നല്ലനടപ്പ് ദുഷ്പരെന്ന കളങ്കം മാറ്റുമോ..
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
പോലീസുകരെ ഒരിക്കലും കുറ്റം പറയാന്‍ പാടില്ല.അവരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും ശമ്പളം കൊടുക്കുന്നതും കള്ളന്‍മാരെ കണ്ടു പിടിക്കാനാണ്.അവര്‍ക്ക് ആരെയും കള്ളന്‍മാരായേ കാണാന്‍ കഴിയൂ.പട്ടിക്ക് കവിയാണോ,കള്ളനാണോ,കാമുകനാണോ എന്നൊന്നും വകതിരിവുണ്ടാവില്ല. ഈ ജനുസ്സില്‍ ആരെക്കാണ്ടാലും പട്ടി കുരച്ചിരിക്കും.എങ്കില്‍ പിന്നെ പട്ടി പോരെ,എന്തിനു പോലീസ്.. എന്നൊരു ചോദ്യം മനസ്സിലുയരും.തീര്‍ത്തും ശരിയായ സംശയമാണത്.പക്ഷേ പട്ടിക്കു പകരം പോലീസിനെ വച്ചാല്‍ ചില്ലറ അപകടങ്ങളുണ്ടാകും.പട്ടിക്കു കുരയ്ക്കാനേ അറിയൂ.പോലീസുകരെപ്പോലെ ത്രിഭാഷാ പദ്ധതിയില്‍ ചീത്ത വിളിക്കാനറിയില്ല.പട്ടിക്കു പകരം വല്ല തത്തയോ മൈനയോ പോലീസ് വകുപ്പിലുണ്ടായിരുന്നെങ്കില്‍ അവയെല്ലാം ഇതിനകം എക്‌സ്‌കേഡര്‍ ഡിജിപിമാരാകുമായിരുന്നു.
ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആറ്റിങ്ങലില്‍ ഒരു യുവാവിനെ മകളുടെ മുന്നിലിട്ടു ചോദ്യം ചെയ്ത വനിതപോലീസുകാരിയെ എല്ലാവരും കുറ്റപ്പെടുത്തുന്നതു കേട്ടു.എന്നാല്‍ അതില്‍ നീതിയും ന്യായവുമില്ല.നീതി മെഡിക്കല്‍സും ന്യായവിലക്കടയുമില്ല.പിങ്ക് പോലീസിലെ അംഗമാണ് ഈ പോലീസുകാരി.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകസുരക്ഷയൊരുക്കാന്‍ ബാധ്യസ്ഥ.കുട്ടിയുടെ അച്ഛന്‍ കുറ്റം ചെയ്താല്‍ അതു കുട്ടിയുടെ തലയില്‍ വീഴാതിരിക്കാന്‍ സദാപി സന്നദ്ധ.ആ കടമ നിറവേറ്റുകമാത്രമാണ് പിങ്ക് പോലീസുകാരി ചെയ്തത്്. അതിന്റെ പേരില്‍ അവരെ മരണം വരെ തൂക്കിലേറ്റണമെന്നും, ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍ ഹാജരാക്കണമെന്നും ശഠിക്കുന്നവര്‍ക്ക് ശഠിക്കാം.ശരനോട് ശാഠ്യമെന്നല്ലേ ചൊല്ല്.
പോലീസ് വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കണമെങ്കില്‍ അപാര ചങ്കൂറ്റം വേണം.തീക്കട്ടയില്‍ അരിക്കാനുള്ള ധൈര്യം അപൂര്‍വ്വം പേര്‍ക്കേ ഉണ്ടാവൂ..അത്തരക്കാരനാണ് ടാപ്പിങ് തൊഴിലാളിയായ ജയചന്ദ്രനെന്ന് ഒറ്റനോട്ടത്തില്‍ തന്നെ പോലീസുകാരിയായ രജിതയ്ക്ക് ബോധ്യമായി.അവരെ പഴിച്ചിട്ടു കാര്യമില്ല.ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും കള്ളന്‍മാരെ കണ്ടെത്താനുള്ള ദിവ്യദൃഷ്ടി അവര്‍ക്ക് പരിശീലന കാലത്തു പകര്‍ന്നു കിട്ടിയതാണ്.
മോഷ്ടാവായ ജയചന്ദ്രന്‍ ഫോണ്‍ അടിച്ചു മാറ്റുക മാത്രമല്ല,അതു പെരുങ്കള്ളിയായ എട്ടുവയസ്സുകാരിയായ മകള്‍ക്കു കൈമാറിയതായും പോലീസുകാരിയുടെ ദിവ്യദൃഷ്ടിയില്‍ തെളിഞ്ഞു പിന്നെ ചോദ്യമായി.എന്തുകൊണ്ടോ ഭേദ്യമുണ്ടായില്ല.ഷര്‍ട്ട് പൊക്കി നോക്കുകയേ ചെയ്തുള്ളു.അഞ്ചുറുപ്യ പോലീസ് ആയിരുന്നെങ്കില്‍ ജയചന്ദ്രന്‍ ഇതിനകം ഷെഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ ലോക്കപ്പില്‍ തൂങ്ങിയാടിയേനെ. എന്തായാലും അത്രയും പരിശീലന മികവ്് നേടാത്ത ഒരു പോലീസുകാരി മേപ്പടി ഫോണിലേക്കൊന്നു വിളിച്ചു നോക്കി. പിങ്ക് പോലീസിന്റെ കാറിനുള്ളില്‍ നിന്നു മണി മുഴങ്ങി. മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്നു മാത്രം ചോദിക്കരുത്.
ഇത്രയും നിസ്സാരമായൊരു സംഭവത്തിന്റെ പേരില്‍ രജിതാ മാഡത്തിനെ കഴുവിലേറ്റാനുള്ള വകുപ്പൊന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലില്ല.പതിനഞ്ചു ദിവസത്തേയ്ക്കു നല്ല നടപ്പിനയക്കാന്‍ ഡിഐജി ശുപാര്‍ശ ചെയ്തതു തന്നെ കടന്നു പോയി.പോലീസ് സേനയ്ക്കു ദുഷ്‌പേരുണ്ടാക്കി എന്നതാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.എന്തായാലും ഡിഐജി ഒരു കാര്യത്തിന് മറുപടി പറഞ്ഞേ പറ്റു. എന്നാണ് പോലീസിന് സല്‍പേരുണ്ടായിരുന്നത്...റിപ്പോര്‍ട്ടിലെ ശുപാര്‍ശ അക്ഷരം പ്രതി പാലിച്ചാല്‍ പൊലീസ് ആസ്ഥാനം തന്നെ ദുര്‍ഗുണ പരിഹാര പാഠശാലയാക്കേണ്ടതല്ലേ...സംശയങ്ങള്‍ ഉന്നയിച്ചെന്നേയുള്ളു.മറുപടി നിര്‍ബന്ധമില്ല.ഉരുട്ടലും ഗരുഡന്‍ തൂക്കവും വിധിക്കാതിരുന്നാല്‍ മതി.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.