തിരുവനന്തപുരം:മത്സ്യത്തൊഴിലാളികളുടെ രക്ഷാകവചമായി സര്‍ക്കാര്‍ ഒരുക്കിയ മറൈന്‍ ആംബുലന്‍സ്, ഖജനാവ് കാലിയാക്കി കൊണ്ടിരിക്കുകയാണ്.
കടല്‍സുരക്ഷക്കായി മൂന്ന് മറൈന്‍ ആംബുലന്‍സ് ‘കാരുണ്യ’ , ‘പ്രത്യാശ’ ‘പ്രതീക്ഷ’ എന്നീ പേരുകളിലാണ് ഫിഷറീസ് വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയത്.
മീന്‍പിടിത്തത്തിനിടയില്‍ തൊഴിലാളികള്‍ അപകടത്തില്‍പെടുന്ന സാഹചര്യങ്ങളില്‍ , അതിവേഗ രക്ഷാപ്രവര്‍ത്തനത്തിനാണ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്. ആറ് കോടിയിലധികം രൂപ മുടക്കിയാണ് ഓരോ മറൈന്‍ ആംബുലന്‍സും നിര്‍മ്മിച്ചത്.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. സര്‍ക്കാരിന് നേരിട്ട് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മേല്‍നോട്ടച്ചുമതല ഇന്‍ലാന്റ് നാവിഗേഷന്‍ വിഭാഗത്തിന് നല്‍കിയത്. എന്നാല്‍ അവര്‍ നല്‍കിയ ‘മറ്റൊരു ഏജന്‍സിയാണ് നിലവില്‍ ജീവനക്കാരെ നിയമിച്ചത്.മറൈന്‍ ആംബുലന്‍സിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഏജന്‍സിക്ക് ഫിഷറീസ് വകുപ്പ് മാസം തോറും നല്‍കുന്നത് ഒമ്പതര ലക്ഷത്തില്‍പ്പരം രൂപ . ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി നാലര ലക്ഷത്തില്‍പരം രൂപ വേറെയും ചിലവാകുന്നു.ആകെയുള്ള പതിനൊന്ന് ജീവനക്കാരില്‍ ക്യാപ്റ്റന്‍,സ്രാങ്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കുള്ള ശമ്പളം ഏജന്‍സി മുഖാന്തിരം നല്‍കുമ്പോള്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നാല് ലൈഫ് ഗാര്‍ഡുമാര്‍ക്കുമുള്ള ശമ്പളം ഫിഷറീസ് വകുപ്പ് നേരിട്ട് നല്‍കുന്നു. ഇങ്ങിനെ ഏജന്‍സിക്കും ആംബുലന്‍സിന്റെ മേല്‍നോട്ടത്തിനും, ജീവനക്കാര്‍ക്കും ചേര്‍ത്ത് സര്‍ക്കാര്‍ മാസം തോറും ചിലവഴിക്കുന്നത് ലക്ഷങ്ങളാണന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു ഇതിലുപരി ഭാരിച്ച ഇന്ധനച്ചെലവും അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന തുകയും ചേര്‍ക്കുമ്പോള്‍ വര്‍ഷത്തില്‍ കോടികളാണ് ഖജനാവില്‍നിന്ന് കാലിയായി കൊണ്ടിരിക്കുകയാണ്.
ഏത് അപകട സാഹചര്യവും അതിജീവിച്ച് കടലില്‍ പോകേണ്ടുന്ന ആംബുലന്‍സിലെ തൊഴിലാളികള്‍ കഴിവും, വൈദഗ്ധ്യമുള്ളവരും ആകണമെന്ന നിബന്ധന പാലിക്കപ്പെട്ടില്ലെന്നും വ്യാപകമായ ആക്ഷേപം നിലനില്‍ക്കുകയാണ് കപ്പല്‍ ജോലിക്കാരായി വിരമിച്ചവരെയും യാതൊരു പരിജ്ഞാനവുമില്ലാത്ത ഏതാനും യുവാക്കളെയുമാണ് ഏജന്‍സികള്‍ ജീവനക്കാരായി നിയമിച്ചിരിക്കുന്നത്,
ജില്ലയിലെ തീരങ്ങളുടെ അധികാരപരിധിയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ,എന്നീ തുറമുഖത്ത് ‘കാരുണ്യ’ആംബുലന്‍സും, എറണാംകുളം തൃശൂര്‍ തീരങ്ങള്‍ വൈപ്പിന്‍ തുറമുഖത്ത് ‘പ്രത്യാശ’യും , തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ തീരങ്ങള്‍ വിഴിഞ്ഞം തുറമുഖത്തുള്ള ‘പ്രതീക്ഷ’ മറൈന്‍ ആംബുലന്‍സുമാണ് കടല്‍ സുരക്ഷക്കായി
ഫിഷറീസ് വകുപ്പ് സജ്ജമാക്കിയത്.
