HomeEDITORIALമുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കുമ്പോൾ...

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കുമ്പോൾ…

മുഖ്യമന്ത്രിയുടെ പതിവു വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യം ചോദിച്ചതിൻ്റെ പേരിൽ എന്നെ വെറുമൊരു ‘സുഖിപ്പീരുകാര’ നായി ചിത്രീകരിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ സംഘടിതമായ ശ്രമം നടക്കുന്നുണ്ട്. സത്യത്തിൽ പത്രസമ്മേളനത്തിൽ ‘സുഖിപ്പീര്’ എന്നൊരു കലാപരിപാടി അരങ്ങേറുന്നുണ്ടെന്നകാര്യം എനിക്കറിയില്ല. എൻ്റെ വായനക്കാർക്കു വാർത്തയുണ്ടെന്നു തോന്നുന്ന വാർത്താ സമ്മേളനങ്ങളിൽ മാത്രമാണു ഞാൻ പോകുന്നത്. എൻ്റെ വായനക്കാർ എൻ്റെ പ്രസിദ്ധീകരണത്തിൽ നിന്നു പ്രതീക്ഷിക്കുന്ന വാർത്തകൾക്ക് ഉതകുന്ന ചോദ്യങ്ങൾ മാത്രമാണു ചോതിക്കാറ്.

യു എൻ സെക്രട്ടറി ജനറൽ തിരുവനന്തപുരത്തു വാർത്താ സമ്മേളനം നടത്തിയാൽ ഞാൻ ഇടിച്ചുകയറി മുൻനിരയിൽ സ്ഥാനം പിടിക്കാറില്ല. കാരണം യു എൻ സെക്രട്ടറി ജനറലും എൻ്റെ വായനക്കാരും തമ്മിലെന്ത് എന്ന ചോദ്യം സ്വയം ചോദിച്ചാൽ ശുദ്ധശൂന്യം എന്നേ എനിക്കു മറുപടി ലഭിക്കൂ. ബർമയിലെ റോഹിൻഗ്യൻ അഭയാർത്ഥികളുടെ മനുഷ്യാവകാശ പ്രശ്‌നമോ യെമനിലെ വെടിനിർത്തലോ ഇന്ത്യൻ ഭരണഘടനയുടെ 370 -ആം വകുപ്പു റദ്ദാക്കിയതോ ഒന്നും എൻ്റെ വായനക്കാരെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നതു തന്നെ കാരണം. പോരാത്തതിന് എൻ്റെ പ്രസിദ്ധീകരണം ഇൻ്റർനാഷണൽ ഹെറാൾഡ് ട്രിബൂൺ പോലെ ഒരു രാജ്യാന്തര പത്രവുമല്ല.

ഇതേസമയം തിരുവനന്തപുരത്തെ ഫിഷറീസ് വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ വാർത്താ സമ്മേളനം വിളിച്ചാൽ ഞാൻ പോയിരിക്കുമെന്നതു കട്ടായം. പോരാത്തതിന് എൻ്റെ വായനക്കാർക്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങളെക്കുറിച്ചു നിർബന്ധമായും ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യും. അതിനെ സിഖിപ്പീരായി ആരു ചിത്രീകരിച്ചാലും അതിനെ ഞാൻ നിസ്സംശയം അഗണ്യകോടിയിൽ തള്ളും.

മുഖ്യമന്ത്രിയോടു ഞാൻ ചോദിച്ചതു കേരളത്തിലെ മൽസ്യമേഖലയിൽ നിലനിൽക്കുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചാണ്. ഇതു മറ്റു പലർക്കും താല്പര്യമില്ലാത്ത കാര്യങ്ങളായിരിക്കാം. മൽസ്യമില്ലെങ്കിൽ ചോറിറങ്ങില്ലെങ്കിലും മൽസ്യം പിടിക്കുകയും അതു വീട്ടുപടിക്കൽ എത്തിച്ചു തരികയും ചെയ്യുന്ന മൽസ്യത്തൊഴിലാളികളോടുള്ള സ്നേഹം വാചകമടിയിൽ ഒതുക്കുന്നവർക്കു നമോവാകം എന്നല്ലാതെ എന്തു പറയാൻ ?

ഞാൻ വാർത്താ സമ്മേളനത്തിൽ ചോദിക്കുന്നത് എൻ്റെ വായനക്കാർക്ക് അറിയാൻ താല്പര്യമുള്ള മറുപടികൾ ലഭിക്കാനുള്ള ചോദ്യങ്ങളാണ്. മറ്റു ലേഖകരും ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ സ്വന്തം വായനക്കാരെ മനസ്സിൽ കാണുന്നുണ്ടായിരിക്കും എന്നാണു ഞാൻ കരുതുന്നത്. അവരുടെ ചോദ്യങ്ങളെ സുഖിപ്പീര് എന്നു വിളിച്ചു ആക്ഷേപിക്കാൻ ഞാൻ ആളല്ല.

എൻ്റെ പത്രത്തിൻ്റെ വായനക്കാർ കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. ഞാനും മത്സ്യത്തൊഴിലാളി പാരമ്പര്യമുള്ള ഒരു കുടുംബാംഗമാണ്. എൻ്റെ ചോരയിൽ കടലിൻ്റെ ഉപ്പ് വേണ്ടുവോളമുണ്ടാകും. എൻ്റെ ഗന്ധം കടൽക്കാറ്റിൻ്റെതായിരിക്കും. എൻ്റെ വാക്കുകളിൽ കടലിൻ്റെ ഏറ്റിറക്കലുകൾ കലർന്നിരിക്കും. അതുകൊണ്ടു ഞാൻ കടലിനെക്കുറിച്ചും കടലിൻ്റെ മക്കളെക്കുറിച്ചും ചോദിച്ചു കൊണ്ടേയിരിക്കും. എനിക്കു ചോദിക്കാതെ വയ്യ.

യേശുദാസ് വില്യം, മാനേജിംഗ് എഡിറ്റര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments