യേശുദാസ് വില്യം.
തിരുവനന്തപുരം: തിരുവനന്തപുരത്തെ രാഷ്ട്രീയ കടലില്‍ മീന്‍ പിടിക്കുവാനിറങ്ങിയ രാജീവ്ചന്ദ്രശേഖറിന് ആദ്യം തന്നെ 'ഫിഷിംഗ് 'ഗ്രൗണ്ട് കണ്ടത്തുവാനായി. ഗ്രൗണ്ട് കണ്ടത്തുക എന്നതാണ് മല്‍സ്യബന്ധനത്തിലെ സുപ്രധാന കാര്യം.പന്ന്യന്‍ രവീന്ദ്രനും, ശശിതരൂരും, വലിയ ക്യാച്ചിംഗ് നടത്തിയ ഈ കടലിലാണ് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രം കേരളത്തിനു നല്‍കിയ ആധുനീക ഫിഷിംഗ് ട്രോളറില്‍ ഫിഷിംഗിനിറങ്ങിയത്.മണ്ഡലത്തിലെ പാറശ്ശാല,കോവളം,നെയ്യാറ്റിന്‍കര തുടങ്ങിയ പതിവ് ഫിഷിംഗ് ഗ്രൗണ്ടുകളില്‍ നിന്നും തുടരെ തുടരെ ചാകരക്കോളുകള്‍ വാരിയെടുത്ത ശശിതരൂരിന്റെ ബോട്ടിന് ഇപ്പോള്‍ വേഗതപോരാകാരണം ഓടുന്ന മീനിനെ പിന്നാലെ ചെന്നു വലയിലാക്കുന്ന സാങ്കേതികവിദ്യ അതിലില്ല.എന്നാല്‍ തീരത്തേക്കുവരുന്ന മല്‍സ്യത്തെ മാത്രം പിടിച്ചു ശാന്തമായി മുന്നേറുന്ന രീതിയാണ് പന്ന്യന്‍ രവീന്ദ്രന്റെത്.
കേരളത്തിന്റെ തെക്കന്‍ കടലിന് ഒരുപാട് പ്രത്യേകതകളുണ്ട്.ലോകത്തിലേക്കും ആഴം കൂടുതല്‍ ഇവിടുത്തെ കടലിനുണ്ട്.സഹ്യപര്‍വ്വതം പോലെ തന്നെ കടലിനടിയില്‍ പാറക്കെട്ടുകളും പവിഴപ്പുറ്റുകളുമുണ്ട്.ലോകത്തെ ഏറ്റവും വൈവിധ്യവും രുചികരവുമായ മല്‍സ്യങ്ങളുടെ ശേഖരമുള്ള 'ഫിഷ് ബാങ്ക്' ഇവിടെ തന്നെ.കടലറിയാത്തവന്‍ വലയിറക്കിയാല്‍ അടിത്തട്ടിലെ കല്ലിലിടിച്ചു വലകള്‍ കീറും.ഇതുപോലെ സങ്കീര്‍ണ്ണമാണ് ഇവിടുത്തെ വോട്ടു ബാങ്കുകളും.മുന്‍കാലങ്ങളില്‍ നെയ്യാറ്റിന്‍കര,പാറശ്ശാല,കോവളം തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടുകള്‍ കോണ്‍ഗ്രസ് വലയിലായിരുന്നു കയറിയിരുന്നത്.എന്നാല്‍ നിയമസഭയില്‍ ഇടതുപക്ഷത്തോടു കൂടുതല്‍ ചേര്‍ന്നു നിന്നു.കടലാക്രമണവും,കെടുതികളും ആവാസവ്യവസ്ഥയും തകരുമെന്ന ആശങ്കയില്‍ ഒരു മരവിപ്പ് ഈ മേഖലയിലുണ്ട്.
അവിടെയെല്ലാം കടന്നുകയറ്റം നടത്തുകയാണ് രാജീവ് ചന്ദ്രശേഖര്‍.പൊഴിയൂര്‍ മുതല്‍ വര്‍ക്കല കുന്നുവരെ നീണ്ടുകിടക്കുന്ന ആഴക്കടലില്‍ രാജീവ്ചന്ദ്രശേഖര്‍ 'ഗുജറാത്ത് വല' ഇറക്കിയാണ് മല്‍സ്യബന്ധനം നടത്തുന്നത്.കേരളതീരത്ത് ഈ വല വ്യാപകമാവുന്നതേയുള്ളു.ഇതിന്റെ പ്രത്യേകത വലയില്‍ കയറുന്ന മല്‍സ്യങ്ങള്‍ ഒന്നും പിന്നെ പുറത്തു പോകില്ല.കൈവലയില്‍ വലിയ വലിപ്പമുള്ള കണ്ണികളും താഴോട്ട് കുറഞ്ഞു കുറഞ്ഞും നെയ്‌തെടുക്കുന്ന വല കടലിലെ കല്ലുകളില്‍ തട്ടിിയാല്‍ കീറാതെ മുറിയാതെ മുമ്പോട്ടുപോകും.റബ്ബര്‍ ബുഷുകളും,കാസ്റ്റ് അയണിന്റെ വെയിറ്റുകളും ഘടിപ്പിച്ച വല കേരളത്തെ കടലില്‍ മല്‍സ്യം പിടിക്കുന്നതിനായി അനുയോജ്യമാണ്.മണ്ഡലത്തിന്റെ തീരപ്രദേശത്തും,ടെക്കികളുടെ സ്വപ്‌നലോകത്തും രാജീവ് ചന്ദ്രശേഖര്‍ വലവിരിച്ചുകഴിഞ്ഞു.തീരത്തു ഇന്‍ക്ലൂസിവ് ഡവലപ്‌മെന്റെും, ഫിഷറീസ് മന്ത്രാലയവും,സുരക്ഷിതത്വവും,ക്ഷേമവും പറയഞ്ഞു മുന്നേറുമ്പോള്‍ ടെക്കികള്‍ക്ക് പുതിയൊരു ലോകം തുറക്കുമെന്നും രാജീവ്ചന്ദ്രശേഖര്‍ പറയുന്നു.