യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള.
വീണ്ടും കടല്‍സമരത്തിനു കേരളം വേദിയാവുന്നു.കടല്‍മണല്‍ഖനനം തുടങ്ങുവാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അശനിപാതം പോലെ കേരളത്തിലെ ദുരിതമനുഭവിക്കുന്ന മല്‍സ്യത്തൊഴിലാളികളുടെയും,അനുബന്ധ വ്യവസായികളുടെയും മേല്‍ പതിച്ചതാണ് സമരക്കടലിലേക്കു എടുത്തുചാടുവാന്‍ കേരളത്തിലെ മല്‍സ്യമേഖലയെ സജ്ജരാക്കിയത്.ഇടതുവലതു വ്യത്യാസമില്ലാതെയും, പരമ്പരാഗത,യന്ത്രവല്‍കൃത ട്രോളിംഗ് മേഖലയും ഒന്നാകെ ജീവന്‍മരണ സമരത്തിലേക്കു കുതിക്കുകയാണ്.കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും,തുടര്‍ന്ന് കൊല്ലത്തും മല്‍സ്യമേഖലയിലെ ആകെ സംഘടനകള്‍ രാഷ്ട്രീയത്തിനതീതമായി സമരപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ ഒരുമാസമായി കേരളത്തിലെ ലത്തീന്‍ രൂപതയുടെ കീഴിലുള്ള പള്ളികളില്‍ കടല്‍ മണല്‍ ഖനനത്തനെതിരെ ഇടയലേഖനവും ബോധവല്‍ക്കരണവും നടക്കുകയാണ്.കേരളത്തിലും,ദേശീയ തലത്തിലും ശ്രദ്ധേയമായ വിഴിഞ്ഞം സമരം,ഒരു ദുസ്വപ്നംപോലെ ലത്തീന്‍ പുരോഹിത സമരനേതൃത്വത്തിനു മുന്‍പില്‍ ഇപ്പോഴുമുണ്ട്.ഒരു കക്ഷി രാഷ്ട്രീയത്തിന്റെയും പിന്‍തുണയില്ലാതെ സഭ മുന്നില്‍ നിന്നു നടത്തിയ സമരം വ്യര്‍ത്ഥമായതിന്റെ ‘കുത്തുകാച്ചി’ല്‍ തീര്‍ന്നിട്ടില്ല.എന്നാല്‍ കേന്ദ്രത്തിനെതിരെ പൂര്‍ണ്ണമായും നടത്തുന്നകടല്‍ മണല്‍ ഖനന സമരം സഭയേക്കാള്‍ മുന്‍പുതന്നെ രാഷ്ട്രീയ കക്ഷികള്‍ പോര്‍ നിലത്തില്‍ നിലയുറപ്പുച്ചു കഴിഞ്ഞു.ലത്തീന്‍ രൂപതകളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ചു അജപലന സമിതികള്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രക്രിയ നടക്കുന്ന സമയമാണിത്.സമൂഹത്തിലെയും ,അജഗണങ്ങളുടെയും ആവിശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തമായ നേതൃത്വഗുണമുള്ള അല്‍മായരെ കണ്ടത്തുകയാണ് സഭയുടെ ലക്ഷ്യം.ഇതിലൂടെ രാഷ്ട്രീയ,ഭരണതലത്തില്‍ സമ്മര്‍ദ്ദ ശക്തിയായി സഭയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇടയലേഖനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.കടല്‍ഖനന സമരത്തിനുള്ള മുന്നൊരുക്കം കരുതലോടെയാണ് സഭ നടത്തുന്നതെന്നുവേണം കരുതാന്‍.
ബിജെപി കേന്ദ്ര നേതൃത്വവും തീരമേഖലയില്‍ നടക്കുന്ന പടപ്പുറപ്പാടുകള്‍ സശ്രദ്ധം നോക്കികാണുന്നുണ്ട്.കേന്ദ്രബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുടെ വിലയിരുത്തലുകളുമായി വിവിധ വകുപ്പു മന്ത്രിമാര്‍ കേരളത്തില്‍ പല മേഖലകളിലും ആശയവിനിമയം നടത്തുന്നുണ്ട്.കടല്‍മണല്‍ ഖനനവും ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
തീരമേഖലയെ ലക്ഷ്യം വച്ചുകൊണ്ടു രാഷ്ട്രീയ സാമുദായികനേതൃത്വം മുന്നിട്ടിറങ്ങുമ്പോള്‍ മല്‍സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്.കടലിലെ മല്‍സ്യലഭ്യതയിലെ കുറവും,അനധികൃത മല്‍സ്യബന്ധനവും,അനാവിശ്യമായി വന്‍തുക പിഴയിടുകയും ചെയ്യുന്ന പ്രവണത,അന്യസംസ്ഥാന യാനങ്ങളുടെ കടന്നു കയറ്റവും തുടങ്ങി ഒരുപിടി പ്രശ്‌നങ്ങള്‍ നില്‍ക്കുമ്പോഴാണ് കടല്‍മണല്‍ ഖനനം കൂടി വരുന്നത്.തെരഞ്ഞടുപ്പിന്റെ രാഷ്ട്രീയം അണിയറയില്‍ സജ്ജമാവുമ്പോള്‍ കടലും ഖനനവും മുഖ്യവിഷയങ്ങളാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ തീരത്തിറങ്ങിക്കഴിഞ്ഞു.മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ഡീസല്‍ മണ്ണെണ്ണ സബ്‌സിഡി,വാസയോഗ്യമായ വീടുകള്‍ക്ക് കുടുതല്‍ തുക, കുടിയൊഴിപ്പിക്കല്‍,വിഴിഞ്ഞം പദ്ധതിയില്‍ പ്രദേശവാസികളായവര്‍ക്കും,മല്‍സ്യത്തൊഴിലാളികള്‍ക്കും തൊഴില്‍ മുന്‍ഗണന ഇങ്ങെനെ മല്‍സ്യത്തൊഴിലാളിമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മുങ്ങിപ്പോകാതെ അതൂം കൂടി ഐക്യസമരത്തിനു നേതൃത്വം കൊടുക്കുന്ന രാക്ഷ്ട്രീയകക്ഷികള്‍ കാണണം.