തുടക്കകാരന്റെ വീഴ്ച ഒടുക്കം വരെ വേദനായായ്….കൊണ്ടുനടന്ന റിസബാവ.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
റിസ ബാവ ഓര്‍മയായി.മലയാളസിനിമയില്‍ വില്ലന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ ശൈലി പ്രതിഫലിപ്പിച്ച സുമുഖനായ നടന്‍.വെള്ളിനക്ഷത്രവും റിസബാവയും മലയാളസിനിമയില്‍ ചൂവടുവെക്കുന്നത് ഏതാണ്ട് ഒരേ കാലയളവിലാണ്.പശുപതിയില്‍ അഭിനയിച്ചതിനു ശേഷമാണന്നു തോന്നുന്നു തിരുവനന്തപുരത്ത് എന്‍.ശങ്കരന്‍നായരുടെ അഗ്നിനിലാവില്‍ അഭിനയിക്കുവാനായി റിസബാവ തിരുവനന്തപുരത്ത് വന്നത്.അന്നാണ് ഞാന്‍ റിസബാവയെ കാണുന്നതും പരിചയപ്പെടുന്നതും.നാടകരംഗത്തുനിന്നുമെത്തിയ കഥകളൊക്കെ റിസബാവ സംസാരിച്ചു.മലയാളനാടകവേദിയില്‍ അദ്ദേഹം അനശ്വരമാക്കിയ സ്വാതിതിരുനാള്‍ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചു.ചലച്ചിത്ര പത്രപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്ത് നടന്ന ഈ പരിചയപ്പെടല്‍ ജീവിതത്തില്‍ ഒരിക്കലും മാറാക്കാനവാത്തതായതിനു കാരണം അന്നത്തെ സിനിമാചിത്രീകരണത്തിനിടയില്‍ ഒരു സംഭവമുണ്ടായതു കൊണ്ടു മാത്രമാണ്.
അഗ്നിനിലാവ് ഒരു ഹൊറര്‍ പശ്ചാത്തലമുള്ള സിനിമയായിരുന്നു.ഗാനങ്ങള്‍ക്ക് അതീവ പ്രാധാന്യവും ഉണ്ടായിരുന്നു.വയലാര്‍ മാധവന്‍കുട്ടി രചിച്ച നാലഞ്ചു ഗാനങ്ങള്‍.എന്നാല്‍ ഈ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് പ്രശസ്ത സംഗീത സംവിധായിക ഉഷാഖന്നയായിരുന്നു.ഏറെക്കാലത്തിനു ശേഷം ഉഷാഖന്നയുടെ ഗാനങ്ങള്‍ എന്നതും ഹൈലൈറ്റ് ആയിരുന്നു.സന്ധ്യ കഴിഞ്ഞ നേരത്ത് ചിത്രാഞ്ജലിയിലെ കുന്നിന്‍ മുകളിലെ ലാന്‍ഡ് സ്‌കേപ്പിലായിരുന്നു ചിത്രീകരണം.ചിത്രത്തിലെ ഗാനരംഗങ്ങളോ,സീനുകളോ ഒന്നുമായിരുന്നില്ല അവിടെ ചിത്രീകരിച്ചത്.ഫൈറ്റ് സ്വീക്വന്‍സുകളായിരുന്നു ചിത്രീകരിച്ചത്.ഫൈറ്റ് സ്വീക്വന്‍സുകള്‍ സാധാരണ റിപ്പോര്‍ട്ടിംഗില്‍ വലിയ സ്‌കോപ്പില്ലാത്ത സമയം.എന്നാലും നമുക്ക് ഇതു കാണുവാനുള്ള കൗതുകവും ആവേശവും രാവേറെ ചെല്ലുന്നതുവരെ ലൊക്കേഷനില്‍ നില്‍ക്കുവാന്‍ കാരണമായി.
