യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരത്തിന്റെ തിലകക്കുറിയായിരുന്നു ശംഖുമുഖം കടപ്പുറം. ആബാലവൃദ്ധം ജനം ഒത്തുകൂടി കൊണ്ടിരുന്ന ഒരു ടൂറിസ്റ്റ് ബിച്ച്. ഇന്ന് ആ തീരം ഇല്ല. ആൾക്കൂട്ടങ്ങൾ ഇല്ല. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡ് കൂടി ഇല്ല. എല്ലാം കടൽ എടുത്തു. തകർന്ന് പോയ റോഡ്, 4 കോടി മുടക്കി, ഡയഫ്രം സംവിധാനം ഉൾപ്പെടെ ഉപയോഗിച്ച് പുനർ നിർമ്മിച്ചിട്ടും വീണ്ടും തകർന്നു. എന്ത് കൊണ്ടിത് സംഭവിക്കുന്നു? എന്താണ് കേരള തീരത്തിന് സംഭവിക്കുന്നത്? 590 കിലോമീറ്ററാണ് കേരളത്തിന്റെ തീര പ്രദേശം. അറബിക്കടലിലോട്ട് 41 നദികൾ ഒഴുകി എത്തുന്നതുകൊണ്ട് തന്നെ, മണൽ കടലിൽ അടിയുകയും, സ്വാഭാവികമായ തിര നീക്കങ്ങളിലൂടെ കേരളാ തീരം പുഷ്ടിപ്പെടുകയാണ് ചെയ്യണ്ടത്. എന്നാൽ ഇന്ന് എന്താണ് സ്ഥിതി?590 കിലോമീറ്റർ നീളം ഉള്ള തീരത്തിൽ, വെറും 60 കിലോമീറ്ററിൽ മാത്രമേ സുസ്ഥിരമായ തീരം ഉള്ളൂ. (Stable Coast). 320 കിലോമീറ്ററോളം കടൽ ഭിത്തിയാണ് (Artificial Coast). അവിടെ തീരം ഇല്ല. ബാക്കിയുള്ള സ്ഥലങ്ങളിൽ ഒന്നുകിൽ കര വെയ്ക്കുന്നു (Accretion) അല്ലങ്കിൽ കടൽ എടുക്കുന്നു (Erosion). ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു? ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ, അശാസ്ത്രീയവും,അനിയന്ത്രിതവുമായ പുലിമുട്ട് നിർമ്മാണം.എവിടെ പുലിമുട്ട് വരുന്നോ, അതിന്റെ വടക്ക് ഭാഗം, കടൽ എടുക്കും, തെക്ക് ഭാഗം, കര വെക്കും. മണലിന്റെ സ്വാഭാവികമായ ഒഴുക്കിന് തടസ്സം വരുന്നത് കൊണ്ടാണിത്. ഏകദേശം 24 ഓളം തുറമുഖങ്ങളാണ് ചെറുതും വലുതുമായി കേരളത്തിൽ ഉള്ളത്, ശരാശരി 25 കിലോമീറ്ററിന് ഒന്ന് വീതം. ഇതിനായി നിർമ്മിച്ച പുലിമുട്ടുകൾ 100 കണക്കിനാണ്. ഇപ്പോഴും, രാഷ്ട്രീയ ആവശ്യങ്ങൾക്കായി, ഹാർബറുകൾ വീണ്ടും വീണ്ടും നിർമ്മിക്കപ്പെടുന്നു. പുതിയതിനായി മുറവിളി ഉയരുന്നു. വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം ഉള്ളപ്പോൾ തന്നെ, പൂന്തുറയിലും, വലിയതുറയിലും ഹാർബർ ആവശ്യങ്ങൾ ഉയരുന്നു. ഇങ്ങനെ പോയാൽ കേരളത്തിൽ തീരദേശം എന്ന ഒന്ന് ഇല്ലാതെ ആകും.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രഖ്യാപിച്ചപ്പോൾ തന്നെ, വിദഗ്ധർ ചൂണ്ടിക്കാണിച്ച ഒന്നാണ്, ശംഖുമുഖം തീരം ഇല്ലാതകും എന്ന്. അന്ന് അത് നിഷേധിച്ചവർക്ക് ഇപ്പൊ മിണ്ടാട്ടമില്ല. തീരം ഇല്ലാതായി എന്ന് മാത്രമല്ല വിമാന ത്താവളത്തിലേക്ക് പോകുന്ന റോഡ് കൂടി ഇല്ലാതായി. 4 കോടി രൂപ മുടക്കി പുനർ നിർമ്മിച്ച റോഡും ഇപ്പോൾ തകർന്നു. ഇനി വലിയതുറ ഹാർബർ കൂടി വന്നാൽ, വേളി തീരം കൂടെ ഇല്ലാതാകും. ഇത് ഇനി അനുവദിച്ച് കൂട.അനിയന്ത്രിതമായ പുലിമുട്ട് നിർമ്മാണം പോലെ തന്നെയാണ് അശാസ്ത്രീയമായ പുലിമുട്ട് നിർമ്മണവും. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് മുതലപ്പൊഴി ഹാർബർ നിർമ്മാണം. അശാസ്ത്രീയമായ നിർമ്മാണം കാരണം, മുതലപ്പൊഴിയിൽ ബോട്ട് അപകടവും, മത്സ്യ തൊഴിലാളികളുടെ മരണവും നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്നു.ഇത് പരിഹരിക്കാൻ നടത്തിയ പഠനവും, അതിനെ തുടർന്ന് പുലിമുട്ടിൽ ഉണ്ടാക്കിയ മാറ്റവും, പുതിയതായി നിർമ്മിച്ച പുലിമുട്ടും, ഗുണത്തേക്കാൾ ഏറെ ദോഷമാണ് ഉണ്ടാക്കിയത്. അപകടങ്ങൾ തുടർന്നു എന്ന് മാത്രമല്ല, പുതിയ നിർമ്മാണം കാരണം, അഞ്ച് തെങ്ങ് ഭാഗം മുഴുവൻ കടൽ എടുക്കുകയും ചെയ്തു. തീരം ഇല്ലാതായത് കൊണ്ട് 100 കണക്കിന് വീടുകൾ തകർന്നു, അഞ്ച് തെങ്ങ് ഫിഷ് ലാണ്ടിംഗ് സെന്ററും തകർന്നു. എന്താണിതിന് പരിഹാരം? സമഗ്രമായ ഒരു പഠനം അത്യാവശ്യമാണ്. പുതിയ ഹാർബർക്കൾക്കും, പോർട്ടുകൾക്കും, പഠന റിപ്പോർട്ട് വരുന്ന വരെ മോററ്റോറിയം ഏർപ്പെടുത്തുക. തീര സംരക്ഷണത്തിന് കാറ്റാടി, മാൻഗ്രോവ് തുടങ്ങിയവ ജൈവ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത ആരായുക. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അപ്പുറം തീരസംരക്ഷണത്തിനായുള്ള ഒരു അവബോധം സൃഷ്ടിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങുക, ഇതൊക്കെ അനിവാര്യമായിരിക്കുകയാണ്. ശംഖുമുഖം ഒരോർമ്മപ്പെടുത്തലാണ്. ഇനിയും വൈകിയാൽ, കേരളത്തിൽ തീരദേശം എന്നത് ഒരോർമ്മയായി മാറും എന്ന ഓർമ്മപ്പെടുത്തൽ.