യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
അവര്‍ പന്ത്രണ്ടു പേര്‍.ശക്തികുളങ്ങര അഴിമുഖത്ത് കപ്പലോട്ടിയ മന്നന്‍മാര്‍.തെക്കേകര കടക്കോടിയിലെ രണ്ടാം തലമുറയിലെ ധീരന്‍മാരായ സ്രാങ്കുമാര്‍.മണിയന്‍,മോഹം ആന്റെണി,വൈശ്യന്‍ സേവ്യര്‍,കന്നിട്ട മനുവ,ജോണച്ചന്‍ മത്യാസ് തെക്കുംഭാഗം മൈക്കിള്‍,സിറിള്‍ ചാര്‍ളി,ജോസഫ് പപ്പുപിള്ള,വെളിപ്പുരയിടം ആന്‍ഡ്രൂ തുടങ്ങിയവര്‍..(പേരുകള്‍ അപൂര്‍ണ്ണം).ഇവരുടെ കാലഘട്ടം ട്രോളിംഗ് മല്‍സ്യബന്ധനത്തിന്റെ സൗന്ദര്യവും കൗതുകവും ആകാംക്ഷയും അതിലേറെ ഉള്‍ക്കിടിലമുണ്ടാക്കുന്നതും വിഭ്രമിപ്പിക്കുന്നതുമായ കഥകള്‍ നിറഞ്ഞതായിരുന്നു.കണ്ണിയറ്റുപോയ ആ തലമുറയെ ഓര്‍ക്കുമ്പോള്‍ അവര്‍ വലയ്ക്കുള്ളില്‍ അകപ്പെടുത്തിയ കടലിലെ മീന്‍ പൊനപ്പുകളുടെയും,ചെമ്മീന്‍ പുള്ളികളുടെയും കണവപാടങ്ങളുടെ ഹരം കൊള്ളിക്കുന്ന കഥകളാണ് അവശേഷിക്കുന്നത്.
വീടൊന്നിനു ഒരു വാഹന(ട്രോളിംഗ് ബോട്ടുകള്‍ക്ക് പണ്ട് തെക്കേകരക്കാര്‍ പറയന്നത്)വും,നൂറുകണക്കിന് സ്രാങ്കുമാരും തെക്കേകരയ്ക്ക് സ്വന്തമായിരുന്ന കാലത്ത് ഈ പന്ത്രണ്ടു പേരെ അടയാളപ്പെടുത്തിയത് എന്തു കൊണ്ടാണ്. ഒന്നിച്ചുള്ള കൂര്‍വാടും(മല്‍സ്യബന്ധനത്തിലെ രഹസ്യമായ ആശയവിനിമയം) ഒരുമിച്ചുള്ള കടലില്‍ പോക്കും,കടല്‍ക്ഷോഭത്തിലും പതറാതെ മാരിപ്പുറത്ത് ബോട്ട് ഓടിച്ചും, പതം നോക്കി അഴിമുഖം കടത്തിയും നാടിന്റെ വീരന്‍മാരായി കുട്ടികളുടെ മനസ്സിലെ ഹീറോകളായി മാറി അതൊക്കെ ഈ സംഘത്തെ കെട്ടുറപ്പുള്ള കൂട്ടായ്മയാക്കി മാറ്റി.ഐ.എന്‍.പി ബോട്ടുകളുടെ കാലം കഴിഞ്ഞ് സ്വകാര്യ മേഖലയില്‍ വ്യക്തികള്‍ ബോട്ടുകള്‍ നീറ്റിലിറക്കിയപ്പോഴാണ് ഇവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്.ഇന്‍ഡോ-നോര്‍വ്വീജിയന്‍ പ്രോജക്ട് നടപ്പിലായിക്കഴിഞ്ഞ് യന്ത്രവല്‍കൃതബോട്ടുകള്‍ തിരമുറിച്ച് പോകുമ്പോള്‍ കൗമാരക്കാരായിരുന്നിരിക്കണം ഇവരെല്ലാം.പഠിക്കുവാനുള്ളതിനേക്കാള്‍ അഭിനിവേശം കടലിനോടായിരുന്നു.വള്ളത്തിന്റെ അമരത്തും,അണിയത്തും,വായിക്കോലിലും ഇരുന്നു തുഴയെറിഞ്ഞ് പതകാമ്പി വശം കെടുന്ന മല്‍സ്യത്തൊഴിലാളിക്ക് ട്രോളിംഗ് ബോട്ടുകള്‍ പകര്‍ന്നു നല്‍കിയ ആവേശവും അര്‍ത്ഥവും ഒരു ഹരമായട്ടുണ്ടാവണം.ഏതായാലും ശക്തികുളങ്ങരയിലെ രണ്ടും,മൂന്നും,നാലും തലമുറകള്‍ വിദ്യാഭ്യാസം മാറ്റിവെച്ച് ട്രോളിംഗ് ബോട്ടിന്റെ മായപ്രപഞ്ചത്തിലേയ്ക്ക് ആണ്ടുപോയി.അതൊരു കാലം ഒരു പ്രായം.
ഇന്ന് പന്ത്രണ്ടു സ്രാങ്കുമാരില്‍ അവശേഷിയ്ക്കുന്നത് മൂന്നേ മൂന്നു പേര്‍ മാത്രം.ബാക്കിയെല്ലാവരും ഓര്‍മ്മകളുടെ കടലാഴങ്ങളിലേയ്ക്ക് ആണ്ടു പോയി.സ്രാങ്കുമാരുടെ ക്യാപ്റ്റനായിരുന്ന ജോസഫ് എന്ന പപ്പുപിള്ള,കച്ചോടവീട്ടില്‍ സിറിള്‍ ചാര്‍ളി,തെക്കുംഭാഗം മൈക്കിള്‍ എന്ന മാടന്‍ മൈക്കിള്‍. അവശേഷിക്കുന്ന ഇവരുടെ സാമിപ്യത്തില്‍ നമ്മള്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു.കൂട്ടത്തില്‍ സൗമ്യനും മൃദുഭാഷിയുമായ മണിയന്‍ കുമ്പാതിരിയാണ് ആദ്യം പോയത് മുപ്പത്തിമൂന്നു വയസ്സുള്ളപ്പോള്‍,പിന്നെ ഓന്നൊന്നായി പോയി അവസാനം മോഹം ആന്റെണിയും, മനുവ കുമ്പാതിരിയും,ജോണച്ചനും പോയി തൊട്ടയല്‍പക്കങ്ങളില്‍ താമസിച്ചിരുന്നവരെക്കുറിച്ച് പപ്പുപിള്ള ജോസഫ് പറഞ്ഞു.ലത്തീന്‍ ആചാരപ്രകാരം കുമ്പാതിരി ബന്ധം ഈ സുഹൃത്തുക്കളുടെ ബന്ധം ഒന്നൂകൂടി ദൃഡമാക്കിയിരുന്നു. 'ഏതു കടലിനെയും ഭയക്കാത്ത സിറിളു കുമ്പാതിരി ഭയന്നു പോയി അതുകൊണ്ടാണ് രോഗം പിടിമുറുക്കിയത്' സ്‌ട്രോക്കിനെ അതിജീവിച്ചു കഴിയുന്ന സിറിളിന് പുതു തലമുറയോട് ഒരു ഉപദേശം മാത്രമേയുള്ളു 'ആരും ബോട്ട് നിര്‍മ്മിക്കാന്‍ ഇറങ്ങരുത് മുടിഞ്ഞു പോകും ' സ്വന്തം മകന്റെ അനുഭവകഥ ഓര്‍ത്തെടുത്ത് സിറിള്‍ ചാര്‍ളി പറഞ്ഞു.
ബോട്ടുകള്‍ നഷ്ടങ്ങളുടെ കഥയാണ് സമ്മാനിച്ചെതെങ്കിലും,നേട്ടങ്ങളും നിരത്തുവാനുണ്ട്.ആദ്യം സ്രാങ്കുമാരായി മറ്റുള്ളവരുടെ ബോട്ടില്‍ പോയെങ്കിലും പിന്നീട് സ്വന്തമായി എല്ലാവരും ബോട്ടുകള്‍ നിര്‍മ്മിച്ചു.വീടുകള്‍ സ്വന്തമാക്കി.മക്കളെ പഠിപ്പിച്ചു.ശക്തികുളങ്ങര പള്ളിക്കടപ്പുറത്തെ കാറ്റിന് മൈക്കളിനെ തഴുകി മതിവരുന്നില്ല.സിമന്റെ് ബെഞ്ചില്‍ കടലിനഭിമുഖമായി വടക്കുപടിഞ്ഞാറോട്ടു കണ്ണെറിഞ്ഞ് മൈക്കിള്‍ ഇരുന്നു.എല്ലാത്തിനോടും നിസ്സംഗത.വലിയ ശരീരത്തിലെ ആനക്കണ്ണുകള്‍ പാതി തുറന്നിരിക്കുന്നു.ഇത്രയും സൗമ്യനായ ഓരാള്‍ക്ക് എന്താ ഇങ്ങെനെയൊരു പേര്. മൈക്കിളിന്‍െര മുഖത്തൊരു മന്ദഹാസം.'അത് വലിയ കടലുള്ള ദിവസം ആരും കടലിപ്പോകാന്‍ ബോട്ട് കെട്ടഴിച്ചില്ല.അന്നു ഞാന്‍ ബോട്ടഴിച്ചുവിട്ട് തിരപ്പുറത്തു കൂടി അഴികടന്നു കടലീപ്പോയി..തിരിച്ചു വരുമ്പോള്‍ അഴിമുഖത്ത് കരക്കാരെല്ലാം കാത്തു നില്‍ക്കുന്നു.ബോട്ടു നിറയെ മീനുമായി എന്റെ ബോട്ടു വന്നടുത്തു.അപ്പോള്‍ പേതിരാശാന്‍ എന്നെ നോക്കി 'എടാ മാടാ നീ എന്തു മാടത്തരമാടാ ഈ കാണിച്ചത്'എന്നു ചോദിച്ചു. അന്നുമുതല്‍ മൈക്കിള്‍ എന്ന എന്റെ പേരിന്റെ മുമ്പില്‍ 'മാടന്‍' എന്നൊരു വിളിപ്പേരു കൂടി വീണു..' കടലീന്നു പിടിച്ചതിനേക്കാളാണ് കടലില്‍ തന്നെ കളഞ്ഞ മല്‍സ്യങ്ങളെന്നു മൈക്കിള്‍ ഓര്‍ക്കുന്നു.ബോട്ടില്‍ കൊള്ളുന്നതല്ലേ കൊണ്ടുവരാന്‍ പറ്റു.കടല്‍ തനിക്ക് എല്ലാം തന്നുവെന്ന് മൈക്കിള്‍ പറയുന്നു.
കടലിലെ വിശിഷ്ടമായ കടല്‍ പന്നിയും, നാരനും,കടലാമയും,വലിയ വരിക്കത്തിയുമൊക്കെ അവര്‍ പന്ത്രണ്ട് ഓഹരിയായി പങ്കുവെച്ചു. മകരമാസത്തെ കൊമ്പ്രിയ പെരുന്നാളിന് ഒന്നിച്ചു മദ്യപിച്ചു പിന്നെ കലഹിച്ചു.കരിക്കാടി സീസണ്‍ കാലത്ത് ശക്തികുളങ്ങരയിലെ കടല്‍ രാജാക്കന്‍മാരെപ്പോലെ ശക്തികുളങ്ങരയുടെ ഹൃദയമായ ബസ്‌സ്‌ററാന്റെില്‍ ഇറങ്ങിനിന്നു മദിച്ചു.സൗമ്യരും,കലാഹൃദയവും ഇവര്‍ക്കുണ്ടായിരുന്നു.നാട്ടിലെ കലാകരന്‍മാരെയും,വിദ്യാഭ്യാസമുള്ളവരെയും,ബിസ്സിനസ്സുകരെയും കുറിച്ച് അവരുടെ സദസ്സുകളില്‍ പറഞ്ഞ് അഭിമാനം കൊണ്ടു. എന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഇവരുടെ സ്വരവിന്യാസം ഞാന്‍ കേട്ടിട്ടുണ്ട് കാരണം ഇവര്‍ പാര്‍ക്കുന്നത് എന്റെ ചുറ്റുവട്ടത്തു തന്നെ.
വേലിയേറ്റം;
കപ്പലോട്ടിയ തമിഴനെ (വി.ഓ ചിദംബരംപിള്ള)എല്ലാവരും കേട്ടു കാണും.അദ്ദേഹം കപ്പല്‍ മുതലാളിയാണ്.കപ്പലോടിച്ചത് തുഴയും തണ്ടും വലിച്ചവരാണ്.കപ്പലോട്ടക്കാരുടെയും,ഇപ്പോഴും ഓടിക്കുന്നവരും ഉദുമക്കാരാണ്.ലോകത്തില്‍ എവിടെ കപ്പല്‍ മുങ്ങിയാലും അതിലൊരു ഉദുമക്കാരന്‍ കാണും.അവര്‍ക്കുവേണ്ടി ഉദുമയില്‍ ഒരു മര്‍ചന്റെ് നേവിക്ലബുമുണ്ട്.അതുപോലെ കേരള തീരത്തെ പ്രഗല്‍ഭന്‍മാരായ സ്രാങ്കുമാര്‍ അധിവസിച്ചിരുന്ന നാടാണ് ശക്തികുളങ്ങരയെന്ന തെക്കേക്കര.
ഇന്നലെ ശക്തികുളങ്ങര ബസ്റ്റാന്റെിലെ അവധിദിനത്തിലെ സായാഹ്നം.അവിടെ നമ്മുടെ പുതിയകാലത്തെ സ്രാങ്കുമാരെ കണ്ടില്ല.തമിഴും,മറാത്തിയും,ബംഗാളിയും പറയുന്ന ചെറു ചെറു സംഘങ്ങള്‍.അവരെന്തക്കെയോ പറയുന്നു.ചിരിക്കുന്നു. നാട്ടുകാരായി ഒന്നു രണ്ടു പേര്‍ അവരോടു തിരക്കിയപ്പോളറിഞ്ഞു.ഇവരാണ് പുതിയ കടല്‍ പണിക്കാര്‍.