മോഹന്‍ശ്രീശൈലം
നോട്ടിക്കല്‍ ടൈംസ് കേരള.
ചെമ്പൈ വൈദ്യനാഥ അയ്യര്‍ കര്‍ണാടക സംഗീതത്തിലെ സുവര്‍ണകാലഘട്ടത്തിലെ തലയെടുപ്പുള്ള സംഗീതാചാര്യനായിരുന്നു. 1896 ഓഗസ്റ്റ് 28-ന് ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തില്‍ പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ ജനിച്ചു. അരിയക്കുടി രാമാനുജ അയ്യങ്കാര്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, ചെമ്പൈ എന്നിവരെ കര്‍ണാടക സംഗീതത്തിലെ അഭിനവ ത്രിമൂര്‍ത്തികളായി വിശേഷിപ്പിച്ചു പോരുന്നു. ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം എന്നിങ്ങനെ ചെമ്പൈയുടേതായ പ്രത്യേകതകള്‍ ധാരാളം. 70 വര്‍ഷത്തെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, രസികപ്രിയരില്‍ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളര്‍ത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും ഒക്കെ ഒരേ സമയം കഴിഞ്ഞിരുന്നു ചെമ്പൈക്ക്. ത്യാഗരാജ സ്വാമികളുടെ സമകാലീനനായിരുന്ന ചക്ര താനം സുബ്ബ അയ്യര്‍, ചെമ്പൈയുടെ മുതുമുത്തശ്ശനായിരുന്നു. സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് ആത്മീയതയിലൂന്നിയ ജീവിതം നയിച്ച് ചെമ്പൈ ഗുരുവായൂരപ്പനെ തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായി കരുതിയിരുന്നു.
ഭാഗവതര്‍ എന്ന നിലയില്‍ നൈമിഷികമായി മനോധര്‍മ്മം പ്രദര്‍ശിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുവിദിതം ആണ്. ഏതു സ്വരത്തില്‍ നിന്നും കീര്‍ത്തനത്തിന്റെ ഏതു വരിയില്‍ നിന്നും യഥേഷ്ടം നിരവലോ, സ്വരപ്രസ്താരമോ തുടങ്ങാനും അത്ഭുതകരമായ വിധത്തില്‍ താളാനുസൃതമായി പാടാനും നിസ്സാരമായി കഴിഞ്ഞിരുന്നു. അക്ഷീണം പാടുമ്പോഴും ഫലിതബോധം കൈവിടാതെയുള്ള കമന്റുകള്‍ , രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി. എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താന്‍ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് അതിപ്രശസ്തരായ കെ.ജെ. യേശുദാസ്, ജയവിജയന്മാര്‍, പി. ലീല എന്നിവരൊക്കെ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെടുന്നു.
ധാരാളം ബഹുമതികള്‍ ചെമ്പൈക്കു ലഭിച്ചിട്ടുണ്ട്. 1951-ലെ ”സംഗീത കലാനിധി” പദവി, കേന്ദ്ര നാടക അക്കാഡമി അവാര്‍ഡ്, രാഷ്ട്രപതിയുടെ പദ്മഭൂഷണ്‍ അവാര്‍ഡ്, ഗാനഗന്ധര്‍വ പദവി എന്നിവ അതില്‍ ചിലതു മാത്രം. കൊച്ചി, മൈസൂര്‍ , ബറോഡ, വിജയനഗരം, ബോബ്ബിലി, ജെയ്പൂര്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരും പല അംഗീകാരങ്ങളും നല്‍കി ആദരിച്ചിട്ടുണ്ട്.
കാര്‍ക്കശ്യമായിരുന്നു വൈദ്യനാഥ ഭാഗവതരുടെ സ്ഥായീഭാവം. ഹൈ മീറ്ററില്‍ കച്ചേരി നടത്തുന്ന ദിവസങ്ങളിലും തൈരും നെയ്യും കഴിക്കുമായിരുന്നു. സ്വന്തം കണ്ഠശുദ്ധിയി ല്‍ അത്രമേല്‍ ആത്മവിശ്വാസമുള്ള ഭാഗവതരായിരുന്നു ചെമ്പൈ. രാഗോപാസന കേട്ടു വളര്‍ന്ന ബാല്യകാലത്തെ ഓര്‍മകളും വൈദ്യനാഥ ഭാഗവതരെക്കുറിച്ചു കേട്ടറിഞ്ഞ കഥകളും അത്ഭുതാവഹമാണ്.
മക്കളും ചെറുമക്കളുമായി വലിയ കുടുംബം. വൈദ്യനാഥ ഭാഗവതരായിരുന്നു കാരണവ ര്‍. അദ്ദേഹവും സഹോദരന്‍ സുബ്രഹ്മണ്യ ഭാഗവതരും ചേര്‍ന്ന് ചെമ്പൈ ഗ്രാമത്തില്‍ ഗുരുകുല രീതിയില്‍ സംഗീതം പരിശീലിപ്പിച്ചിരുന്നു. രണ്ടു പേരും കച്ചേരിക്കു ദൂരസ്ഥലങ്ങളിലേക്കു പോയതു പലപ്പോഴും ഗുരുകുല പഠനത്തിനു തടസ്സം സൃഷ്ടിച്ചു. അതോടെ സുബ്രഹ്മണ്യഭാഗവതര്‍ സംഗീത ക്ലാസ് ഏറ്റെടുത്തു. വൈദ്യനാഥഭാഗവതര്‍ മുഴുവന്‍ സമയവും കച്ചേരികളിലേക്കു നീങ്ങി. അദ്ദേഹത്തിനു തമിഴ്‌നാട്ടിലും കേര ളത്തിലും ആരാധകരുണ്ടായിരുന്നു. ത മിഴ്‌നാട്ടില്‍ ചെല്ലുമ്പോള്‍ താമസിക്കാന്‍ ചെന്നൈയിലെ സാന്‍തോമില്‍ വീടു വാങ്ങി. ആറുമാസം അവിടെയും ആറു മാസം ചെമ്പൈ ഗ്രാമത്തിലുമായിട്ടായിരുന്നു ജീവിതം. ഒളപ്പമണ്ണ മനയുമായി ചെമ്പൈക്ക് ഹൃദയബന്ധമുണ്ടായിരുന്നു. വള്ളുവനാട്ടില്‍ എവിടെ കച്ചേരി നടത്തിയാലും ഭാഗവതര്‍ താമസിച്ചിരുന്നതു മനയിലായിരുന്നു. ഒഎംസി വാസുദേവന്‍ നമ്പൂതിരിപ്പാട്, പൂമുള്ളി രാമപ്പന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ പ്രമുഖര്‍ ചെമ്പൈയുടെ ശിഷ്യരാണ്. മനയുടെ വകയായുള്ള പൂഴിക്കുന്നം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ചെമ്പൈ ആദ്യ കച്ചേരി നടത്തിയത്. അവസാനത്തെ കച്ചേരിയും അവിടെയായിരുന്നു എന്നതു മറ്റൊരു നിയോഗം.
മനയുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ആകൃഷ്ടനായ ഭാഗവതര്‍ സ്വന്തം ഗ്രാമത്തില്‍ പാര്‍ഥസാരഥിയെ പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചു. കുംഭമാസത്തിലെ വെളുത്തപക്ഷ സപ്തമിക്ക് കൊടിയേറ്റവും ദ്വാദശി ആറാട്ടോടുകൂടി അവസാനിക്കുംവിധം സംഗീതോത്സവവും നടത്തി. ”ദാസിന്റെ കച്ചേരി കേള്‍ക്കണമെന്ന് നാട്ടിലെല്ലാവര്‍ക്കും ആഗ്രഹമുണ്ട്” ബന്ധുക്കളിലൊരാള്‍ ചെമ്പൈയോടു പറഞ്ഞു. ചെമ്പൈയുടെ ശിഷ്യനായ യേശുദാസ് സിനിമാ ഗാനങ്ങളിലൂടെ പ്രശസ്തനായ കാലമായിരുന്നു അത്. ഗുരുവിന്റെ ആവശ്യപ്രകാരം 1972ല്‍ യേശുദാസ് ചെമ്പൈ ഗ്രാമത്തിലെത്തി. ”സിനിമാ പാട്ട് പാടിക്കോളൂ. കുഴപ്പമില്ല” കച്ചേരിയുടെ ഇടയില്‍ യേശുദാസിനോടു ചെമ്പൈ പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായകനെ കാണാനെത്തിയ സാധാരണക്കാരുടെ മനസ്സറിഞ്ഞുള്ള പ്രവര്‍ത്തിയായിരുന്നു അത്. ഗുരുവിന്റെ ക്ഷണം സ്വീകരിച്ച ശേഷം യേശുദാസ് ഒരിക്കല്‍പ്പോലും ഇവിടുത്തെ സംഗീതോല്‍സവം ഒഴിവാക്കിയിട്ടില്ല. നാല്‍പത്തേഴു വര്‍ഷങ്ങളായി മുടക്കം വരാതെ ഇവിടെ വന്നു പാടുന്നു. ജയവിജയന്മാര്‍, ടി.വി. ഗോപാലകൃഷ്ണന്‍, വിജയ് യേശുദാസ് എന്നിങ്ങനെ മറ്റു പ്രമുഖരും ഈ വേദിയില്‍ പാടി ഗുരുവന്ദനം നടത്തി.
ചെമ്പൈ ഗ്രാമത്തിലെ സരസ്വതീമണ്ഡപം
വൈദ്യനാഥ ഭാഗവതര്‍ കൊളുത്തിയ സംഗീതത്തിന്റെ തിരിനാളം അണയാതിരിക്കാന്‍ ഇരുപത്തെട്ടു വര്‍ഷം മുന്‍പ് ‘ചെമ്പൈ സംഗീതപീഠം’ രൂപീകരിച്ചു. ചിങ്ങ മാസത്തിലെ ഭരണി നക്ഷത്രത്തില്‍, ചെമ്പൈയുടെ ജന്മനാളില്‍ ആദ്യ ക്ലാസ് യേശുദാസ് ഉദ്ഘാടനം ചെയ്തു. അഗ്രഹാരത്തിനു സമീപത്ത് സപ്തസ്വര മണ്ഡപം നിര്‍മിച്ച് ചെമ്പൈയുടെ വെങ്കല ശില്‍പം സ്ഥാപിച്ചതും ഗാനഗന്ധര്‍വനാണ്. പാലക്കാട് ജില്ലയുടെ വിവിധ ഭാഗത്തുള്ളവര്‍ യേശുദാസിന്റെ സാന്നിധ്യത്താല്‍ പ്രശസ്തമായ പീഠത്തില്‍ സംഗീത പരിശീലനത്തിന് എത്തുന്നു. അവരില്‍ സ്‌കൂള്‍ കുട്ടികളും ജോലിക്കാരും വീട്ടമ്മമാരുമുണ്ട്.
നിലച്ച ശബ്ദം തിരിച്ചു കിട്ടിയ കഥ എല്ലാവര്‍ഷവും ഏകാദശിക്ക് ഭാഗവതര്‍ ഗുരുവായൂരില്‍ എത്തുമായിരുന്നു. ഏകാദശിയോടനുബന്ധിച്ച് മൂന്നു ദിവസം ശിഷ്യരെക്കൊണ്ട് ശ്രീകൃഷ്ണനു മുന്നില്‍ പാടിക്കുന്നത് ജന്മപുണ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ചെമ്പൈ ആരംഭിച്ച കച്ചേരി പില്‍ക്കാലത്ത് ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്തു. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന ‘ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവമായി’ ഇതു മാറിയത്
കൃഷ്ണഭക്തിയെക്കുറിച്ച് കൂടെയുണ്ടായിരുന്നവര്‍ക്കു പ റയാന്‍ അനുഭവങ്ങളേറെ. അതിലൊന്നാണ് ചെമ്പൈക്കു ശബ്ദം നഷ്ടപ്പെട്ട സംഭവം. പെരുമയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്ത് മൂന്ന് അവസരങ്ങളില്‍ ചെമ്പൈക്ക് ശബ്ദം നഷ്ടപ്പെട്ടു. കച്ചേരി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സംസാരിക്കാന്‍ പറ്റാതായി. ആദ്യ രണ്ടു തവണയും വിശ്രമവും പ്രാര്‍ഥനയും കഴിഞ്ഞപ്പോള്‍ ശബ്ദം തിരിച്ചു കിട്ടി. മൂന്നാംതവണ സംസാരിക്കാന്‍ പോലും പറ്റാത്തവിധം ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടു. പിന്നീടു ര ണ്ടു വര്‍ഷം പാടാന്‍ മാത്രമല്ല വര്‍ത്തമാനം പറയാനും വയ്യാത്ത അവസ്ഥയിലായി. ജന്മസിദ്ധമായ സംഗീതം ഹൃദയനൊമ്പരമായതോടെ അദ്ദേഹം തന്റെ അഭയസ്ഥാനമെന്നു വിശ്വസിച്ചിരുന്ന ഗുരുവായൂരിലേക്കു തിരിച്ചു.
അവിടെ വച്ചുണ്ടായ അനുഭവം പിന്നീടൊരു അ ഭിമുഖത്തില്‍ ചെമ്പൈ പറഞ്ഞത് ഇങ്ങനെ: ”പന്തീരടി വാതില്‍ കടന്ന് ജനത്തിരക്കിലൊരുവനായി ശ്രീകോവിലിനു മുന്നിലെത്തി. ഭഗവാനേ, അങ്ങയെ കാണാനെത്തിയ അനേകായിരം ആളുകളുടെ ഇടയില്‍ ഈ ഞാനുമുണ്ട്. നാരായണ നാമ ജപമല്ലാതെ മറ്റൊന്നും ഇവിടെ കേള്‍ക്കുന്നില്ല. ഗുരുവായൂരപ്പാ, ഈ തിരക്കിന്റെയിടയില്‍ അങ്ങയെ കാണാന്‍ കഴിയുന്നില്ല. എന്റെ ശബ്ദം കേള്‍ക്കാന്‍ അവിടുത്തേക്ക് താല്‍പര്യമില്ലാതായോ. എന്തിനാണ് ഭഗവാനേ ഇങ്ങനെയൊരു പരീക്ഷണം… ഉറക്കെ പറയാനാണു ശ്രമിച്ചതെങ്കിലും ശബ്ദം പുറത്തുവന്നില്ല. വിങ്ങലടക്കാനാവാതെ വിതുമ്പിക്കരഞ്ഞു. നിറകണ്ണുകളുമായി അങ്ങനെ നിന്നപ്പോള്‍ പുറകില്‍ നിന്നൊരു തലോടല്‍
”ചെമ്പൈ ഭാഗവതരല്ലേ? അങ്ങയുടെ ശബ്ദം നഷ്ടപ്പെട്ടതായി അറിഞ്ഞു. ഞാനൊന്നു പരിശോധിക്കട്ടേ?” പിന്നില്‍ നിന്നു തട്ടി വിളിച്ചയാള്‍ ചോദിച്ചു. ”ഞാന്‍ വൈദ്യമഠത്തിലെ അംഗമാണ്. പേര് നാരായണന്‍ നമ്പൂതിരി. വിരോധല്ലാച്ചാല്‍ എന്റെ കൂടെ മനയിലേക്ക് വന്നോളൂ” അദ്ദേഹം പറഞ്ഞു. നാരായണന്‍ നമ്പൂതിരിയോടൊപ്പം ഒറ്റപ്പാലത്തിനടുത്തുള്ള ഒളപ്പമണ്ണ മനയിലേക്ക് പോയി. വൈദ്യര്‍ തുള്ളിമരുന്നു നല്‍കി. പിറ്റേന്നു രാവിലെ ആ മരുന്നിന്റെ രണ്ടു തുള്ളി കഴിക്കാന്‍ പറഞ്ഞു. രണ്ടാം ദിനം മരുന്ന് തൊണ്ടയില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും ചുമച്ചു. രണ്ടു വര്‍ഷങ്ങളായി ഒരക്ഷരം പോലും പുറപ്പെടാതിരുന്ന കണ്ഠത്തില്‍ നിന്ന് സപ്തസ്വരങ്ങളൊഴുകി. അന്നേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്‍പ് ഗുരുവായൂരിലെത്തി.” ചെമ്പൈയുടെ അറിയിപ്പു കിട്ടിയ പക്കമേളക്കാര്‍ നേരത്തേ എത്തിയിരുന്നു. ഗുരുപവനപുരിയെ സംഗീത പാല്‍ക്കടലാക്കി വൈദ്യനാഥ ഭാഗവതര്‍ വീണ്ടും പാടി – കഴലിണ കൈ തൊഴുന്നേന്‍ കൃഷ്ണാ…
വൈദ്യനാഥ ഭാഗവതരുടെ അമ്മ പാര്‍വതിയുടെ നാട് വടകരയാണ്. ലോകനാര്‍കാവിനു സമീപത്തുള്ള വീട്ടിലാണ് ഭാഗവതര്‍ ജനിച്ചതെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ അനന്തഭാഗവതരുടെ ജന്മദേശമാണ് പാലക്കാട് ജില്ലയിലെ കോട്ടായി. അച്ഛനില്‍ നിന്നു കിട്ടിയ സംഗീതം ചെമ്പൈയിലൂടെ തിളങ്ങി. വാതാപി ഗണപതിം പാടിക്കൊണ്ടാണ് ചെമ്പൈയുടെ കച്ചേരികള്‍ ആരംഭിക്കാറുള്ളത്. യോഗീന്ദ്രാണാം പാടി സമാപനം. കരുണ ചെയ്വാന്‍ എന്തു താമസം കൃഷ്ണാ എന്നു തുടങ്ങുന്ന പരിദേവനമായിരുന്നു അദ്ദേഹത്തിന് പ്രിയപ്പെട്ട കീര്‍ത്തനം. ‘അനായാസേന മരണം’ എന്നായിരുന്നു നിത്യപ്രാര്‍ഥന. അതു ഗുരുവായൂരപ്പന്‍ കേട്ടുവെന്ന് ഒടുവിലത്തെ കച്ചേരിക്ക് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
ചെമ്പൈ മണ്‍മറഞ്ഞിട്ട് 16ന് 49വര്‍ഷം 1974 ഒക്ടോബര്‍ 16. ഒറ്റപ്പാലം സുന്ദരയ്യര്‍ റോഡിലുള്ള ഒളപ്പമണ്ണ മന. സംഗീതജ്ഞനും സഹൃദയനുമായ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ വസതിയില്‍ തലേന്നാള്‍ തന്നെ ചെമ്പൈ എത്തിയിരുന്നു. നവരാത്രിയോടനുബന്ധിച്ച് പൂഴിക്കുന്നം ശ്രീകൃഷ്ണക്ഷേത്രത്തില്‍ കച്ചേരി നടത്താന്‍. അടുത്തറിയുന്ന പലരും മനയില്‍ എത്തി. കവിയും അഭിഭാഷകനുമായ പി ടി നരേന്ദ്രന്‍ മേനോന്‍, ഗായിക സുകുമാരി, മണ്ണൂര്‍ രാജകുമാരനുണ്ണി തുടങ്ങിയവര്‍. എല്ലാവരോടും ഉള്ളുതുറന്ന് സംസാരിച്ചു. ഇടയ്ക്ക് പത്രക്കാരുമായി അഭിമുഖം. അടുത്തുള്ള അടുത്തുള്ള ബന്ധുവീട്ടില്‍ സന്ദര്‍ശനം. പകല്‍ അവസാനിക്കുംമുമ്പേ ഭാഗവതരും സംഘവും പൂഴിക്കുന്നം ക്ഷേത്രാങ്കണത്തില്‍. വേദിയില്‍ ഭാഗവതര്‍ ഉപവിഷ്ടനാകുന്നു. വയലിനുമായി രാമചന്ദ്രന്‍, മൃദംഗവുമായി മൂര്‍ത്തിയും തൃശൂര്‍ മോഹനനും ഘടവുമായി ആലംകുടി രാമചന്ദ്രന്‍. കൂടെ പാടാന്‍ ബാബു നമ്പൂതിരി. ശിഷ്യരായ വാസുദേവന്‍ നമ്പൂതിരിപ്പാടും ശൂലപാണി വാര്യരും ചിതലി രാമന്‍ മാരാരും പി കെ ജി നമ്പ്യാരും പിന്നില്‍. വിരിഭോണി വര്‍ണത്തില്‍ തുടങ്ങി സ്ഥിരമായി ആലപിക്കുന്ന ഹംസധ്വനിയിലൂടെ, പന്തുവരാളിയിലൂടെ, ഹംസാനന്ദിയിലൂടെ, ഗംഭീരനാട്ടയിലൂടെ, കാംബോജിയിലൂടെ സഞ്ചരിച്ച് ആലാപനത്തിന്റെ സമസ്ത സൗന്ദര്യങ്ങളും ഒത്തിണക്കി യദുകുല കാംബോജിയിലെ കരുണ ചെയ്വാനെന്തു താമസം കൃഷ്ണ എന്ന കീര്‍ത്തനത്തോടെ മൂന്നര മണിക്കൂര്‍ നീണ്ട നാദവിസ്മയം… പിന്നെ വാസുദേവന്‍ നമ്പൂതിരിപ്പാടിനെ തിരിഞ്ഞുനോക്കി ഒരു മന്ദസ്മിതം. ഇരു കൈകളും കൂപ്പി വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മറുമൊഴി. പിന്നീട് ക്ഷേത്രനടയില്‍. ‘ഗുരുവായൂരപ്പാ… എനിക്ക് 79 വയസ്സായി ജീവിതത്തിലെ എല്ലാ മോഹങ്ങളും പൂര്‍ത്തിയായി. തടിച്ചുവീര്‍ത്ത ഈ ശരീരം എന്നെ വല്ലാതെ തളര്‍ത്തുന്നു. വൈകാതെ എന്നെ കൂടി അങ്ങോട്ട് വിളിച്ചൂടെ… ഉറക്കെയുറക്കെയുള്ള ദീനസ്വരം കേട്ട് അടുത്തുനിന്നവര്‍ നടുങ്ങുന്നു. ആകപ്പാടെ നിശ്ശബ്ദത. അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ രാമ മാരാര്‍ പറഞ്ഞു: ”ഭാഗവതര്‍ ഇനിയും നൂറുകൊല്ലം ജീവിക്കണം, ഞങ്ങള്‍ക്കൊക്കെ വേണ്ടി.” ഉടനെ ഭാഗവതരുടെ മറുപടി: ”രാമാ ഞാനും ഗുരുവായൂരപ്പനും തമ്മിലുളള വിഷയം. മറ്റാരും ഇതില്‍ ഇടപെടേണ്ട.” – മഞ്ചലിലേറി തിരിച്ച് ഒളപ്പമണ്ണ മനയിലേക്ക്. പടികള്‍ കയറവെ ഭാഗവതരുടെ ശരീരം ഒരു ഭാഗത്തേക്ക് ചായുന്നതുകണ്ട് പിറകിലുള്ളവര്‍ താങ്ങി. തളത്തിലെ കോലായില്‍ കിടത്തി. ശരീരമാകെ വിയര്‍ത്തിരുന്നു. ഡോക്ടര്‍ എത്തുമ്പോഴേക്കും ശരീരം നിശ്ചലം. കര്‍ണാടകസംഗീതത്തിന്റെ എക്കാലത്തെയും സമ്പന്നമായ ആ ശബ്ദം നിലച്ചു.
മലയാളം കൊല്ലവര്‍ഷത്തിന്റെ കാലഗണന അനുസരിച്ച് 1072 ചിങ്ങത്തിലെ ഭരണി നക്ഷത്രത്തിലാണ് ഭാഗവതരുടെ ജനനം. അച്ഛന്‍ അനന്ത ഭാഗവതര്‍. അമ്മ പാര്‍വതിയമ്മാള്‍. അച്ഛനും മുത്തച്ഛന്മാരും പേരുകേട്ട സംഗീതവിദ്വാന്മാര്‍. സംഗീതം പഠിക്കാന്‍ എത്തുന്ന കുട്ടികളോടൊപ്പം അച്ഛന്‍ അനന്ത ഭാഗവതരുടെ വായ്ത്താരികളില്‍നിന്ന് വൈദ്യനാഥനും അനുജന്‍ അനുജന്‍ സുബ്രഹ്മണ്യന്‍ എന്ന ശുപ്പാണിയും പരിശീലിച്ചു, അന്യദേശങ്ങളില്‍നിന്ന് അനന്ത ഭാഗവതരെ കാണാന്‍ എത്തുന്ന സംഗീത വിദ്വാന്മാരുമായുള്ള കൂടിക്കാഴ്ചയും വ്യത്യസ്ത ബാണികളിലുള്ള ആലാപന സമ്പ്രദായങ്ങളും സംവാദങ്ങളില്‍ ഉരുത്തിരിയുന്ന ആശയങ്ങളും സംഗീതജ്ഞാനം വര്‍ധിപ്പിച്ചു. പത്താം വയസ്സില്‍ അഗ്രഹാരത്തിലെ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ അരങ്ങേറ്റം. പഴയ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലും കൂറ്റനാടിനടുത്തുള്ള പൂമുള്ളി മനയിലുമുള്ളവരില്‍ ചിലര്‍ കര്‍ണാടക സംഗീതപ്രിയരും അനന്ത ഭാഗവതരോട് ഏറെ സൗഹൃദം പുലര്‍ത്തിയവരുമായിരുന്നു. ചെമ്പൈ സഹോദരന്മാരെയും അവര്‍ ബഹുമാനിച്ചു. പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാടും ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാടും ഭാഗവതര്‍ക്ക് ശിഷ്യപ്പെട്ടു. വായ്പ്പാട്ടില്‍ എന്നപോലെ വയലിനിലും ചെമ്പൈക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. ചെമ്പൈ ഗ്രാമത്തില്‍ എം എസ് സുബ്ബുലക്ഷ്മി കച്ചേരി അവതരിപ്പിക്കുന്ന വേളയില്‍, ഫിഡില്‍ ചൗഡയ എത്താന്‍ വൈകിയപ്പോള്‍ ചെമ്പൈ തന്നെ വയലിന്‍ വായിച്ച കാര്യം ഇന്നും പഴമക്കാരുടെ ഓര്‍മയിലുണ്ട്. – സുപ്രസിദ്ധ സംഗീതജ്ഞനും കഥാകാലക്ഷേപം അവതരിപ്പിക്കുന്ന കലാകാരനുമായ രാമായണം നടേശ ശാസ്ത്രികള്‍ ഹരികഥ പറയാന്‍ കല്‍പ്പാത്തിയില്‍ വന്നു. ചെമ്പൈ സഹോദരന്മാരുടെ ആലാപന വൈഭവം കേട്ടറിഞ്ഞ് അവര്‍ ചെമ്പൈയില്‍ എത്തി. അനന്ത ഭാഗവതരുമായി സംസാരിക്കവെ പാട്ടുകാര്‍ക്ക് തമിഴ്‌നാട്ടിലുള്ള സാധ്യതകള്‍ ധരിപ്പിച്ചു. തുടര്‍ന്ന് കുട്ടികളെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. നടേശ ശാസ്ത്രികള്‍ ഹരികഥ പറയുന്ന വേദിയിലെല്ലാം ചെമ്പൈ സഹോദരന്മാരുടെ ഭക്തിരസപ്രധാനമായ കീര്‍ത്തനങ്ങളുടെ ആലാപനം. സദസ്യര്‍ ഇവരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുപ്രസിദ്ധ വയലിന്‍ വിദ്വാനായ മലക്കോട്ടെ ഗോവിന്ദസ്വാമി പിള്ള, കാഞ്ചീപുരം നൈനാ പിള്ള, മൃദംഗവിദ്വാന്മാരായ ദക്ഷിണാമൂര്‍ത്തി പിള്ള, പഴനി സുബ്ബയ്യപിള്ള, ഘടം വാദകന്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരുമായി അവര്‍ പരിചയപ്പെട്ടു. ചെമ്പൈ അഗ്രഹാരത്തില്‍ തിരിച്ചുവന്നെങ്കിലും ഏറെ താമസിയാതെ തമിഴകത്ത് ധാരാളം വേദികളിലേക്ക് ചെമ്പൈക്ക് ക്ഷണം ലഭിച്ചു. മഹാരാജാപുരം വിശ്വനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജം അയ്യങ്കാര്‍, മുസരി സുബ്രഹ്മണ്യയ്യര്‍, ജി എന്‍ ബാലസുബ്രഹ്മണ്യം, മധുരെ മണി അയ്യര്‍, ആലത്തൂര്‍ ബ്രദേഴ്‌സ്, ടി വൃന്ദ, ടി മുക്ത, എസ് രാമനാഥന്‍, ഡി കെ പട്ടമ്മാള്‍, എം എസ് സുബ്ബുലക്ഷ്മി തുടങ്ങിയ മഹാപ്രതിഭകള്‍ ജ്വലിച്ചുനില്‍ക്കുന്ന ഘട്ടത്തിലാണ് ചെമ്പൈയുടെ സാന്നിധ്യം. 1930കളിലാണ് ചെമ്പൈയില്‍ ഗുരുകുലം ആരംഭിക്കുന്നത്. അന്യദേശങ്ങളില്‍നിന്ന് നിരവധിപേര്‍ പഠിക്കാനെത്തി. താമസം, ഭക്ഷണം, പരിശീലനം എല്ലാം സൗജന്യം. കര്‍ശനമായ അച്ചടക്കവും പരിശീലനപദ്ധതിയും. എഴുതിപ്പഠിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. ജാതി ചിന്തകള്‍ തീക്ഷ്ണമായി നിലനിന്ന കാലത്ത് ഈഴവസമുദായത്തിലുള്ള ചെറുപ്പക്കാര്‍ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നും സൈക്കിള്‍ ചവിട്ടി ഗുരുകുലത്തിലെത്തി സംഗീതം പഠിച്ചു. മണ്‍മറഞ്ഞ മാന്‍ഡൊലിന്‍ വാദകന്‍ ശ്രീനിവാസന്റെ ഗുരുനാഥന്‍ ഹൈദരാബാദ് സുബ്ബരാജുലു, വി വി സുബ്രഹ്മണ്യന്‍, മംഗലാപുരത്തെ മണി ഭാഗവതര്‍, ഞെരളത്ത് രാമ പൊതുവാള്‍, കടത്തനാട് മാധവക്കുറുപ്പ്, പഴശ്ശി രാജകുടുംബത്തിലെ ശങ്കരവര്‍മരാജ, കെ എം നീലിമന നമ്പൂതിരി, കുഴല്‍മന്ദം ഗോപാലകൃഷ്ണയ്യര്‍, കോദണ്ഡരാമ ഭാഗവതര്‍ തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തില്‍ ചെമ്പൈ ഗുരുകുലത്തില്‍ സംഗീത പരിശീലനം നേടിയവരാണ്. ടി വി ഗോപാലകൃഷ്ണനും ജയവിജയന്മാരും, കെ.ജെ.യേശുദാസുമൊക്കെ ചെമ്പൈയുടെ ശിഷ്യത്വം സ്വീകരിക്കുന്നത് മദിരാശിയില്‍വച്ചാണ്. മരണാനന്തരവും യുഗപുരുഷനായി കര്‍ണടക സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുകയാണ് ചെമ്പൈ. 15 നാള്‍ നീണ്ടുനില്‍ക്കുന്നതും, വായ്പാട്ടിലും വാദ്യേപകരണങ്ങളിലുമായി മൂവായിരത്തഞ്ഞൂറോളം ഗായകര്‍ സംഗമിക്കുന്നതുമായ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം ആ മഹാപ്രതിഭയ്ക്കുള്ള നിസ്തുലമായ അംഗീകാരമാണ്. സമകാലികരായ സംഗീതവിദ്വാന്മാര്‍ക്കാര്‍ക്കും ലഭിക്കാത്ത അംഗീകാരം.
പാലക്കാട് ഗവ: മ്യൂസിക് കോളേജ് അദ്ദേഹത്തിന്റെ സ്മരണക്കായി ചെമ്പൈ മെമ്മോറിയല്‍ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്തു.