയാള മനോരമ നല്‍കിയ തലക്കെട്ടാണ് ഓര്‍മ്മ വന്നത്.
കോണ്‍ഗ്രസുകാരെ അപ്പാടെ കേഡര്‍മാരാക്കുമത്രേ.കൂടിയ കേഡര്‍മാര്‍ക്ക് പോക്കറ്റ് മണി.അതുകൂടാതെ മാസാമാസം വീട്ടുചെലവിന്ുള്ള ...ഉപ്പുമുളകുതിപ്പലിയും..ലഭ്യമാക്കും.പിണറായിയുടെ കിറ്റിലെപ്പോലെ ഉരുകിയ ശര്‍ക്കരയോ.. നനഞ്ഞ പപ്പടമോ കിറ്റില്‍ ഉണ്ടാവില്ല.ഇല്ലെങ്കില്‍ അവര്‍ പിണറായി കിറ്റ് തേടിപ്പോകും.കഴിഞ്ഞ തെരഞ്ഞടെുപ്പില്‍ കിറ്റും..കിറ്റെക്‌സു..മാണ് യുഡിഎഫിനെ ഒരരുക്കാക്കിയത്.എന്നാണു കെപിസിസി അന്വേഷണ സമിതികളുടെ കണ്ടെത്തല്‍.ആ തെറ്റ് ആവര്‍ത്തിക്കാന്‍ സുധാകര-സതീശ ദ്വയത്തിന്റെ കണ്ടിപ്പായ തീരുമാനം.അവര്‍ തീരുമാനമെടുത്താല്‍ അതില്‍ പാറപോലെ ഉറച്ചു നില്‍ക്കും.പണ്ടൊരു ആദര്‍ശധീരന്‍ ഇന്ദിരാഗാന്ധിയുടെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്നു പ്രഖ്യാപിച്ചതും നേരത്തോടു നേരം കഴിയും മുമ്പ് ആ പാറ മറ്റെവിടെയോ. കൊണ്ടു പ്രതിഷ്ഠിച്ചതും പഴയ തലമുറ മറന്നു കാണില്ല.അഭിപ്രായം മാത്രമല്ല,ആദര്‍ശവും ഇരുമ്പുലക്കയല്ലന്ന് അന്നാണു മലയാളിക്കു ബോധ്യമായത്.
കോണ്‍ഗ്രസില്‍ നടക്കാന്‍ പോകുന്ന അതിഭയങ്കര സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ സംഗതിയുടെ ഏകദേശരൂപം പിടികിട്ടി.കേഡര്‍മാര്‍ ബ്രഹ്മമുഹൂര്‍ത്തത്തില്‍ എഴുനേല്‍ക്കണം.ദേഹശുദ്ധിവരുത്തിയ ശേഷം തലേന്നു തുളസിയിട്ടുവച്ച ഒരു ഗ്ലാസ് വെള്ളം കുടിക്കണം.നൂറ്റിയെട്ടു തവണ ദേവീസ്തവം ഉരുക്കഴിക്കണം.കുളിക്കുന്നതു സലാഗുളിച്യാദി എണ്ണ നഖശിഖാന്ത,ആപാദമസ്തകം തേച്ചുവേണമെന്നു പറയാന്‍ വിട്ടുപോയി.അപ്പോഴേക്കും നേരം പരപരാ വെളുക്കും.കിഴക്കു വെള്ളകീറും.പ്രഭാതം പൊട്ടി വിടരും.വെള്ളകീറാന്‍ വിസമ്മതിച്ചാല്‍ ലോക്കല്‍ വിറകുവെട്ടുകാരന്‍ കറപ്പന്‍കുട്ടിയെക്കൊണ്ടു കീറിപ്പിക്കും.കറപ്പന്‍കുട്ടിയുടെ ആകാരവും കൈയ്യിലെ മഴുവിന്റെ കാഠിന്യവും കണ്ടാല്‍ ഒരുവിധം മരങ്ങള്‍ മാത്രമല്ല,പ്രഭാതവും സ്വയം പൊട്ടിവിടരും.കിഴക്കെന്നല്ല തെക്കും വടക്കും പടിഞ്ഞാറും പ്രഭാതം മാത്രമല്ല,മധ്യാഹ്നംവും,സായാഹ്നവും പൊട്ടിവിടരും.
