അഫ്ഗാനിലെ സമീപകാല സംഭവവികാസങ്ങൾക്ക് ഇന്ത്യക്കു വൻ തിരിച്ചടി- വേണു രാജാമണി
വിഷയം: അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധികൾ: ഇന്ത്യയുടേയും ചൈനയുടേയും ദേശീയ താത്പര്യങ്ങൾ എന്ന വിഷയത്തിൽ വെബിനാർ
വേദി: വെർച്വൽ സംവിധാനമായ സൂം
കൊച്ചി: അഫ്ഗാനിസ്താൻ വിഷയത്തിൽ ഇന്ത്യ ധൃതിയിൽ തീരുമാനമെടുക്കേണ്ടതില്ലെന്നും സാവകാശത്തിൽ ഉചിതമായ നടപടി കൈക്കൊള്ളുകയാണ് വേണ്ടതെന്നും നെതർലൻഡ്സിലെ ഇന്ത്യയുടെ മുൻ സ്ഥാനപതി വേണു രാജാമണി.
അഫ്ഗാനിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധികൾ: ഇന്ത്യയുടേയും ചൈനയുടേയും ദേശീയ താത്പര്യങ്ങൾ എന്ന വിഷയത്തിൽ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്, കൊച്ചി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അഫ്ഗാനിലെ സമീപകാല സംഭവവികാസങ്ങൾക്ക് ഇന്ത്യക്കു വൻ തിരിച്ചടിയാണ്. രാജ്യത്തെ സ്ഥിതിഗതികൾക്കനുസരിച്ച് ഇന്ത്യ തന്ത്രം വികസിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിൽനിന്നും മധേഷ്യയിലേക്ക് കടന്നു കയറ്റമുണ്ടാകാമെന്നും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സന്തോഷകരമായ അവസ്ഥയല്ല നിലവിലുള്ളതെന്നും രാജാമണി മുന്നറിയിപ്പ് നൽകി
അഫ്ഗാനിൽ ഇന്ത്യ പ്രത്യേക തന്ത്രത്തിന് രൂപം നൽകേണ്ടതില്ല. ദക്ഷിണേഷ്യയിലെ പ്രധാന ശക്തിയെന്ന നിലയിൽ സ്വന്തം നിലയിൽ പുതിയ സംഭവവികാസങ്ങളിൽ ഇടപെടണമെന്നും ഒബസർവെർ റിസർച്ച് ഫൗണ്ടേഷൻ സ്ട്രാറ്റെജിക് സ്റ്റഡീസ് പ്രോഗ്രാം തലവൻ ഹർഷൻ വി പന്ത് ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്താനിൽ നിലനിൽക്കുന്ന പ്രതിസന്ധി, രാഷ്ട്രീയ പ്രതിസന്ധികളിൽ മാറിക്കൊണ്ടിരിക്കുന്ന ബലതന്ത്രങ്ങൾ, ഭാവി പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സന്നദ്ധസംഘടനകൾ, അക്കാദമിക് കേന്ദ്രങ്ങൾ, മാധ്യമങ്ങൾ എന്നിവയിലെ വിദഗ്ദരെ ഉൾപ്പെടുത്തി സി.പി.പി.ആർ സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയുടെ ഭാഗമായാണ് ചർച്ച സംഘടിപ്പിച്ചത്. തൃശ്ശൂർ എൽത്തുരുത്ത് അലോഷ്യസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസറും സി.പി.പി.ആറിലെ ഗവേഷണ പങ്കാളിയുമായ ഡോ. ഷെല്ലി ജോണി വെബിനാർ നിയന്ത്രിച്ചു.