HomeSPECIAL STORIESഎം എസ് സുബ്ബലക്ഷ്മി യുടെഓർമ ദിവസമാണ് ഡിസംബർ പതിനൊന്ന്.

എം എസ് സുബ്ബലക്ഷ്മി യുടെഓർമ ദിവസമാണ് ഡിസംബർ പതിനൊന്ന്.

സംഗീതത്തിന്റെ റാണി

മോഹൻ ശ്രശൈലം
നോട്ടിക്കൽ ടൈംസ് കേരള.

ഈ സ്വരരാജ്ഞിക്കു മുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി’; എം.എസ്.സുബ്ബലക്ഷ്മിയെ വണങ്ങി നെഹ്‌റു അന്ന് പറഞ്ഞു

കൗസല്യാ സുപ്രജാ രാമ പൂർവ്വ സന്ധ്യാ പ്രവർത്തതേ….’

ഒരു ജനതയുടെ ഉണർത്തു പാട്ടായി മാറിയ എം.എസ് സുബ്ബലക്ഷ്മിയെന്ന സ്വരരാഗ ഗംഗാപ്രവാഹം നിലച്ചിട്ട് ഇന്ന് വർഷം പതിനെട്ട് തികയുന്നു. മധുരമായ നാദത്തിൽ ഈ ഗാനം പലരെയും ഉറക്കമുണർത്താൻ തുടങ്ങിയിട്ട് എത്രയോ ദശകങ്ങളായി. എം.എസ് സുബ്ബലക്ഷ്മിയെന്ന ഐശ്വര്യപ്രദായിനിയായ ഒരു നാദ ദേവിയുടെ സ്വരമാധുരി കേട്ട് എഴുന്നേൽക്കാൻ തുടങ്ങിയിട്ട്! ഇന്ത്യൻ ജനതയെ സംഗീതത്തിലൂടെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വം എന്നതിലുപരി സ്ത്രീ സൗന്ദര്യത്തിന്റെ മറുപേരു കൂടിയായിരുന്നു എം.എസ്.സുബ്ബലക്ഷ്മി. ചുരുണ്ട മുടിയിഴകൾ ഒതുക്കി കെട്ടി വച്ച് കല്ലുമൂക്കുത്തികളണിഞ്ഞ് പട്ടു ചേലചുറ്റി ചമ്രം പടിഞ്ഞിരുന്നു പാടുമ്പോൾ കേൾവി മാത്രമല്ല ആസ്വാദകരുടെ കാഴ്ചയെയും സുബ്ബലക്ഷ്മിയെന്ന വിസ്മയം കവർന്നെടുത്തിരുന്നു. പ്രായം എഴുപത് കടന്നപ്പോഴേക്കും കര്‍ണാടകസംഗീതമെന്നാല്‍ എം.എസ് സുബ്ബലക്ഷ്മിയെന്ന് ലോകം പറയാൻ തുടങ്ങി.

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച് വളർച്ചയുടെ പടവുകൾ ചവിട്ടി

കർണാടക സംഗീത ലോകത്തിന്റെ പര്യായമായ പേരാണ് മധുര ഷൺമുഖവടിവ് സുബ്ബുലക്ഷ്മി. ഈ കുറ്റമറ്റ ഗായികയുടെ ശബ്ദത്തിന് ഏതാണ്ട് ദൈവിക ശക്തി ഉണ്ടായിരുന്നു, ഇന്ത്യയുടെ പരമോന്നത സിവിൽ ബഹുമതിയായ ഭാരതരത്നം സമ്മാനിച്ച ആദ്യത്തെ ഗായികയാണ് .ഏഷ്യയുടെ നൊബേൽ സമ്മാനമായി കണക്കാക്കപ്പെടുന്ന രമൺ മഗ്‌സസെ പുരസ്‌കാരം നൽകി അവരെ ആദരിച്ചപ്പോൾ, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സംഗീതജ്ഞയായി അവർ മാറി. അവരുടെ ആരാധകർ MS എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്ന സുബ്ബുലക്ഷ്മി, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാറ്റിന്റെയും യഥാർത്ഥ തുടക്കക്കാരിയായിരുന്നു. അവൾ മാതൃകയിലൂടെ നയിക്കുകയും അവളുടെ കാലഘട്ടത്തിലെ സമകാലിക സ്ത്രീകൾക്ക് വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. കർണാടക സംഗീതത്തിന്റെ വക്താവെന്ന നിലയിൽ അവർ പ്രശസ്തയാണെങ്കിലും, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അവളുടെ വൈദഗ്ദ്ധ്യം തിളക്കത്തിന് കുറവായിരുന്നില്ല. അഭിനയ രംഗത്തേക്കും ചുവടുവെച്ച സുബ്ബലക്ഷ്മി സംഗീതത്തിൽ മാത്രം ഒതുങ്ങിയില്ല.

ഒറ്റ വാക്കു കൊണ്ടോ വാചകം കൊണ്ടോ എഴുതിയും പറഞ്ഞും തീർക്കാൻ കഴിയുന്ന പ്രതിഭയായിരുന്നില്ല എം.എസ് സുബ്ബലക്ഷ്മി. അങ്ങനെയായിരുന്നെങ്കിൽ സാക്ഷാൽ ജവഹർലാൽ നെഹ്‌റു തന്നെ ആ നാദവിസ്മയത്തിനു മുന്നിൽ കുമ്പിട്ടു വണങ്ങുമായിരുന്നില്ലല്ലോ. 1952 നവംബർ 29നാണ് ആ സംഭവം. ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരഭംഗിയിൽ ലയിച്ചു പോയ നെഹ്‌റു എംഎസിനെ വണങ്ങി പറഞ്ഞ വാക്കുകൾ ആ പ്രതിഭയെ കൃത്യമായി അടയാളപ്പെടുത്തുന്നു. ‘ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി’. അങ്ങനെ ചരിത്രത്തിലേയ്ക്കു തിരിഞ്ഞു നോക്കിയാൽ ഇത്തരത്തിൽ എത്രയോ നിമിഷങ്ങൾ കാണാനാകും.

ദേവദാസി സമൂഹത്തില്‍ ജനിച്ചതിന്റെ വിവേചനകളെയും വിലക്കുകളെയും അതിജീവിച്ചായിരുന്നു എംഎസിന്റെ വളര്‍ച്ച. ദേവദാസി സമൂഹമെന്നാൽ പതിയാക്കപ്പെടുന്ന ഭഗവാന് വേണ്ടി മാത്രം പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ സമൂഹമാണ്. ഇന്ത്യയിലെ പല ഇടങ്ങളിലും ദേവദാസി സമൂഹത്തിനു അർത്ഥങ്ങളും പേരും വേറെയാണെങ്കിലും പലപ്പോഴും ചില നാട്ടിലെ സ്ത്രീകൾ ദേവദാസി സമ്പ്രദായം പിന്തുടരുന്നത് ഭഗവാനോടുള്ള അദമ്യമായ ഭക്തി ഒന്നുകൊണ്ടു മാത്രമാണ്. അത്തരത്തിലൊരു ദേവദാസി കുടുംബത്തിൽ നിന്നായിരുന്നു സുബ്ബലക്ഷ്മിയുടെ അമ്മയായ ഷണ്മുഖവടിവും. ഭഗവാനെ പാടിയും ആദിയും ആനന്ദിപ്പിച്ചിരുന്ന സ്ത്രീ. അവരുടെ മകളായി പുരുഷന്മാർ മാത്രം കയ്യടക്കി വച്ചിരുന്ന സംഗീത ലോകത്തേയ്ക്ക് തെല്ലു ഹൃദയമിടിപ്പോടെ സുബ്ബലക്ഷമി എന്ന പതിമൂന്നു വയസ്സുകാരി കയറി വരുമ്പോൾ ചെമ്പൈ ഉൾപ്പെടെയുള്ള മഹാഗായകർ സംഗീതലോകത്തിന്റെ അരങ്ങത്തു വിരാജിച്ചിരുന്ന സമയമായിരുന്നു. പക്ഷേ ആണത്തത്തിന്റെ ഈഗോയെ മാറ്റി വച്ച് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉൾപ്പെടെയുള്ളവർ സുബ്ബലക്ഷ്മിയെ കയ്യടിച്ച് വരവേറ്റു. ഇന്ത്യൻ കർണാടിക് സംഗീത ലോകത്തിൽ അങ്ങനെ ഒരു പെൺ താരോദയം രൂപമെടുത്തു. അഴകിന്റെയും ശബ്ദത്തിന്റെയും രാജകുമാരിയായി അവർ പിന്നെ അരങ്ങു വാണു.

