യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം. വിഴിഞ്ഞം ക്രൂ ചെയിംഞ്ച് പുനരാരംഭിക്കുവാന്‍ ആരാണ് മുന്നില്‍ നില്‍ക്കേണ്ടത് .സ്വാഭാവികമായും വിഴിഞ്ഞം മൈനര്‍ തുറമുഖത്തിന്റെ നിയന്ത്രണം കൈയ്യിലുള്ള മാരിടൈംബോര്‍ഡും അതുവഴി സര്‍ക്കാരുമാണ് കാര്യങ്ങള്‍ ക്രമീകരിക്കേണ്ടത്.എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നേരെ മറിച്ചാണ്.കോവിഡ് മാനദണ്ഡങ്ങള്‍ നിലവിലുണ്ടായിരുന്നപ്പോള്‍ അതിന്റെ പേരില്‍ എമിഗ്രേഷന്‍ വകുപ്പ് നിര്‍ത്തലാക്കിയ ക്രൂചെയിംഞ്ച് പിന്നിട് ലോകത്തെമ്പാടും പുനരാരംഭിച്ചപ്പോള്‍ വിഴിഞ്ഞത്തുമാത്രം ആ പദ്ധതി തുടര്‍ന്നില്ല.നൂറുകണക്കിനു പേര്‍ക്ക് തൊഴിലും സര്‍ക്കാരിന് കോടികളുടെ വരുമാനവും ലഭിക്കേണ്ടിയിരുന്ന പദ്ധതി രണ്ടരക്കൊല്ലത്തോളമായി ശൂന്യതയിലായി.എങ്ങിനെയാണ് നടന്നുകൊണ്ടിരുന്ന ഒരു പദ്ധതിയും വരുമാനവും സല്‍പേരും രാജ്യാന്തരതലത്തില്‍ തന്നെ നശിപ്പിച്ചുകളയാന്‍ ഉദ്ദ്യോഗസ്ഥ ലോബികള്‍ക്ക് സാധിക്കുമെന്ന് ക്രൂചെയിംഞ്ച് അട്ടിമറിക്കപ്പെട്ടതിലൂടെ പകലുപോലെ വ്യക്തമാവും.
രണ്ടുകൊല്ലം മുന്‍പ് ക്രൂ ചെയിംഞ്ച് നിര്‍ത്തലാക്കിയ എമിഗ്രേഷന്‍ വകുപ്പിന്റെ നടപടിയ ചോദ്യം ചെയ്തുകൊണ്ട് സ്റ്റീമര്‍ ഏജന്റെസ് അസ്സോസിയേഷനും,അതിന്റെ സെക്രട്ടറിയും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി അന്ത്യശാസനം നല്‍കിയിട്ടും തീര്‍പ്പാകാതെ നില്‍ക്കുന്നു.ഹര്‍ജിക്കാര്‍ക്കു വേണ്ടി അവരുടെഅഭിഭാഷകനും ,കേന്ദ്രസര്‍ക്കാരിനുവേണ്ടി ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലുമായുള്ള വാദം പൂര്‍ത്തിയായിട്ടും പദ്ധതിയെ എതിര്‍ത്തോ അനുകൂലിച്ചോ നടത്തിപ്പുകാരായ സര്‍ക്കാരിന്റെ അതായത് മാരിടൈംബോര്‍ഡിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഇതുവരെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
2024 ജനുവരി പതിനഞ്ചിന് അന്തിമ വാദത്തിനായി ഹര്‍ജി കോടതിയില്‍ വന്നപ്പോള്‍ മാരിടൈം ബോര്‍ഡിന്റെ വക്കീല്‍ കോടതിയല്‍ ഹാജരുണ്ടായിരുന്നില്ല.അന്തിമമായി ഹര്‍ജി തീര്‍പ്പാക്കുവാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ ഒരുമാസത്തെ സമയം കൂടി കോടതി നല്‍കി.തുടര്‍ന്ന് ഫെബ്രൂവരി പതിനഞ്ചിന് അന്തിമ വാദത്തനായി കോടതി ചേര്‍ന്നപ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലന്നു മാത്രമല്ല മാരിടൈംബോര്‍ഡിന്റെ സ്റ്റാന്‍ഡിംഗ്‌കോണ്‍സല്‍ ഹാജരായതുമില്ല.ഇതു വിരല്‍ ചൂണ്ടുന്നത് കോടികള്‍ വരുമാനം ലഭിക്കുന്നതും സ്വാഭാവികമായ സാഹചര്യം കൊണ്ടു ലോക മാരിടൈം ഭൂപടത്തില്‍ കൊച്ചു കേരളത്തിനും വിഴിഞ്ഞത്തിനും ലഭിക്കാവുന്ന ഒരു പദ്ധതിയെ ഉന്‍മൂലനം ചെയ്യുകയെന്ന സവിശേഷമായ ബുദ്ധിയും ഇതിനു പിന്നിലുണ്ടെന്ന് ഉറപ്പായും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത് ഉദ്ദ്യോഗസ്ഥ തലത്തിലെ കഴുപ്പുകെട്ട കളിയാണെങ്കില്‍ അതിനെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടു നേരിടുന്നമന്ത്രിമാരെ കേരളം കണ്ടിട്ടുണ്ട്. തുറമുഖമന്ത്രിമാര്‍ ആ മേഖലയെക്കുറിച്ച് പ്രാവീണ്യം ഉള്ളവരാകണമെന്നില്ല.