HomeSPECIAL STORIESസ്മൃതികള്‍ ഉണര്‍ത്തുന്ന നാടകോല്‍സവം.

സ്മൃതികള്‍ ഉണര്‍ത്തുന്ന നാടകോല്‍സവം.

യേശുദാസ് വില്യം
                            നോട്ടിക്കല്‍ ടൈംസ് കേരള.

                             കൊല്ലം. ശക്തികുളങ്ങര നാടകോല്‍സവത്തിന് തിരി തെളിഞ്ഞു.കഴിഞ്ഞ ഏഴു വര്‍ഷക്കാലമായി കൊണ്ടാടുന്ന നാടകോല്‍സവം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൊല്ലം ഒഴിവാക്കിയിരുന്നു.നാടകവും കലാപ്രവര്‍ത്തനങ്ങളും ജീവിതത്തിലും അന്തര്‍ലീനമായ ഒരു സമൂഹമാണ് ശക്തികുളങ്ങര തീരത്തുള്ളത്.ശക്തികുളങ്ങര നാടക ആസ്വാദക സംഘം രൂപം നല്‍കിയ നാടകോല്‍സവം ജനകീയ പങ്കാളിത്തം കൊണ്ട് കൂടുതല്‍ വിജയകരമായതിനു കാരണവും ഇതു തന്നെയാണ്.മിമിക്രിയും,ഇതര കലാരൂപങ്ങളും ഉല്‍സവ പറമ്പുകളും,പള്ളി മുറ്റങ്ങളും ഉള്‍പ്പെടുന്ന വേദികള്‍ കീഴടക്കിയപ്പോള്‍ സുരഭിലമായ പഴയ നാടക കാലങ്ങള്‍ ഓര്‍മ്മകളായി.അടുത്ത ബെല്ലോടു കൂടി..യെന്ന മിടിപ്പിക്കുന്ന ഘനഗംഭീരശബ്ദമാണ് വീണ്ടും നാടകോല്‍സവത്തിലൂടെ ശക്തികുളങ്ങരയില്‍ തിരശീല ഉയര്‍ത്തുന്നത്.

                               അരങ്ങിന്റെ മൂന്നു സന്ധ്യകള്‍ ശക്തികുളങ്ങരയില്‍ തെളിയുമ്പോള്‍.പള്ളിമുറ്റത്തെ നാടകക്കാലങ്ങളുടെ സ്മൃതികളാണ് ഉണരുന്നത്.പള്ളിപ്പെരുന്നാളുകളിലെ നാടകങ്ങള്‍.നേരത്തെ അത്താഴം കഴിഞ്ഞ് പള്ളിമുറ്റത്തെ പൂഴിമണലില്‍ നിറഞ്ഞിരുന്ന് കണ്ട നാടകങ്ങള്‍.ആലപ്പി തീയ്യറ്റേഴ്‌സിന്റെയും കൊച്ചിന്‍ നാടകവേദിയുടെയും കലാനിലയത്തിന്റെയും നാടകങ്ങള്‍.ഇതിനെല്ലാമുപരി ശക്തികുളങ്ങര തീരത്തെ കലാകാരന്‍മാര്‍ ഒരുക്കുന്ന നാടകങ്ങളാണ് പ്രത്യേകം എടുത്തു പറയേണ്ടത്.ഒരോ തലമുറയിലും കൊണ്ടാടപ്പെട്ട തികഞ്ഞ കലാകാരന്‍മാര്‍ പിറവിയെടുത്ത തീരമാണ് ശക്തികുളങ്ങര.ഇപ്പോള്‍ എഴുപതുകളിലെത്തിനില്‍ക്കുന്ന തലമുറയിലെ തികഞ്ഞ നാടക കലാകാരനായിരുന്നു പയസ്സ് സക്കറിയാസ്.നാടകരചനയും സംവിധാനവും അഭിനയവും ഗാനരചനയും നിര്‍വ്വഹിച്ചുകൊണ്ട് ഈ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ശക്തികുളങ്ങരയിലെ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ പയസ്സിന്റെ പത്തുമക്കളില്‍ അഞ്ചാമനായി പിറന്ന സക്കറിയാസിന്റെ അപൂര്‍വ്വമായ കഴിവുകളും നാടകരംഗത്തെ പരീക്ഷണങ്ങളും അക്കാലത്ത് വിജയം കണ്ടിരുന്നു.സത്യന്‍ ആര്‍ട്‌സ് എന്ന ട്രൂപ്പിന്റെ ബാനറില്‍ നമ്മുടെ നാട്ടിലെ കലാകാരന്‍മാരെ കൂട്ടിയിണക്കി സക്കറിയാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കപോതം നാടകമല്‍സരങ്ങളില്‍ സംസ്ഥാന ജില്ലാതല പുരസ്‌കാരങ്ങള്‍ നേടിയെടുത്തു.മികച്ചരചന.സംവിധാനം തുടങ്ങി അഭിനയത്തിനുള്‍പ്പടെ അഞ്ചു അവാര്‍ഡുകളാണ് ആ കലയളവില്‍ മല്‍സര വേദികളില്‍ നിന്നും കപോതം നേടിയെടുത്തിട്ടുള്ളത്.നിരവധി സ്റ്റേജുകള്‍ കളിച്ച മറ്റൊരു നാടകമാണ് ആഗ്നേയാസ്ത്രം.
                                    ഒരു ദുഖസാഗരം ഉള്ളിലിരമ്പും.. ഒരു ദുഖ പുഷ്പം ഞാന്‍.കരകാണക്കടലില്‍ നീ എന്നെ കൈവെടിയരുതേ ദേവാ..എന്ന സഖറിയാസ് രചിച്ച മെലഡി നാടക ഗാനം അക്കാലത്തെയും എക്കാലത്തെയും കണ്ണു നനയിക്കുന്ന മികച്ച വരികളാണ്.സാമൂഹ്യ നാടകങ്ങള്‍ എഴുതി തീരത്തെ അമച്വര്‍ കലാകരന്‍മാരെ പരുവപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ സഖറിയാസിനുള്ള സംവിധാന മികവ് ഒന്നു വേറെ ആയിരുന്നു.പക്ഷേ അദ്ദേഹത്തിലെ പ്രതിഭയെ നമ്മള്‍ തിരിച്ചറിഞ്ഞോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ജീവിത പ്രതിസന്ധികളും അരക്ഷിതത്വവുമൊക്കെ കലാരംഗത്തുനിന്നും ഈ പ്രതിഭയെ വഴിതിരിച്ചു വിട്ടു.പരന്ന വായനയും നിരീക്ഷണവും ജീവിതവീക്ഷണവും കൈമുതലാക്കിയ സക്കറിയാസിന്റെ ജീവന്‍ വലിയ പ്രതിഭകളെപ്പോലെ നാല്്പത്തി നാലാമത്തെ വയസ്സില്‍ കലാ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പുര്‍ണ്ണവിരാമമായി.ശക്തികുളങ്ങരയിലെ നാടകരംഗത്തെ തികഞ്ഞ പ്രതിഭാശാലിയായ ആര്‍.ജോസഫിന്റെ യൗവ്വന കാലത്തെ അന്ത്യം പോലെ സമാനമായിരുന്നു സക്കറിയാസിന്റെ അന്ത്യവും. ഇപ്പോള്‍ ശക്തികുളങ്ങര തീരത്ത്  ഉണര്‍ന്ന നാടകോല്‍സവം ഓര്‍മ്മകളും പ്രതീക്ഷകളും പേറുന്ന പുതുതലമുറയുടെ ശ്രമമാണ്.ഈ നാടകോല്‍സവം കേരളത്തിലും ദേശീയതലത്തിലും അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല.അതിനാവുമെന്നാണ് നാടക സ്റ്റേജിനുമുമ്പില്‍ ഇരമ്പിയെത്തുന്ന തീരസമൂഹം തെളിയിക്കുന്നത്.

                           പ്രമുഖമായ നാടക ട്രൂപ്പുകളുടെ മുന്നു നാടകങ്ങളാണ് ഇക്കുറി നാടകോല്‍സവത്തില്‍ അവതരിപ്പിക്കപ്പെടുന്നതെന്ന് നാടകാസ്വാദക സംഘം പ്രസിഡന്റെ്  ടോം ഹെന്‍ട്രി നോട്ടിക്കല്‍ ടൈംസ് കേരളയോടു പറഞ്ഞു.പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായതുപോലെ തന്നെ കേരളത്തിലെ നാടക സമിതികള്‍ക്കിടയില്‍ ശക്തികുളങ്ങര നാടകോല്‍സവത്തില്‍ പങ്കെടുക്കുകയെന്നതും വലിയൊരു അംഗീകാരമായും അവര്‍ കരുതുന്നുണ്ടെന്ന്് ടോം ഹെന്‍ട്രി സൂചിപ്പിച്ചു.ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന നാടകോല്‍സവം ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നു ദിവസമാക്കിയിരിക്കുന്നു..കേരളത്തിലെ സ്റ്റേജ് ആര്‍ടിസ്റ്റുകളെയും,ഇതര കലാകാരന്‍മാരെയും സജീവമാക്കുകയെന്ന ശക്തമായ ലക്ഷ്യമാണ് ഇത്തവണത്തെ നാടകോല്‍സവം മുമ്പോട്ടു വെയ്ക്കുന്നതെന്ന് സംഘാടകസമിതി പറഞ്ഞു.

Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 17

Apr 16

Apr 12

Apr 11

Recent Comments