HomeSPECIAL STORIESമാനസമൈന‘യിലൂടെ മലയാളികളുടെ മനംകവര്‍ന്ന മന്നാഡെ

മാനസമൈന‘യിലൂടെ മലയാളികളുടെ മനംകവര്‍ന്ന മന്നാഡെ

മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് മന്നാഡെ. പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിന് ആദ്യമായി നേടിത്തന്ന ചെമ്മീനിലെ ”മാനസമൈനേ വരൂ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവരാന്‍ ബംഗാളിയായ പ്രബോദ് ചന്ദ്രഡെയ്ക്ക് കഴിഞ്ഞു.

വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം മലയാളികളുടെ മനസ്സില്‍ ഒരു നൊമ്പരമായി നിറയാന്‍ മന്നാഡെയുടെ ശബ്ദത്തിന് കഴിഞ്ഞു.

മലയാളികളുടെ മറക്കാനാവാത്ത ശബ്ദമായി മാറിയെങ്കിലും മലയാള ചലച്ചിത്രഗാനരംഗത്ത് അദ്ദേഹം സമ്മാനിച്ചത് രണ്ടു ഗാനങ്ങള്‍ മാത്രം നെല്ലിലും ചെമ്മീനിലുമാണ് ആ സ്വരം നമ്മള്‍ കേട്ടത്.

മന്ന ഡെയുടെ പിതാവ് പൂർണ്ണ ചന്ദ്രയും, മാതാവ് മഹാമയ ഡേയുമാണ്. തന്റെ സംഗീത അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ മന്ന ഡേയുടെ അമ്മാവനായിരുന്ന കെ.സി.ഡെയുടെ വളരെയധികം പ്രഭാവം മന്നയിൽ ഉണ്ടായിരുന്നു. വിദ്യഭ്യാസ കാലത്ത് മന്ന ക്ക് റെസിലിംഗ്, ബോക്സിംഗ് എന്നിവയിൽ താൽപ്പര്യമുണ്ടായിരുന്നു.

കോളജില്‍ പഠിക്കുന്ന കാലത്താണ് തനിക്ക് പാടാനറിയാമെന്നും തന്റെ ശബ്ദം ശ്രാവ്യ സുഖം നല്‍കുന്നതാണെന്നും സ്വയം തിരിച്ചറിയുന്നത്. ആകെക്കൂടി കുടുംബത്തില്‍ സംഗീത വാസനയുള്ളവരായി ഒരമ്മാവന്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. കൃഷ്ണചന്ദ്ര ഡേ. സംഗീത പാരമ്പര്യവുമായി മന്നാഡെയെ കൂട്ടിയിണക്കിയ ഏക കണ്ണി. ചെറുപ്പത്തിലേ അമ്മാവനെ മന്നാഡെ ഗുരുവായി സ്വീകരിച്ചു. പിന്നീട് ഉസ്താദ് ദാബിര്‍ ഖാന്റെ കീഴില്‍ അല്‍പസ്വല്‍പം ക്ലാസിക്കല്‍ സംഗീതമഭ്യസിച്ചു.

ചെറുപ്പത്തിലേ രവീന്ദ്ര സംഗീതത്തില്‍ അനിതരസാധാരണമായ കഴിവ് പ്രകടിപ്പിച്ച മന്നാഡെ 1942ല്‍ മാതുലനോടൊപ്പം മുംബൈയിലേയ്ക്ക് വണ്ടി കയറി. കൃഷ്ണചന്ദ്ര ഡേ യുടെ സഹസംഗീത സംവിധായകനായിക്കൊണ്ടാണ് മന്നാഡെ സിനിമാസംഗീത രംഗത്ത് കാലെടുത്ത് വെയ്ക്കുന്നത്. കൃഷ്ണചന്ദ്രയെന്ന സംഗീത സംവിധായകന്‍, തന്റെ ചങ്ങാത്തം വെച്ച് മന്നാഡെയെ എസ് ഡി. ബര്‍മനു പരിചയപ്പെടുത്തുന്നു. ബര്‍മന്‍ മന്നാഡെയെ തുടക്കത്തില്‍ തന്റെ സഹായിയാക്കുകയാണ് ചെയ്തത്. മന്നാഡെ സ്വതന്ത്ര സംഗീത സംവിധായക രംഗത്ത് കാലെടുത്തുവെച്ചെങ്കിലും, അപ്പോള്‍ ഉസ്താദ് അമല്‍ അലി ഖാന്റെയും ഉസ്താദ് അബ്ദുറഹിമാന്‍ ഖാന്റെയും ശിഷ്യത്വം സ്വീകരിച്ച് അവരില്‍ നിന്ന് ക്ലാസിക്കല്‍ സംഗീതപാഠങ്ങള്‍ കൂടുതലായി അഭ്യസിക്കാനാണ് ആ ഇടവേള ഉപയുക്തമാക്കിയത്.

1943ല്‍ കൃഷ്ണചന്ദ്ര സംഗീതം നല്‍കിയ തമന്ന എന്ന ചിത്രത്തിലൂടെ ആദ്യമായി പിന്നണി രംഗത്തേയ്ക്ക് ചുവടു വെച്ചു. സുരയ്യയോടൊപ്പം പാടിയ ആ യുഗ്മഗാനം മോശമായിയെന്ന് പറയാവതല്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. വെള്ളിവെളിച്ചത്തിലേയ്ക്ക് വരാന്‍ മന്നാഡെയ്ക്ക് ഒരു നീണ്ട പതിറ്റാണ്ട് പിന്നേയും കാത്തിരിക്കേണ്ടി വന്നു, 1953ല്‍ എസ്.ഡി. ബര്‍മന്റെ സംഗീതസംവിധാനത്തിലിറങ്ങിയ മഷാല്‍ എന്ന ചിത്രത്തില്‍ പാടിയ സോലോ- ഊപര്‍ ഗഗന്‍ വിശാല്‍… ഇറങ്ങിയതോടെ മന്നാഡെ എന്ന പേര് ആസ്വാദക ലോകം മനസില്‍ കുറിച്ചിട്ടു. അതേ വര്‍ഷം ബംഗാളിയിലും മറാത്തിയിലുമിറങ്ങിയ അമര്‍ ഭൂപാലി-യില്‍ മന്നാഡെ പാടി.

1955ല്‍ രാജ് കപൂറിന്റെ ശ്രീ 420-(ശ്രീ ചാര്‍സൗബീസ്)-ല്‍ പ്യാര്‍ ഹുവാ ഇഖ്‌റാര്‍ ഹുവാ.., ദില്‍ കാ ഹാല്‍ സുനോ ദില്‍വാലാ..ലരേ., സിനിമ ഇറങ്ങും മുമ്പ് തന്നെ റേഡിയോയിലൂടെ ഇറങ്ങി സൂപ്പര്‍ ഹിറ്റുകളായവയാണ്.. 1957ല്‍ ചോരീ ചോരീ എന്ന പടത്തില്‍ ശങ്കര്‍-ജയ്കിഷന്മാര്‍ മന്നാഡെയെക്കൊണ്ട് രാജ് കപൂറിന് വേണ്ടി വീണ്ടും പിന്നണി പാടിച്ചു. ആ പാട്ടുകളെല്ലാം എക്കാലത്തേയും ഹിറ്റുകളായി ഇന്നും നിലനില്‍ക്കുന്നു. തുടക്കം മുതലേ രാജ്കപൂറിന്, മുഖേഷ് ആയിരുന്നു പിന്നണി പാടിയിരുന്നത്. പക്ഷെ ശ്രീ 420ലും ചോരി ചോരിയിലും മന്നാഡെയെക്കൊണ്ടാണ് എസ്.ജെ(ശങ്കര്‍-ജയ്കിഷന്‍)-മാര്‍ പാടിച്ചത്.

ഒരു നിയോഗമായി വേണം അത് കാണാന്‍. മന്നാഡെയ്ക്ക് സ്വത സിദ്ധമായ ഒരു ശൈലിയും, ആകര്‍ഷകമായ ഒരു ശബ്ദവുമുണ്ടെന്ന് ആദ്യമായി തെളിയിച്ചത് എസ്.ജെ. മാരാണ്. യെ രാത് ഭീഗി ഭീഗി… യേ ചാന്ദ് പ്യാരാ പ്യാരാ…,ആജാ സനം മധുര്‍ ചാന്ദ്‌നീ മെ, തുടങ്ങിയ അനശ്വരഗാനങ്ങള്‍ മാത്രം മതി മന്നാഡെയെ എക്കാലത്തും ഓര്‍ക്കാന്‍… അക്കാലത്തിറങ്ങിയ രാജ്കപൂറിന്റെ കഥാപാത്രങ്ങള്‍ക്കാവശ്യമായ ശോകഭാവങ്ങള്‍ മന്നാഡെ തികച്ചും ഉള്‍ക്കൊണ്ട് കൊണ്ട് പാടിയവയാണ് അവ.

മൂന്ന് നാല് പതിറ്റാണ്ടുകളിലൂടെ മൂവായിരത്തി അഞ്ഞൂറിലധികം ഗാനങ്ങളാലപിച്ചു ഹിന്ദി പിന്നണി ഗായകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ചു- മന്നാഡെ. എസ്.ജെമാര്‍ ചിട്ടപ്പെടുത്തിയ ശ്രീ 420 ലെ യാര്‍ മുഡ് മുഡ് കെ നാ ദേഖ്…, പ്യാര്‍ ഹുവാ ഇഖ്‌റാര്‍ ഹുവാ…, സീമയിലെ തൂ പ്യാര്‍ കാ സാഗര്‍ ഹെ.. മദന്‍മോഹന്റെ സംഗീതത്തിലിറങ്ങിയ ദേഖ് കബീറാ രോയാ-യിലെ കോന്‍ ആയാ മേരാ…, ശങ്കര്‍ ജയ്കിഷന്റെ തന്നെ ബസന്ത് ബഹാറിലെ സുര്‍ നാ സജെ… ജയദേവിന്റെ ട്യൂണില്‍ കിനാരെ കിനാരെ യിലെ ചലെ ജാ രഹെ ഹെ… കല്യാണ്‍ജി ആനന്ദ്ജി ചിട്ടപ്പെടുത്തിയ ഉപ്കാറിലെ കസ്‌മെ വാദെ… രവി ട്യൂണ്‍ ചെയ്ത ഏക് ഫൂല്‍ ദോ മാലി-യിലെ തുഝെ സൂറജ് കഹൂം യാ ചന്ദാ… ബോബിയിലെ ലക്ഷ്മീകാന്ത് പ്യാരെലാല്‍ ചിട്ടപ്പെടുത്തിയ നാ മാംഗൂം സോനാ ചാന്ദി – സലീല്‍ ചൗധരി ഈണം നല്‍കിയ ആനന്ദിലെ സിന്ദഗി കൈസി യെ പഹേലീ… ഷോലെയിലെ യെ ദോസ്തി ഹം നഹി ചോടേംഗേ (ആര്‍ ഡി ബര്‍മന്‍)… ദില്‍ കാ ഹാല്‍ സുനോ ദില്‍വാലാ…(ശ്രീ 420), സലീല്‍ ചൗധരിയുടെ, യെ മേരേ പ്യാരെ വഥന്‍ (കാബൂളിവാല-61), ലഗാ ചുനരീ മെ ദാഗ്…(ദില്‍ ഹി തോ ഹെ-63), യെ മേരി സൊഹറ ജബീന്‍ (വഖ്ത്-65), സഫര്‍(70) എന്ന സിനിമയില്‍ കടത്തുകാരന്‍ പാടുന്ന നദിയാ ചലെ ചലേ രെ ധാരാ…, യാരീ ഹെ ഈമാന്‍ മേരാ മേരി സിന്ദഗി.., തുടങ്ങിയ ചില അനശ്വര ഗാനങ്ങള്‍ ഹിന്ദി സിനിമയിലെ ആലാപനചരിത്രത്തിലെ ഈടുവെയ്പായി എഴുതിച്ചേര്‍ത്തു മന്നാഡെ…

മന്നാഡെ നിരവധി പുരസ്‌കാരങ്ങളാല്‍ ആദരിക്കപ്പെട്ടതും ദീര്‍ഘകാലം ജീവിച്ചിരുന്നത് കൊണ്ടുമാവാം. ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ ബംഗാളിലെ നിഷിപത് അവാഡും അതേ വര്‍ഷം മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്‌കാരവും നേടിക്കൊണ്ടാണതിനു തുടക്കമിടുന്നത്. 1971ല്‍ മേരാ നാം ജോക്കറിലെ ഗാനത്തിനു ദേശീയ പുരസ്‌കാരവും ഫിലിംഫെയര്‍ അവാഡും, അതേ വര്‍ഷം അദ്ദേഹത്തിനു പദ്മശ്രീയും ലഭിക്കുന്നു.

1985ല്‍ മധ്യപ്രദേശിന്റെ ലതാമങ്കേഷ്‌കര്‍ അവാഡ.് 88ല്‍ ധാക്ക സംസ്‌കൃത പരിഷത്ത് അവാഡ്, 90ല്‍ ബംഗാളിന്റെ ശ്യാമലചിത്ര അവാഡ്, 2004ല്‍ വീണ്ടും ദേശീയ പുരസ്‌കാരം. അതേ വര്‍ഷം കൊല്‍ക്കത്ത യുനിവേഴ്‌സിറ്റിയുടെ ഡി. ലിറ്റ്, 2005ല്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പദ്മഭൂഷണ്‍. ദാദാസാഹെബ് ഫാല്‍ക്കെ. ഇന്ത്യയിലെ മിക്ക ഭാഷകളിലും ഗാനങ്ങളാലപിച്ചിട്ടഉള്ള മന്നാഡെയുടെ സലീല്‍ ചൗധരി തന്നെ ഈണം നല്‍കി മൂന്ന് ഭാഷകളില്‍ ഗാനങ്ങളാലപിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി പ്രൊഫസര്‍ സുലോചനയാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് ക്രമേണ പിന്‍വലിഞ്ഞത്.

അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശ്ശീലയിട്ട് ബാംഗ്ലൂരിലേയ്ക്ക് അദ്ദേഹം താമസം മാറ്റി.

നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്ന് 2013 ജൂൺ 8ആം തീയതി ബാംഗ്ലൂർ നാരായണ ഹൃദയാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വീട്ടിൽ തന്നെ ചികിൽസിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും, നില അതീവ ഗുരുതരമായതിനാൽ ചെസ്റ്റ് സ്‌പെഷാലിറ്റി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതിനാൽ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് ഒക്ടോബർ ആദ്യവാരത്തിൽ വീണ്ടും ആശുപത്രിയിലായ അദ്ദേഹം ഒക്ടോബർ 24ന് പുലർച്ചെ 3:50 ന് അന്തരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments