HomeSPECIAL STORIESസെന്റെ് ആന്‍ഡ്രൂസില്‍ ഉയിര്‍ത്തെഴുന്നേറ്റ കരമടികള്‍….

സെന്റെ് ആന്‍ഡ്രൂസില്‍ ഉയിര്‍ത്തെഴുന്നേറ്റ കരമടികള്‍….

നോട്ടിക്കല്‍ ടൈംസ് കേരള.
യേശുദാസ് വില്യം

തിരുവനന്തപുരം സെന്റെ് ആന്‍ഡ്രൂസ് പള്ളിക്കഭിമുഖമായ ബീച്ച് മനോഹരമാണ്.കടലാക്രമണത്തിന്റെ കെടുതികളില്ലാതെ അവശേഷിക്കുന്ന കടപ്പുറങ്ങളിലൊന്നാണിത്.മധ്യവേനല്‍ക്കാലത്തും മറ്റും കാറ്റു കൊള്ളാനെത്തുന്നവരുടെ തിരക്കാണിവിടെ.കൊച്ചുവേളിക്കും പുത്തന്‍തോപ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്ന സെന്റെ് ആന്‍ഡ്രൂസ്് പള്ളിയാണ് കടല്‍ത്തീരത്തേക്കുള്ള കവാടം.ഒരുകാലത്ത് കരമടി സമൃദ്ധമായി നിലനിന്നിരുന്ന തീരം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഈ മല്‍സ്യബന്ധനരീതി അന്യം നിന്നു പോയി.മല്‍സ്യമേഖലയില്‍ വന്ന മാറ്റങ്ങളും,പ്രവാസ ജീവിതവുമൊക്കെയാണ് തീരത്തെ പൈതൃകമായ കരമടി നിലച്ചുപോകുവാന്‍ കാരണമായത്.ഇക്കഴിഞ്ഞ കോവിഡ് മഹാമാരിയുടെ നാളുകളില്‍ തീരത്തിന് ഉല്‍സവം പോലെ കരമടിയുടെ ആരവം കേട്ടപ്പോള്‍ തീരത്തുനിന്ന സെന്റെ് ആന്‍ഡ്രൂസ് ഇടവക വികാരിയും,തിരുവനന്തപുരം അതിരൂപതയുടെ ഫിഷറീസ് മിനിസ്ട്രിയുടെ തലവനുമായ ഷാജിന്‍ ജോസ് അച്ചന്‍ കരമടി തീരത്ത് പുനര്‍ജ്ജനിച്ച കഥ പറഞ്ഞു.

                  തീരത്തെ അലസതയും,മദ്യപാന ശീലവുമൊക്ക കണ്ടറിഞ്ഞ ഷാജിന്‍ ജോസ് അച്ചന്‍  പുറത്ത് ബീമാപള്ളിയില്‍ നിന്നും ഒരു സെറ്റ് കരമടി സംഘത്തെ ഈ തീരത്ത് പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കി.സ്വാഭാവികമായി തെിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നു.അച്ചന്‍ തന്നെ അതൊക്കെ പറഞ്ഞു മനസ്സിലാക്കി നിയന്ത്രിച്ചു.ബീമാപള്ളിയില്‍ നിന്നുമെത്തിയ മുസ്ലീം സഹോദരങ്ങളുടെ കരമടിയും വരുമാനവും സെന്റെ് ആന്‍ഡ്രൂസിലെ മല്‍സ്യത്തൊഴിലാളികളുടെ പഴയകാല തൊഴില്‍തൃഷ്ണ ഉണര്‍ത്തി.അവരില്‍ പഴയകാല പൈതൃകമുണര്‍ത്തിക്കൊണ്ട് ഒരുസംഘം മുമ്പോട്ടുവന്നു.അങ്ങിനെ സെന്റെ് ആന്‍ഡ്രൂസില്‍ കരമടിയുടെ ആരവം വീണ്ടുമുണര്‍ന്നു.

                  ഞങ്ങള്‍ ചെല്ലുമ്പോള്‍ പുലര്‍ച്ചെ നീട്ടിയ കരമടി അടുത്തുകഴിഞ്ഞു.വീണ്ടുമൊരു വല നീട്ടി വള്ളത്തില്‍ വലയുടെ തലപ്പുമായി ഒരാള്‍ നീന്തിക്കയറുന്നു.വല പിടിക്കുവാന്‍ വിവിധ പ്രായത്തിലുള്ളവരുണ്ട്.പഠിത്തം കഴിഞ്ഞ് തൊഴിലന്വേഷിച്ച് കാത്തിരിക്കുന്നവര്‍,പ്രായമായവര്‍,കടല്‍പ്പണിക്ക് പോകാന്‍ കഴിയാത്തവര്‍,വെക്കേഷന് കറിക്ക് മീനീനായി വരുന്ന കുട്ടികള്‍, തടികുറക്കുവാന്‍ വ്യായമമായി കാണുന്ന ചെറുപ്പക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ല മേഖലയിലുള്ളവരുടെയും പ്രതിനിധികള്‍. കമ്പവലയുടെ വടം ഇവരുടെയെല്ലാം കൈയ്യിലുണ്ട്.രാവിലെ വീട്ടിലേക്കുള്ള കറിക്ക് മീന്‍ കൊടുത്തിട്ട് വന്ന വിദ്യാര്‍ത്ഥിയെ കണ്ടു.രണ്ടാമത്തെ വല കയറ്റാന്‍ ഒപ്പം കൂടിയതാണ് നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു കോവിഡ് കാലത്ത് എല്ലാ ദിവസവും കറിക്കു മീനും ചെറിയൊരു തുകയും കിട്ടമെന്ന്.അവന്റെ മുമ്പില്‍ നില്‍ക്കുന്ന ചേട്ടന്‍മാര്‍ വല പിടിക്കുന്നത് തടി കുറക്കുവാനുള്ള വ്യായാമത്തിനാണ്.

                ഇതിനെല്ലാമുപരി സെന്റെ് ആന്‍ഡ്രൂസിലെ കരമടി മതമൈത്രിയുടെ പുതിയ ചരിത്രവുമൊരുക്കി.ബീമാപള്ളിയില്‍ നിന്നു വരുന്നവര്‍ക്കൊപ്പം ഇന്ന് സെന്റെ് ആന്‍ഡ്രൂസ് തീരത്ത് അഞ്ചോളം കരമടികള്‍ പ്രവര്‍ത്തിക്കുന്നു.കന്യാകുമാരിയില്‍ നിന്നും കുളച്ചലില്‍ നിന്നുമെല്ലാം വന്ന കരമടി കേരളത്തിന്റെ തെക്കന്‍ ജില്ലയായ തിരുവനന്തപുരം തീരത്തിന്റെ പൈതൃക സ്വത്താണ്.കൊല്ലത്തും ആലപ്പുഴയിലുമൊക്ക ഇതുണ്ടായിരുന്നുവെന്നു വേണം അനുമാനിക്കുവാന്‍.മല്‍സ്യത്തൊഴിലാളിക്ക് കടലിന്റെ താളവും,അഭിരുചികളും,ജീവിതവും സ്വായത്തമാക്കിക്കൊടുത്ത കരമടി തീരത്തോട് മെല്ലെ വിടപറയുകയാണ്.അനാവിശ്യമായ കടല്‍ഭിത്തിയും നിര്‍മ്മിതികളും നഷ്ടപ്പടുത്തുന്ന തീരങ്ങള്‍ കരമടിയേയും കൊല്ലുകയാണ്.  
Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments