യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
ഇതു ചാക്കോആന്റെണി.അറബിക്കടലില്‍ യന്ത്രവല്‍കൃത ട്രോളിംഗ് നടത്തിയ ആദ്യത്തെ സ്രാങ്കുമാരില്‍ ഒരാള്‍.കടല്‍ ജീവിതത്തിന്റെ അരനൂറ്റാണ്ടും പിന്നിട്ട് വിശ്രമജീവിതത്തിന്റെ വേളയില്‍ കുറച്ചുനാള്‍ മുന്‍പ് കണ്ടു.ഒപ്പം സുഹൃത്തായ എന്റെ അമ്മാച്ചനും കടലിലും കായലിലും പ്രാഗല്‍ഭ്യമുള്ള നീക്ലോസ് നെല്‍സനും(ഇപ്പോഴില്ല)ഉണ്ടായിരുന്നു..നോര്‍വ്വേക്കാര്‍ ട്രോളിംഗ് മല്‍സ്യബന്ധനം പഠിപ്പിക്കുവാനെത്തിയപ്പോള്‍ ഇന്ത്യയില്‍തന്നെ ആദ്യമായി ട്രെയിനിംഗ് ലഭിച്ച പരമ്പരാഗത മല്‍സ്യത്തൊഴിലാളിയാണ് ചാക്കോ ആന്റെണി.
ആറടി ഉയരത്തില്‍ ഒത്തശരീരം.വെളുത്തു സുമുഖനായ ചാക്കോ ആന്റെണി എങ്ങിനെ മുക്കുവനായി എന്നു ആരും സംശയിക്കും.തീരദേശത്തെ നാടകസമിതികള്‍ കളിക്കുന്ന ചവിട്ടു നാടകങ്ങളില്‍ കാറല്‍മാന്‍ചരിതത്തിലെ അള്‍മിരാന്ത് ചക്രവര്‍ത്തിയുടെ അതിസുന്ദരിയായ പ്ലേരിപസിനെയും,ജ്ഞാനസുന്ദരിയായും പെണ്‍വേഷം കെട്ടിയിട്ടുണ്ട് ആന്റെണി. അക്കാലത്ത് പഠിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ സ്‌കൂള്‍മാഷോ,ഉദ്ദ്യോഗസ്ഥനോ ഒക്കെ ആകാമായിരുന്ന ബോഡിലാംഗ്വേജുള്ള ചാക്കോ ആന്റെണി പക്ഷേ സ്‌നേഹപൂര്‍വ്വം കടലിനു വഴങ്ങി.
നോര്‍വ്വേയില്‍ നിന്നും ഇറക്കുമതി ചെയ്ത ഫിഷിംഗ് ബോട്ടില്‍ ചാക്കോ ആന്റെണി ഉള്‍പ്പടെയുള്ളവര്‍ക്ക് ട്രോളിംഗ് മല്‍സ്യബന്ധനരീതികള്‍ പഠിപ്പിച്ചത് എബ്രഹാം സായ്പും,ഗുഡ് സായ്പുമാണ്.ചാക്കോ ആന്റെണി പറഞ്ഞു.സായ്പന്‍മാര്‍ക്ക് അതുവരെ തങ്ങള്‍ ചെയ്തിരുന്ന പരമ്പരാഗത മല്‍സ്യബന്ധന രീതി കാണിച്ചു കൊടുത്തു.സായ്പന്‍മാര്‍ക്ക് ശക്തികുളങ്ങരയിലെ മുക്കുവന്‍മാരുടെ മല്‍സ്യംപിടിക്കുന്നതിലുള്ള കൗശലവും ബുദ്ധിയും പരാക്രമവും(ആവേശം)ഇഷ്ടമായി.പുത്തന്‍ തുറയിലും സ്രായിക്കാട്ടുമുള്ള അരയന്‍മാരും ട്രെയിനിംഗിനുണ്ടായിരുന്നു. ഏലിയാസ്,,ധര്‍മ്മജന്‍,കരുണാകരന്‍,ജൂസപ്പി പാവല്‍,വേലിക്കെട്ടി ആന്റെണി,ജോച്ചന്‍ ആന്റെണി,കടപ്പുറത്തു വീട്ടില്‍ ജെറോണ്‍,അത്തിക്കല്‍ നീക്ലോസ് നെല്‍സണ്‍ ,യുദ്ധക്കാരന്‍ സന്‍സിലാവ് തുടങ്ങിയ കൗമാരം കടന്ന ചെറുപ്പക്കാരായിരുന്നു ഒപ്പമുണ്ടായിരുന്നത്.കൊച്ചിയിലും കൊല്ലത്തും ട്രെയിനിംഗ് ഉണ്ടായിരുന്നു.ട്രെയിനിംഗ് തരുന്ന നോര്‍വ്വേക്കാരന്‍ മോംഗ് സായ്പ് രാവിലെ കാറില്‍വരും. ബ്രഡും ബട്ടറും കഴിക്കാനായി കൊണ്ടുവരും.സായ്പ് പുത്തന്‍ തുറയിലും കൊച്ചിയിലും കുടുംബമായി താമസിച്ചു കൊണ്ടാണ് ഞങ്ങള്‍ക്കു ട്രെയിനിംഗ് തന്നത്.ഫിഷിംഗ് നോര്‍വ്വേ മെത്തേഡാണ്.നോര്‍വ്വേയില്‍നിന്നും കൊണ്ടു വന്നതാണ് വല.കടലില്‍ തങ്ങാന്‍ ഈയം ഉപയോഗിക്കുന്നതിനു പകരം എച്ച് ആന്റെ് സിയുടെ കല്ലുകളാണ് ഉപയോഗിച്ചത്.വീഞ്ചു ഘടിപ്പിച്ച ബോട്ടില്‍ പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കഴിഞ്ഞ് പടിഞ്ഞാറാണ് വല വലിക്കുന്നത്.നാലുമാസം കൊല്ലത്തും,രണ്ടു മാസം കൊച്ചിയിലുമായി ട്രയിനിംഗ് പൂര്‍ത്തിയാക്കി.
1956 ല്‍ സ്വന്തമായി ബോട്ടു ലഭിച്ചു.സാബ് ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച കൊച്ചു ബോട്ട്.ഇന്‍ഡോ നോര്‍വ്വീജിയന്‍ പദ്ധതി പ്രകാരം സൊസൈറ്റി രൂപീകരിച്ച് മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍ക്കാണ് ബോട്ടു നല്‍കിയത്. ബ്ലോ ലാംബില്‍ തീപകര്‍ന്ന് എന്‍ജിന്‍ ചൂടാക്കിയാണ് എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.മണിക്കൂറില്‍ ഒരു ലിറ്റര്‍ ഡീസലാണ് ചെലവ്.എന്‍ജിന്‍ ഓയില്‍ ഓരോ തുള്ളി വീണുകൊണ്ടിരിക്കും.23 വയസ്സുള്ളപ്പോഴാണ് പുതിയ ബോട്ടില്‍ പണിക്കു പോയത്.മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയുടെ പേരില്‍ ഞങ്ങള്‍ നാലുപേര്‍ക്കു ലഭിച്ചതാണ് ബോട്ട്. ചാക്കോ ആന്റെണി,എമ്മിലിയാന്‍,പുത്തന്‍ പുര മാനുവല്‍,കുരീപ്പുഴ ജോര്‍ജ്ജ്. എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.ഏഴെട്ടു വര്‍ഷം കുഴപ്പമൊന്നുമില്ലായിരുന്നു.
പിന്നീട് കൊച്ചു ബോട്ടുകള്‍ നന്നായി നടത്തിയവര്‍ക്ക് 16 കുതിരശക്തിയുള്ള 25 അടി ബോട്ടുകള്‍ കിട്ടി.എന്നെക്കൂടാതെ കസ്പാര്‍ ജോസഫ്,പിച്ച ജോര്‍ജ്ജ്,അവറാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ കൃത്യം നാലു മണിക്കു കെട്ടഴിക്കും അഞ്ചു മണിക്കു മുന്‍പ് വലയിടും അതായിരുന്നു രീതി.1964 ല്‍ കിട്ടിയബോട്ട് 'വൃശ്ചികകള്ളന്‍' എന്നറിയപ്പെടുന്ന കടലില്‍ പെട്ടു മുങ്ങി.നീണ്ടകരക്ക് വടക്ക് മാറി കോഴിത്തോടത്ത് കേറിയ ബോട്ട് കൊല്ലം ആലപ്പുഴ തോട് വഴി ബോട്ട് യാര്‍ഡില്‍ കൊണ്ടുവന്നു.പണിതിറക്കിയ ബോട്ടിന് അയ്യായിരത്തി മുപ്പത്തേഴു രൂപ ബില്ലു വന്നു.കൈയ്യിലൊരു നയാ പൈസയുമില്ല.ഫിഷറീസ് ഡയറക്ടര്‍ ദേവദാസ് മേനോനെ കണ്ടു.ബേബിസാര്‍ പറഞ്ഞിട്ടാണ്.സര്‍ക്കാര്‍ സഹായിക്കുവാന്‍ വകുപ്പുണ്ട്.അങ്ങിനെ കയറിയിറങ്ങി കാര്യം സാധിച്ചു.എന്തു കാര്യമുണ്ടെങ്കിലും ബേബി സാറിനെ കാണാന്‍ പോകും.എത്ര തിരക്കാണെങ്കിലും കണ്ടാല്‍ അടുത്തു വിളിക്കും.കാര്യങ്ങള്‍ തിരക്കും.സംഗതി നടത്തി തരും ചാക്കോ ആന്റെണി ചിരിക്കുന്നു.
ഞാന്‍ കാണുമ്പോള്‍ ചാക്കോ എന്നു പേരുള്ള റസ്റ്റണ്‍ എന്‍ജിന്‍ ഘടിപ്പിച്ച 36 അടി മേഡിയന്‍ ട്രോളിംഗ് ബോട്ടായിരുന്നു ഉണ്ടായിരുന്നത്.ബോട്ടില്‍ കയറിയതും അഴിമുഖം കടന്നതും മറക്കാന്‍ പറ്റില്ല.കാരണം ശക്തികുളങ്ങര തീരത്തെ നൂറുകണക്കിനു ബോട്ടുകള്‍ ഒന്നിച്ച് അഴിമുഖം കടക്കുന്ന അപൂര്‍വ്വമായൊരു രംഗം മീന്‍ സിനിമക്കുവേണ്ടി ചിത്രീകരിക്കുന്ന അവസരമായിരുന്നു.ചാക്കോ ആന്റെണി സ്രാങ്കായി വീല്‍ ഹൗസിലുണ്ട്.തൊട്ടടുത്ത് അത്ഭുത കാഴ്ചകളുമായി ഞാനും.മീന്‍ സിനിമയിലെ മധു അവതരിപ്പിക്കുന്ന നായകകഥാപാത്രം മരിക്കുമ്പോള്‍ അദ്ദേഹത്തിന്‍ മൃതദേഹം സംസ്‌കരിക്കുന്നതിനു പകരം കടലില്‍ മല്‍സ്യങ്ങള്‍ക്ക് ആഹാരമായി നല്‍കണമെന്ന അന്ത്യാഭിലാഷം നിറേവേറ്റുന്ന രംഗമാണ് സംവിധായകന്‍ ഐ.വി ശശി പകര്‍ത്തിയത്. സ്വന്തം വീടുപോലെ തന്ന വൃത്തിയും വെടിപ്പുമുള്ളതായിരുന്നു ചാക്കോ ആന്റെണിയുടെ ട്രോളിംഗ് ബോട്ട്.അഴിമുഖത്തിനപ്പുറത്ത് നായകന്റെ ശവമഞ്ചം കടലില്‍ താഴ്ത്തുന്നതിനഭിമുഖമായി ചാക്കോ ബോട്ടും തലയുയര്‍ത്തി നിന്നു.
ചാക്കോ ആന്റെണി അന്‍പതു വര്‍ഷത്തിലധികം കടല്‍പണിക്കു ട്രോളിംഗ് ബോട്ടില്‍ പോയി.പതുക്കെ പിന്‍വാങ്ങി.കാറ്റും കോളും കടലിന്റെ മണവും എല്ലാമറിയാം.കടല്‍ക്ഷോഭങ്ങളിലും കപ്പല്‍ച്ചേതങ്ങളും അധികം നേരിടേണ്ടി വന്നില്ല.കടലിനോട് സ്‌നേഹമായിട്ടുമാത്രമേ പെരുമാറിയിട്ടുള്ളു.കാരണം എനിക്കുള്ളതെല്ലാം ഈ കടല് തന്നതാണ്.വിശ്രമ ജീവിതത്തില്‍ ശക്തികുളങ്ങര തീരത്തുള്ള പള്ളികടപ്പുറത്ത് അങ്ങിനിരിക്കും.കേമന്‍മാരായ സ്രാങ്കുമാരുടെയും അവര്‍ പിടിച്ച മീനുകളുടെയും കുറുവാട് പറയും.അതുപറയുമ്പോള്‍ ചിലരൊക്കെ കണ്ഡമിടറും,കണ്ണുനീര്‍ തൂകും.
ചാക്കോ ആന്റെണി സ്വയം കേമനായ മീന്‍ പിടുത്തക്കാരനാണെന്നു പറഞ്ഞില്ല.തന്റെ പിന്‍ തലമുറയിലാരും കടല്‍പണിക്കു പോകുന്നുമില്ല.ഇക്കഴിഞ്ഞ മണ്‍സൂണിനു മുമ്പേ വീടിനു പുറത്തേക്കുള്ള യാത്രകള്‍ നിലച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും കിടക്കുകയാണ്.ചുറ്റുമുള്ളതൊക്കെ അറിയുന്നുണ്ടാവണം. മനസ്സ് ഇപ്പോഴും പള്ളിക്കടപ്പുറത്തെ കാറ്റും കൊണ്ടുള്ള ഇരിപ്പിടത്തിലാണ്. തെക്കു നിന്നും പടിഞ്ഞാറു നിന്നും വടക്കു നിന്നും വരുന്ന കാറ്റിന് ചാകര മണക്കുന്നുവോ എന്നറിയാന്‍ തടസ്സങ്ങളൊന്നുമില്ല.ഇപ്പോഴവിടെ മുന്നവന്‍മാരുടെ സ്മൃതികളുണര്‍ത്തുന്ന ആ പഴയ പള്ളിയില്ല. ഓര്‍മ്മകളുറങ്ങന്നെ കല്ലറകളെ തഴുകി ആ കാറ്റ് നാടിന്റെ സ്പന്ദനങ്ങള്‍ തേടി വെറുവാപ്പെട്ടിയിലേക്കും പോകുമായിരിക്കും