സോമവിചാരം.
കുട്ടിയായിരിക്കാനുള്ള മോഹം...വെറും മോഹം മാത്രം....
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
എല്ലാവര്‍ക്കും കുട്ടികളായി നില്‍ക്കാനാണ് ആഗ്രഹം.പ്രായമായാല്‍ മുടി കൊഴിയും,കഷണ്ടി വരും,തൊലി ചുളിയും.....ഞാന്‍ ഭാവിയുള്ള ഒരു കുട്ടിയാണ്... എന്നു പറയാനാണ് എല്ലാവരുടെയും താല്പര്യം.
എനിക്കൊരു സുഹൃത്തുണ്ട്.മകന്‍ വലുതാകുന്നതിനോട് അദ്ദേഹത്തിന് താല്പര്യമില്ല.മകനെ കുട്ടിയായി നിലനിര്‍ത്താനുള്ള വല്ല ഹോര്‍മോണും എവിടെയെങ്കിലും കിട്ടുമോ എന്ന് സുഹൃത്ത് ആരാഞ്ഞു.ഞാന്‍ മരുന്ന് ഉപദേശിച്ചുമില്ല.ബോണ്‍സായികളില്‍ എനിക്കു താല്‍പര്യമില്ലാത്തതു തന്നെ കാരണം. ആ കുട്ടി വളര്‍ന്നു വലുതായി.അച്ഛനേക്കാള്‍ വലുതായി. ..അമ്മ എനിക്ക് കാച്ചിയ പാല്‍ തരും. അതു കുടിക്കാഞ്ഞാല്‍ അമ്മ കരയും.കാരണം ഞാന്‍ അച്ഛനെക്കാള്‍ വലുതാകണം... എന്നല്ലേ കേരള പാഠാവലി ഒന്നാം പാഠപുസ്തകം നമ്മെ പഠിപ്പിച്ചത്.ഏതായലും മകന്‍ വലുതാകേണ്ടന്ന് ഹൃദയപൂര്‍വ്വം ആഗ്രഹിച്ച ആ സുഹൃത്ത് മകന്റെ പേരില്‍ കുട്ടി ചേര്‍ത്തില്ല.ചേര്‍ക്കാന്‍ നല്ല വകുപ്പുള്ള പേരായിട്ടും.
മലയാളികള്‍ക്ക് എന്നും കുട്ടിയായി തുടരാനാണ് താല്‍പര്യം.കുട്ടിയാകുമ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടല്ലോ...,അതുകൊണ്ട് പാതിമുക്കാലും മലയാളി പേരുകളില്‍ ഒരു കുട്ടിയും കൂടെ ഉണ്ടായിരിക്കും.ബേബി പോരാഞ്ഞിട്ട് ബേബിക്കുട്ടി,കുഞ്ഞ ്‌കൊണ്ട് മതിവരാതെ കുഞ്ഞൂഞ്ഞ്.പോരാതെ കുഞ്ഞൂഞ്ഞ്കുട്ടി.അതുക്കും മേലെ കുട്ടി അഹമ്മദ് കുട്ടി.ഈ കുട്ടിക്കളി എവിടെച്ചെന്ന് എത്തുമെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.
ഡല്‍ഹിയിലെ മലയാള പത്രപ്രവര്‍ത്തനം ഒരു കുട്ടിക്കളിയായിരുന്നുവെന്ന് അവിടെ പ്രശസ്തരായവരുടെ പേരുകള്‍ ഓര്‍ത്തെടുത്താല്‍ മനസ്സിലാകും.ഒരുപാട് കുട്ടികള്‍.അക്കൂട്ടത്തില്‍ പേരില്‍ കുട്ടിയില്ലാഞ്ഞിട്ടും ഒരു കുട്ടിത്തരം വേഷം അല്‍പകാലം അരങ്ങില്‍ കെട്ടിയാടാന്‍ അവസരം കിട്ടി..
.....ആദ്യമാദ്യമെനിക്കുണ്ടായ വളരാനുള്ള കൗതുകം
അതു വേണ്ടിയിരുന്നില്ലെന്നു വെറുതെ തോന്നുന്നന്തിനോ
ഇച്ഛാനിച്ഛകള്‍ കൊണ്ടു കാര്യമെന്നന്തെന്നതോര്‍ക്കുകില്‍
പ്രകൃതിക്കുള്ള താളത്തിനൊത്തു നീങ്ങാതെ പറ്റുമോ.... എന്നു കവി പറഞ്ഞതു സത്യം.ഞാന്‍ ജനിച്ചപ്പോള്‍ തന്നെ കുട്ടിയല്ലാതെ നാഥനായി.മുതിര്‍ന്നപ്പോഴും അങ്ങിനെ തന്നെ.അതിനാല്‍ ഒരിക്കലും കുട്ടിക്കളിക്ക് സ്‌കോപ്പുണ്ടായിരുന്നില്ല.അതുകൊണ്ട് നാഥനായി തുടങ്ങി.നാഥനായി തുടര്‍ന്നു.നാഥനായി നിര്‍ത്തും.
ഇ.സോമനാഥ്
നോട്ടിക്കല്‍ ടൈംസ് കേരള.
സോമവിചാരം.
RELATED ARTICLES