്അപ്പോഴേക്കും ബൂത്ത് കമ്മറ്റി പ്രസിഡന്റെ് ബ്യൂഗിള്‍ മുഴക്കും.കേഡര്‍മാര്‍ ഏറ്റവുമടുത്ത മൈതാനത്തു ഫോളിനാവണം.പിന്നെ പി ടി യാണ്.അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് ഹാവര്‍സാക്കും തോക്കും ചുമലിലേറ്റി നൂറുവട്ടം മൈതാനം ചുറ്റി ഓടേണ്ടി വരും.അതുകഴിഞ്ഞാല്‍ രണ്ട് ഉണക്ക ചപ്പാത്തിയും ഒരു സവാളയും പച്ചമുളകും കൊടുക്കും.പച്ചവെള്ളം എത്ര വേണമെങ്കിലും കുടിക്കാന്‍ വിലക്കില്ല.അതിനു ബൂത്തു കമ്മറ്റി പണം മുടക്കേണ്ടല്ലോ..!വയര്‍ നിറഞ്ഞു കേഡര്‍മാര്‍ ഏമ്പക്കം വിടുന്നതു കേട്ടാല്‍ ബൂത്ത് പ്രസിഡന്റെ് വന്ന് എല്ലാവര്‍ക്കും തോക്കു കൊടുക്കും.എല്ലാം എണ്ണയിട്ടു വൃത്തിയാക്കണം.പുള്‍ത്രൂ എന്നോ മറ്റോ അണ് പട്ടാളഭാഷയില്‍ അതിനു പറയുന്നത്.
തോക്കുകള്‍ ഏകെ 47 നോ,ഇന്‍സാഡോ ആണന്നു തെറ്റിദ്ധരിക്കരുത്. പരമാവധി രണ്ടോ,മൂന്നോ ത്രി നോട്ട് ത്രീ.(303) കാണും.ബാക്കിയെല്ലാം പന്നിയേയും മുയലിനെയും വെടിവെവയ്ക്കുന്ന 12 ബോര്‍ ഗണ്‍.അതില്‍ ചില്ലും റവയിമിട്ടുവേണം അനത്താന്‍.എല്ലാം കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി ക്ലാസാണ്.ഗാന്ധിസം,നെഹൃുവിസം,രാജീവിസം,രാഹുലിസം,സോണിയായിസം,പ്രിയങ്കയിസം എന്നിവയെ ആസ്പദമാക്കിയായിരിക്കും ക്ലാസുകള്‍.ശാസ്ത്രിയിസം,റാവുവിസം എന്നിവയെക്കുറിച്ചു മൗനം പാലിക്കണമെന്നു കേഡര്‍മാര്‍ക്ക്ു പ്രത്യേക നിര്‍ദ്ദേശമുണ്ട്.ഒടുവില്‍ രഘുപതി രാഘവരാജാറാം അല്ലെങ്കില്‍ വൈഷ്ണവജനതോ.. തേന കഹിയേ എന്നോ പാടി ക്ലാസ് അവസാനിക്കും.അപ്പോഴേക്കും മഞ്ഞപ്പതിറ്റടി ആയിക്കാണും.കേഡര്‍മാരുടെ അടുത്ത ഡ്യൂട്ടി രസീതുബുക്കുമായി ഗ്രാമപ്രദക്ഷിണമാണ്.പിരിക്കുന്നതില്‍ പാതി കെപിസിസിക്ക്.ബാക്കി തരാതരം പോലെ മേല്‍ കമ്മറ്റികള്‍ക്ക്..ശിഷ്ടം വല്ലതുമുണ്ടെങ്കില്‍ കേഡറിന്.ഇല്ലെങ്കില്‍ ഉച്ഛിഷ്ടം കൊണ്ടു വയറുനിറക്കാം.
ഇക്കണക്കിന് അടിവെച്ചടിവെച്ച് മുന്നോട്ടു പോയാല്‍ 2026 ലെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സുധാകരനും ജനറല്‍ ഓഫീസര്‍-ഇന്‍- കമാന്‍ഡ് ലെഫ്.ജനറല്‍ സതീശനും നയിക്കുന്ന 2 ഡിവിഷന്‍ കോണ്‍ഗ്രസ് സൈന്യം തയാര്‍.ക്യപ്റ്റന്‍ പിണറായിയുടെ സൈന്യത്തിന്റെ മുട്ടിടിക്കും.അവര്‍ മോഹാലസ്യപ്പെട്ടു വീഴും.പിന്നെ ക്യാപ്റ്റന്‍ കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പുവെക്കും.ജനറലിനു മുന്നില്‍ ക്യാപ്റ്റന്‍ വെറും കൃമിയോ,കീടമോ,തൃണമോ ആണന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.ബഗ്ലാദേശ് യുദ്ധകാലത്ത് ലെഫ്.ജനറല്‍ ജഗ്ജിത്‌സിംഗ് അറോറയ്ക്കു മുന്നില്‍ പാക് ജനറല്‍ എ.എ.എ നിയാസി ഒപ്പുവച്ചതിലും വലിയ കീഴടങ്ങലായിരിക്കും അത്.എന്തായാലും അതു കാണാന്‍ നമുക്ക് കാത്തിരിക്കാം.നാലും നാഴികയും അറിയാത്തതു കൊണ്ട് എപ്പോഴും ഉണര്‍ന്നിരിപ്പിന്‍.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.