യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
ജെസ്റ്റീന ആഞ്ചിലി എന്ന അന്‍പതു വയസ്സുള്ള പ്രിയപ്പെട്ടവരുടെ ഗ്ലാറിയുടെ ശവമഞ്ചത്തിനു ചുറ്റും മക്കളും,ബന്ധുക്കളും സുഹൃത്തുക്കളും പൊടുന്നനെയുള്ള മരണം വിശ്വസിക്കുവാനാകാതെ ഇരുന്നു.അകത്തൊരു മുറിയില്‍ ആഞ്ചിലി തളര്‍ന്നിരിക്കുന്നു.ചലിച്ചുകൊണ്ടിരിക്കുന്ന യന്ത്രം പോലെയായിരുന്നു എപ്പോഴും അയാളുടെ നീക്കങ്ങള്‍. ദുഖത്തിന്റെ ദീര്‍ഘനിശ്വാസങ്ങള്‍ അകത്തളത്തില്‍ ഉയരുമ്പോഴുംഎന്നാല്‍ അതൊരു മരണവീടല്ല.. ആണന്നു വിശ്വസിക്കാന്‍ മനസ്സു സമ്മതിക്കുന്നില്ല.വീടിനു പുറത്ത് ജെസ്റ്റീന നട്ടുവളര്‍ത്തിയ പൂച്ചെടികളും,ഫലവൃക്ഷങ്ങളും,വള്ളിപടര്‍പ്പുകളും ജെസ്റ്റീനയുടെ സജീവമായ ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ടേയിരുന്നു.വളര്‍ന്നു പൂവിട്ടും കായ്ച്ചു നില്‍ക്കുന്ന മനോഹരമായ ജാതിമരം അതിനടുത്ത് കൗമാരംകഴിഞ്ഞൊരു പ്ലാവ്,പിന്നെ ചക്കരമാവ് ചുറ്റാകെയുള്ള മതിലുകളില്‍ പച്ച നിറച്ചാര്‍ത്തുപോലെ കുരുമുളക് വള്ളികള്‍ ഇടതൂര്‍ന്നു പറ്റി പിടിച്ചിരിക്കുന്നു. ചെമ്പരത്തിയും,തെറ്റിയും അരളിയും തുടങ്ങി ചട്ടികള്‍ നിറയെ തഴച്ചു നില്‍ക്കുന്ന പൂച്ചെടികള്‍..മരങ്ങള്‍ക്കും ജീവനുണ്ടന്നല്ലേ പറയുന്നത് അപ്പോള്‍ അവിടെ കൂടി നിന്നവരോട് അവരുടെ ഭാഷയില്‍ പറയുന്നുണ്ടാവും ജസ്റ്റീന മരിച്ചിട്ടില്ല എന്ന്.അല്ലെങ്കില്‍ അത്രയും ആകസ്മികമായ മരണത്തിന്റെ തീവ്രതയെ അവര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ ഘനീഭവിപ്പിച്ചു.
എന്റെ നാട്ടിലെ (കൊല്ലം ശക്തികുളങ്ങര തീരഗ്രാമം) ആളുകള്‍ പരസ്പരം ബന്ധുക്കളാണ്.അതുപോലെ തന്നെ വാശിയും വൈരാഗ്യവും എല്ലാമുണ്ട്. കടലുപോലെയാണ് അവരുടെ മനസ്സ്..കടലോ,കായലോ കൈത്തോടുകളോ അതിരിടാത്ത അല്ലെങ്കില്‍ സാമീപ്യമില്ലാത്ത പ്രദേശം ഇവിടെ കുറവാണ്.എന്റെ സുഹൃത്തായ ഹാന്‍ജോ ബേബിയുടെ അടുത്ത സുഹൃത്തായ ആഞ്ചിലിയെ ഹാന്‍ജോയോടൊപ്പമുള്ള നാട്ടുവര്‍ത്തമാനത്തിനിടയില്‍ ഒരു മിന്നലാട്ടം പോലെ കണ്ടുപോകാറാണുള്ളത്.നാടിന്റെ മുഖ്യധാരയില്‍ നിന്നും നാഷണല്‍ ഹൈവേ വേര്‍പെടുത്തിയിട്ടിരിക്കുന്ന ചെറിയ പ്രദേശമുണ്ട്.അഷ്ടമുടിക്കായലിന്റെയും,അതിന്റെ കൈവഴിയുടെയും സാമീപ്യമുള്ള സ്ഥലത്താണ് ആഞ്ചിലിയുടെയും ജെസ്റ്റീനയുടെയും ഇസ്‌മേരിയ മാന്‍ഷന്‍ നിലകൊള്ളുന്നതും ജീവിതത്തിന്റെ പച്ചപ്പും പുഷ്ടിയും ആര്‍ജ്ജിച്ചത്. മരണവാര്‍ത്ത അറിഞ്ഞെത്തുന്നതുവരെ ആഞ്ചിലി താമസിക്കുന്നത് ഇവിടെയാണന്നറിയില്ലായിരുന്നു..കൗമാര കാലത്തെ കരോള്‍ സംഘത്തോടൊപ്പം സഞ്ചരിച്ച ഓര്‍മ്മകള്‍ മാത്രമാണ് ഈ സ്ഥലങ്ങളെക്കുറിച്ചുള്ളത്്.
ആഞ്ചിലിയുടെ തൊട്ടയല്‍ പക്കത്തുള്ള കൃഷി ഓഫീസറായ ജേക്കബ്‌മേരിയും തന്റെ നിരീക്ഷണം പങ്കുവെച്ചു.ചെടികളും,മരങ്ങളുമെല്ലാം അദ്ധ്യാപിക കൂടിയായ ജെസ്റ്റീന തേടിപിടിച്ചു കണ്ടെത്തി കൊണ്ടുവരുന്നതാണ്. പഠിപ്പിച്ച കുട്ടികളും സഹപ്രവര്‍ത്തകരുമൊക്ക ജസ്റ്റീന ടീച്ചറെ അവസാനമായി കണ്ടു പുറത്തിറങ്ങി ആ വീട്ടിലെ സസ്യ ലതാതികളില്‍ കണ്ണുടക്കി നില്‍ക്കുകയാണ്.അപ്പോള്‍ അവരുടെ മനസ്സില്‍ എന്താവും തോന്നിയിട്ടുള്ളത്്.ട്രോളിംഗ് ബോട്ടുകളുടെ ഇരമ്പലും,തോര്‍ന്ന കുറ്റിവല തൂരിന്റെ മണവും,മീന്‍ ഉണക്കലുമൊക്കെ പുഷ്ടിപ്പെട്ടു നിന്ന ഇവിടെ പുറമേയുള്ള തിരക്കേറിയ ഹൈവേയുടെ ഹുംങ്കാര ശബ്ദങ്ങളുമൊന്നും ആ വീട്ടിന്റെ ചുറ്റുവട്ടത്തിട്ട കസേരയിലിരിക്കുമ്പോള്‍ അനുഭവപ്പെട്ടില്ല.. ഈ സ്ഥലം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആഞ്ചിലി വാങ്ങിയത് ശക്തികുളങ്ങരയിലുള്ള ലൂക്കയില്‍ നിന്നായിരുന്നു. അതിനുമുന്‍പ് ബഞ്ചമിന്‍ സാറിന്റെതായിരുന്നു.അദ്ദേഹം ജെറോണ്‍ മേസ്തിരിയുടെ മൂത്ത മകള്‍ എലിസബത്തിനെ വിവാഹം കഴിച്ച് താമസത്തിനായി വന്നത്് ഈ ഭൂമികയിലെ ഓടിട്ട പുരയിലായിരുന്നു.
മരണബാന്‍ഡിന്റെ നെഞ്ചിടിപ്പിക്കുന്ന ശബ്ദം ഉയര്‍ന്നു.മുന്നാമത്തെ വെടിയൊച്ചയും മുഴങ്ങിയപ്പോള്‍ ജെസ്റ്റീനയുടെ ശവമഞ്ചവും വഹിച്ചുള്ള വിലാപയാത്ര നാഷണല്‍ ഹൈവേയിലേക്കിറങ്ങി.ജീവിതയാത്രകളില്‍ കണ്ടിട്ടുണ്ടാവാമെങ്കിലും മനസ്സില്‍ ഒരിക്കല്‍പ്പോലും ഓര്‍ത്തെടുക്കാന്‍ പറ്റാത്തപ്പോഴും ജെസ്റ്റീന നട്ടുവളര്‍ത്തി ഉയര്‍ന്ന വൃക്ഷത്തലപ്പുകളിലെ ഇടതൂര്‍ന്ന ഇലകള്‍ കാറ്റിലിളകുന്നതു ഹൈവേയില്‍ നിന്നും കണ്ടു..മരിക്കാത്ത ഓര്‍മ്മകളായി അതങ്ങിനെ വളരട്ടെ....