HomeSPECIAL STORIESശക്തിയുള്ള കര ശക്തികുളങ്ങര.

ശക്തിയുള്ള കര ശക്തികുളങ്ങര.

                             യേശുദാസ് വില്യം


                                                നിലാവുള്ള രാത്രികളില്‍ നീണ്ടകര ശക്തികുളങ്ങര  പാലത്തില്‍ നിന്നു നോക്കിയാല്‍ അറബിക്കടലിലേക്ക്  വെള്ളി ഉരുകി ഒഴുകിയതുപോലുള്ള അഷ്ടമുടിക്കായലിന്റെ അഷ്ടസംഗമവും കിഴക്ക് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന തുരുത്തിലെ തെങ്ങിന്‍ തലപ്പുകളും ഒരിക്കലും മറക്കാനാവാത്ത കാഴചയാണ്.ഇതാണ് ദൈവം അറിഞ്ഞനുഗ്രഹിച്ച ശക്തികുളങ്ങര.അറബിക്കടലും അഷ്ടമുടിക്കായലും അതിന്റെ കൈവഴികളും അതിരിടുന്ന ചെറിയ തീരഭൂമി പ്രകൃതിദത്തമായ വൈവിധ്യം കൊണ്ടു തന്നെ നമ്മുടെ നാടിന്റെയാകെ കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞിട്ടുണ്ട്.ഇന്‍ഡോ നോര്‍വ്വീജീയന്‍ പദ്ധതി നടപ്പിലായതോടെ യന്ത്രവല്‍കൃത മല്‍സ്യബന്ധനത്തിന്റെ ഈറ്റില്ലമായി മാറി ശക്തികുളങ്ങര. പാച്ചുവലയും,കൊഞ്ചുവലയും,മീന്‍വലയുമൊക്കെയായി വള്ളങ്ങളില്‍ മുന്നവന്‍മാര്‍ പറയുന്ന ചാപ്പ പടിഞ്ഞാറ്റതില്‍ കേന്ദ്രീകരിച്ചു നിന്ന മീന്‍പിടുത്തം പിന്നീട് ട്രോളിംഗിനു വഴിമാറിയത് വലിയൊരുമാറ്റത്തിനു തുടക്കമായി.സാധാരണ തീരമേഖലകളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി മല്‍സ്യബന്ധനത്തില്‍ നൂതനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുവാനും പ്രായോഗികതലത്തിലെത്തിക്കുവാനുമുള്ള കുശാഗ്രബുദ്ധി ഈ തീരമേഖലയിലുള്ള മല്‍സ്യത്തൊഴിലാളികള്‍ക്കുണ്ട്.പതുക്കെ പതുക്കെയുള്ള മല്‍സ്യബന്ധനമേഖലയിലെ വളര്‍ച്ച മല്‍സ്യത്തൊഴിലാളികള്‍ക്കു മാത്രമല്ല അനുബന്ധ വ്യവസായമേഖലയുമായി ബന്ധപ്പെട്ട് ശക്തികുളങ്ങരയിലെ എല്ലാ മേഖലകളിലുള്ളവര്‍ക്കും ജീവനോപാധി ഒരുക്കുന്ന വളക്കൂറുള്ള മണ്ണായി  ഈ തീരഭൂമി മാറിക്കഴിഞ്ഞു.