ഭീമന്‍രഘുവും,റിസബാവയും തമ്മിലാണ് സംഘട്ടനം.മാന്‍പേടയുടെ മുഖമുള്ള റിസ്സബാവ തുടക്കകാരന്റെ ആവേശത്തില്‍ സിറ്റ്വേഷനൊക്കെ മനസ്സിലാക്കി നില്‍പ്പുണ്ട്.ഭീമന്‍രഘു ഈ രംഗത്ത് പരിണിതപ്രജ്ഞനായതുകൊണ്ട് അനായാസം കാര്യങ്ങള്‍ മനസ്സിലാക്കി എപ്പോഴും റെഡിയാണ്. പോരെങ്കില്‍ ചെറിയ സിനിമകളാണെങ്കില്‍ ഫൈറ്റ് മാസ്റ്ററുടെ മേലും പ്രത്യേക മേധാവിത്വം ഇത്തരം താരങ്ങള്‍ക്കുണ്ടാവും. രാണ്ടാമത്തെ സിനിമയില്‍ കിട്ടിയവേഷം പൊലിപ്പിക്കുന്നതിന്റെ ആവേശവും ആത്മവിശ്വാസവും ഫൈറ്റ് മാസ്റ്ററുമായി സംസാരിച്ചു നില്‍ക്കുന്ന റിസബായുടെ മുഖത്തുണ്ട്.ചുറ്റിലും ചിത്രീകരണം കാണുവാന്‍ നില്‍ക്കുന്നവരുടെ നോട്ടവും വെളുത്തു സുമുഖനും നല്ല ചുരുണ്ടമുടിയുമായി നില്‍ക്കുന്ന റിസബാവയിലാണ്.റിസയുടെ മുഖത്ത് പശുപതിയിലെ നായകന് ഭാരമായി കണ്ട മീശ ഈ സമയത്ത് ഇല്ല.നായകനിരയിലേക്ക് യുവതാരങ്ങള്‍ അപൂര്‍വ്വമായി കയറിവരുന്ന സമയം ആ പ്രതീക്ഷയുടെ ഭാരം റിസയുടെ മനസ്സിലുണ്ടാവണം.
ഭീമന്‍രഘുവുമായിട്ടുള്ള ബ്ലോക്ക് രംഗങ്ങളാണ് ചിത്രീകരിച്ചത്.മാസ്റ്റര്‍ കാണിച്ചുകൊടുത്തതൊക്കെ മനസ്സിലാക്കി ഫൈറ്റ് സ്വീക്വന്‍സ് ചിത്രീകരിച്ചു.മല്ലനെപ്പോലെ നിന്ന ഭീമന്റെ ബ്ലോക്കിനെ നേരിട്ട റിസയെ ഭീമന്‍രഘും എടുത്തു പൊക്കി മറിക്കുന്നതായിരുന്നു രംഗം.ക്യാമറമാന്‍ റെഡി പറഞ്ഞു.സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. ഭീമനോടുത്ത റിസബാവയെ ബ്ലോക്ക് ചെയ്ത് ഒന്നു പൊക്കി മറിച്ചു.കരുത്തുറ്റ ഭീമന്റെ ആക്ഷന്‍ നേരിട്ട റിസബാവ അന്തരീക്ഷത്തില്‍ ഉയര്‍ന്നു.ഏതാണ്ട് മുന്നടി പൊക്കത്തിലുയര്‍ന്ന റിസബാവ നേരെ നടുവിടിച്ച് കരിയിലകള്‍മൂടിക്കിടന്ന കട്ടിയായ തറിയില്‍ വീണു...ഒരു നിമിഷം നടുവിടിച്ചു വീണ ശബ്ദത്തില്‍ ലൊക്കേഷനിലുള്ളവര്‍ സ്തംബ്ദരായി.പെട്ടന്നു തന്നെ റിസ എഴുന്നേറ്റു.പക്ഷേ നടുവിനേറ്റ ആഘാതം മറച്ചുകൊണ്ട് റിസ്സ നിന്നു.പരിചയക്കുറവെന്നും മറ്റും പറഞ്ഞ് ഈസി മട്ടില്‍ സഹപ്രവര്‍ത്തകര്‍ ഷൂട്ടിംഗ് പാക്കപ്പ് പറഞ്ഞു.പക്ഷേ പീന്നിട് ഏറെ നാളത്തെ ചികില്‍സയിലാണ് നടുവിന്റെ ക്ഷതം മാറിയത്.ആ ക്ഷതം ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനുണ്ടായിരുന്നു.പിന്നീട് കാണുമ്പോഴൊക്കെ ആ വീഴ്ചയുടെ കാര്യം നടുക്കത്തോടെ ഓര്‍ക്കും.പാരമ്പര്യമായി തടിവെക്കുന്ന പ്രകൃതമായിരുന്നെങ്കിലും തന്റെ ശരീരം പൂര്‍ണ്ണിച്ചതും ആരോഗ്യം തകര്‍ത്തും അന്നത്തെ ആ വീഴ്ചയിലായിരുന്നുവെന്ന് റിസബാവ കണ്ടപ്പോഴൊക്കെ പറഞ്ഞിരുന്നു. എപ്പോഴും പ്രസന്നഭാവവും സ്‌നേഹവും നിറഞ്ഞ റിസബാവക്ക് മലയാള സിനിമയില്‍ അര്‍ഹമായ ഉയരങ്ങളിലെത്തുവാനായില്ല.പരാതിയും പരിഭവവുമില്ലാതെ റിസ്സബാവയെന്ന ചിരിക്കുന്ന വില്ലന്‍ യാത്രമൊഴി ചൊല്ലുന്നു.