HomeSPECIAL STORIESകേരള മാരിടൈം ബോര്‍ഡ് തകര്‍ച്ചയുടെ നടുക്കടലില്‍ - മുഖ്യമന്ത്രി ഇടപെടണം.

കേരള മാരിടൈം ബോര്‍ഡ് തകര്‍ച്ചയുടെ നടുക്കടലില്‍ – മുഖ്യമന്ത്രി ഇടപെടണം.

                                            യേശുദാസ് വില്യം
                                            നോട്ടിക്കല്‍ ടൈംസ് കേരള.

                                       തിരുവനന്തപുരം.പിണറായി സര്‍ക്കാരിന്റെ വികസനമുദ്രയായി മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവന്ന കേരള മാരിടൈം ബോര്‍ഡ് ഇപ്പോള്‍ നടുക്കടലില്‍ പെട്ട കപ്പലിന്റെ അവസ്ഥയിലായി. മാരിടൈം ബോര്‍ഡിന്റെ തലപ്പത്തുള്ളവര്‍ക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയും, ബോര്‍ഡ് കൈവരിക്കേണ്ട പദ്ധതികളും, നേട്ടങ്ങളും മറ്റു ലോബികള്‍ക്കു വേണ്ടി ബോര്‍ഡ് ഉദ്ദ്യോഗസ്ഥ തലത്തിലുള്ള കരുനീക്കങ്ങളും അട്ടിമറികളുമാണ് കേരള മാരിടൈം ബോര്‍ഡിനെ തകര്‍ച്ചയിലേക്കു നയിക്കുന്നത്. നിലവില്‍ മുന്‍ കേരള മാരിടൈം ബോര്‍ഡ് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതികളായ കോസ്റ്റല്‍ ഷിപ്പിംഗ് സര്‍ക്യൂട്ടും, ക്രൂ ചെയിംഞ്ചും നിലച്ചിരിക്കുന്നു. ഡ്രെഡ്ജിങ് പൂര്‍ണമായി നിന്ന അവസ്ഥയാണ്. മുന്‍ ബോര്‍ഡിന്റെ കാലത്ത് ഒരു വര്‍ഷം നൂറു കോടിയിലധികം രൂപയുടെ വരുമാനം കൈവരിച്ച മണല്‍ വില്പന അതിന്റെ പകുതിയില്‍ താഴെയായി. ഏറ്റവും പ്രാധാന്യമുള്ള തുറമുഖ വകുപ്പിനെ തികച്ചും അപ്രസക്തമാക്കുന്ന തരത്തിലുള്ള നേതൃത്വവും, രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതുമാണ് മാരിടൈം ബോര്‍ഡിന്റെ ഇപ്പോഴത്തെ ദുരവസ്ഥക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ മാരിടൈം ബോര്‍ഡ് വന്നിട്ട് ഒരു വര്‍ഷമായി. അതിനിടക്ക് 4 ബോര്‍ഡ് യോഗങ്ങളാണ് നടന്നത്. അതില്‍ കുറേ ജീവനക്കാരെ അനാവശ്യമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതല്ലാതെ തുറമുഖവുമായി ബന്ധപ്പെട്ടു ഒരു പ്രവര്‍ത്തനവുമുണ്ടായിരുന്നില്ല.

    ഇക്കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ന്ന കേരള മാരിടൈം ബോര്‍ഡിന്റെ 27-ാമതു ബോര്‍ഡ് മീറ്റിംഗിലെ അജന്‍ഡ പ്രകാരം നടന്ന ചര്‍ച്ചയില്‍ സിഇഓ സലിം കുമാര്‍ വച്ച 2022 – 23 ആനുവല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ട വിവരങ്ങളും, ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022- 23) വരവുകള്‍ ഒന്നും ബോര്‍ഡ് അംഗങ്ങളെ അറിയിക്കാതെ, ചെലവുകള്‍ മാത്രം റിപ്പോര്‍ട്ടില്‍ കാണിക്കുക വഴി വന്‍ അഴിമതിയുടെയും ധൂര്‍ത്തിന്റെയും അറിവില്ലായ്മയുടെയും ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് പുറത്തു കൊണ്ടു വന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ (2021- 22) വരവും ചെലവും ബോര്‍ഡ് അംഗങ്ങളെ ബോധ്യപ്പെടുത്താതെ ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ( 1 ഏപ്രില്‍ 2022 – 31 മാര്‍ച്ച് 2023) ചെലവുകളും വരുന്ന വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനവും മാത്രം വെച്ചു കൊണ്ടുള്ള കണക്കുകളുടെ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗങ്ങളെ ക്കൊണ്ടു പാസ്സാക്കിയെടുക്കുവാന്‍ ചെയര്‍മാന്റെ അനുമതിയോടെ സിഇഓ സലിം നടത്തിയ ശ്രമം വിഫലമായി. ചെലവ് ഇനത്തില്‍ അംഗങ്ങളുടെ ഹോണറേറിയം ഒരു വര്‍ഷം നല്‍കിയതായി കാണിക്കുന്നത് (30,18,760) മുപ്പതു ലക്ഷത്തില്‍ പതിനെണ്ണായിരത്തോളം രൂപയാണ്. കേവലം നാല് സര്‍ക്കാര്‍ നോമിനികളായ അംഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ മാസം 30000 രൂപ വെച്ച് ഹോണറേറിയം നല്‍കേണ്ടത്. അങ്ങിനെയാണെങ്കില്‍ പോലും ഇത്രയും ( 30.18 ലക്ഷം ) വലിയൊരു തുക വേണ്ടിവരില്ല, പകരം 14.40 ലക്ഷം രൂപ മതിയാവും. .ഇതു പോലെയുള്ള കണക്കിലെ തിരിമറികള്‍ പകല്‍ പോലെ വ്യക്തമാണ്. ബോര്‍ഡിന്റെ അനുമതിയോടെ ഒരു ട്രെയിനിംഗും കഴിഞ്ഞ കൊല്ലം നടന്നിട്ടില്ല. പക്ഷേ ട്രെയിനിംഗ് ഇനത്തില്‍ (18,88,338)പതിനെട്ടു ലക്ഷം രൂപ ചെലവായതായി കാണിച്ചിരിക്കുന്നു. അതു പോലെ തന്നെ കഴിഞ്ഞ ഒരു വര്‍ഷമായി (2022- 23) തീരദേശ കപ്പല്‍ സര്‍വ്വീസ് നിലച്ചിട്ട്. പക്ഷേ (25,05887) ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപ ഓവര്‍ടൈം അലവന്‍സായി ചെലവ് എഴുതി തള്ളിയിരിക്കുന്നു. ബോര്‍ഡിന്റെ വരുമാനത്തിന്റെ വിശദ വിവരങ്ങള്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് മറച്ച് വെച്ചിരിക്കുന്നു. എന്നാല്‍ ( 2023-24) വരും വര്‍ഷത്തില്‍ മണല്‍ വില്പനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം (38,00000) മുപ്പത്തിയെട്ടു ലക്ഷമാണന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പോയ കൊല്ലത്തെ (2021-22,) മണല്‍ വില്പനയില്‍നിന്നും ഒന്നാം ബോര്‍ഡിനു ലഭിച്ച നൂറു കോടിയിലധികമുള്ള വരുമാനത്തിന്റെ കണക്ക് താരതമ്യ പഠനത്തിനായിട്ടു പോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്നാം ബോര്‍ഡിന്റെ കാലത്ത് ഓരോ വര്‍ഷവും നൂറ് കോടിക്ക് മേലെ വരുമാനം ഉണ്ടായിരുന്നു .

നിലവിലെ ബോര്‍ഡ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് 4 യോഗം കൂടിയതിന്റെ ചിലവ് 75000 രൂപ യാണ് കാണിച്ചിരിക്കുന്നത് . ക്രൂ ചെയ്ഞ്ച് നടക്കാത്ത വിഴിഞ്ഞം തുറമുഖ ക്രൂ ചെയ്ഞ്ച് സെന്റര്‍ ചിലവ് 1.72 ലക്ഷം രൂപ . കപ്പലില്ലാത്ത തുറമുഖത്തു കപ്പല്‍ അടുപ്പിക്കുന്ന പൈലറ്റ് ചാര്‍ജ് 2.2 ലക്ഷം രൂപ. ആര്‍ക്കെന്ന വിശദ വിവരം പറയാത്ത പ്രൊഫഷണല്‍ ചാര്‍ജ് ഇനത്തില്‍ 18.22 ലക്ഷം രൂപ . അങ്ങനെ ഒരു വര്‍ഷം ബോര്‍ഡ് അനുമതിയില്ലാതെ നടത്തിയ ആകെ ചിലവ് 7.9 കോടി രൂപ.

കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗിലെ അജന്‍ഡയില്‍ സുപ്രധാന വിഷയമായി സിഇഓ യുടെ റിപ്പോര്‍ട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരള മാരിടൈം ബോര്‍ഡ് ആക്ട് 76 വകുപ്പ് പ്രകാരമുള്ള റിപ്പോര്‍ട്ട് ബോര്‍ഡ് മീറ്റിംഗില്‍ വെച്ചു പാസ്സാക്കിയെടുക്കുവാന്‍ നടത്തിയ ശ്രമം അംഗങ്ങളുടെ ചോദ്യങ്ങളുടെ മുന്‍പില്‍ കുഴയുമെന്നായപ്പോള്‍ സിഎം പറഞ്ഞ പ്രകാരം പിന്നീടെടുക്കാമെന്നു പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി ബോര്‍ഡുകളുടെ യോഗത്തിലെ അജണ്ടയുടെ കാര്യത്തില്‍ ഇടപെടാറില്ല എന്ന് എല്ലാര്‍ക്കും അറിയുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments