കോന്നിയൂര്‍ ഭാസ് വിടപറഞ്ഞത് ഡിസംബര്‍ മാസത്തിലെ രണ്ടാം നാളിലാണ്.
മോഹന്‍ ശ്രീശൈലം.
നോട്ടിക്കല്‍ ടൈംസ് കേരള.
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ….
എന്ന കവിത്വഗുണമുള്ള ഒറ്റഗാനം കൊണ്ട് ചലച്ചിത്ര ഗാനവിഹായസ്സില്‍ താരകമായി മാറിയ ഗാന രചയിതാവ് കോന്നിയൂര്‍ ഭാസിന്റെ ഓര്‍മ്മദിനം ഇന്ന്.
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍
1951 ല്‍ ജനിച്ച ചന്ദ്രഭാസ് ആനുകാലികങ്ങളില്‍ കവിതകളെഴുതിക്കൊണ്ട്
എഴുപതുകളുടെ തുടക്കത്തിലാണ് സാഹിത്യ ലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പത്രപ്രവര്‍ത്തകനും സിനിമാ സഹസംവിധായകനുമായി.
1975 ല്‍ ഡോക്ടര്‍ ബാലകൃഷ്ണന്റെ
ചന്ദനച്ചോല എന്ന ചിത്രത്തില്‍
ഒരു പാട്ടെഴുതിക്കൊണ്ട് ഗാന രചനയിലേക്കും കടന്നുവന്നു.
കോന്നിയൂര്‍ ഭാസിനെ ഓര്‍ക്കുമ്പോഴൊക്കെ മനസ്സിലൊരു വിങ്ങലാണ്. ഹൃദയത്തിലൊരു കണ്ണീര്‍ക്കടല്‍ ഒളിപ്പിച്ചു വച്ചിരുന്ന പാട്ടെഴുത്തുകാരന്‍. എഴുതിയ പാട്ടുകളെല്ലാം ഹിറ്റായിട്ടും ഒരംഗീകാരവും ലഭിക്കാതെ നമ്മോട് യാത്ര പറഞ്ഞു പോയ ഗാനരചയിതാവ്. ശേഷം കാഴ്ചയില്‍ എന്ന സിനിമയിലെ ‘ മോഹംകൊണ്ടു ഞാന്‍’ എന്ന ഒറ്റ ഗാനം മാത്രം മതി അദ്ദേഹത്തിലെ കാവ്യഭാവനയെ തിരിച്ചറിയാന്‍. പാട്ടെഴുതാന്‍ അദ്ദേഹത്തിന് മലയാളസിനിമ അവസരംകൊടുത്തപ്പോഴൊക്കെ സൂപ്പര്‍ഹിറ്റുകളും പിറന്നു. കവിതയുടെ സൗന്ദര്യം തുളുമ്പി നിന്നിരുന്ന അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും മലയാളികള്‍ക്ക് കാണാപ്പാഠമാണ്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആനുകാലികങ്ങളില്‍ കവിതകളെഴുതുമായിരുന്നു കോന്നിയൂര്‍ഭാസ്. ആകാശവാണിക്കുവേണ്ടി അനേകം ലളിതഗാനങ്ങളും, വിവിധ നാടകസമിതികള്‍ക്കു വേണ്ടി അഞ്ഞൂറോളം നാടകഗാനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. പിന്നീട് കുങ്കുമംഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളില്‍ ജോലി ലഭിച്ചു. വാര്‍ത്താറിപ്പോര്‍ട്ടറായും പ്രൂഫ ്‌റീഡറായും വര്‍ഷങ്ങളോളം അദ്ദേഹമവിടെ ജോലിയിലിരുന്നു. ആയിടക്കാണ് കോന്നിയൂര്‍ ഭാസ് സിനിമാരംഗത്തേക്ക് കടക്കുന്നത്. 1975ല്‍ പുറത്തിറങ്ങിയ ചന്ദനച്ചോല എന്ന ചിത്രത്തിലെ ‘ലവ്ലി ഈവനിംഗ’ എന്ന ആദ്യ ഗാനത്തിന് ഈണമേകിയത് കെ.ജെ.ജോയ് ആയിരുന്നു. സിനിമയില്‍ ഒരുപാട് പാട്ടുകളെഴുതണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. സിനിമാപാട്ടിലൂടെയെങ്കിലും തന്റെ ദുരിതപൂര്‍ണമായ ജീവിതത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. തുടര്‍ന്ന് സിന്ദൂരം എന്ന ചിത്രത്തിലൊരു ഗാനം ലഭിച്ചു ഭാസിന്. യേശുദാസ് പാടിയ ‘വൈശാഖയാമിനി വിരുന്നുവന്നു’എന്ന ഗാനം ഹിറ്റായി. പിന്നീട്, കാര്യംനിസ്സാരത്തിലെ ‘കണ്മണി പൊന്മണിയേ’, ‘താളം ശ്രുതിലയതാളം’, ശേഷം കാഴ്ചയിലെ ‘കണ്ണുകളില്‍ പൂവിരിയും’, കളിപ്പാട്ടത്തിലെ ‘മൊഴിയഴകും മിഴിയഴകും’, കിഴക്കുണരും പക്ഷിയിലെ ‘അരുണ കിരണമണിയും’, അഹത്തിലെ നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ തുടങ്ങിയ ഗാനങ്ങളെല്ലാം ഹിറ്റായി.
കവി, സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ഗാനരചയിതാവ് തുടങ്ങി സഹസംവിധായകന്റെ വേഷം വരെയണിഞ്ഞു അദ്ദേഹം. ബാലചന്ദ്രമേനോന്റെ കാര്യംനിസ്സാരം, കണ്ടതും കേട്ടതും, ശേഷംകാഴ്ചയില്‍, കുറുപ്പിന്റെ കണക്കുപുസ്തകം, കിലുകിലുക്കം, ചിരിയോചിരി, വേണുനാഗവള്ളിയുടെ അയിത്തം, ഏയ്ഓട്ടോ, ലാല്‍സലാം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ സഹസംവിധായകനായിരുന്നു കോന്നിയൂര്‍ ഭാസ്.
നാല്പത്തഞ്ചാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞ കോന്നിയൂര്‍ ഭാസിന് ഓര്‍മ്മപ്പൂക്കള്‍….