സോമവിചാരം.
————–
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
എന്റെ നാട്ടില്‍ ചില പിരാന്തന്‍മാര്‍ ഉണ്ടായിരുന്നു.അക്കൂട്ടത്തില്‍ ഓരാളാണു ഞാന്‍.എന്റെ നാടന്നു പറഞ്ഞാല്‍ വള്ളിക്കുന്ന്.മലപ്പുറം ജില്ലയില്‍ കോഴിക്കോടിനോട് അതിരിട്ടു നില്‍ക്കുന്ന ഗ്രാമം.റവന്യൂ ഭാഷയില്‍ ഞാനൊരു മലപ്പുറത്തുകാരന്‍.സാസ്‌കാരികമായി കോഴിക്കോട്ടുകാരനും.അത്തരം ഒരുപാടുപേരെ എനിക്കറിയാം.തിരുവില്വാമലക്കാരും ചേലക്കരക്കാരും റവന്യൂ കണക്കില്‍ തൃശൂര്‍ക്കാരാണ്.എന്നാല്‍ സാംസ്‌കാരികപരമായി അവര്‍ പാലക്കാട്ടുകാരാണ്.പെരിന്തല്‍മണ്ണ,അലനെല്ലൂക്കാരെല്ലാം റവന്യുപരമായി മലപ്പുറത്തുകാര്‍.സാസ്‌കാരികമായി പാലക്കാട്ടുകാര്‍.ഒരു പുഴ, ഒരു പാലം മതിയല്ലോ റവന്യുക്കാര്‍ക്ക് ആളുകളെ വിഭജിക്കാന്‍.
ഞാന്‍ എന്റെ ജില്ലാ ആസ്ഥാനമായതു മൂന്നു തവണ മാത്രം.ഒന്ന് തൃശൂരില്‍ നിന്നു പെരിന്തല്‍മണ്ണ വഴി കോഴിക്കോട്ടേക്കു പോകുന്ന ബസ് മലപ്പുറത്തു വെച്ചു ബ്രേക്ക് ഡൗണായി.അന്നു ഞാന്‍ ആദ്യമായി മലപ്പുറത്തിന്റെ മണ്ണില്‍ തൊട്ടു.പിന്നെ ഒരു ദിവസം പാണക്കാട് ശിഹാബ് തങ്ങളെ ഇന്റെര്‍വ്യു ചെയ്യാന്‍ ദിവസവും നേരവും നിശ്ചയിച്ചു ചെന്നു.തങ്ങളുടെ ദ്വിഭാഷിയായ കുഞ്ഞാലിക്കുട്ടി സായവ് സ്ഥലത്തില്ലാത്തതിനാല്‍ കാര്യം നടന്നില്ല. ശിഹാബ് തങ്ങള്‍ സംസാരിക്കുന്ന ഭാഷ എനിക്കറിയില്ല എന്നായിരുന്നു അവരുടെ വിചാരം.അതോടെ ഞാന്‍ മലപ്പുറത്തുകാരനല്ലന്ന വിശ്വാസം എന്നില്‍ വേരുറച്ചു.മൂന്നാം വട്ടം പോയതു സിപിഎം സമ്മേളത്തിനാണ്.കോടിയേരിയും പിണറായിയും എന്നെക്കണ്ടതു കണ്ണൂര്‍ക്കാരനായിട്ടാണ്.എനിക്കതില്‍ പരാതിയില്ല.എന്റെ മകള്‍എസ് എസ് എല്‍ സി പാസ്സായത് ഏഴു സ്‌കൂളുകളില്‍ പഠിച്ചിട്ടാണ്.സംശയമുള്ളവര്‍ക്ക് വീട്ടില്‍ വന്നാല്‍ സംശയനിവൃത്തി വരുത്താം.ഏഴു യൂണിഫോമും വീട്ടില്‍ ഇസ്തിരിയിട്ടു സൂക്ഷിച്ചിട്ടുണ്ട്.പത്തു യൂണിഫോം വേണമെന്നായിരുന്നു അവളുടെ ആഗ്രഹം.അതു നടന്നില്ല.
കോട്ടയത്തുള്ള കാലത്തു പലപ്പോഴും രാവിലത്തെ ഭക്ഷണം കഴിക്കുന്നത് അടുത്ത വീട്ടിലെ ഒരു പ്രൊഫസറുടെ വീട്ടില്‍ നിന്നാണ്.അവള്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ ചോദിക്കും: എന്താ കഴിച്ചത്? നമ്മള്‍ നൂല്‍പ്പുട്ടെന്നും തൊരച്ചരുടെ മോന്‍ ജോണ്‍സണ്‍ ഇടിയപ്പം എന്നു പറയുന്ന സാധനം.നാലുവയസ്സുള്ള കുട്ടിക്ക് പ്രഫസര്‍ തൊരച്ചരായതില്‍ മാപ്പു കൊടുക്കാമല്ലോ..
പിന്നെഞാന്‍ വീണ്ടും കണ്ണൂരിലെത്തി.’ അച്ചാ, ബല്ലാത്ത ബയറുവേദന,ബെശക്കുന്നു’ എന്നൊക്കെ അവള്‍ പറയാന്‍ തുടങ്ങി.ഓരു ദിവസം ഞാന്‍ ചോദിച്ചു: മോളേ, നീ കൂട്ടുകാരികളെ എന്താ എണേ എന്നു വിളിക്കാറുണ്ടോ.?അവളുടെ മറുപടി എന്നെ ഞെട്ടിച്ചു. ‘ അച്ചാ ഞാന്‍ വിളിക്കുന്നത് എന്തെന്നാണേ..എന്നാണ് ‘ ശരിയാണ്,അതാണു ശരി കണ്ണൂര്‍ പേച്ച്. ഒടുവില്‍ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി.ഭാര്യ തൃശൂര്‍ക്കാരി.രണ്ടുവര്‍ഷം മകളും അവിടെ പഠിച്ചു.ഒടുവില്‍ ഒരു ദിവസം അവള്‍ എന്നോടു ചോദിച്ചു. ‘ അച്ചാ,നമ്മള്‍ എവിടുത്തുകാരാണ്.കോട്ടയമോ,കൊല്ലമോ,ഇടുക്കിയോ,മലപ്പുറമോ,കണ്ണൂരോ,തിരുവനന്തപുരമോ എന്റെ നാട് ‘ എനിക്ക് ഉത്തരം മുട്ടി എങ്കിലും മുട്ടായുക്തിക്ക് ഉത്തരം മെനഞ്ഞെടുത്തു. ‘ അച്ഛന്‍ വിശ്വപൗരനാണ് ‘.അന്നു ഞാന്‍ വിശ്വപൗരനായി മാറി.ശശി തരൂര്‍ ആകുന്നതിനു പതിറ്റാണ്ടുകള്‍ക്കു മുമ്പേ.
ഇപ്പോഴും ഞാന്‍ എവിടുത്തുകാരനാണന്നതിനെക്കുറിച്ച് എനിക്കു തന്നെ വലിയ പിടിപാടില്ല.ഞാന്‍ ജീവിച്ച ജില്ലകള്‍ പഠിച്ച ജില്ലകള്‍ പലതാണ്.ഏറ്റവും കൂടുതല്‍ ജീവിച്ചതു തിരുവനന്തപുരത്ത്.എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ഇടുക്കിയോട്.ഡല്‍ഹിയിലും രണ്ടുവര്‍ഷം ജോലി നോക്കി.അതിനര്‍ത്ഥം മറ്റുള്ളവര്‍ ജോലി ചെയ്യുന്നതു ഞാന്‍ നോക്കി നിന്നു എന്നാണ്.
ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്ന മലയാളം ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരപ്പാക്കിയ ഭാഷയാണ്.എന്റെ വള്ളിക്കുന്നില്‍ പോകുമ്പോള്‍ മാത്രമേ ഞാന്‍ എന്റെ ഭാഷ സംസാരിക്കാറുള്ളു.അവിടുത്തെ ചായപ്പീടികയില്‍ ചെന്നു ഞാന്‍ കോട്ടയം ഭാഷയോ തിരുവനന്തപുരം പേച്ചോ പറഞ്ഞാല്‍ പഴയ ചായപ്പീടികക്കാരന്‍ ചാരയുടെ മകന്‍ വേലായുധന്‍ എന്നെ മുഖമടച്ചു തല്ലുമെന്ന പേടി എനിക്കുണ്ട്.ഇപ്പോഴും എന്റെ മകളുടെ ചോദ്യം ബാക്കിയാണ്: ‘അച്ചാ, നമ്മള്‍ എവിടുത്തുകാരാണ്? ‘
ഉത്തരം നിങ്ങള്‍ തന്നെ പറഞ്ഞു തരണം. ഞാന്‍ എവിടുത്തുകാരനാണ്…..