സോമവിചാരം ഇ.സോമനാഥ്. നോട്ടിക്കല്‍ ടൈംസ് കേരള.

![]() | ![]() ![]() | ||
സോമവിചാരം
ഇ.സോമനാഥ്.
നോട്ടിക്കല്‍ ടൈംസ് കേരള.
എളിയപുറത്തേ വാതം കോച്ചൂ,ചാഞ്ഞമരത്തില്‍ പാഞ്ഞുകേറാം തുടങ്ങിയ പഴഞ്ചൊല്ലുകള്‍ കാലഹരണപ്പെട്ടു എന്നായിരുന്നു എന്റെ വിശ്വാസം.ജന്‍മനാ അവിശ്വാസിയും അല്പവിശ്വാസിയുമായതിനാല്‍ എന്റെ വിശ്വാസം എന്നെ രക്ഷിക്കുമെന്നായിരുന്നു പ്രതീക്ഷ.മറ്റുള്ളവരുടെ വിശ്വാസങ്ങളെ അന്ധവിശ്വസങ്ങളെന്നു പുച്ഛിച്ച് അഗണ്യകോടിയില്‍ തള്ളി.എന്നാല്‍ ഒടുവില്‍ ഞാന്‍ സത്യം കണ്ടെത്തിയെന്നു തോന്നുന്നു.വിശ്വാസമേയുള്ളു അന്ധവിശ്വാസങ്ങളില്ല. ഇത്രയും കുമ്പസാരിച്ചത് ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ മല്‍സ്യവില്പനക്കാരിയായ അല്‍ഫോണ്‍സിയായോട് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ കാട്ടിയ അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടും വായിച്ചും അറിഞ്ഞപ്പോഴാണ്.
വഴിയരികില്‍ മീന്‍ കച്ചവടത്തിനിരുന്ന അല്‍ഫോണ്‍സിയായുടെ മീന്‍പാത്രം ആരോഗ്യവിഭാഗം ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചു.അല്‍ഫോണ്‍സിയ കാലില്‍ വീണെങ്കിലും അവര്‍ കാരുണ്യം കാട്ടിയില്ല.അക്കൂട്ടത്തില്‍ ആരോ കൊടുത്ത ഭേദ്യം അല്‍ഫോണ്‍സയുടെ കയ്യൊടിച്ചു.അതൊന്നും സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുന്നതിന് വിഘാതമാകേണ്ടതില്ല.ഇക്കാര്യത്തില്‍ ഒരു കാരണവശാലും ആരോഗ്യവിഭാഗം ജീവനക്കാരെ കുറ്റപ്പെടുത്താനാവില്ല.അവരെ സംബന്ധിച്ചിടത്തോളം ആരോഗ്യമാണ് പ്രധാനം.വിദ്യാധനം സര്‍വ്വധനാല്‍ പ്രധാന…മെന്ന് പറഞ്ഞപോലെ.ആറ്റിങ്ങല്‍ നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് നഗരസഭാ ഭരണാധികാരികള്‍ അവരുടെ തലയില്‍ കെട്ടിയേല്‍പ്പിച്ചിരിക്കുന്നത്.ഈ ഉത്തരവാദിത്തം ഏല്‍ക്കാന്‍ അവര്‍ക്ക് മാനസീകമായി സമ്മതമായിരുന്നില്ല.പക്ഷേ,ഏറ്റെടുത്തു കഴിഞ്ഞാല്‍ അവസാനശ്വാസം വരെയും അതിനുവേണ്ടി കര്‍മ്മനിരതരാകുമെന്നത് അവരുടെ വാശിയാണ്.അതാണ് അവനവഞ്ചേരിയില്‍ കണ്ടത്. അവസാനത്തെ ആളും അവസാനത്തെ ഉണ്ടയും വരെ….ടില്‍ ദ ലാസ്റ്റ് മാന്‍ ആന്‍ഡ് ലാസ്റ്റ് ബുള്ളറ്റ്….മുന്‍സിപ്പല്‍ ജീവനക്കാരെ ഞാന്‍ കുറ്റപ്പെടുത്തില്ല.മല്‍സ്യങ്ങളുടെയോ,മല്‍സ്യവില്‍പ്പനക്കാരുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് ആരും നിര്‍ദ്ദേശം നല്‍കിയിട്ടില്ല.അതെല്ലാം ഫിഷറീസ് വകുപ്പിന്റെ തലവേദനയാണ്.
പിന്നെ,അവര്‍ കണ്ടതും കേട്ടതും പാരിപ്പള്ളി പോലീസ് ഒരു മീന്‍ വില്‍പ്പനക്കാരിയോട് ചെയ്തതാണ്.കൊമ്പന്‍ പോയ വഴിയേ തന്നെ വേണമെല്ലോ മോഴയും പോകാന്‍.പോരാത്തതിന് പോലീസിനും മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ജീവനക്കാര്‍ക്കും കാക്കിക്കുപ്പായവുമുണ്ട്.മുന്‍സിപ്പാലിറ്റിക്കാര്‍…. ഞാന്‍ താന്‍ ഡെ പൊലീസ്…. എന്നു കരുതിയതില്‍ കുറ്റം പറയാനാവില്ല. ഏതായാലും സംഭവത്തെക്കുറിച്ച് നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാതെ ..ഞാനൊരു മാവിലായിക്കാരിയാണ്..എന്ന നിലപാടെടുത്തത് ഉചിതമായി.പാരിപ്പള്ളി സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ വ്യാജദൃശ്യങ്ങളാണ് എന്നൊന്നും മന്ത്രി പറഞ്ഞില്ല.മുന്‍ ദൃശ്യമാധ്യമപ്രവര്‍ത്തകയായ മന്ത്രിക്ക് ദൃശ്യം… എന്താണ്, ദൃശ്യം2… എന്താണ്, വ്യാജദൃശ്യം.. എന്താണ് എന്നു വകതിരിവുള്ളതു കൊണ്ടാവാം
ഏതായാലും പഴഞ്ചൊല്ലുകളുടെ പ്രസക്തി തിരിച്ചറിയാന്‍ ഈ സംഭവങ്ങള്‍ എന്നെ സഹായിച്ചു.മീന്‍കാരികളോടു കാണിച്ച ശൗര്യം ബെവ്‌കോയില്‍ ക്യൂ നില്‍ക്കുന്നവരോട് കാണിക്കാന്‍ പോലീസോ ആരോഗ്യ വിഭാഗം ജീവനക്കാരോ ധൈര്യപ്പെടുമോ..കാണിച്ചാല്‍ ..വെവരമറിയും.., അതാണ് പഴമൊഴികളും പറയുന്നത് എളിയ പുറത്തെ വാതം കോച്ചൂ..,ചാഞ്ഞ മരത്തില്‍ പാഞ്ഞുകേറാം…ആറ്റിങ്ങലില്‍ സംഭവം നടന്ന സ്ഥലത്തിന്റെ പേര് പ്രത്യേകം ശ്രദ്ധിക്കണം അവനവന്‍ചേരി.ആരും അല്‍ഫോണ്‍സിയായുടെ ചേരിയില്‍ നിന്നില്ല.എല്ലാവര്‍ക്കും അവനവന്റെ ചേരി.കപ്പല്‍ മുങ്ങുമെന്നുറപ്പായാല്‍ കപ്പിത്താന്‍ മെഗാഫോണിലൂടെ നല്‍കുന്ന അറിയിപ്പു പോലെ… ഈച് മാന്‍ ഫോര്‍ ഹിംസെല്‍ഫ്…അവനവന്റെ കാര്യം അവനവന്‍ നോക്കുകയെന്നു വേണമെങ്കില്‍ മലയാളത്തിലാക്കാം.ആറ്റിങ്ങലിലാവുമ്പോള്‍ അവനവന്‍ചേരിയെന്നു പാഠഭേദം സൃഷ്ടിച്ചാലും ഒട്ടും മുഷിയില്ല.
ഇ.സോമനാഥ്.
നോട്ടിക്കല്‍ടൈംസ് കേരള.
ഫോട്ടോ ക്യാപ്ഷന്‍.
മന്ത്രി.വീണ ജോര്‍ജ്ജ്.
മല്‍സ്യ വില്‍പനക്കാരിയായ അല്‍ഫോണ്‍സിയ.
ഇ.സോമനാഥ്. . ചെറുതായി ഹെഡ്ഡിഘിനൊപ്പം കൊടുക്കണം.