                                              ബാല്യകാല ഓര്‍മ്മകളില്‍ കൈത്തോടുകള്‍ നിറഞ്ഞ വെറുവാപ്പെട്ടിയാണ് മനസ്സില്‍ നിറയുന്നത്.അതിനപ്പുറത്ത് മറ്റൊരു ലോകം ഉണ്ടന്നറിയുന്നത്  തൊമ്മാസ്സു കണക്കന്റെ കഥയില്‍ നിന്നുമാണ്.കോട്ടുക്കാടും ചള്ളാപ്പുമൊക്കയുള്ള വെറുവാപ്പെട്ടിയിലെ മാവും, വെര്‍ണപുളിയുമൊക്ക പടര്‍ന്നു നില്‍ക്കുന്ന വീടാണ് കഥയുടെ കേന്ദ്രബിന്ദു. മറ്റൊന്നുമല്ല വെള്ളിയാഴ്ചയും,ചൊവ്വാഴ്ചയും വെറുവാപ്പെട്ടി വീടിനു തെക്കു വശത്തുകൂടി രാത്രി പന്ത്രണ്ടുമണിക്ക് ഒരു തേര് മണി കിലുക്കികൊണ്ട് ചെറിയ വെളിച്ചത്തോടെ കിഴക്കുനിന്നും പടിഞ്ഞാറോട്ടു പോകാറുണ്ട്. പള്ളിയിലെ കണക്കന്‍ കൂടിയായ തൊമ്മാസ് മൂപ്പിലാന്‍ കണ്ടിട്ടുണ്ടന്നുമാണ് കഥ.തൊട്ടു തെക്കുവശത്തെ ചെറ്റപ്പുരയിലാണ് ഞങ്ങള്‍ താമസിക്കുന്നത്.രാത്രിയുടെ നിശബ്ദതയില്‍ കണ്ണടച്ചു കിടക്കുമ്പോള്‍ കിഴക്കേകരയില്‍നിന്നും കട്ടക്കല്‍ കായലിനുമുകളിലൂടെ മണികിലുക്കി തേരിന്റെ വരവ് മനസ്സില്‍ നിറയും തവളകളുടെ നിര്‍ത്താതെയുള്ള കരച്ചിലിനിടയില്‍ മണികിലുക്കത്തിനായി കാതോര്‍ക്കും.തേരില്‍ ശിവനും പാര്‍വ്വതിയും ഉണ്ടെന്നാണു സങ്കല്പം.തേര് പടിഞ്ഞാറോട്ടു പോയി കടലില്‍ മറയും. പിറ്റേന്നു കാലത്ത് എല്ലാം പതിവുപോലെ. കട്ടക്കല്‍ കായലിന്റെ ഇരുപുറങ്ങളിലുമായി ശക്തികുളങ്ങരയുടെ വൈവിധ്യമാര്‍ന്നതും,ഇടകലര്‍ന്നതുമായ സമൂഹത്തിന്റെ പരിച്ഛേദം കാണം. പുലര്‍ച്ചെ പള്ളിമണിക്കൊപ്പം കിഴക്ക് മൂത്തേഴത്തു ശിവക്ഷേത്രത്തില്‍നിന്നും നിന്നും പണ്ടാഴ ദേവീ ക്ഷേത്രത്തില്‍ നിന്നും ദേവീസ്തുതികളും,കീര്‍ത്തനങ്ങളും കാറ്റിന്റെ ആനുകൂല്യത്തില്‍ മങ്ങിയും തെളിഞ്ഞും പടിഞ്ഞാറ്റേകരയിലേക്ക് ഒഴുകിയെത്താറുണ്ട്.മരുത്തടി ദേവീ ക്ഷേത്രവും,ശ്രീ ധര്‍മശാസ്ത ക്ഷേത്രവും തലയെടുപ്പോടെ നിലകൊള്ളുമ്പോള്‍ വഴിക്കാവും,ഇടമനക്കാവുമൊക്കെ കേരളീയ പൈതൃകവും അനുഷ്ടാനങ്ങളുമായി വര്‍ത്തിക്കുന്നു.ഇവിടെയെല്ലാം ക്രിസ്്ത്യന്‍ ഹൈന്ദവസഹോദരങ്ങള്‍ ഇടകലര്‍ന്നു പാര്‍ക്കുന്നു.          