സുബ്ബലക്ഷ്മി അരങ്ങു വാണത് ആൻമേൽക്കോയ്മ അടയാളപ്പെട്ടിരുന്ന ഒരു കാലത്താണ്. എന്നാൽ സ്ത്രീയായി തുടരുമ്പോഴും സ്റ്റീരിയോടൈപ്പ് സ്ത്രീത്വത്തെ ചോദ്യം ചെയ്യാൻ എംഎസ് ശ്രമിച്ചിരുന്നു എന്നതിന്റെ അടയാളമാണ് കയ്യിൽ എരിയുന്ന സിഗററ്റുമായി സ്റ്റുഡിയോയിൽ പോയി പോസ് ചെയ്തെടുത്ത ചിത്രം.‘ബാലസരസ്വതി: കലയും ജീവിതവും’ എന്ന പുസ്തകത്തിലെ ചിത്രമാണിതെന്ന് കരുതപ്പെടുന്നു. പ്രശസ്ത നർത്തകിയായ ബാല സരസ്വതിയ്ക്കൊപ്പമാണ് സമപ്രായക്കാരിയായ എംഎസ് കയ്യിൽ സിഗരറ്റും പിടിച്ച് പൈജാമയും ധരിച്ച് നിന്നു ചിത്രമെടുത്തത്. സ്വാഭാവികമായും അത്തരമൊരു കാലത്തിൽ പ്രശസ്തിയിലേക്ക് കുതിയ്ക്കാൻ തയ്യാറായി നിൽക്കുന്ന രണ്ടുപെൺകുട്ടികളുടെ ഇത്തരം, മാമൂലുകളെ തകർക്കുന്ന ചിത്രം സ്വാഭാവികമായും ഉണ്ടാക്കിയ പ്രതികരണങ്ങളെ ധീരമായി നേരിടാനും ഇരുവർക്കും കഴിഞ്ഞു. ബാലസ്വരസ്വതി പിന്നീട് പ്രശസ്ത നർത്തകിയായപ്പോൾ എംഎസ് സംഗീത കച്ചേരികളിൽ ശ്രദ്ധ കൊടുത്തു.

എംഎസ് അഭിനയത്തിലും ഒരു കൈ നോക്കുകയും അഞ്ച് സിനിമകളിൽ തന്റെ അഭിനയ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. 1938-ൽ ‘സേവാസദനം’ എന്ന സിനിമയിൽ ഒരു പെൺകുട്ടിയുടെ വേഷം ചെയ്തുകൊണ്ടാണ് അവരുടെ അരങ്ങേറ്റം. വാണിജ്യപരമായും നിരൂപകപരമായും പ്രശംസ നേടിയ ഈ ചിത്രം അക്കാലത്ത് ഒരു ട്രെൻഡ്സെറ്റർ ആയി കണക്കാക്കപ്പെട്ടിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ ‘ശകുന്തലൈ’യിൽ അവർ ടൈറ്റിൽ റോളിൽ അഭിനയിച്ചു. അവളുടെ മൂന്നാമത്തെ ചിത്രമായ ‘സാവിതിരി’ സന്യാസി നാരദന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയും അവളുടെ പ്രകടനത്തിന് പ്രശംസ നേടുകയും ചെയ്തു.

1945-ൽ ‘മീര’ എന്ന സിനിമയിൽ ഒരിക്കൽ കൂടി ടൈറ്റിൽ റോളിലെത്തിയതാണ് അവളുടെ അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് എല്ലിസ് ആർ ഡംഗൻ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായി മാറി. ബഹുമുഖ ഗായിക തന്റെ ശ്രുതിമധുരമായ ശബ്ദത്തിൽ പ്രശസ്തമായ എല്ലാ മീരാഭജനുകളും ആലപിച്ചു, ഈ ഭജനകൾ സദസ്സ് നന്നായി ആസ്വദിച്ചു. 1947-ൽ, ‘മീര’ ഹിന്ദിയിൽ ‘മീരാഭായ്’ എന്ന പേരിൽ റീമേക്ക് ചെയ്തു, ഇത് അവർക്ക് യഥാർത്ഥ ദേശീയ അംഗീകാരം നൽകി. സിനിമകളിൽ അഭിനയിച്ച് വലിയ വിജയം നേടിയെങ്കിലും അത് അധികകാലം അവളെ ആകർഷിച്ചില്ല. അവൾ സിനിമകൾ ഉപേക്ഷിച്ച് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വീണ്ടും കച്ചേരികളിൽ അവതരിപ്പിക്കുകയും ചെയ്തു.

സുബ്ബലക്ഷ്മിയുടെ മറ്റൊരു വിപ്ലവം അവരുടെ ടി.സദാശിവവുമായുള്ള വിവാഹമായിരുന്നു. എംഎസിനേക്കാൾ ഇക്കാര്യത്തിൽ വിപ്ലവം നടത്തിയത് സ്വാതന്ത്ര്യ സമര സേനാനാജിയും സംഗീതജ്ഞനുമായ സദാശിവം തന്നെ. ദേവദാസി കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹം ചെയ്‌താൽ തീരുന്ന അഭിമാനത്തിന്റെ മാമൂലുകളെ പുച്ഛിച്ച് തള്ളി സദാശിവം എല്ലാത്തിൽ നിന്നും സ്വയം വിരമിച്ച് എംഎസിന്റെ ഗുരുവും വഴികാട്ടിയും ഭർത്താവുമായി മാറി. പിന്നീട് സദാശിവത്തിന്റെ മരണം വരെ ഏറ്റെടുത്ത അരങ്ങുകളിൽ ചലിക്കുന്ന പെൺ നാദമായിരുന്നു സുബ്ബലക്ഷ്മിയുടേത്. സദാശിവവുമായി ചേർന്നല്ലാതെ എംഎസിന്റെ പേരും ആരും എങ്ങും കേട്ടില്ല. ഇരു മെയ്യും ഒരു ഹൃദയവുമായി ജീവിച്ചവർ, സംഗീതം ഒന്നിച്ച് ചേർത്തവർ. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് കച്ചേരികൾ ചെയ്യണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നതിനാൽ എല്ലാ കച്ചേരികൾക്കും മുൻപ് എംഎസിനെ കൊണ്ട് സദാശിവം റിഹേഴ്‌സൽ ചെയ്യിക്കുമായിരുന്നത്രെ. 2002-ല്‍ സദാശിവം മരിച്ചതിനു ശേഷം പിന്നീടൊരു അരങ്ങിലും സുബ്ബലക്ഷ്മി പാടിയിട്ടില്ല. നിലച്ചു പോയത് ജീവനായിരുന്നോ അവരുടെ നാദമായിരുന്നോ എന്ന് ആരാധകർ പോലും സംശയിച്ചു. പക്ഷേ ആരുടെ അഭ്യർത്ഥനകളും മാനിക്കാതെ അവർ സദാശിവമില്ലാത്ത അരങ്ങുകൾക്ക് വിട പറഞ്ഞു. സംഗീതത്തോടും സദാശിവത്തോടുമുള്ള പ്രണയത്തിൽ അവർക്ക് രണ്ടും രണ്ടായിരുന്നില്ല, ഒന്നായിരുന്നുവെന്നു അവിടെ സ്ഥിരീകരിക്കപ്പെട്ടു.

‘ഹരി തും ഹരോ ജാൻ കി ഭീർ………’ ഗാന്ധിജിയ്ക്കേറെ പ്രിയമുള്ള ആ കീർത്തനം അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ആലപിക്കാൻ അവസരം ലഭിച്ചിട്ടും ചെയ്യാൻ കഴിയാതെ പോയതാകണം എംഎസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഗീത ദുഖങ്ങളിലൊന്ന്. സുബ്ബലക്ഷ്മി അത്രയേറെ ഗാന്ധിജിയെ ആരാധിച്ചിരുന്നു. പക്ഷേ തൊണ്ടയടപ്പും ജലദോഷവും കൊണ്ട് പാടുന്നതിൽ നിന്നും ശരീരം വിലക്കേർപ്പെടുത്തിയപ്പോൾ വരികൾ പറഞ്ഞാൽ മതിയെന്ന് ഗാന്ധിജി പറഞ്ഞത്രേ. എംഎസ് പറഞ്ഞാലും അതിൽ സംഗീതം അലയടിക്കുമെന്ന് ഗാന്ധിജി വരികൾക്ക് അഭിനന്ദനം നൽകുകയും ചെയ്തു. എന്നാൽ ഇതേ ഗാനം പിന്നീട് ആകാശവാണിയ്ക്കു വേണ്ടി എംഎസ് പാടി അതിന്റെ കോപ്പി ഗാന്ധിജിയ്ക്ക് എത്തിച്ച് കൊടുത്ത് അദ്ദേഹം അതുകേട്ടു അഭിപ്രായം പറഞ്ഞ ശേഷമാണ് സുബ്ബലക്ഷ്മിയ്ക്ക് ആശ്വാസമായത്. സംഗീതജ്ഞരെയും രാഷ്ട്ര തന്ത്രജ്ഞരെയും സംഗീതം എന്ന മയക്കു മരുന്ന് നൽകി മനം മയക്കാനുള്ള വിദ്യ എംഎസിനറിയാമായിരുന്നു. അവരുടെ ശബ്ദം അതിനു ഒപ്പം നിൽക്കുകയും ചെയ്തു.

ഇന്ത്യയുടെ വാനമ്പാടിയായും സ്വരലക്ഷ്മിയായും തപസ്വിനിയായും വൃന്ദാവനത്തിലെ തുളസിയായുമൊക്കെ അടയാളപ്പെട്ട എം.എസ് സുബ്ബലക്ഷ്മി സാധാരണക്കാരിലേയ്ക്ക് വരെ ഇറങ്ങിയത് ഒരുപക്ഷേ വെങ്കടേശ്വര സുപ്രഭാതം കാരണമാണ്. ‘പുലരിയുടെ ചുവപ്പിൽ എംഎസിന്റെ സ്വരമാധുരിയിൽ അലിഞ്ഞങ്ങനെ കിടക്കുമ്പോൾ ആവി പറക്കുന്ന കാപ്പി മണവുമായി വാതിൽ തുറന്നാരോ കടന്നു വരുമ്പോൾ പ്രഭാതം എത്ര മനോഹരമായിരുന്നു………’ എന്നാരോ പറയുന്നതു പോലെ…

എംഎസ് കാലം കടന്നും ജീവിക്കും…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Apr 11

Apr 10

Apr 09

Apr 08

Recent Comments