രാഷ്ട്രീയ പോര്‍മുഖത്തേക്കും കടലേറ്റം യേശുദാസ് വില്യം. തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയിലെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയ പോര്‍മുഖത്തേക്കു കടലേറ്റം പോലെ ഉയര്‍ന്ന വേഗത കൈവരിച്ച ദിവസങ്ങളാണ് കടന്നുപോയത്.തെക്കന്‍ കള്ളനെന്നു മീന്‍പിടുത്തക്കാര്‍ പറയുന്ന ‘കള്ളക്കടല്‍’ കേരള തീരത്തേക്ക് ഈസ്റ്റര്‍ ദിനത്തില്‍ അടിച്ചുകയറിയപ്പോള്‍ തീരമേഖലയില്‍ പൊടുന്നനെയുണ്ടായ നാശനഷ്ടങ്ങള്‍ തീരത്തെ ഉലയ്ക്കുന്ന ഗുരുതരവിഷയങ്ങള്‍ തന്നെയാണന്നും നേരിട്ടുബോധ്യപ്പെടുവാന്‍ കാരണമായി. മുന്നറിയിപ്പൊന്നുമില്ലാതെ തെക്കന്‍കടല്‍ വന്നതുപോലെ പോയെങ്കിലും അന്നു ‘കരമുടക്ക ‘മായതുകൊണ്ടു മല്‍സ്യത്തൊഴിലാളികള്‍ക്കും യാനങ്ങള്‍ കടലപകടങ്ങള്‍ ഉണ്ടാക്കാതെ ‘കള്ളക്കടല്‍’ പിന്‍വാങ്ങി.ഇപ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പിന്റെ തള്ളിക്കയറ്റമാണ്. കേന്ദ്രത്തില്‍ നിന്നും തീരമേഖലക്കായുള്ള നിരവധി ആവിശ്യങ്ങള്‍ മുറവിളിയായി തീരത്തു അലയടിക്കുന്നു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആവിശ്യമാണ് മല്‍സ്യത്തൊഴിലാളികള്‍ക്കാവിശ്യമായ മണ്ണെണ്ണ ലഭ്യമാകുന്നത്.കേന്ദ്രത്തില്‍ നിന്നും കൃഷി ആവിശ്യങ്ങളുടെ ഗണത്തില്‍ പെടുത്തി ലഭിക്കുന്ന മണ്ണെണ്ണ ഫലത്തില്‍ ഒരു ദിവസത്തെ മല്‍സ്യബന്ധനത്തിനു പോലും തികയില്ല.സര്‍ക്കാരിന്റെ സബ്‌സിഡി കഴിച്ചാല്‍ പിന്നെ കരിഞ്ചന്തയില്‍ പൊള്ളുന്ന വിലക്ക് മണ്ണെണ്ണ വാങ്ങിയാണ് വള്ളങ്ങള്‍ കടലില്‍ പോകുന്നത്.പഞ്ഞമാസങ്ങളില്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രതീക്ഷ തല്ലിക്കെടുത്തിക്കൊണ്ടു വറുതിയും,കടക്കെണിയും കൊണ്ടുവരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്.കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം നിലവില്‍ വന്നുവെങ്കിലും മല്‍സ്യബന്ധനത്തിനുമാത്രമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ക്വോട്ട അനുവദിക്കുവാനായില്ല.അവരിപ്പോഴും മല്‍സ്യബന്ധനത്തെ കൃഷിയുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്.യന്ത്രവല്‍കൃത ട്രോളിംഗ്‌ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനായി നിറക്കുന്ന ഡീസലിനു റോഡ് സെസ് ഇടാക്കുന്നതിലെ അമര്‍ഷം ആ മേഖലയിലുണ്ട്.സോളാര്‍ വള്ളങ്ങളും,ബോട്ടുകളും എത്തുന്നകാലം പ്രതീക്ഷയോടെ കാക്കുകയാണ് മല്‍സ്യബന്ധനമേഖല. ഹരിതവിപ്ലവത്തിനും,ധവളവിപ്ലവത്തിനും നാഥന്‍മാര്‍ ഉണ്ടായിരുന്നു.എന്നാല്‍ നീല വിപ്ലവത്തിന് ചൂണ്ടിക്കാണിക്കുവാന്‍ അതില്ല.അനന്തമായ കടല്‍സമ്പത്തു പ്രയോജനപ്പെടുത്തുവാനും,പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെയും,മല്‍സ്യമേഖലയുടെ ആകെ ഉന്നതിയും ലക്ഷ്യം വെച്ചുള്ള നീലവിപ്ലവത്തിന്റെ അലയൊലികള്‍ ഇനിയും കേരള തീരത്തേക്കു വന്നടുത്തിട്ടില്ല. എല്ലാ ആധുനീക സൗകര്യങ്ങളോടും കൂടിയ ആഴക്കടല്‍ ട്രോളറുകള്‍ കേരള തീരത്തെ ചെറുകിട സംഘങ്ങള്‍ക്കു നല്‍കിയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയേയും,അനന്തസാധ്യതകളേയും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളിലെത്തിക്കുന്നതില്‍ പരജയപ്പെട്ടു.അതുകൊണ്ടാണ് ഇരുന്നൂറു നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്കുപോയി മല്‍സ്യം പിടിക്കേണ്ടആധുനീക ട്രോളറുകള്‍ ട്രോളിംഗ് നിരോധനകാലത്തു പോലീസുബോട്ടുകളായി ഹാര്‍ബറുകളില്‍ പട്രോളിംഗനു വാടകയ്ക്കു കെട്ടിയിട്ടത്. നിരവധി കേന്ദ്ര,സംസ്ഥാന പാക്കേജുകള്‍ തീര മേഖലക്കായി ഉണ്ടെങ്കിലും തീരശോഷണം,പുനരധിവാസം,കടലാക്രമണം,തൊഴില്‍ നഷ്ടം, തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴും നീറി നില്‍ക്കുന്നു.തലസ്ഥാനത്തെ പ്രമുഖ പോരാട്ടത്തില്‍ മല്‍സരാര്‍ത്ഥികള്‍ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്ത് ഒന്നിച്ചെത്തുമ്പോള്‍ തീരമേഖലയുടെ കാതലായ ആവിശ്യങ്ങള്‍ ഉന്നയിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ശരിദൂരത്തിനൊപ്പം നില്‍ക്കുന്ന ലത്തീന്‍ സഭയുടെ രാഷ്ട്രീയകാര്യ സമിതിക്കും ഈ ഒത്തുചേരല്‍ പുതിയ ചിന്തകള്‍ക്കു വഴിതുറക്കുമെന്നും നരീക്ഷിക്കപ്പെടുന്നു.
