തീരത്തെ പുതിയ ഇടയന്‍മാര്‍. യേശുദാസ് വില്യം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ ഒന്‍പതു ഡീക്കന്‍മാര്‍ ഇന്നു പുരോഹിത പട്ടം സ്വീകരിച്ച് വൈദീകരാവുന്നു.പുരോഹിത പട്ടം സ്വീകരിക്കുന്ന ഈ യുവാക്കളില്‍ ഒരാളൊഴികെ മറ്റെല്ലാവരും തീരത്തെ മല്‍സ്യബന്ധന മേഖലയില്‍നിന്നുമുള്ളവരാണ്. ലോകത്തു തന്നെ അപൂര്‍വ്വമാണ് തീരമേഖലയില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനത്തിനായി ഒരു രുപതയില്‍ ഇത്രയധികം പുരോഹിതന്‍മാര്‍.ഒരു വീട്ടില്‍ നിന്നുതന്നെ രണ്ടുപേര്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്നുണ്ട്.പൊഴിയൂര്‍ പരുത്തിയൂര്‍ തീരത്തുനിന്നും അതിരൂപതയില്‍ പൗരോഹിത്യത്തിലെത്തിയ മുത്തപ്പന്‍ സഹോദരന്‍മാരുടെ ജീവിതകഥ സമാനതകളില്ലാത്തതാണ്.തീരത്തെ വറുതികളില്‍ നിന്നും മോചനം തേടി അനാഥാലയത്തില്‍ പഠിച്ചു പിന്നീട് പുരോഹിത്യത്തിലെത്തിയ മുത്തപ്പന്‍ സഹോദരന്‍മാരില്‍ ജോണ്‍സണ്‍ മുത്തപ്പന്‍ അകാലത്തില്‍ മരിച്ചതും അതിരൂപതയുടെ നീറുന്ന ഓര്‍മ്മയാണ്. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുരോഹിത ശ്രേഷ്ടന്‍മാരില്‍ കൂടുതലും തീരപ്രദേശത്തുനിന്നും പൗരോഹിത്യത്തിലെത്തിയിട്ടുള്ളവരാണ്.അഭിവന്ദ്യ സൂസപാക്യം പിതാവ്,ഇപ്പോഴത്തെ മെത്രോപ്പോലീത്തയായ തോമസ് ജെ നെറ്റോ,സഹായമെത്രാന്‍ ക്രിസ്തുദാസ് തുടങ്ങി ഭൂരിപക്ഷം പുരോഹിതന്‍മാരും കടലിന്റെ മക്കളാണ്.ഇപ്പോള്‍ പട്ടം കിട്ടുന്ന ഫ്രെഡി വര്‍ഗ്ഗീസും,റീഗന്‍ ചാള്‍സും മാര്‍ത്താണ്ഡം തുറൈ തീരത്തു നിന്നുമാണ്.കൊച്ചുതുറ തീരത്തു നിന്നും ഗോഡ്‌വിന്‍ വരുന്നു..സഫീന്‍ ഇഷാന്‍ ഗില്ലീസ് കൊല്ലംകോട് തീരത്തു നിന്നുമാണ്.മരിയ കിജോ.സിയും,റോബിന്‍ കെ.യും തമിഴ്‌നാട്ടിലെ തൂത്തൂര്‍ തീരത്തു നിന്നുമാണ്.സില്‍വദാസന്‍ പള്ളം തീരത്തു നിന്നും,സ്റ്റാലിന്‍ ടോം തുമ്പ തീരത്തുനിന്നുമാണ് പൗരോഹിത്യപട്ടത്തിലേക്കു വരുന്നത്.പെരിങ്ങമ്മലയില്‍ നിന്നുമുള്ള സന്തോഷ് കുമാറാണ് പൗരോഹിത്യം സ്വീകരിക്കുന്ന മറ്റൊരു ഡീക്കന്‍.
