പുട്ടുപൊടി അഥവാ കണ്ടിയപ്പം പൊടി.
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
നമുക്ക് ജാതിയോ മതമോ ഇല്ലന്ന്ു മലായാളികളുടെ ഒരേയൊരു ഗുരു- ശ്രീനാരായണ ഗുരു പറഞ്ഞതും അതിന്റെ ശതാബ്ദി സര്‍ക്കാരിന്റെ നേതൃത്വത്തിലും അല്ലാതെയും ആഘോഷിക്കുകയും ചെയ്തതു മലയാളികള്‍ മറന്നിരിക്കാന്‍ ഇടയില്ല.നമ്മള്‍ ജാതിയെ നാടുകടത്തി.മതങ്ങളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി....ജാതിമതം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനത്ത്....മന.സ്സമാധാനത്തോടെ പാര്‍പ്പുറപ്പിച്ചു.ജാതിയെന്നാല്‍ മലയാളിക്ക് ജാതിപത്രിയും ജാതിക്കായയും ആണെന്ന് ഊറ്റം കൊണ്ടു.
എന്നാല്‍ നാടുകടത്തിയ അതേ ജാതി,ഭക്ഷണത്തിലൂടെ തിരിച്ചുവരികയാണന്നു പറയാതെ വയ്യ.വീട്ടകങ്ങളില്‍ പോലും ഭക്ഷണം പാത്രങ്ങളില്‍ നിന്നു പായ്ക്കറ്റുകളിലേക്ക് സംഭവിക്കുന്ന സ്വാഭാവിക പരിണാമമെന്ന് ആശ്വസിക്കാം.എന്നാലും അങ്ങിനെ ആശ്വസിച്ചു നെടുവീര്‍പ്പിടേണ്ടവരാണോ നമ്മള്‍...നമ്മള്‍ കേരള മോഡലല്ലേ..എല്ലാക്കാര്യത്തിലും ലോകത്തില്‍ ഒന്നാം സ്ഥാനക്കാര്‍. ഏ വണ്‍-എസ്സ് കെ സി.നെയ്യ്..ആലായാല്‍ തറവേണം..അടുത്തൊരമ്പലം വേണ..മെന്നു പറഞ്ഞതുപോലെയാണ് നമ്പീശന്‍സ് നെയ്യില്ലാത്തൊരു അടുക്കളയില്ലന്ന പരസ്യവാചകം.ഏതായാലും നമ്പീശന്‍മാരെച്ചൊല്ലി നമുക്ക് അഭിമാനിക്കാം.അവര്‍ അമ്പലവാസികളാണെങ്കിലും നെയ്യിന്റെ കുത്തക നമ്പൂരിക്ക് വിട്ടുകൊടുത്തില്ലല്ലോ..ജി.എസ്സ്.ബി നെയ്യിന്റെ കാര്യത്തില്‍ എനിക്കത്ര ഉറപ്പൊന്നുമില്ല.ജി.എസ്സ്.ബി.എന്നതിന്റെ പൂര്‍ണ്ണരൂപം ഗൗഡ സാരസ്വത ബ്രാഹ്മണ്‍ എന്നാണോ...,ജി.സോമനാഥ് ഭട്ടാചാര്യ... എന്നാണോ എന്നു കൃത്യമായി എനിക്കറിയില്ല.
അച്ചാറുകളുടെ കാര്യമെടുക്കുക.നമ്പൂതിരീസ് പിക്കിള്‍സ്,വാരിയേഴ്‌സ് അച്ചാര്‍...ഇല്ലപ്പേരു ചേര്‍ത്തു വേണ്ടതിലേറെ.അച്ചാര്‍ കല്ലുമ്മക്കായയും,കൊഞ്ചുമാകുമ്പോള്‍ പേരു ബീവിസ് തന്നെ.സാമ്പാറിന്റെ കാര്യം വന്നാല്‍ പൊടി അയ്യേഴ്‌സ് തന്നെ വേണം.അതുകൊണ്ടും തൃപ്തി വരാത്തവര്‍ക്ക് അയ്യങ്കാര്‍ സാമ്പാര്‍ മിക്‌സും തയ്യാര്‍.രസപ്പൊടി ഏതായാലും നന്നാവണമെങ്കില്‍ അമ്മ്യാഴ്‌സ് തന്നെ വേണം.ഏറ്റവും രസകരം ബ്രാഹ്മിന്‍സ് പുട്ടുപൊടിയാണ്.കേരളബ്രാഹ്മണന്‍മാരുടെ അടുക്കളയില്‍ പത്തൊന്‍പതാം നൂറ്റാണ്ടു കഴിയുന്നതുവരെ കയറ്റാത്തൊരു സാധനമാണ് പുട്ട്.അവര്‍ അതിനെ... കണ്ടിയപ്പം.. എന്നാണു വിളിച്ചിരുന്നത്.അതിന്റെ വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവും വിശദീകരിക്കേണ്ടതില്ലല്ലോ...അയ്യേഴ്‌സ് ഫിഷ് മസാല,അയ്യങ്കാഴ്‌സ് മീറ്റ് മസാല,വാര്യയേഴ്‌സ് ചിക്കന്‍ മസാല എന്നിവയും ഉണ്ടോ എന്നു വ്യക്തമല്ല.സുറിയാനി ക്രിസ്ത്യാനികളുടെ പേരില്‍ ഒരുപാടു കറിപ്പൊടികളും ചമ്മന്തിപ്പൊടിയും മാര്‍ക്കറ്റില്‍ സുലഭം
.എന്നാല്‍ നെല്ലിന്റെയും അരിയുടെയും കാര്യം വരുമ്പോള്‍ ജാതി അപ്പാടെ അപ്രത്യക്ഷമാകും.കാരണം ചെളിയിലിറങ്ങി പാടത്തു പണിയെടുക്കുന്നവര്‍ ആരാണന്ന് എല്ലാവര്‍ക്കുമറിയാം.അഞ്ചു കിലോ,പത്തു കിലോ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന ഈ അരികളുടെ ബ്രാന്‍ഡ് നാമം ചെറുമനെന്നോ,പുലയനെന്നോ,കള്ളാടിയെന്നോ,കണക്കനെന്നോ അല്ല പകരം നിറപറ,പൊന്‍കതിര്‍,ഡബിള്‍ ഹോഴ്‌സ്,പവിഴം എന്നിവയൊക്കെയാണ്.എനിക്ക് ഒരപേക്ഷയേ ഉള്ളു.കപ്പ,ചേന,കാവുത്ത്,നനക്കിഴങ്ങ്്,ചക്കരക്കിഴങ്ങ് തുടങ്ങിയമൈനര്‍സെറ്റ് വേഷങ്ങളും നമ്മുടെ ഭക്ഷണത്തിലുണ്ട്.അതു നമ്മുടെ സമൂഹത്തിലെ മൈനര്‍ സെറ്റ് വേഷങ്ങള്‍ക്ക് ബ്രാന്‍ഡ് ചെയ്യാനായി വിട്ടുകൊടുക്കുക.അവരും ഭക്ഷണം കഴിക്കുന്നവരാണ്.മൂന്നു നേരവും കഴിക്കുന്നുണ്ടാവണമെന്നില്ലന്നു മാത്രം....
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.