എന്നാല്‍,ഹാര്‍ബറുകളില്‍ കെട്ടിയിട്ട മറൈന്‍ ആംബുലന്‍സ് വല്ലപ്പോഴും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റോന്തുചുറ്റലിന് മാത്രം ഉപയോഗിക്കുന്നതല്ലാതെ,ഇതുവരെ ഒരു ജീവന്‍രക്ഷയും നടത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഫിഷിങ് ഹാര്‍ബറുകളിലെ ആംബുലന്‍സിന് ഓരോ ജില്ലക്കും അധികാരപരിധിയുണ്ടെങ്കിലും, അപകട സാഹചര്യങ്ങള്‍ അറിഞ്ഞാല്‍ ഇത്രയും ദൂരം ഓടിയെത്തുന്നതിനുപകരം അതാത് മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മീന്‍പിടിത്ത ബോട്ടുകളാണ് അതിവേഗത്തില്‍ രക്ഷകരായി എത്താറുള്ളതാണ് അദ്ദേഹം പറയുന്നു. ആംബുലന്‍സുകളുടെ രൂപകല്‍പ്പനയിലെ പിഴവുമൂലം അപകടത്തില്‍പ്പെടുന്ന മീന്‍ പിടിത്ത യാനങ്ങളുടെ സമീപത്തേക്ക് മറൈന്‍ ആംബുലന്‍സുകള്‍ ചേര്‍ത്ത്‌നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്തുവാനും കഴിയാറില്ല മീന്‍പിടിത്ത ബോട്ടുകളുടെ മാതൃകയില്‍ തന്നെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന്, ഏകദേശം ഒന്നരക്കോടി രൂപമാത്രം ചിലവില്‍ മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിക്കാമെന്നാണ് മത്സ്യ മേഖലയിലുള്ള വിദഗ്ധര്‍ പറയുന്നത്. വിഴിഞ്ഞംഹാര്‍ബറില്‍ ആംബുലന്‍സ് കെട്ടിയിട്ടിരുന്ന് ഫെന്റെറുകള്‍ തകര്‍ന്നത് തുടക്കത്തില്‍ വാര്‍ത്തയായിരുന്നു. അതു ശരിയാക്കുന്നതിന് ആയിരങ്ങള്‍ പേണ്ടിവന്നു.മല്‍സ്യത്തൊഴിലാളികളുമായോ,ഈ മേഖലയിലെ വിദഗ്ദരുമയോ യാതൊരു കൂടിയാലോചനയും ഇല്ലാതെ രൂപകല്പനചെയ്ത് പൂര്‍ത്തിയാക്കിയ മറൈന്‍ ആംബുലന്‍സുകള്‍ കടലിലേക്ക്് രക്ഷാദൗത്യത്തിനായി കാണിക്കാന്‍ പോലുമാവില്ലന്നാണ് ഇതെക്കുറിച്ചറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.കേരളത്തിലെ തീരക്കടലിന്റെ സ്വഭാവവും പ്രത്യേകതയും ഉള്‍ക്കൊള്ളാതെ മുന്‍പും രക്ഷാബോട്ടുകള്‍ നിര്‍മ്മിക്കുകയും സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാവുകയും ചെയ്ത ചരിത്രമുണ്ട്.ഇതറിയാവുന്നവര്‍ തന്നെയാണ് ഇത്തവണയും സര്‍വ്വ സംവിധാനങ്ങളുമൊരുക്കി കടലില്‍രക്ഷാദൗത്യത്തിന് കാണിക്കാന്‍ പറ്റാത്ത ആംബുലന്‍സുകള്‍ വീണ്ടും സൃഷ്ടിച്ചത്.
അത്യാധുനിക മറൈന്‍ ആംബുലന്‍സ് എന്നപേരില്‍ 10 മാസം മുമ്പ്, പതിനെട്ടര കോടിയോളം ചിലവാക്കി, പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാകവചമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആംബുലന്‍സ് ‘മറ്റാര്‍ക്കോ’ വേണ്ടിയുള്ള രക്ഷാകവചമാണെന്ന ആക്ഷേപം ഇതോടെ ശക്തമായിട്ടുണ്ട്. ആംബുലന്‍സുകളുടെ നിര്‍മ്മാണ ചിലവിലും, പ്രവര്‍ത്തനത്തിലും സുതാര്യത ഉറപ്പുവരുത്താതെ, സാമ്പത്തിക അഴിമതി നടക്കുകയാണന്നും അന്വേഷണം നടത്തണമെന്നുമാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.
(ലേഖകന്‍ സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റൊണ്.)