തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ‘പുനർഗേഹം’ പദ്ധതിയിൽ തീരദേശവാസികളുടെ ആകുലതകൾ പരിഹാരമില്ലാതെ നീളുന്നു. കടലേറ്റത്തിൽ വീടിനും സ്വത്തിനും നാശനഷ്ടം നേരിടുന്നവരെയും, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ദൂര പരിധിയിൽ പ്രാണഭീതിയോടെ താമസിക്കുന്നവരുമായ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് ‘പുനർഗേഹം’.
തീരദേശത്തുകാർ ഭൂമി വിട്ടുപോകുമ്പോൾ പ്രഖ്യാപിച്ചുള്ള നഷ്ടപരിഹാരത്തുക, സര്‍ക്കാരിനു നല്‍കേണ്ട സത്യവാങ്മൂലം എന്നിവയിലെല്ലാം അവ്യക്തതകളും അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികളെ അലട്ടുന്നത്.സ്ഥല വില, രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് നികുതി, എഴുത്തു കൂലി എന്നിവ ഉള്‍പ്പെടെ ആറും ലക്ഷവും വീടു നിര്‍മാണത്തിനു നാലു ലക്ഷവുമാണു സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. പത്തു ലക്ഷം വാങ്ങിയാല്‍ അഞ്ചു സെന്റു വരെയുള്ള ഭൂമിയും പുരയിടവും സര്‍ക്കാരിലേക്കു വിട്ടുകൊടുക്കാമെന്നു സത്യവാങ്മൂലം നല്‍കണം. എന്നാല്‍ ഈ വിലയ്ക്കു തീരത്തിനു പുറത്തു വീടുനിര്‍മാണത്തിനു യോഗ്യമായ ഭൂമി പോലും വാങ്ങുവാൻ തികയില്ലെന്നാണു തീരവാസികള്‍ പറയുന്നത്. പുതിയ ഭൂമിയുടെയും വീടിന്റെയും ക്രയവിക്രയം സംബന്ധിച്ച നിര്‍ദേശങ്ങളിലും അവ്യക്തതയുണ്ട്. ഗുണഭോക്താക്കള്‍ നിലവിലുള്ള കെട്ടിടം സ്വന്തം നിലയില്‍ പൊളിച്ചു മാറ്റണമെന്ന ചട്ടവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.നിര്‍ബന്ധിച്ച് ആരെയും പദ്ധതിയില്‍ അംഗമാക്കില്ല എന്ന് പറയുമ്പോള്‍ത്തന്നെ, മാറിത്താമസിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കു കടല്‍ക്ഷോഭം മൂലം ഭൂമിക്കും വീടിനും ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ ധനസഹായത്തിനും അര്‍ഹതയുണ്ടാവില്ല എന്നും വ്യവസ്ഥയുണ്ട്.ഇതില്‍ അനീതിയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.കൈവിടുന്ന സ്ഥലം സംബന്ധിച്ച സത്യവാങ്മൂലത്തിൽ പരിത്യജിക്കൽ, റീലിങ്ക്വിഷ് , സറണ്ടർ എന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത് . ഭൂമി പൂർണമായും സർക്കാരിന് നൽകണമെന്നാണർത്ഥം.പദ്ധതി നടത്തിപ്പിൽ പുനരാലോചന വേണമെന്ന നിർദേശം മത്സ്യത്തൊഴിലാളികൾ ശക്തമായി ഉയർത്തുന്നുണ്ട്.
2019ലെ തീര നിയന്ത്രണ വിജ്ഞാപനപ്രകാരം തീരവാസികള്‍ക്ക് അവരുടെ വീടുകള്‍ നിബന്ധനകള്‍ക്കു വിധേയമായി പുതുക്കിപണിയാനും ഹോംസ്റ്റേകള്‍ നടത്താനും അവകാശമുണ്ടായിരുന്നു. പുനര്‍ഗേഹം പദ്ധതിയിലൂടെ ഈ സാധ്യത ഇല്ലാതാവുകയാണ്.
പുനരധിവാസത്തിന് ആവശ്യമായ സ്ഥലം പൂർണ്ണമായും കണ്ടെത്താൻ സർക്കാറിന് കഴിയാത്തതും പ്രശ്നമാണ്.ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. അവിടെ 4660 കുടുംബങ്ങള്‍ക്ക് ഇതുവരെ ജീവിച്ച വീടും ഭൂമിയും വിട്ടൊഴിയേണ്ടിവരും. ആദ്യഘട്ടത്തിൽ 2487 കുടുംബങ്ങളെയും രണ്ടും, മൂന്നും ഘട്ടങ്ങളിലായി 5099 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഒന്നാം ഘട്ട പുനരധിവാസത്തിന് 998.61 കോടിയും രണ്ടാംഘട്ടം 796.54 കോടിയും, മൂന്നാം ഘട്ടം 654.85 കോടിയുമാണ് വിനിയോഗിക്കുക.ഇതിനായി 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ബാക്കി 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ മൂന്നുവർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നാണ് കണ്ടെത്തുക
കോഴിക്കോട്, മലപ്പുറം, കണ്ണൂർ,കാസർഗോഡ്, തൃശൂർ,എറണാകുളം,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 18,685 വീടുകളാണ് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്റർ ദൂരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നത്.ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരിക. രണ്ടാമത് തിരുവനന്തപുരം.കോഴിക്കോട് ജില്ലയിൽ 2609 കുടുംബങ്ങൾ. ഏറ്റവും കുറവ് 408 കുടുംബങ്ങളുള്ള തൃശൂര്‍ ജില്ലയാണ്.
സംസ്ഥാനത്തെ തീര മേഖലയായ 590 കിലോമീറ്ററിൽ 350 കിലോമീറ്റർ ഏരിയ,രൂക്ഷമായ കടലേറ്റം നേരിടുന്ന സ്ഥലമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കടൽക്ഷോഭം കാരണം വർഷത്തിൽ ശരാശരി 5000 വീടുകളിലെങ്കിലും തകരുന്നതായാണ് ഇത് വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരള തീരത്തു വേലിയേറ്റ രേഖയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം ജില്ല തിരിച്ച്:തിരുവനന്തപുരം- 3339കൊല്ലം – 1580ആലപ്പുഴ – 4660എറണാകുളം – 1618തൃശൂര്‍ – 408മലപ്പുറം – 1806കോഴിക്കോട് – 2609കണ്ണൂര്‍ – 1512കാസര്‍ഗോഡ് – 1153
‘പുനർഗേഹം’ പദ്ധതി;തീരവാസികൾക്ക് ആകുലത
RELATED ARTICLES