യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ കേരള മാരിടൈം ബോര്‍ഡ് മുന്‍കൈ എടുത്തു ആരംഭിച്ച കേരള തീരദേശ കപ്പല്‍ സര്‍വീസ്, നിര്‍ത്തലാക്കുന്നു.ഇതിനു മുന്നോടിയായി കപ്പല്‍കമ്പനി മാരിടൈംബോര്‍ഡ് സിഇഓ.ചെയര്‍മാന്‍ എന്നിവര്‍ക്ക് കത്തുനല്‍കിയതായുള്ള വിവരം പുറത്തുവന്നു. പുതിയ ഓര്‍ഡിനന്‍സ് വഴി മാരിടൈം ബോര്‍ഡിനെ തന്നെ നിര്‍വ്വീര്യമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതി കൂടിയായ തീരദേശ കപ്പല്‍ സര്‍വ്വീസ് നിലയ്ക്കുന്നതോടെ തുറമുഖങ്ങള്‍ കേന്ദ്രമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന വികസനസ്വപ്‌നങ്ങള്‍ക്കാണ് തിരിച്ചടിയാവുന്നത്.
കപ്പല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് സമയാസമയങ്ങളില്‍ നല്‍കുന്നതില്‍ തുറമുഖ വകുപ്പിന്റെയും , സിഇഒ യുടെയും, പോര്‍ട്ട് ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഈ വലിയ കുടിശ്ശികയില്‍ എത്തിയത്. ഏകദേശം ഒരു കോടിയോളം രൂപയാണ് കുടിശ്ശിക ഇനത്തില്‍ ഷിപ്പിംഗ് കമ്പനിക്ക് നല്‍കേണ്ടത്. . ബോര്‍ഡ് സിഇഒ മുന്‍കൈ എടുത്ത് സര്‍ക്കാരില്‍ നിന്ന് ഇന്‍സെന്റീവ് കുടിശിക വങ്ങി തീര്‍ത്തില്ലെങ്കില്‍ തീരദേശ കപ്പല്‍ സര്‍വീസ് നിര്‍ത്തുമെന്ന് കാണിച്ചുകൊണ്ട്‌ബോര്‍ഡ് സി.ഇ.ഒ. യ്ക്ക് കപ്പല്‍ കമ്പനി കത്ത് നല്‍കിയവിവരം കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ഓര്‍ഡിനന്‍സിലൂടെ മാരിടൈം ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വീര്യമായതിന്റെ ആദ്യ തിരിച്ചടിയാണ് കപ്പല്‍ കമ്പനിയുടെ പിന്‍മാറ്റം. ജെ.എം. ബാക്ക്‌സി പോലെ ഇന്ത്യയിലെ നിരവധി തുറമുഖങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഒരു പ്രമുഖ ഷിപ്പിംഗ് കമ്പനി , തീരദേശ കപ്പല്‍ സര്‍വീസ് കേരളത്തില്‍ നിന്ന് നിര്‍ത്തി പോയാല്‍ കേരള ഷിപ്പിംഗ് രംഗത്ത് കടുത്ത നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇത് പുറമേക്ക് തെറ്റായ സന്ദേശം നല്‍കുകയും ഭാവിയില്‍ മറ്റൊരു ഷിപ്പിംഗ് കമ്പനിയും കേരളത്തിലേക്ക് വരാന്‍ മടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു..
എന്നാല്‍ ഇതൊന്നും വക വെക്കാതെ തുറമുഖ വകുപ്പ് സെക്രട്ടറിയുടെയും , തുറമുഖ മന്ത്രിയുടെയും ഓഫിസ്സുകള്‍, ഇന്‍സെന്റീവ് കുടിശ്ശികയും കപ്പല്‍ സര്‍വീസ്സും ശ്രദ്ധിക്കാതെ, നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാരിടൈം ബോര്‍ഡിനെ ഇല്ലാതാക്കുന്ന തിരക്കിലായിരുന്നു. മാരിടൈം ബോര്‍ഡിന്റെ അഭാവത്തില്‍ , തുറമുഖ സെക്രട്ടറിയുടെ ഓഫിസും, ബോര്‍ഡ് സി.ഇ.ഒ. യും , ബോര്‍ഡ് ഉദ്യോഗസ്ഥരും, പോര്‍ട്ട് ഓഫിസര്‍മാരും വളരെ നിരുത്തരവാദപരമായ സമീപനമാണ് കപ്പല്‍ കമ്പനിയോട് കാണിച്ചത്.
മാരിടൈം ബോര്‍ഡ് പ്രവര്‍ത്തിക്കാതെ ഇല്ലാതാക്കിയപ്പോള്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ് കൃത്യമായി കിട്ടുമെന്നുള്ള കാര്യത്തില്‍ കപ്പല്‍ കമ്പനിയുടെ പകുതി വിശ്വാസം പോയി. എന്നാല്‍ തുറമുഖ വകുപ്പില്‍ കപ്പല്‍ സര്‍വീസിന്റെ കാര്യം സെക്രട്ടറിയുമായി ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന അഡിഷണല്‍ സെക്രട്ടറി രമേശ് തങ്കപ്പനെ, തുറമുഖ വകുപ്പില്‍ വന്ന് 6 മാസം ആകുന്നതിന് മുമ്പേ കാരണം കാണിക്കാതെ സ്ഥലം മാറ്റിയതോടെ, കപ്പല്‍ കമ്പനിക്ക് തുറമുഖ വകുപ്പിലുള്ള മുഴുവന്‍ വിശ്വാസവും പോയി. ഇനിയും ഇന്‍സെന്റീവ് കുടിശിക കിട്ടണമെങ്കില്‍ കാണേണ്ടവരെ വേണ്ട പോലെ കാണേണ്ടി വരുമെന്നും കപ്പല്‍ കമ്പനി ഭയപ്പെട്ടിരുന്നു .
മാരിടൈം ബോര്‍ഡ് വളരെ നേരത്തെ തീരുമാനിച്ച തുറമുഖങ്ങളില്‍ നടത്തേണ്ട ഡ്രെഡ്ജിങ് ഇനിയും ആരംഭിച്ചിട്ടില്ല. ഡ്രെഡ്ജ് ചെയ്ത് ആവശ്യത്തിന് ആഴം സൃഷ്ടിക്കാതെ വേലിയേറ്റം മാത്രം നോക്കി കപ്പല്‍ സര്‍വീസ്സ് നടത്താന്‍ ഒരു കപ്പല്‍ കമ്പനിക്കും കഴിയില്ല. കപ്പല്‍ കമ്പനിക്ക് കൊടുക്കേണ്ട ഇന്‍സെന്റീവ് തുകയും , പ്ലാന്‍ ഫണ്ടും മുന്‍കൂട്ടി മാരിടൈം ബോര്‍ഡിന് കൈമാറിയിട്ടില്ല എന്നത് വലിയ വീഴ്ചയാണ് ഇതു ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സാരമായ തടസ്സം സൃഷ്ടിച്ചിട്ടുണ്ട..
നിലവിലെ ഭീമമായ ഇന്‍സെന്റീവ് കുടിശിക കൂടാതെ, ഭാവിയിലും മാരിടൈം ബോര്‍ഡ് വഴി, തുറമുഖ വകുപ്പില്‍ നിന്ന് കപ്പല്‍ കമ്പനിക്ക് ഇന്‍സെന്റീവ് കിട്ടാനുള്ള ബുദ്ധിമുട്ടിന്റെ സാഹചര്യത്തില്‍ , ഇന്‍സെന്റീവിനെ മാത്രം ആശ്രയിച്ചു നഷ്ടത്തില്‍ നടത്തുന്ന നിലവിലെ തീരദേശ കപ്പല്‍ സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നു കാണിച്ചു കപ്പല്‍ കമ്പനി മാരിടൈം ബോര്‍ഡ് സി.ഇ.ഒ.യ്ക്കും ചെയര്‍മാനും , മാര്‍ച്ച് മൂന്നിന് അയച്ചിരുന്നു. കത്തിന്റെ പകര്‍പ്പ് ബോര്‍ഡ് ചെയര്‍മാന്‍ , സര്‍ക്കാര്‍ ഇടപെടലിനും തുടര്‍നടപടികള്‍ക്കുമായി തുറമുഖ വകുപ്പിനും, ബോര്‍ഡ് സി.ഇ.ഒ.യ്ക്കും , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും മാര്‍ച്ച് 3 നു തന്നെ അയച്ചു കൊടുത്തിട്ടും , നാളിതുവരെ ആരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല പോര്‍ട്ട് ഓഫിസര്മാരും, സി.ഇ.ഒ. യും കപ്പല്‍ സര്‍വീസ്സ് സുഗമമായി നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും , സാഹചര്യങ്ങളും , പിന്തുണയും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയെന്നും വിമര്‍ശനം ഉയരുന്നു. .
അതോടെ കേരളത്തില്‍ സര്‍വീസ് നടത്തിക്കുന്ന കപ്പല്‍ കമ്പനി പ്രസ്തുത കപ്പല്‍ ഗോവ , മഹാരാഷ്ട്ര തീരത്തുള്ള തുറമുഖങ്ങളില്‍ സര്‍വ്വീസ് നടത്തുവാനായി താമസിയാതെ കൊച്ചിയില്‍ നിന്ന് കപ്പല്‍ കൊണ്ട് പോകും . നിലവിലെ മാരിടൈം ബോര്‍ഡിനോടുള്ള ഉദ്യോഗസ്ഥരുടെയും, മറ്റു പ്രധാനപ്പെട്ട ഓഫീസിന്റേയും സമീപനം കപ്പല്‍ സര്‍വീസ് നടത്തുന്ന കമ്പനിയോട് കാണിച്ചാല്‍ അവര്‍ക്കു ഈ സര്‍വീസ് നിര്‍ത്തി പോകാന്‍ മാത്രമേ കഴിയുകയുള്ളൂ . അഴിക്കല്‍ തുറമുഖത്തു ഓരോ യാത്രക്കും ഏറ്റവും കുറഞ്ഞത് 20 കണ്ടെയ്‌നര്‍ എങ്കിലും ഉറപ്പാക്കാമെന്ന് അഴിക്കല്‍ എം .എല്‍ .എ . ശ്രീ കെ വി സുമേഷ് ഉറപ്പു നല്‍കിയിട്ടും, തുറമുഖത്തു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബോര്‍ഡ് സി.ഇ.ഒ.യും , പോര്‍ട്ട് ഓഫിസര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇനിയും തയ്യാറായിട്ടില്ല. കപ്പല്‍ സര്‍വീസ് നടത്തിയാല്‍ ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യേണ്ടി വരുമെന്ന കാരണത്താല്‍ കപ്പല്‍ കമ്പനിക്ക് വേണ്ട പിന്തുണ ജീവനക്കാരും നല്‍കിയില്ല . ഷിഫ്റ്റ് സമ്പ്രദായത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഓവര്‍ ടൈം കിട്ടാതെയുള്ള കപ്പല്‍ സര്‍വീസിനോട് ജീവനക്കാര്‍ക്കും വലിയ താല്‍പ്പര്യമില്ല .
നിലവില്‍ മാരിടൈം ബോര്‍ഡ് നിര്‍വീര്യമാക്കിയതിനാല്‍ ബോര്‍ഡിന്റെ ഓഫിസിലും തുറമുഖങ്ങളിലും ഉത്തരംപറയുവാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ട് . തുറമുഖങ്ങള്‍ കുത്തഴിഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷം സംജാതമായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ, അല്ലെങ്കില്‍ അറിയാതെ, പാവം തുറമുഖ മന്ത്രി കോഴിക്കോട് ബേപ്പൂര്‍ തുറമുഖ വികസനത്തിനായി സെമിനാര്‍ ഉത്ഘാടനം ചെയ്യുകയാണ് . കൂടാതെ ഏപ്രില്‍ ആറിന് തുറമുഖ വികസനത്തിനായി തുറമുഖ വകുപ്പ് ‘പ്രിസം’ എന്ന പേരില്‍ തുറമുഖ വകുപ്പിന്റെയും , നിര്‍വീര്യമാക്കി പ്രവര്‍ത്തനരഹിതമാക്കപ്പെട്ട മാരിടൈം ബോര്‍ഡിന്റെ പേരിലും സംയുക്തമായി സിഇഒ കോര്‍ഡിനേറ്റര്‍ ആയി സംരംഭകരുടെ മീറ്റും നടത്തുന്നുണ്ട്, പിന്നെ മെയ് മാസം മെഗാ മീറ്റും സംഘടിപ്പിക്കുന്നുണ്ട് . ‘വെള്ളമെല്ലാം ഒഴുകിപ്പോയിട്ട് പിന്നെ അണ കെട്ടിയെട്ടന്തുകാര്യ’ മെന്ന കവി വാക്യമാണ് തുറമുഖവകുപ്പിലെ നിലവിലെ ചെയ്തികള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്.