സോമവിചാരം.
തത്ര ഭവാന്‍...തത്ര ഭവതി.. പ്രയോഗങ്ങളുമായി പോലീസ് വിജ്ഞാനനിഘണ്ടു.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
എടാ,എടീ എന്നൊന്നും ഇനി പോലീസുകാര്‍ വിളിക്കരുതെന്നാണു കേരള ഹൈക്കോടതിയുടെ കല്‍പന.വെറും കല്‍പനയല്ല.കല്ലേപ്പിളര്‍ക്കുന്ന കല്‍പനയാണ്.കല്‍പന വന്നു നേരത്തോടു നേരം കഴിയും മുമ്പേ പോലീസുകാര്‍ നിരത്തിലിറങ്ങി വഴിയില്‍ കാണുന്നവരെയും കാണുന്നവളുമാരെയും തത്ര ഭവാന്‍...,തത്ര ഭവതി.. എന്നു വിളിച്ചു തുടങ്ങി.പോരാത്തതിന് അവരോട് ..അവിടുത്തേക്ക് തിരുവുള്ളക്കേട് തോന്നുകില്ലെങ്കില്‍ ഞാനൊന്നുണര്‍ത്തിച്ചോട്ടെ.. എന്നു കൂടി ചോദിക്കാന്‍ തുടങ്ങി.ഇനിയാര്‍ക്കും പോലീസിനെ കുറ്റം പറയാനാവില്ല.പെരുമാറ്റത്തില്‍ സ്‌കോട്ട്‌ലന്‍ഡ്‌യാഡും തോറ്റുപോകും.
എന്നാല്‍ ഹൈക്കോടതി വിലക്കാത്ത ചില പദപ്രയോഗങ്ങലുണ്ട്.എടാ....മോനേ, എടീ......മോളേ എന്നിവക്ക് വിലക്കില്ലാത്തിടത്തോളം കാലം കേരളപൊലീസിന് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല.പൊലീസ് വി്ജ്ഞാനനിഘണ്ടു രചിച്ച രമേശന്‍നായര്‍ പോലും ഈ വാക്കുകളൊന്നും അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.അത്രത്തോളം കാലം ഈ വാക്കുകള്‍ ഉപയോഗിക്കുന്നതിനു വിലക്കു കല്‍പിക്കാനുമാവില്ല.നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വി.ടി. ഭട്ടതിരിപ്പാടു ശ്രമിച്ചിട്ടു നടക്കാത്ത നാടാണു കേരളം.പിന്നെയാണോ കേരള പൊലീസിനെ മനുഷ്യരാക്കാന്‍ ഹൈക്കോടതി... അല്ലെങ്കില്‍ പോലീസ് വിജ്ഞാനനിഘണ്ടുവിന്റെ ഒരു കോപ്പി പരിശീലന കാലത്തു തന്നെ എല്ലാ ട്രെയിനികള്‍ക്കും നല്‍കണം.നല്‍കിയാല്‍ മാത്രം പോരാ.അതു സ്ഥിരമായി യൂണിഫോമിന്റെ വലതു പോക്കറ്റില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശിക്കണം.സന്ദിഗ്ധ ഘട്ടങ്ങളില്‍ നിഘണ്ടു നോക്കി വേണം പൊതുജനത്തെ അഭിസംബോധന ചെയ്യാനെന്നും കല്‍പന പുറപ്പെടുവിക്കണം.
വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന കാലം കഴിഞ്ഞു.ഇപ്പോള്‍ ഫോണെടുത്തവരെല്ലാം ഫോട്ടോഗ്രാഫര്‍മാരാകുന്ന കാലമാണ്.ഇല്ലെങ്കില്‍ പിന്നെ എങ്ങിനെയാണ് കേരള പോലീസിനെക്കുറിച്ചു ഇത്രമാത്രം കള്ളക്കഥകള്‍ പ്രചരിക്കുന്നത്....പൊലീസിന്റെ ജാതകദോഷം ഗണിച്ചറിയാന്‍ പാലച്ചോട്ടില്‍ ഗണകന്റെയോ.., പാഴൂര്‍ പടിപ്പുരയുടെയോ സഹായം തേടേണ്ടതില്ല.വെറ്റില നോട്ടമോ, നാഡീ ജ്യോതിഷമോ തിരക്കേണ്ടതില്ല.അറബിമാന്ത്രീകമോ മഷിയിട്ടു നോക്കലോ ഒരിക്കലും ചെയ്യരുത്.റിട്ടയര്‍ ചെയ്ത ഐഏഎസ്സുകാരിലും ഐപിഎസ്സ്‌കാരിലും മഹാജ്യോതിഷികളും മഹാമാന്ത്രീകരും ഒരുപാടുണ്ട്.അശ്വനീദേവകളും, സൂര്യകാലടിയും, കടമറ്റത്തു കത്തനാരും ഇവരെക്കാണ്ടാല്‍ കാല്‍തൊട്ടു വന്ദിച്ചു കപ്പം കൊടുത്തു മുന്നടി പിന്നോട്ടു നടന്നു തിരിച്ചു പോകാറാണു പതിവ്.ഇവരില്‍ ആരെയെങ്കിലും പോലീസ് ആസ്ഥാനത്തു ജ്യോതിഷ ഉപദേഷ്ടാക്കളായി വയ്ക്കണം.എത്രയോ ഉപദേഷ്ടാക്കളെ പോലീസില്‍ വച്ചിരിക്കുന്നു.... അക്കൂട്ടത്തില്‍ ഒരു ജ്യോതിഷ ഉപദേഷ്ടാവിനെക്കൂടി വച്ചാല്‍ ഒട്ടും അധികപ്പറ്റാവില്ല.അവര്‍ നല്‍കുന്ന ചാര്‍ത്ത് പോലീസ് പിആര്‍ഒ പത്രക്കുറിപ്പായി ഇറക്കണം.പ്രത്യേകം തലക്കെട്ടൊന്നും വേണ്ട...പ്രശ്‌നവശാല്‍...എന്നൊരു പൊതു തലക്കെട്ടു മതി.പൊതുജനത്തിന് തൃപ്തിയാകും.വായിക്കുന്നവര്‍,വായിക്കുന്നവര്‍ വയറുനിറഞ്ഞ് ഏമ്പക്കവും വിടുമെന്നത് മൂന്നു തരം.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.