കാര്യങ്ങള്‍ പഠിച്ചു ചെയ്യുവാനാകും.നിര്‍ഭാഗ്യവശാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു കടന്നപ്പള്ളിയും,പിന്നീട് അഹമ്മദ് ദേവര്‍ കോവിലും തുറമുഖ മന്ത്രിമാരായി.കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ ആഘോഷിക്കേണ്ട ഈ കാലയളവില്‍ അവരൊന്നും പൂര്‍ത്തീകരിച്ചില്ല.മാത്രമല്ല കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി.ഇപ്പോള്‍ അവസാനത്തെ ലാപ്പില്‍ വന്‍ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ട് സിപിഎം ന്റെ തന്നെ മന്ത്രിയായി വിഎന്‍ വാസവന്‍ തുറമുഖ മന്ത്രിയായി.ഇനിയെങ്കിലും മാറ്റം പ്രതീക്ഷിച്ചാണ് ക്രൂചെയിംഞ്ചിന്റെ നാള്‍വഴിയും കോടതിയിലെ മാരിടൈംബോര്‍ഡിന്റെ നിലപാടുമെല്ലാം സ്റ്റീമര്‍ ഏജന്റെസ് മന്ത്രിയെ മന്ത്രിയെ ബോധ്യപ്പെടുത്തുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു.പുതിയ മന്ത്രിയുടെ ഉറപ്പുമായി കോടതിയലെത്തിയപ്പോള്‍ ഉണ്ടായതാണ് മേല്‍പറഞ്ഞ അവസ്ഥ.
കോടതി ഈ മാസം ഇരുപത്തെട്ടിനു അന്തിമ വാദത്തിനായി കുറിച്ചിരിക്കുന്നു.പുതിയമന്ത്രിയില്‍ പ്രതീക്ഷിച്ചു കാത്തിരിക്കാമെന്നല്ലാതെ മാരിടൈം ബോര്‍ഡിനെയും അതിന്റെ ചെയര്‍മാനെയും കുറ്റപ്പെടുത്തരുത്.കാരണം അവര്‍ കേരളതീരത്ത് വികസന കവാടം തുറക്കുവാന്‍ ഉടന്‍ തന്നെ ക്രൂയിസ് ഷിപ്പുകള്‍ കൊണ്ടുവരും അതില്‍ ടിക്കെറ്റെടുത്താല്‍ ഡാന്‍സും ബാറും എല്ലാമുണ്ട്, .കൊല്ലത്ത് എമിഗ്രേഷന്‍ കൗണ്ടര്‍ തുറക്കും..കൊല്ലം-ദുബായി യാത്ര കപ്പല്‍ വരും,മൈനര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ട്രാവല്‍ സര്‍ക്യൂട്ടും ചരക്കു നീക്കവും നടത്തും എന്തെല്ലാം മോഹന സ്വപ്‌നങ്ങളാണ് ഇവര്‍ പറയുന്നത്. .എന്നിട്ടാണ് എണ്ണൂറ് ഭീമന്‍ കപ്പലുകള്‍ ഔട്ടര്‍ ആങ്കറേജില്‍ വന്ന് അയ്യായിരത്തിലധികം ക്രൂവിനെ കയറ്റുകയും ഇറക്കുകയും ചെയ്ത (അതും കോവിഡ് കാലത്താണന്നോര്‍ക്കണം)നിലവില്‍ എല്ലാക്കാലത്തും നിലനില്‍ക്കുന്ന ഭൂമിശ്‌സ്ത്രപരമായി വിഴിഞ്ഞത്തു മാത്രം സാധ്യമായ പദ്ധതി ഇല്ലായ്മ ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്. കഴിഞ്ഞില്ല,സര്‍ക്കാരിന് ക്രൂ ചെയിംഞ്ചംഗിലൂടെ കോടികള്‍ വരുമാനം ലഭിച്ചു.ടാക്‌സികള്‍,ഹോട്ടലുകള്‍,ട്രാവല്‍സ് തുടങ്ങി ചെറുകിട മേഖലകളില്‍ ആയിരക്കണക്കിനു പേര്‍ക്ക് തൊഴിലും ലഭിച്ചു.
വാല്‍ക്കഷണം: നിലവില്‍ നിര്‍ത്തലാക്കിയിരിക്കുന്ന സര്‍ക്കാരിന്റെ വിഴിഞ്ഞം മൈനര്‍ തുറമുഖത്തെ അഭിമാനകരമായ ക്രൂചെയിംഞ്ച് മുഖ്യമന്ത്രി ഇടപെട്ട് ഉദ്ദ്യേഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയാല്‍ നിഷ്പ്രയാസം തീരുന്നതാണന്ന് എല്ലാവരും പറയുന്നു.ഇക്കാര്യം മുഖ്യമന്ത്രിയോടു ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങിനെ മുഖ്യമന്ത്രി ഇടപെടേണ്ട വിഷയമാണെങ്കില്‍ തീര്‍ച്ചയായും ഇടപെടും.അതെ മുഖ്യമന്ത്രി ഇടപെടണം എന്നു തന്നെയാണ് എല്ലാവരും കരുതുന്നത്.