                                     ഇതേ വെറുവാപ്പെട്ടിയില്‍ ബാല്യകാലം കളിച്ചു വളര്‍ന്നു ഉന്നത ശ്രേണിയിലെത്തിയ ഒരു രാഷ്ട്രീയ നേതാവ് ശക്തികുളങ്ങരക്കുണ്ട്.ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ പദം വരെ എത്തിയ തൊഴിലാളി നേതാവായ ശ്രീ.ഇ.ബാലാനന്ദന്‍.രാഷ്ട്രീയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ഹെന്‍ട്രി ഓസ്റ്റിന്‍ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അംശാധികാര പരിധിയിലുള്ള ശക്തികുളങ്ങര കുരിശടി കുടുംബാംഗമാണ്.ഹരിതവിപ്ലവത്തിന്റെ കാലത്ത് വിഖ്യാത സയന്റെിസ്റ്റായ ഡോ.സ്വാമിനാഥനൊപ്പം ചേര്‍ന്നു നിന്നു പ്രവര്‍ത്തിച്ച കാര്‍ഷികശാസ്ത്രജ്ഞന്‍ ഡോ.ആന്‍സില്‍ ആസ്റ്റിനും കുരിശ്ശടി കുടുംബത്തിന്റെ പെരുമ പേറുന്ന സൗമ്യമുഖമാണ്.

                                കൊല്ലം ജില്ലയിലും കേരളത്തിലും ശ്രദ്ധേയമായ കലാപ്രകാശ്,കെക്കാസ് സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ പ്രൊഫഷണല്‍ സ്വഭാവത്തിലുള്ള നാടകസമിതികള്‍ ശക്തികുളങ്ങര തീരത്തു നിന്നുമാണ്.പുതിയകാലത്ത് ചലച്ചിത്ര നിര്‍മ്മാണ രംഗത്തും ശക്തികുളങ്ങരയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെ നായകനാക്കി ജോയി തോമസ് ശക്തികുളങ്ങരയും,സോഫിയ പോളും നിര്‍മ്മിതാക്കളായി.കലാസ്പര്‍ശമുള്ള പശ്ചാത്തലത്തില്‍നിന്നും വന്ന പ്രവാസി വ്യവസായി  നേവീസ് സേവ്യറാണ് മറ്റൊരു നിര്‍മ്മിതാവ്.പള്ളിിപ്പെരുന്നാളിനും,വാര്‍ഷികത്തിനുമൊക്കെ സ്റ്റേജു കെട്ടി നാടകം കളിക്കുന്നതില്‍ നിന്നുമുള്ള മാറ്റമായിരുന്നു കലാപ്രകാശും,കെക്കാസും തുടങ്ങിവെച്ചത്.കലാപ്രകാശ് സ്ഥിരം നാടകവേദിയായി ടിപ്പുസുല്‍ത്താന്‍ എന്ന ചരിത്ര നാടകം രംഗത്ത് അവതരിപ്പിച്ചു.ജഗതി എന്‍.കെ.ആചാരി ആയിരുന്നു നാടകരചന നിര്‍വ്വഹിച്ചത്.കെക്കാസ് സഹോദരന്‍മാരുടെ സംരംഭം കേരളത്തിലെ ഏതു പ്രൊഫഷണല്‍ ട്രൂപ്പിനോടും കിടപിടിക്കുന്നതോ മികവുറ്റതോ ആയിരുന്നു. ആദ്യ നാടകമായ തുറമുഖ ത്തിന്റെ അണിയറയില്‍ പി.ജെ. ആന്റെണി,,ഓ.എന്‍.വി.,എം.കെ അര്‍ജ്ജുനന്‍ തുടങ്ങിയവരായിരുന്നു.രംഗത്ത് കെക്കാസിലെ വില്യം,വിന്‍സെന്റെ,അലക്‌സാണ്ടര്‍ എന്നീ സഹോദരന്‍മാരുമായിരുന്നു.ഇത് ശക്തികുളങ്ങരയിലെ നാടകകലാ പ്രവര്‍ത്തനത്തിന്റെ നാഴികകല്ലും പ്രചോദനവുമായിരുന്നു..തുടര്‍ന്നുവന്ന തലമുറയിലെ കാഞ്ഞിപ്പുഴ ശശി കേരളത്തിലെ മികച്ച പ്രൊഫഷണല്‍ നാടക നടനുള്ള പുരസ്‌കാരവും നേടി.

                              എന്റെ അപ്പാപ്പന്‍ അത്തിക്കല്‍ നീക്ലോസ്  ഉളപ്പൂവില്‍ താമസിച്ചിരുന്ന കാലത്ത് കേരള തീര്‍ത്ഥാടനത്തിനായി മരുത്തടിയിലൂടെ കാല്‍നടയായി വന്ന ഗുരുദേവനെ കണ്ട കാര്യം പറഞ്ഞിട്ടുണ്ട്.ഗുരുദേവന്റെ സഞ്ചാരപഥത്തില്‍ ഉള്‍പ്പെട്ട മരുത്തടി കറങ്ങിയല്‍മുക്കാണ് ചരിത്ര പ്രാധാന്യമുള്ള ഇടമായി പില്‍ക്കാലത്തു മാറിയത്. ഗുരുദേവന്റെ സന്ദര്‍ശനത്തിന്റെ സ്മാരകമായി ഇവിടെ ഗുരുമന്ദിരവും,ലൈബ്രറിയുമൊക്കെ സ്ഥാപിച്ചിരിക്കുന്നു..പില്‍ക്കാലത്തു ചരിത്രപുരുഷനായി മാറിയപ്പോഴാണ് അപ്പാപ്പന്‍ അത്ഭുതത്തോടെ ഗുരുദേവനെ കണ്ട കാര്യം പറഞ്ഞു തന്നത്.'നാണൂരുസ്വാമി'  എന്നാണ് അപ്പാപ്പന്‍ ഗുരുദേവനെ സംബോധന ചെയ്തത്.മരുത്തടി ദേവീക്ഷേത്രത്തിലെ വിവിധ കരകളില്‍നിന്നും വലിച്ചു കൊണ്ടുവരുന്ന വണ്ടിക്കുതിരകളും അവയുടെ ക്ഷേത്രം ചുറ്റിയുള്ള 'വട്ടമടി'യും ചെണ്ടമേളവും ഉല്‍സവ തിമിര്‍പ്പിന്റെ നിറവുള്ള ഓര്‍മ്മകള്‍.ശക്തികുളങ്ങര ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉല്‍സവം കരയുടെ ഉല്‍സവം തന്നെയാണ്.ഗജവീരന്‍മാരും,എടുപ്പുകുതിരകളും അണിനിരക്കുന്ന ഘോഷയാത്രയും വരുത്തു പോക്കുകളും രാപ്പകല്‍ കാഴ്ചയുടെ വിസ്മയമാണ്.ശക്തികുളങ്ങര ഇടവകയുടെ മധ്യസ്ഥന്‍  വിശുദ്ധ ജോണ്‍.ഡി. ബ്രിട്ടോയുടെ തിരുന്നാളിനോടനുബന്ധിച്ചുള്ള ദേശം ചുറ്റിയുള്ള പ്രദക്ഷിണം മതമൈത്രിയുടെ ഉദാത്ത മാതൃകയാണ്.  ശക്തികുളങ്ങര ശ്രീ.ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെയും മരുത്തടി ദേവീ ക്ഷേത്രേത്തിന്റെയും സമീപത്തു കൂടി കടന്നു പോകുമ്പോള്‍ ചപ്ര പ്രദക്ഷിണം നിര്‍ത്തുകയും ഇതരമതസ്ഥര്‍ക്ക് നേര്‍ച്ചയിടുവാനും,തൊട്ടുവണങ്ങുവാനും,അവരുടെ ആചാരപ്രകാരം വെറ്റ എറിയുന്നതും,നിലവിളക്കുകള്‍ കൊളുത്തി സ്വീകരിക്കുന്നതും സാമൂഹികമായ ഐക്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഒരിക്കല്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് മുറിവേറ്റപ്പോള്‍ വര്‍ഗ്ഗീയ വിഷം കലര്‍ത്തുന്നവരെ നേരിട്ടു പൂട്ടാന്‍ പോലീസിനൊപ്പം നിന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെയും നാടാണ് ശക്തികുളങ്ങര തീരം.

                               ശക്തികുളങ്ങര തീരത്തെ കരിക്കാടി ചാകര മടിശ്ശീല നിറക്കുന്ന സൗഭാഗ്യമാണ് എല്ലാവര്‍ക്കും.  ബോട്ടുകള്‍ അമരത്തും വശങ്ങളിലും പുള്ളിക്കണക്കിനു കരിക്കാടി നിറച്ച് ഹാര്‍ബറിലെത്തുമ്പോള്‍ അതിന്റെ തിരയിളക്കം കൊല്ലം കമ്പോളത്തിലാണ്.പിന്നീട് കേരളത്തിലെ ചെമ്മീന്‍ വ്യാപാരികള്‍ക്കാകമാനം നേട്ടമുണ്ടാക്കുന്ന കടല്‍പൊന്നായി  ശക്തികുളങ്ങരയിലെ ചെമ്മീന്‍ ചാകര മാറി. ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ കഥ മാറിയെങ്കിലും ഏറ്റവു കൂടുതല്‍ വിലയേറിയ മല്‍സ്യ ഇനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന കേരളത്തിലെ  പ്രമുഖമായ ഹാര്‍ബര്‍ ശക്തികുളങ്ങര തന്നെയാണ്.കേരളത്തിലെ സ്ത്രീ വിമോചനത്തിന്റെ  നേര്‍ അവകാശികള്‍ ശക്തികുളങ്ങരയിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ കൂടിയാണ്. ആദ്യ കാലത്ത് പുരുഷന്‍മാര്‍ കടലില്‍ പോകുമ്പോള്‍ അവര്‍ ഭക്ഷണവുമായി തീരത്തു കാത്തുനിന്നു.അവര്‍ പിടിച്ചുകൊണ്ടുവരുന്ന മല്‍സ്യം തൊട്ടടുത്ത ചന്തകളിലും ബ്ലാവുകളിലും തലച്ചുമടായി കൊണ്ടു പോയി വില്പന നടത്തി. തിരിച്ചുവരവില്‍ ഒഴിഞ്ഞ കുട്ടകളില്‍ തൊണ്ടുകള്‍ ശേഖരിച്ച് ബാക്കി നേരങ്ങളില്‍ തൊണ്ടു തല്ലി ചകിരിയാക്കി കയറുണ്ടാക്കി.കുടുംബങ്ങളെ കാപ്പാറ്റി.അവരുടെ മക്കളെ പഠിപ്പിച്ചു.യന്തവല്‍കൃതമല്‍സ്യബന്ധനം പച്ചപിടിച്ചപ്പോള്‍ അവര്‍ ചരുവവുമായി ബോട്ടുകളടുക്കുന്ന 'വടക്കേശത്തു' വന്നു. അപ്പോഴേക്കും തലച്ചുമടില്‍ നിന്നും മാറിയ ഇവിടുത്തെ 'മാനാമാര്‍' കടലിലെ കൊഞ്ചിനും കണവക്കും വിലപറഞ്ഞും മറിച്ചു വിറ്റും മാന്യമായി ലാഭമുണ്ടാക്കി.ചിലര്‍ കൊഞ്ചുവാങ്ങി ഉരിച്ചു മീറ്റാക്കി കമ്പനിക്കു തൂക്കി വിറ്റ് ലാഭമുണ്ടാക്കി.അവരുടെ മക്കളൊക്കെ പഠിച്ചു.കടല്‍പണിക്കും,വടക്കേശത്തെ ജോലിക്കും അടുത്ത തലമുറവന്നില്ല.ഇപ്പോള്‍ ശക്തികുളങ്ങരയിലും പുറത്തുമുള്ള ആയിരക്കണക്കിനു സ്ത്രീകള്‍ മല്‍സ്യഅനുബന്ധ വ്യവസായത്തില്‍ ഉപജീവനം നടത്തുന്ന ആവേശകരമായ കാഴ്ചയാണ്.പഠിച്ചവര്‍ ഉന്നത സ്ഥാനങ്ങളിലെത്തി. ശക്തികുളങ്ങരയിലെ മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച വളര്‍ന്ന്്  പഠിച്ച്  കൊച്ചിന്‍ ഫിഷറീസ് സര്‍വ്വകലാശാല രജിസ്ട്രാര്‍ പദവിയിലെത്തിയ ഡോ.ട്രീസാ.വി.ഫെര്‍ണാണ്ടസ് ഏറ്റവും മികച്ച ഉദാഹരണമാണ്.

                            ഒരേ തീരത്ത് യന്ത്രവല്‍കൃത മല്‍സ്യബന്ധനം കുതിച്ചുയര്‍ന്നപ്പോഴും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളും അവരുടെ മല്‍സ്യബന്ധനവും ശക്തികുളങ്ങരയില്‍ പിടിച്ചു നിന്നിരുന്നു.ഒരു ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ ഏറ്റു മുട്ടലുകളും ഉണ്ടായി.അശാസ്ത്രീയമായ ട്രോളിംഗിനെതിരെ ആദ്യമായി കടലില്‍ പൊരുതിയ  പരമ്പരാഗതമല്‍സ്യത്തൊഴിലാളികളും,യന്ത്രവല്‍കൃത മല്‍സ്യത്തൊഴിലാളികളും ഓരേ കരയില്‍ നിന്നുള്ളവരായിരുന്നുവെന്നത് വിധി വൈപര്യത്യം മാത്രം.ശക്തികുളങ്ങര ഹാര്‍ബറിനു തെക്കോട്ട്് പള്ളിക്കടപ്പുറം,മരുത്തടി,വളവില്‍തോപ്പ്, ഒഴുക്കുതോട്,സര്‍പ്പക്കുഴി,തിരുമുല്ലവാരം തുടങ്ങിയവ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ ഫിഷ്്‌ലാന്‍ഡിംഗ് സെന്റെറുകളാണ്.ഇവിടുത്തെ തീരക്കടല്‍ കല്ലുറാളിന്റെയും,അപൂര്‍വ്വയിനം കല്ലിലെ മല്‍സ്യങ്ങളുടെയും ആവാസസ്ഥലങ്ങളാണ്.അഴിമുഖത്തെ കടലിനടിയിലെ പരപ്പനാകല്ല്, കോടി കല്ല്,ഇടേക്കല്ല്, ഉള്‍പ്പടെ കടലിന്റെ അടിത്തട്ട് ഹൃദിസ്ഥമാക്കിയ അതി ബുദ്ധി ശാലികളായ മുക്കുവന്‍മാര്‍ ശക്തികുളങ്ങരയില്‍ അധിവസിക്കുന്നു.സാധാരണ മുക്കുവന്‍മാരായി പിന്നീട് ചെമ്മീന്‍ കയറ്റുമതി വ്യവസായി ആയി മാറിയ നിരവധി പേര്‍ ഈ തീരത്തുണ്ട്.ഏറ്റവും കൂടുതല്‍ സമുദ്രോല്‍പ്പന്നം കയറ്റി അയച്ചതിന് കേന്ദ്രസര്‍ക്കരിന്റെ ബഹുമതിക്കര്‍മായവരും ശക്തികുളങ്ങരയിലുണ്ട് ആദ്യകാലത്ത്.ഓഷ്യാനിക്,ഐ.ഏ.പി,കപ്പിത്താന്‍സ്,ഡീപ് സീ തുടങ്ങിയവരും,പുതിയകാലത്ത്  ചാര്‍ളി ജോസഫ്,ലീലാ കൃഷ്ണന്‍, ആവിലാ നെറ്റോസ്, ലൂക്ക് എക്‌സപോര്‍ട്‌സ്. തുടങ്ങി നിരവധി കമ്പനികള്‍ ഈ മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


                                     ബലിതര്‍പ്പണത്തിന്റെ തീരമായ തിരമുല്ലവാരവും,അവിടുത്തെ പ്രശസ്തമായ കടപ്പുറത്തെ കള്ളുഷാപ്പും ഇന്നും പ്രശസ്തം.അടയാളങ്ങളില്‍ തലയെടുപ്പോടെ ശക്തികുളങ്ങരയുടെ മുഖമായി സാഗരതാര കുരിശ്ശടിയും,സാംസ്‌കാരികചിഹ്നമായി സോഷ്യോ കള്‍ച്ചറല്‍ ഓര്‍ഗണൈസേഷനും പ്രതീകങ്ങളായി അടയാളപ്പെടുത്തുന്നു. തീര കടലിന്റെ അടിത്തട്ടില്‍ ആഴ്ന്നിറങ്ങി നിലയുറപ്പിച്ച വളവില്‍തോപ്പിലെ വിളക്കുമാടത്തിന് ഇവിടുത്തെ മല്‍സ്യത്തൊഴിലാളി തലമുറകളുടെ കഥകളും പൈതൃകവും അറിയാം.അവരുടെ വേദനകളും,കെടുതികളും,ദുരന്തങ്ങളുമറിയാം.മനുഷ്യര്‍ നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം കാണുന്ന സുനാമിയേയും അതിജീവിച്ചു നിലകൊള്ളുന്ന വിളക്കുമാടം പൈതൃകപട്ടികയില്‍ ഇടം നേടാന്‍ സര്‍വ്വഥാ യോഗ്യന്‍. സുനാമിയുടെ മൂന്നാം തിര സംഹാരരൂപം പൂണ്ട് അഴിമുഖം ലക്ഷ്യമാക്കി തെങ്ങൊപ്പം ഉയരത്തില്‍ വന്‍മതിലുപോലെ ഹുംങ്കാര ശബ്ദത്തില്‍ തീരത്തേക്കിരമ്പിവരുന്നതു കണ്ട് പുലിമുട്ടില്‍ കാഴ്ചക്കാരായി നിന്നവര്‍ ഓടി മാറി.അപ്പോഴേക്കും സുനാമി കരയിലെത്തിക്കഴിഞ്ഞു. സുനാമിയുടെ കരുത്തുറ്റ തിരയുടെ ഒരു നേര്‍ രേഖ  പുലിമുട്ടിനു തെക്കുവശത്തെ നൂറോളം ചെറ്റക്കുടിലുകള്‍ കൊന്നതെങ്ങിന്റെ ഉയരത്തില്‍  പൊക്കി ഉയര്‍ത്തിക്കൊണ്ടു പോകുന്നതു  കണ്ടതാണ്. പുലിമുട്ടിനു വടക്കു ഭാഗത്തു നിന്നവര്‍ ഓടുന്നു. മനുഷ്യര്‍ എത്രയോ നിസ്സാരന്‍മാര്‍ എന്നു തോന്നിയ നിമിഷം.യഥാര്‍ത്ഥത്തില്‍ അഴിമുഖത്തേക്ക് ഇരമ്പിയെത്തിയ സുനാമിത്തിരയെ അഷ്ടമുടിക്കായല്‍ സംവഹിക്കുകയായിരുന്നു.നിമിഷനേരം കൊണ്ട് അഷ്ടമുടിക്കായലിലെ ജലനിരപ്പ് കുതിച്ചുയര്‍ന്നു.തുരുത്തുകളായ തുരത്തുകളും,കായലും,കൈത്തോടും സാമ്പാണിക്കോടിവരെ ജലനിരപ്പ് ഇരച്ചു പൊങ്ങി.ഒരു കരയെ വിഴുങ്ങുവാന്‍വന്ന ഭീമാകാരം പൂണ്ട സുനാമി തിരകളെ ഉള്ളിലേക്ക് ഏറ്റുവാങ്ങിയ അഷ്ടമുടി കായലിന്റെ മുന്‍പില്‍ ശിരസ്സു നമിക്കുന്നു.
Previous article
Next article
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments