പൗലോസ് ജേക്കബ് പീറ്റര്‍
നോട്ടിക്കല്‍ ടൈംസ് കേരള
കൊല്ലം.നീണ്ടകര. ആയിരം കിലോ ഭാരമുള്ള ആനതിരണ്ടി കൗതുക കാഴ്ചയായി.നീണ്ടകര തുറമുഖത്ത് അണഞ്ഞ ചൂണ്ട വള്ളത്തിലാണ് അപൂര്‍വ്വമായി മാത്രം ലഭിക്കാറുള്ള ആന തിരണ്ടി ലഭിച്ചത്.ഇത്തരം വലിയ ഇനം മല്‍സ്യങ്ങള്‍ ലഭിക്കുമ്പോള്‍ ചൂണ്ട ചരടില്‍ കൊരുത്ത് വള്ളവുമായി കെട്ടിയാണ് സാധാരണ തീരത്ത് എത്തിക്കാറുള്ളത്. കാലങ്ങളായി സ്രാവ് വേട്ടക്കാരുടെ പ്രിയ ഇനമാണ് ആന തിരണ്ടി.അതു കൊണ്ടു തന്നെ ഇപ്പോള്‍ വംശനാശ ഭീഷണിയുള്ള കടല്‍ജീവികളുടെ സംരക്ഷണ പട്ടികയില്‍ മുന്നിലാണ് ഈ കടല്‍ജീവിയുടെ സ്ഥാനം.
ആയിരം കിലോ വരുന്ന തിരണ്ടിയുടെ മാംസവും,ലിവറും ജീവന്‍രക്ഷാമരുന്നുകള്‍ക്കും,വിവിധതരം സൂപ്പുകള്‍ക്കും ഉപയോഗപ്പെടുത്തുന്നു.അന്തര്‍ദ്ദേശിയതലത്തില്‍ തന്ന സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഇനം മല്‍സ്യമാണിത്.നീണ്ടകര ഹാര്‍ബറില്‍ ക്രെയിനിന്റെ സഹായത്തോടെയാണ് വിപണനത്തിനായി ഹാര്‍ബറില്‍ എത്തിച്ചത്.നീണ്ടു നില്‍ക്കുന്ന വലിയ കൊമ്പുകള്‍ ഉള്ളതു കൊണ്ട് ഡെവിള്‍ റേയ്‌സ് എന്നും വിളിപ്പേരുണ്ട്. 28000 രൂപക്കാണ് ആനതിരണ്ടി ലേലത്തില്‍ വിറ്റുപോയത്.ഇന്ത്യന്‍ തീരങ്ങളില്‍ അപൂര്‍വ്വമായി കിട്ടാറുള്ള ആനതിരണ്ടി നീണ്ടകര തീരത്ത് അപൂര്‍വ്വ കാഴ്ചയായി.