കാറും കോളും ഒഴിഞ്ഞ കടലിലെ കപ്പിത്താനായി ശിവന്‍കുട്ടി.
അസംബ്ലി കോക്ക്‌ടെയില്‍.
കാറും കോളും ഒഴിഞ്ഞ കടലിലെ കപ്പിത്താനായി ശിവന്‍കുട്ടി.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
സഭാതലം മണ്‍സൂണ്‍കാലത്തെ കടലുപോലെയാണ്.കാറും കോളും ഉരുണ്ടുകൂടുന്നതെപ്പോഴാണന്നറിയില്ല.ചിലപ്പോള്‍ ശാന്തം.ചിലപ്പോള്‍ പ്രക്ഷുബ്ദം അങ്ങിനെ.ഇന്നലെ വിദ്യാഭ്യാസമന്ത്രിയെ വിഴുങ്ങാന്‍ പോന്ന ശൗര്യത്തില്‍ നിന്ന പ്രതിപക്ഷ കടലലകള്‍ ഇന്ന് ശാന്തസുന്ദരമായി കുഞ്ഞോളങ്ങളിളക്കി നിന്നു. വലിയൊരുനാവികനെപ്പോലെ ശിവന്‍കുട്ടി തന്‍മയത്വമായി തന്റെ യാനം കടവിലടുപ്പിക്കുകയും ചെയ്തു.സഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉയര്‍ത്തിയത് പ്ലസ്സ് വണ്‍ അഡ്മിഷന്‍ സംബന്ധിച്ച ആശങ്കയായിരുന്നു.വിജയശതമാനം വര്‍ദ്ധിച്ചു.മുന്‍വര്‍ഷത്തില്‍ നിന്നും ഏ പ്ലസ്സ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.കേരളത്തിലെ മാതാപിതാക്കളുടെ ഏറ്റവും വലിയ ഉല്‍കണ്ഠ കുട്ടികള്‍ക്ക് പഠിക്കാനുള്ള സീറ്റ് കിട്ടുമോ.. വിഷയം അവതരിപ്പിച്ച മുസ്ലീംലീഗിലെ എം.കെ മുനീറിന്റെയും,തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ശൈലിയില്‍ നിഴലിച്ചത് ആക്രമണത്തേക്കാള്‍ ആശങ്കയുടേതായിരുന്നു.മലാബാര്‍ ജില്ലകളില്‍ സീറ്റുകളുടെ എണ്ണം വിജയിച്ചവരെക്കാള്‍ വളരെക്കുറവാണന്നും കണക്കുകള്‍ ഉദ്ധരിച്ച് മുനീര്‍.കുട്ടികള്‍ക്ക് ആഗ്രഹിക്കുന്ന കോഴ്‌സ് ലഭിക്കില്ല.അതുകൊണ്ട് പുതിയബാച്ചുകള്‍ക്ക് അനുമതി നല്‍കണമെന്നും മുനീര്‍ ആവിശ്യപ്പെട്ടു.കുട്ടികളെവെച്ച് വെറുതെ തമാശകളിക്കാതെ പ്രമേയം ചര്‍ച്ചക്കെടുക്കണമെന്നു തന്നെയാണ് ആവിശ്യമെന്നും മുനീര്‍ പറഞ്ഞു.ചര്‍ച്ച നല്ലതാണ് പക്ഷേ സഭ നിര്‍ത്തിവേണ്ടാ..നമുക്ക് ഒരുമേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാം.വേണമെങ്കില്‍ ഞാന്‍ അങ്ങോട്ടു വരാം.പ്രതിപക്ഷ നേതാവും ഉപനേതാവുമായി ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യാം.ശിവന്‍കുട്ടി അഡ്മിഷന്‍ കാര്യങ്ങള്‍ കണക്കു നിരത്തി അവതരിപ്പിച്ചു. ശാന്തമായും എന്നാല്‍ തന്‍മയത്വമായും വിദ്യാഭ്യസമന്ത്രി തന്റെ മികവ് തെളിയിക്കുകയും ചെയ്തു.
ഒളിംപിക് മെഡലുകള്‍ കപ്പിനും ചുണ്ടിനുമിടയില്‍ കൈവിട്ടു പോകുമ്പോഴാണ് കളിക്കളത്തിനും,കായികതാരങ്ങള്‍ക്കുവേണ്ടിയും കേരളസഭാതാലം ചോദ്യങ്ങള്‍ കൊണ്ട് മുഖരിതമാവുന്നത്. പണി തുടങ്ങിയഗ്രൗണ്ടുകള്‍ അന്യാധീനപ്പെട്ടുപോകുന്നതായിരുന്നു പലരുടേയും പ്രശ്‌നം.ഏറനാട് എംഎല്‍ഏ പികെ ബഷീറിന് അരിക്കോട് സ്‌റ്റേഡിയം നവീകരിച്ച് പൂര്‍ത്തിയാക്കണം.പ്രളയം തകര്‍ത്ത സ്റ്റേഡിയം എത്രയും പെട്ടന്ന് നന്നാക്കുവാനുള്ള പണി തുടങ്ങിയെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. ഒളിംപിക്‌സില്‍ സെമിയില്‍ ഇന്ത്യന്‍ഹോക്കി ടീം പരാജയപ്പെട്ടതിന്റെ വിഷമം പങ്കുവെച്ചുകൊണ്ട് കെ.ബാബു എഴുന്നേറ്റപ്പോള്‍ .ബാബു പഴയ കളിക്കാരനാണന്ന് സ്പീക്കറുടെ പരാമര്‍ശം നല്ലയര്‍ത്ഥത്തില്‍ ആണെങ്കിലും സഭയില്‍ ചിരി പടര്‍ത്തി. നമ്മുടെ ഗ്രൗണ്ടുകള്‍ കളിക്കാന്‍ ഉപയോഗയോഗ്യമല്ലന്ന അഭിപ്രായമാണ് കെ.ബാബുവിന്.മൂന്നാറില്‍ ഹൈ ആള്‍ട്ടിട്യൂഡിലുള്ള അള്‍ട്രാ ടര്‍ഫ് സ്റ്റേഡിയം നിര്‍മ്മിക്കണമെന്നും തൃപ്പൂണിത്തറ എംഎല്‍ഏ. കെ.ബാബു ആവിശ്യപ്പെട്ടു. വള്ളിക്കുന്ന് എംഎല്‍ഏ പി.അബ്ദുള്‍ ഹമീദിന് അന്തര്‍ദ്ദേശീയ താരങ്ങളെ സംഭാവന ചെയ്ത കോഴിക്കാട് സര്‍വ്വകലാശാല കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് ഹബ് യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു ആവിശ്യം.മന്ത്രി ആവിശ്യം പരിഗണിച്ചപ്പോള്‍ പേരാവൂരില്‍ ജിമ്മി ജോര്‍ജ്ജിന് ജന്‍മനാട്ടില്‍ സ്മാരകം വേണമെന്ന് സണ്ണി ജോസഫ്.
കോവിഡ് കാലത്ത് നിര്‍ത്തിയ സീസണ്‍ ടിക്കറ്റ് എന്നത്തേക്ക് നല്‍കിത്തുടങ്ങുമെന്ന് സാധാരണക്കാരുടെ ആവിശ്യവുമായി ഇരവിപുരം എംഎല്‍ഏ എം.നൗഷാദ് വന്നു.റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിക്ക് ഉത്തരത്തിന് പരിമിതിയുണ്ടെങ്കിലും.അതിവേഗറെയില്‍ വരുമ്പോള്‍ തന്റെ മണ്ഡലത്തിലെ ചരിത്രപ്രസിദ്ധമായ താമരക്കുളം നെടുകെ പിളാരാതെ സംരക്ഷിക്കാമെന്ന് തിരൂര്‍ എംഎല്‍ഏ കുറുക്കോളി മൊയ്തീന് മന്ത്രി ഉറപ്പു നല്‍കി.ശബരീപാതക്കായി സ്ഥലമെടുത്ത പ്രദേശത്ത് ഒന്നും ചെയ്യാനാവാത്ത അവസ്ഥയും ആ മേഖലയിലെ പ്രതിനിധികള്‍ എടുത്തുകാട്ടി. പദ്ധതി എന്നുവരും എന്നെങ്കിലും അറിയണമെന്നാണ് ആവിശ്യം.