മോഹന്‍ ശ്രീശൈലം
നോട്ടിക്കല്‍ ടൈംസ് കേരള
മലയാളസിനിമയിലെ അഭിവാജ്യഘടകങ്ങളില്‍ സുപ്രധാന സ്ഥാനം കല്പിച്ചു നല്‍കിയ പ്രിയനടന്‍ നെടുമുടിവേണു വിടവാങ്ങിയിട്ട് ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു.സിനിമകളിലെ മര്‍മ്മ പ്രധാന രംഗങ്ങളില്‍ കാതലായ കഥാമര്‍മ്മം വിശ്വാസയോഗ്യമായി പ്രേക്ഷകനു മുന്‍പില്‍ വെളിപ്പെടുത്തുവാന്‍ അല്ലെങ്കില്‍ അവതരിപ്പിക്കുവാന്‍ സംവിധായകര്‍ ആശ്രയിക്കുന്നത് നെടുമുടി വേണുവിനെ ആയിരുന്നു.ആ ശൂന്യത ഇപ്പോഴും നിലനില്‍ക്കുന്നു. വിഖ്യാത സംവിധായകനായ ഷങ്കറിന്റെ ചിത്രീകരണം നടക്കുന്ന അന്യന്‍ രണ്ടാം ഭാഗത്തില്‍ നെടുമുടിയുടെ കഥാപാത്രത്തെ സംവിധായകന്‍ സാമ്യമുള്ള പകരക്കാരനെ ഉപയോഗിച്ചു പുനരാവിഷ്‌കരിക്കുകയാണ്. .അതേ ശ്രേണിയിലുള്ള തിലകനും,ഇന്നസെന്റെും,ഒടുവിലുമൊക്ക ഒഴിഞ്ഞു പോയിരിക്കുന്നു.അഭിനയത്തിലെ താളബോധം പ്രകടമായും അല്ലാതെയും ഉള്ളില്‍ നിറച്ചുകൊണ്ടായിരുന്നു നെടുമുടിയുടെ പെര്‍ഫോമന്‍സ്.സ്‌റ്റേജിലും താളബോധത്തോടെയുള്ള നെടുമുടിവേണുവിനെ നമ്മള്‍ കണ്ടു.എണ്‍പതുകളില്‍ കാവാലത്തിന്റെ കവിതകള്‍ യുവത്വത്തിന്റെ ഹരമായിമാറിയതിനു പിന്നില്‍ വേനുവിന്റെ മാസ്മരീക ആലാപനം ഉണ്ടായിരുന്നു.സര്‍വ്വകലാശാല എന്ന ഹിറ്റ് സിനിമയിലെ 'അതിരുകാക്കും മലയൊന്നു തുടുത്തേ..തകതകതോ.. ' എന്ന കവിത പാടിയഭിനയിച്ചുകൊണ്ടുള്ള വേണുവിന്റെ പെര്‍ഫോമന്‍സ് അക്കാലത്തു യുവതലമുറ ഏറ്റെടുത്തിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയില്‍ നിറഞ്ഞ വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി. ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചു. ഏതാനും ചിത്രങ്ങളുടെ രചനയും ഒരു ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാല്‍ എന്ന വേണു ജനിച്ചത്. നെടുമുടി എന്‍എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. കുറച്ചുകാലം പാരലല്‍ കോളജ് അധ്യാപകനായും,ഫിലിം മാഗസിനിലും,കലാകൗമുദിയിലും മാധ്യമപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.
1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍,കള്ളന്‍ പവിത്രന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ നെടുമുടിപ്രേക്ഷക ഹൃദയം കീഴടക്കി. തകരയിലെ ചെല്ലപ്പനാശാരി വേണുവിലെ അപൂര്‍വ്വ പ്രതിഭയെ പുറത്തു കൊണ്ടുവന്നു.മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങിയവരോടൊപ്പം മികച്ച കോമ്പിനേഷന്‍ ആയിരുന്നു നെടുമുടി വേണു.തിലകനും നെടുമുടിവേണുവും അഭിനയത്തില്‍ മല്‍സരബുദ്ധിയോടെ മാറ്റുരച്ചവരായിരുന്നു.സിനിമാസദസ്സുകളില്‍ പ്രീയപ്പെട്ടവരുടെ ‘അമ്മാവന്‍’ നെടുമുടി.
തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ നികുഞ്ജത്തിലെ സൗഹൃദക്കൂട്ടായ്മയില്‍ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരോടൊപ്പം സായാഹ്നങ്ങള്‍ കലയുടെ കളിയരങ്ങായി. . കാവാലം നാരായണപ്പണിക്കരുടെ കവിയരങ്ങിലെ സ്ഥിരം അംഗമായിരുന്നു.അരങ്ങില്‍ കാവാലത്തിന്റെ ‘വടക്കത്തി പെണ്ണാെള’ ആലപിക്കുന്നതു മറക്കാനാവത്ത ഓര്‍മ്മയാണ്. വേണു അദ്ദേഹത്തിന്റെ തനതു നാടകങ്ങളില്‍ സ്ഥിരമായി അഭിനയിച്ചിരുന്നു .
അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയുമെഴുതിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയവയാണ് കഥ എഴുതിയ ചിത്രങ്ങള്‍.
കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്.ഷങ്കര്‍ സംവിധാനം നിര്‍വ്വഹിച്ചു കമലഹാസന്‍ നായകനായി അഭിനയിച്ച ഇന്ത്യന്‍, വിക്രം നായകനായി അഭിനയിച്ച അന്ന്യന്‍ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും നെടുമുടിയുടെ അഭിനയ പ്രതിഭ വ്യക്തിമുദ്ര പതിപ്പിച്ചു.
വേണു 2021 ഒക്ടോബര്‍ 11 -ന് തിരുവനന്തപുരത്തെ കിംസ് ഹോസ്പിറ്റലില്‍ വച്ച് 73-ആം വയസ്സില്‍ അന്തരിച്ചു. മരണത്തിന് മുമ്പ് കരള്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കൊവിഡ്-19-ന് ശേഷമുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് മരിച്ചു. അദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു , അത് അദ്ദേഹത്തിന്റെ അവസ്ഥ സങ്കീര്‍ണ്ണമാക്കി. 2021 ഒക്ടോബര്‍ 12ന് തിരുവനന്തപുരത്തെ ശാന്തികവാടം ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്‌കരിച്ചു.