യേശുദാസ് വില്യം. നോട്ടിക്കല്‍ ടൈംസ് കേരള. കൊല്ലം. എംഎസ്സ്‌സി എല്‍സാ 3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പൊതുതാല്‍പര്യഹര്‍ജിയില്‍ സര്‍ക്കാരും,വിവിധ ഏജന്‍സികളും നല്‍കിയ സത്യവാങ്മൂലം അമ്പരപ്പിക്കുന്ന വൈരുദ്ധ്യങ്ങളുടെ സാക്ഷ്യപത്രമാവുന്നു.ഇതില്‍ പ്രധാനമായും മലിനീകരണനിയന്ത്രണബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ ആടിനെ പട്ടിയാക്കുന്ന കണ്ടെത്തലുകളുടെ ഘോഷയാത്രയാണ്.തോട്ടപ്പള്ളി മുതല്‍ തെക്കോട്ട് വിഴിഞ്ഞം വരെയുള്ള കടല്‍വെള്ളം പരിശോധിച്ചതില്‍ പിഎച്ച് മൂല്യം കൃത്യമാണന്നും മലിനീകരണം ഇല്ലന്നുമാണ് പ്രഥമികമായ കണ്ടെത്തലെന്നു കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നു.അതുപോലെ തന്നെ അഴീക്കലില്‍ നിന്നും വടക്കോട്ടുള്ള കടല്‍വെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറവാണന്നും കണ്ടെത്തിയതായി പറഞ്ഞിട്ടുണ്ട്.അഴീക്കലിനു പടിഞ്ഞാറു തീ പിടിച്ച വാന്‍ഹൂയി കപ്പലില്‍ നിന്നുള്ളതാവാം മലിനീകരണമെന്നാണ് നിഗമനമെന്നു സ്വാഭാവികമായും കരുതാം.എന്നാല്‍ വാന്‍ഹുയി കപ്പല്‍ ഇതിനോടകം തന്നെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുള്ള പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞതായാണു വിവരം.മുങ്ങാത്ത കപ്പല്‍ കിടന്ന കടല്‍ വെള്ളത്തില്‍ മലിനീകരണവും,മുങ്ങിയ കപ്പല്‍ കിടന്ന കടലില്‍ മലിനീകരണമില്ലന്നുമുള്ള കണ്ടെത്തെല്‍ കോടതിക്കു മുമ്പില്‍ സര്‍ക്കാരിനെ മുട്ടു കുത്തിക്കും. അറബിക്കടലിലെ മലിനീകരണവും,പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉന്നയിച്ചു കൊണ്ടാണ് കേരള സര്‍ക്കാര്‍ 9531 കോടി രൂപ നഷ്ടപരിഹാരം ആവിശ്യപ്പെട്ടിരിക്കുന്നത്. അതേ സര്‍ക്കാര്‍ ഏജന്‍സി തന്നെയാണ് മലിനീകരണമില്ലന്ന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരിക്കുന്നത്.അതേസമയം എം എസ് സി ഷിപ്പിംഗ് കമ്പനി എല്‍സാ 3 എന്ന കപ്പല്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ളതല്ലന്നും കോടതിയില്‍ നല്‍കിയ സത്യവാങ്്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ലൈബീരിയന്‍ ഉടമസ്ഥരായുള്ള കപ്പലാണെങ്കിലും നഷ്ടപരിഹാരം നേടിയെടുക്കുവാന്‍ ഉപോല്‍ബലകമായ രേഖകളും തെളിവുകളും നിരത്തുന്നതില്‍ സര്‍ക്കാരും പിന്നോക്കം പോയിരിക്കുന്നു എന്നുവേണം ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലും കപ്പല്‍ കടലില്‍ നിന്നും നീക്കം ചെയ്യുന്നകാര്യത്തിലും സര്‍ക്കാരിനെ ഉപദേശിക്കുന്നതു കേരള മാരിടൈം ബോര്‍ഡ് ആണ്.കടലിനെക്കുറിച്ചോ മാരിടൈം മേഖലയെക്കുറിച്ചോ യാതൊരു പിടിപാടുമില്ലാത്ത ബോര്‍ഡ് ചെയര്‍മാനും,സിഇഓയുമാണ് പുന:സംഘടിപ്പിച്ച ബോര്‍ഡ് നിയന്ത്രിക്കുന്നത്.ഇവരുടെ ഇതുവരെയുള്ള ഉപദേശങ്ങളില്‍ കപ്പല്‍ കമ്പനി പൊടിയും തട്ടി പോകുവാനുള്ള എല്ലാ പഴുതുകളും ഉണ്ട്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (സ്വിറ്റ്‌സര്‍ലണ്ട്), എംഎസ്സ് സി കപ്പല്‍ കമ്പനി (ഇന്ത്യ),അദാനി പോര്‍ട്ട് എന്നിവരെ എതിര്‍ കക്ഷികളാക്കി നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ നല്‍കിയ അഡ്മിറാലിറ്റി നിയമപ്രകാരമുള്ള കേസ് കപ്പലുടമ തങ്ങളല്ലെന്ന വാദത്തോടെ സര്‍ക്കാരിനെയും വെട്ടിലാക്കുമെന്നാണ് ഈ മേഖലയിലെ നിയമവിദഗ്ധര്‍ പറയുന്നത് അപ്പോള്‍ സര്‍ക്കാര്‍ ആവിശ്യപ്പെടുന്ന 9531 കോടിരൂപ ആരു തരും എന്ന ചോദ്യം ഉയരും.കപ്പല്‍ കടലില്‍ നിന്നുംഎടുത്തു മാറ്റാന്‍ എംഎസ്സ്‌സി കമ്പനി തയ്യാറാകാതെ മടങ്ങിപോയാല്‍ സര്‍ക്കാരിനു കപ്പല്‍ നീക്കം ചെയ്യുവാന്‍ ആവിശ്യമായ 1100 കോടിയോളം വേണ്ടിവരുമെന്നിരിക്കേ അതിനു സമ്മര്‍ദ്ദം ചെലുത്താതെ ഒരിക്കലും ലഭിക്കാനിടയില്ലാത്ത 9531 കോടി എന്ന നഷ്ടപരിഹാര തുക ആരുടെ കണ്ടെത്തലാണന്നും ചോദ്യമുയരും. നിര്‍ണ്ണായകമായ തുടര്‍വാദത്തിനായി കാത്തിരിക്കാം.