HomeSPECIAL STORIESബൈബിള്‍ വചനങ്ങളില്‍ ക്രിസ്തീയ ജീവിതം പകരുന്ന പ്രവാചകന്‍

ബൈബിള്‍ വചനങ്ങളില്‍ ക്രിസ്തീയ ജീവിതം പകരുന്ന പ്രവാചകന്‍

                                യേശുദാസ് വില്യം
                                നോട്ടിക്കല്‍ ടൈംസ് കേരള.                                            


                                             ഇടുക്കി അണക്കരയിലെ മരിയന്‍ ധ്യാനകേന്ദ്രത്തിലിരിക്കുന്നവര്‍ സ്വയം സംപ്രീതരായി ആത്മനിര്‍വൃതിയിലാണ് .കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു സഭാവിശ്വാസികള്‍ ഇവിടെ എത്തുന്നു.  പള്ളികളില്‍ കുര്‍ബ്ബാന കാണുകയും മതബോധനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടു ജീവിതം മുമ്പോട്ടു കൊണ്ടുപോകുന്ന ക്രിസ്ത്യാനികള്‍ ആണ് ഇവരെല്ലാം.എന്നാലും തൃപ്തിവരാതെ ആത്മപ്രഹര്‍ഷത്തിനായി അണക്കരയിലെ ധ്യാനഗുരുവായ ഫാദര്‍.ഡോമിനിക്കില്‍ വിശ്വാസമര്‍പ്പിച്ച്  അവരെത്തുന്നു.ഇവിടെ ചിട്ടയായ നിബന്ധനകളുണ്ട്,നിയന്ത്രണങ്ങളുണ്ട്. ഇവിടെ കയറിക്കഴിഞ്ഞാല്‍ പിന്നെ അഞ്ചു നാളുകള്‍ ബൈബിള്‍ വചനങ്ങളിലൂടെ പൂര്‍ത്തിയാക്കേണ്ട ക്രിസ്തീയജീവിതത്തിന്റെ ആഖ്യാനങ്ങള്‍ രസകരമായി ആസ്വദിക്കാം.ഇവിടെ ആദ്യമായി വരുന്നവരും,പല തവണ വരുന്നവരും ഉണ്ട്. മോചനം തന്നെയാണ് ഇവര്‍ക്കുവേണ്ടത്. പാപത്തില്‍ നിന്നും,ലഹരിയില്‍ നിന്നും,മാനസീക പീഡകളില്‍ നിന്നുമെല്ലാമുള്ള മോചനം.ഇതിനെല്ലാമുള്ള മാര്‍ഗ്ഗങ്ങളും ഇവിടെ ഒരുങ്ങിയിരിക്കുന്നു.കുമ്പസാരം,കൗണ്‍സിലിംഗ്,പൈശാചിക ബന്ധനത്തില്‍ നിന്നുള്ളക്രിസ്തീയമായ വിടുതല്‍,അനുഗ്രഹ പ്രാര്‍ത്ഥന തുടങ്ങി അഞ്ചു ദിവസങ്ങള്‍ കൊണ്ട് ക്രിസ്തീയ രൂപാന്തരീക പ്രക്രിയയിലൂടെ കടന്നു പോകും.

                                         കേരളത്തിലെ ഇടവകകളില്‍ നിന്നും കൂട്ടായും,തനിച്ചും വിശ്വാസികള്‍ ഇവിടേക്കു വരുന്നു.കേരളത്തില്‍ അറിയപ്പെടുന്ന ധ്യാനകേന്ദ്രങ്ങള്‍ നിരവധിയാണ്.അവിടെങ്ങുമില്ലാത്ത എന്താണ് ഇവിടെയുള്ളത്.ഇവിടുത്തെ മുഖ്യ പുരോഹിതന്റെ വാക്‌ധോരണിയില്‍ മുങ്ങുവാനും മുഴുകുവാനുമാണ് ഇവരെല്ലാം വന്നിരിക്കുന്നത്.ഫാദര്‍ ഡോമിനിക്ക് നല്‍കുന്ന വിശ്വാസത്തിന്റെ പ്രസന്‍സ് എല്ലാവരും മതിമറന്ന് ആസ്വദിക്കുന്നു.ലോകത്തെവിടെയും കിട്ടാത്ത ആനന്ദം ഇവരെല്ലാം അനുഭവിക്കുന്നു.സാധാരണ മനുഷ്യരുടെ നിഷ്‌കളങ്കമായ വിശ്വാസത്തിന് ക്രിസ്തീയ വചനത്തിന്റെ താങ്ങും തണലും ഫാദര്‍ ഡോമിനിക്ക് പകര്‍ന്നു നല്‍കുന്നു.ഒരു നിമിഷം പോലും പാഴാക്കാതെ വിശ്വാസികള്‍ അതിന്റെ ലഹരിയില്‍ മയങ്ങുന്നു.വചനം നിറച്ച ബാന്റെ് സംഗീതത്തില്‍ ഇളകിമറിയുന്നു.അറിഞ്ഞും കേട്ടും വീണ്ടും വീണ്ടും ആയിരങ്ങള്‍ ഒഴുകിയെത്തുകയാണ്.

                                              'ആത്മാവാം ദൈവമേ വരണേ'..എന്ന സ്തുതിഗീതം ജാസിന്റെ ബീറ്റില്‍ ഉയരുമ്പോള്‍ വിശ്വാസികള്‍ കടലുപോലെ ഇളകുന്നു.അവര്‍ കൈകളുയര്‍ത്തി തിരമാലകള്‍ പോലെ ഡോമിനിക് അച്ചന്റെ മുന്നില്‍ ഇളകി മറിയുന്നു. സംഗീതത്തിന്റെ ഉച്ചാസ്ഥായിയില്‍ അച്ചനും മുന്നോട്ടും പിന്നോട്ടും ചുവടുകള്‍ വെച്ചുകൊണ്ട് നിന്നിടത്തു തന്നെ ഒന്നു തുടിച്ചു..യേശുവേ.. സ്തുതി..സ്തുതി എന്നു സംഗീതത്തിന്റെ ഒടുക്കം മന്ത്രിച്ചു കൊണ്ട് ബൈബിള്‍ പ്രഭാഷണത്തിലേക്കു കടന്നു. ക്രിസ്ത്യാനിയെന്നു വേഷം കെട്ടി നടക്കുന്നവര്‍ക്ക് അച്ചന്റെ ബൈബിള്‍ ആഖ്യാനം പുതിയ ആകാശങ്ങള്‍ തുറന്നു നല്‍കും.വെളിപാടും,കൊറിന്ത്യരും,ജ്ഞാനത്തിന്റെയും,സങ്കീര്‍ത്തനത്തിലൂടെയും അനര്‍ഗളമായ വചന പ്രഖോഷണം.അതിനെല്ലാം ഉപാഖ്യാനം പോലെ കൊച്ചു കൊച്ചു രസകരമായ കഥകള്‍.കാഥികന്‍ സാംമ്പശിവന്റെയും,പ്രസംഗകലയിലെ ആര്‍.ബാലകൃഷ്ണപിള്ളയെയും കവച്ചു വെയ്ക്കുന്നശൈലി.

                                           കാഞ്ഞിരപ്പള്ളിയിലെ  ഗ്രാമത്തില്‍ ജനിച്ച  സീറോമലബാര്‍ വിഭാഗത്തിലെ പുരോഹിതനായ ഫാദര്‍ ഡോമിനിക്കിന്റെ ബൈബിള്‍ ആഖ്യാനം കേള്‍ക്കുവാന്‍ കേരളത്തിലെ ലത്തീന്‍,മലങ്കര,തുടങ്ങി അന്യമതസ്ഥരും വന്നു ചേരുന്നു.അച്ചന്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നിടുന്നു.ഇക്കാലത്തിനിടയില്‍ ആയിരക്കണക്കിനു വിശ്വാസികളുടെ മനസിലെ മാലിന്യം കഴുകികളഞ്ഞിരിക്കുന്നു.കേരളത്തിലെ മറ്റൈാരു ധ്യാനകേന്ദ്രത്തിലും കാണത്ത ചിട്ടകളാണിവിടെ.പടികടക്കുമ്പോള്‍ തന്നെ സാധാരണ മനുഷ്യനെ ബന്ധിപ്പിക്കുന്ന മൊബൈല്‍ ഫോണുകള്‍ മാറ്റണം. നിശബ്ദത പ്രധാനം.പ്രത്യേകിച്ചു സ്‌തോത്രകാഴ്ചകളോ പണപ്പിരിവുകളോ ഇല്ല.സ്്ത്രീകള്‍ക്കും,പുരുഷന്‍മാര്‍ക്കും പ്രത്യേക താമസവും,ഇരിപ്പിടവും,ആഹാരവും സ്ത്രീകളുടെ തന്നെ മേല്‍നോട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

                                   ഞാന്‍ പങ്കെടുത്ത ധ്യാന സെഷനില്‍ രണ്ടായിരത്തോളം പേര്‍. നിരവധി തുറകളില്‍നിന്നുള്ളവര്‍ ബിസിനസ്സുകാര്‍,പ്രൊഫഷണല്‍സ്,പുരോഹിതര്‍, അങ്ങിനെ അങ്ങിനെ.ഡോമിനിക്അച്ചന്റെ സെഷനുകളില്‍ അതിഭാവുകത്വമോ അത്ഭതങ്ങളോ ആയിരുന്നില്ല.യാഥാര്‍ത്ഥ്യങ്ങളില്‍ ഉറച്ചു നിന്നുുകൊണ്ടുള്ള കലര്‍പ്പില്ലാത്ത നേര്‍ അനുഭവങ്ങള്‍.അറുപതിലേറെ വിദേശ രാജ്യങ്ങളില്‍ ധ്യാനത്തിന്റെ സെഷനുകള്‍ നടത്തുന്ന അച്ചന്റെ അനുഭവ കഥകള്‍ തന്നെ നമുക്ക് പുതുമ നല്‍കുന്നതായി.പണം ഉണ്ടാക്കാന്‍ പാടുപെടുന്നവരോടും,വിദേശത്തേക്കു റീ ലൊക്കേറ്റു ചെയ്യുന്ന യുവ തലമുറ ദമ്പതിമാരെപ്പറ്റിയും അനുഭവ കഥകള്‍ പങ്കുവെച്ചുമുന്നേറുന്ന അച്ചന്റെ കഥകള്‍ സാധാരണക്കാര്‍ക്ക് കാഴ്ചപ്പാടുകളാവാന്‍ സാധ്യതയുണ്ട്.അവസാനം ഭൂമിയിലെ ജീവിതമല്ല പരലോകത്തെ പരമാനന്ദ ജീവിതത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചും പറഞ്ഞു സ്ഥാപിക്കുമ്പോള്‍ ആത്മാവിനെ നഷ്ടപ്പെടുത്തി ലോകം മുഴുവന്‍ നേടിയാല്‍ അര്‍ത്ഥമുണ്ടോ എന്നും അച്ചന്‍ സ്ഥാപിക്കുന്നു.  തൂവെള്ള ലോഹയും,ചുവന്ന മോലങ്കിയും അണിഞ്ഞുകൊണ്ട് വേദിയില്‍ എത്തുന്ന ഡോമിനിക് ഫാദര്‍ കാഴ്ചയില്‍ മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുടെ സൗന്ദര്യവും നിറവും മുഖശ്രീയായി ലഭിച്ചിട്ടുണ്ട്. അച്ചന്റെ പ്രസംഗത്തിനിടയിലെ നിര്‍ത്തി നിര്‍ത്തിയുള്ള നോട്ടങ്ങളും,മനോഹരമായ മെലഡിയില്‍ സ്വയം മറന്നു പാടുന്ന ഇഗ്ലീഷ് ഭക്തി ഗാനങ്ങളും ആരെയുംപിടിച്ചിരുത്തും.പൊതുവേദികളിലെ വചന പ്രഖോഷണങ്ങളില്‍ വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങളെ പിന്‍തള്ളുന്ന വിശ്വാസസമൂഹമാണ് ഇദ്ദേഹത്തെ കാത്തു കിടക്കുന്നത്.


                             വിവിധ ക്രൈസ്തവസഭകള്‍ക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ലിബറലിസം സഭയെ വേട്ടയാടുന്നു.അഭിപ്രായ ഭിന്നത,സാമ്പത്തീക ക്രമക്കേടുകള്‍, ഡ്യൂപ്ലിക്കേറ്റ് സഭകള്‍, ആള്‍ദൈവങ്ങളുടെ കടന്നു വരവ്,വിശ്വാസികളുടെ ചിതറല്‍ തുടങ്ങി കേരളത്തിലെയും ഇന്‍ഡ്യയിലെയും സഭയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഒഴിഞ്ഞു പോക്ക്  നടക്കുമ്പോള്‍ ക്രിസ്തീയ സഭാതലത്തില്‍ വിശ്വാസ സമൂഹത്തെ ആകര്‍ഷിക്കുവാന്‍ കഴിയുന്നവരില്ല. ഇവിടെയാണ് ഫാദര്‍ ഡോമിനിക്കിന്റെ പ്രസക്തി. .കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ സഭകളുടെ ആഭിമുഖ്യത്തില്‍ ഫാദര്‍.ഡോമിനിക്ക് അച്ചനെ മുന്‍നിര്‍ത്തി വിശ്വാസികള്‍ക്കായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുകളില്‍ ലക്ഷക്കണക്കിനാളുകളുടെ പങ്കാളിത്തമാണ് ഉള്ളത്.സഭാ മേലധികാരികള്‍ സഭയുടെ ദൈനംദിന നടത്തിപ്പുകളില്‍ മുഴുകമ്പോള്‍ കുഞ്ഞാടുകള്‍ക്ക് ആത്മീയ ദാഹം മാറ്റുവാന്‍ മറ്റു വഴികളും ഇല്ല..സമരങ്ങള്‍ക്കും,സമ്പത്തീക കേസുകള്‍ക്കും,അല്‍മായ തര്‍ക്കങ്ങള്‍ക്കും സമവായമുണ്ടാക്കുവാന്‍ സഭാ മേലധികാരികള്‍ ഓടി നടക്കുമ്പോള്‍ വിശ്വാസ സമൂഹം തെളിമയുള്ള,ബൈബിള്‍ വചനത്തില്‍ നിന്നു കൊണ്ട് ക്രിസ്തീയ ജീവിത വീക്ഷണം പകര്‍ന്നു നല്‍കുകയും വിശുദ്ധനാവണമെന്ന സ്വപനവും ജീവിതവൃതമാക്കിയ   ഇടയന്റെ അരികിലേക്ക് ഒഴുകിയെത്തുന്നത് സ്വാഭാവികം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments