' ദുഖത്തിന്റെ പാനപാത്രം' സന്തോഷത്തോടെ മലയാളിക്കു നല്‍കിയ സാധു കൊച്ചുകുഞ്ഞ് ഉപദേശി.
മോഹന്‍ ശ്രീശൈലം.
നോട്ടിക്കല്‍ ടൈംസ് കേരള.
പ്രശസ്തനായ ഒരു മലയാളി ക്രിസ്ത്യന്‍ മതപ്രചാരകനും കവിയും സംഗീതജ്ഞനുമായിരുന്നു സാധു കൊച്ചുകുഞ്ഞ് ഉപദേശി.(മലയാളം: സാധു കൊച്ചൂഞ്ഞ് ഉപദേശി; 1883 – 30 നവംബര്‍ 1945) കാഴ്ചയില്‍ വളരെ വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു കൊച്ചൂഞ്ഞ്. ഏകദേശം 175 സെന്റിമീറ്റര്‍ ഉയരവും വളരെ നേര്‍ത്തതും ദുര്‍ബലവുമായ ശരീരവുമായിരുന്ന അദ്ദേഹം വെള്ള ഷര്‍ട്ടും വെളുത്ത മുണ്ടും മാത്രമാണ് എല്ലായ്‌പ്പോഴും ധരിച്ചിരുന്നത്.
1883 നവംബര്‍ 29 ന് പത്തനംതിട്ട ജില്ലയില്‍ ആറന്മുളയ്ക്ക് അടുത്ത് ഇടയാറന്‍മുള എന്ന കൊച്ചു ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മുത്താമ്പക്കല്‍ ഇട്ടിയും മാതാവ് പെരിങ്ങാട്ടു പടിക്കല്‍ മറിയാമ്മയുമാണ്. ശരിയായ പേര് എം.ഐ വര്‍ഗ്ഗീസ് (മുത്താമ്പക്കല്‍ ഇട്ടി വര്‍ഗ്ഗീസ്) വിളിപ്പേര് കൊച്ചൂഞ്ഞ് എന്നും ആയിരുന്നു.
ശൈശവ വിവാഹം നിലനിന്നിരുന്ന കാലത്താണ് സാധു കൊച്ചുകുഞ്ഞ് ഉപദേശി ജീവിച്ചത്.അതിനാല്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ഏലിയാമ്മയെ വിവാഹം കഴിച്ചു.
അതിനു ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനായി അടുത്തുള്ള മര്‍ത്തോമ ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ ചേര്‍ന്നു.വിവാഹം ചെയ്തതു കൊണ്ട് സഹപാഠികള്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു. ഇതുമൂലം പൂവത്തൂര്‍ ഉള്ള ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ ചേര്‍ന്നു. അവിടെ വെച്ച് ഒരു കാരണവുമില്ലാതെ തന്നെ മറ്റുള്ളവരുടെ മുമ്പില്‍ നിര്‍ത്തി ശിക്ഷിച്ച അദ്ധ്യാപകനെക്കുറിച്ച് ഒരു കവിത എഴുതി. അതായിരുന്നു കവിത എഴുത്തില്‍ അദ്ദേഹത്തിന്റെ ആദ്യ ശ്രമം.
1898-ല്‍ 15 വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മാതാവ് മരിച്ചു. രോഗിയായിരുന്ന പിതാവിന് ഭാര്യയുടെ വേര്‍പാട് വലിയ ആഘാതമായിരുന്നു. 1903 -ല്‍ കുറച്ചു നിലവും, കടവും ബാക്കി വെച്ച് പിതാവും ലോകത്തോടു യാത്ര പറഞ്ഞു..
സാധു കൊച്ചുകുഞ്ഞ് ഉപദേശിക്ക് 3 മക്കളും ജനിച്ചു. വര്‍ഗ്ഗീസ്‌കുട്ടി , സാമുവല്‍കുട്ടി , മറിയാമ്മ എന്നിവരായിരുന്നു. വളരെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു ജീവിതം. ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ ഒരു അപകടത്തില്‍ മരിച്ചു ഒന്‍പത് വയസ്സായിരുന്നു. ആ തീരാ വേദനയിലും ദൈവത്തോടു പിറുപിറുക്കാതെ സുവിശേഷ വേല ചെയ്തു കൊണ്ടിരുന്നു.
കൃഷിയില്‍ നിന്നുള്ള ആദായം അവരുടെ ജീവിതത്തിനു തികയുന്നതായിരുന്നില്ല.അദ്ദേഹം മറ്റനവധി ജോലികള്‍ ചെയ്തു.തുണിക്കച്ചവടം നടത്തുകയും കുറച്ചു സമയം ഒരു സ്‌ക്കൂളില്‍ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ വളരെ നല്ല സഹായ മനസ്സുള്ളവരായിരുന്നു.ഒടുവില്‍ ഒരു കര്‍ഷകനായി തന്നെ നിലയുറപ്പിച്ചു.
അദ്ദേഹം രക്ഷിക്കപ്പെട്ടതിനു ശേഷം പതിനേഴാമത്തെ വയസ്സില്‍ തന്റെ ജീവിതം കര്‍ത്താവിന്റെ വേലയ്ക്കായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. കര്‍ഷകവൃത്തി കഴിഞ്ഞതിനു ശേഷം രാത്രി കാലങ്ങളിലായിരുന്നു സുവിശേഷ പ്രചരണം. മണിക്കൂറുകളോളം പ്രാര്‍ത്ഥനയ്ക്കായി സമയം ചിലവിട്ടിരുന്നു. അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടം പ്രാര്‍ത്ഥന തന്നെ ആയിരുന്നു.
പ്രാരംഭകാലം മുതല്‍ തന്നെ അദ്ദേഹം തന്റെ ഗ്രാമത്തില്‍ സണ്‍ഡേ സ്‌കൂള്‍, പ്രാര്‍ത്ഥന കൂട്ടായ്മകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.അവിടുത്തെ സഭാ വികാരി ആയ റവ.കെ.വി ജേക്കബും , കെ.വി സൈമണ്‍ എന്ന സഹപാഠിയും വേണ്ടുന്ന എല്ലാ പിന്‍തുണയും ചെയ്തു കൊടുത്തു.അവര്‍ ഒരുമിച്ച് ഇടയാറന്‍മുള ക്രിസ്ത്യന്‍ ഫെലോഷിപ്പ് (ECF) യൂത്ത് ലീഗ്, ക്രിസ്തീയ പരിചരണ കേന്ദ്രങ്ങള്‍ , വൃദ്ധസദനങ്ങള്‍ എന്നിവ രൂപീകരിച്ചു.
കൂട്ടായ്മയുടെ നടത്തിപ്പിനായി ചെങ്ങന്നൂര്‍ – കോഴഞ്ചേരി റോഡിനു സമീപമുള്ള തന്റെ സ്വന്തം സ്ഥലത്ത് അദ്ദേഹം യോഗം ആരംഭിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ ശുഭ്രവസ്ത്ര ധാരികളായ അനേകം പേര്‍ വന്നു കൂടിയിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക മിഷനറി പ്രവര്‍ത്തനങ്ങളുടെയും ഉറവിടം സാധു കൊച്ചുകുഞ്ഞ് ഉപദേശി ആയിരുന്നു. സുവിശേഷം പ്രസംഗിക്കുന്നതിനായി കേരളത്തിലും, ദക്ഷിണേന്ത്യയിലും, ശ്രീലങ്കയിലും അദ്ദേഹം യാത്ര ചെയ്തു.
തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തെ മാത്രം ആശ്രയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ദൈവത്തില്‍ നിന്നും നേര്‍വഴി അപേക്ഷിച്ച് മണിക്കൂറുകളോളം പ്രാര്‍ത്ഥനയ്ക്കായി ചിലവിടുമായിരുന്നു. വലിയ ആള്‍ക്കൂട്ടത്തില്‍ സുവിശേഷം പ്രസംഗിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സുവിശേഷ പ്രചരണ മാര്‍ഗ്ഗം. ഏതാണ്ട് 30 വര്‍ഷത്തോളം അദ്ദേഹം സുവിശേഷ വേലയില്‍ ഏര്‍പ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ദൈവസന്നിധിലുള്ള അര്‍പ്പണബോധത്തെ ചൂണ്ടിക്കാണിക്കുന്നു. സുവിശേഷം മാത്രമല്ല സാമൂഹിക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നു. വ്യാഴം മുതല്‍ ഞായര്‍ വരെ ആയിരുന്നു പൊതു യോഗങ്ങളില്‍ സംസാരിച്ചിരുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി അദ്ദേഹം സമയം മാറ്റി വെച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ചെറുപ്പക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായിരുന്നു. തന്റെ പ്രഭാഷണങ്ങളില്‍ നിറം പകരാനായി കഥകളും, ഉദാഹരണങ്ങളും, തമാശകളും, അനുഭവങ്ങളും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് കേരളത്തിലും ദക്ഷിണേന്ത്യയിലും വന്‍പിച്ച ഫലം ഉണ്ടായി. അനേകം പേര്‍ കര്‍ത്താവിനെ അറിഞ്ഞ് രക്ഷ പ്രാപിച്ചു. മദ്യപാനികള്‍ കൂട്ടായ്മകളില്‍ വന്ന് പുതിയ മനുഷ്യരായി കടന്നു പോകുന്നത് സ്ഥിരം കാഴ്ച്ച ആയിരുന്നു.
പരമക്രിസ്ത്യാനിത്വം, പരമാനന്ദ ക്രിസ്തീയജീവിതം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട അനേകം കൃതികളില്‍ ചിലതാണ്.
എന്നാല്‍ അതിലും പ്രസിദ്ധമായത് മലയാളികളായ ക്രൈസ്തവര്‍ ആനന്ദത്തില്‍ മുഴുകുന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളാണ്. മലയാളത്തില്‍ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കൃതികള്‍ ഒരുപാട് ഹൃദയങ്ങളില്‍ ഇന്നും പ്രത്യാശയും സന്തോഷവും പകര്‍ന്നുകൊണ്ടിരിക്കുന്നു. 210 ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ആശ്വാസ ഗീതങ്ങള്‍ എന്ന ഗ്രന്ഥവും രചിച്ചു.അവയില്‍ ചിലത്:
ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യ പാടീടും ഞാന്‍.
എന്റെ ദൈവം സ്വര്‍ഗ്ഗസിംഹാസനം തന്നില്‍ ….
പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ ….
ചേര്‍ന്നീടുമേ വേഗം ഞാനും ആ കൂട്ടത്തില്‍ ….
എന്റെ ദൈവം മഹത്ത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍….
ഉഷഃകാലം നാമെഴുന്നേല്ക്കുക പരനേശുവിനെ സ്തുതിപ്പാന്‍ ….
അവസാന ദിവസങ്ങള്‍
അദ്ദേഹത്തിന്റെ ക്രൂശിന്മേല്‍ ക്രൂശിന്മേല്‍ കാണുന്നതാരോ എന്ന ഭക്തി ഗാനം ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം നല്‍കി ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട് .
നിരന്തരമായ യാത്രകളും വിശ്രമമില്ലാത്ത സുവിശേഷ വേലയും അദ്ദേഹത്തെ പലപ്പോഴും രോഗിയാക്കി. 1945 ല്‍ അദ്ദേഹം കഠിനമായ രോഗബാധിതനായി. 1945 നവംബര്‍ 30 രാവിലെ 8.45 ന് അദ്ദേഹം അന്തരിച്ചു